ആശമാരോട് നന്ദികേടരുത്
text_fieldsഅത്ര പെട്ടെന്നങ്ങ് മറക്കാനാകുമോ നമ്മൾ കടന്നുപോയ കഠിനകാലങ്ങളെ? അടുത്തിരുന്നൊരാൾ ഉച്ചത്തിൽ ചുമച്ചാൽ- അത് സ്വന്തം കൂടപ്പിറപ്പാണെങ്കിൽ പോലും മരണകാരിയാവുന്ന നിപ, കോവിഡ് വൈറസ് വാഹകർ എന്നു ഭയന്ന് നമ്മൾ ഞെട്ടിമാറി നടന്നത് ഒരുപാടൊരുപാട് വർഷങ്ങൾ മുമ്പൊന്നുമല്ലല്ലോ. ഉറ്റവർ പോലും അകലം പാലിച്ച ആ നാളുകളിൽ ആരോഗ്യ വിവരം അന്വേഷിക്കാനും നാളെ നേരം പുലരാതിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചവരോട് ഈ കാലവും കടന്നുപോകുമെന്ന് ആത്മവിശ്വാസം പകരാനും നമുക്കുമുന്നിൽ ഒരു ചെറുപറ്റം മനുഷ്യരുണ്ടായിരുന്നു ; മാലാഖമാരെപ്പോലെ നാളെയെക്കുറിച്ച് പ്രത്യാശ പകർന്ന അവരെ ‘ആശ’മാർ എന്നാണ് നമ്മൾ പേരുവിളിച്ചത്.
ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കാനും വാക്സിൻ വിതരണം കൃത്യമാക്കാനും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ അനുബന്ധ ആവശ്യങ്ങൾക്കും സഹായികളായി അവരെത്തി. എന്തിനേറെ, കേരളത്തെ നടുക്കിയ വയനാട് ഉരുൾദുരന്തത്തിൽ അകപ്പെട്ടവരെ തിരിച്ചറിയാനും അതിജീവിതരെ കണ്ടെത്താനും നിർണായക ഇടപെടൽ നടത്തിയത് നാടിന്റെ മുക്കുമൂലകൾ പോലും കൈവെള്ളയിലെ രേഖകൾപോലെ പരിചിതരായ ആശാ പ്രവർത്തകരായിരുന്നു. പ്രളയവും പകർച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും അനിശ്ചിതത്വം നിറച്ച കേരളത്തിന്റെ കഴിഞ്ഞ പതിറ്റാണ്ടിന്റെ ചരിത്രമെഴുതുമ്പോൾ ആശാപ്രവർത്തകരുടെ സംഭാവനകൾ രേഖപ്പെടുത്താൻ ഒന്നോ രണ്ടോ അധ്യായങ്ങൾ തികയാതെ വരും.
മാലാഖമാർ കണക്കെ പെരുമാറിയെങ്കിലും അവരും മനുഷ്യരാണ്. വേദനയും സങ്കടങ്ങളുമുള്ള, വിശന്നു കരയുന്ന കുഞ്ഞുങ്ങളുള്ള, അസുഖബാധിതരായ മാതാപിതാക്കളും പങ്കാളികളുമുള്ള സാധാരണക്കാരും ഇല്ലായ്മക്കാരുമായ മനുഷ്യസ്ത്രീകൾ. സാമ്പത്തിക അസമത്വവും വിലക്കയറ്റവും ഭീതിദമാം വിധം വർധിച്ചുവരുന്ന ഇക്കാലത്ത് കുടുംബം പോറ്റാനുള്ള അത്ഭുതവഴികളൊന്നും അവർക്ക് വശമില്ല. ചെയ്യുന്ന അധ്വാനത്തിന് ന്യായവും മാന്യവുമായ വേതനം ആവശ്യപ്പെടുക എന്ന നീതിപൂർവകമായ ജനാധിപത്യപരമായ മാർഗമേ അവർക്ക് മുന്നിലുള്ളൂ. അന്തസ്സോടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് ആ ആവശ്യം ഉന്നയിച്ച് ആശമാർ കേരള സമൂഹത്തിനുമുന്നിൽ, തലസ്ഥാന ഭരണ സിരാകേന്ദ്രത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു.
കോവിഡ് പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ സമാനതകളില്ലാത്ത പിന്തുണയേകിയ അവരെ കോവിഡ് മാനേജ്മെന്റിന്റെ മേന്മയിൽ ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി തുടക്കത്തിലേ കൈവിട്ടു. സ്വജീവൻ അവഗണിച്ച് ആശമാർ നടത്തിയ അധ്വാനമായിരുന്നു തന്റെ പ്രതിദിന വാർത്തസമ്മേളനത്തിന്റെ കാതൽ എന്നുപോലും അദ്ദേഹം മറന്നുപോയിരിക്കുന്നു. ആരോഗ്യമന്ത്രിയാവട്ടെ, മധുരത്തിൽ മുക്കി അസത്യത്തിൽ പൊതിഞ്ഞ ഒട്ടും അനുതാപമില്ലാത്ത പ്രസ്താവനകളാണ് നടത്തിയത്. മറ്റു പല സമരങ്ങളോടും ഐക്യപ്പെട്ട് മാനവീയം വീഥിയിൽ വന്ന് മുദ്രാവാക്യക്കവിതകൾ മുഴക്കുന്ന സർക്കാർ അക്രഡിറ്റഡ് സാംസ്കാരിക പ്രവർത്തകരുടെ നിലപാടും വ്യത്യസ്തമല്ല.
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലായി ദിവസേന പത്തു മണിക്കൂറോളം ജോലിചെയ്യുന്ന 26448 ആശാ പ്രവർത്തകർക്ക് വർഷങ്ങളായി പ്രതിമാസം 7000 രൂപയാണ് പ്രതിഫലം ലഭിക്കുന്നത്. അവർ സർക്കാർ ജീവനക്കാരല്ല, സന്നദ്ധ പ്രവർത്തകരാണെന്നും ഓണറേറിയത്തിന് മാത്രമേ അർഹതയുള്ളൂ എന്നും പറയുന്ന ഭരണകൂടം, അടുത്ത ശ്വാസത്തിൽ ആരോഗ്യ മേഖലയുടെ പ്രവർത്തനം താളം തെറ്റിക്കുന്ന സമരം അവസാനിപ്പിച്ച് ജോലിക്ക് കയറാൻ ആജ്ഞാപിക്കുന്നു.
സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്കെതിരെ സമീപ ദിവസങ്ങളിൽ സർക്കാർ അനുകൂലികൾ നടത്തുന്ന വിദ്വേഷ കാമ്പയിൻ അത്യന്തം അപലപനീയവും തികഞ്ഞ നന്ദികേടുമാണ്. ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ മുൻ വ്യവസായമന്ത്രി കൂടിയായ തൊഴിലാളി നേതാവ് സമരം ചെയ്യുന്ന സ്ത്രീകൾക്കുനേരെ സകല മര്യാദകളും ലംഘിച്ച് ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തിരിക്കുന്നു. ആരുടെയോ പ്രേരണക്ക് വഴങ്ങിയാണ് സമരം ചെയ്യുന്നത് എന്ന, നൂറ്റാണ്ടുകളായി അവകാശ സമരങ്ങൾക്കുനേരെ പതിച്ചുപോരുന്ന ചാപ്പയാണ് ഈ ട്രേഡ് യൂനിയൻ നേതാവും പ്രയോഗിക്കുന്നത്. കേന്ദ്രസർക്കാറിന്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്ത കർഷക തൊഴിലാളികൾക്കെതിരെ ജനങ്ങളെ തിരിച്ചുവിടാൻ സംഘ് പരിവാർ ഭരണകൂടവും ഇതേ കള്ളമാണ് പ്രചരിപ്പിച്ചത്.
നാടിന് നിർണായകമായ പിന്തുണ നൽകിയവരെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് കേരളത്തിനും ഒരു ശീലമായിത്തീർന്നിരിക്കുന്നു. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യം എന്നുവിളിച്ച മത്സ്യത്തൊഴിലാളികളോട് പിന്നീട് ചെയ്തതെന്തെന്ന് നമുക്കറിയാം. മറുനാടുകളിൽ പോയി അത്യധ്വാനം ചെയ്ത് നാടിന്റെ ഇല്ലായ്മയകറ്റിയ പ്രവാസികളോട് ചെയ്തതും പൊറുക്കാറായിട്ടില്ല. ഇപ്പോഴിതാ ആശാ വർക്കർമാരെ നന്ദികേടിന്റെ നിന്ദയുടെ പൊരിവെയിലത്ത് നിർത്തിയിരിക്കുന്നു. മനഃസാക്ഷി എന്നൊന്നുണ്ടെങ്കിൽ ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
