പശ്ചിമേഷ്യയിൽനിന്ന് അമേരിക്ക തലയൂരുമ്പോൾ
text_fieldsഏതാണ്ട് നാലു മാസമായി അശാന്തിയിലായ പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നത് കാത്തുകഴിയുകയാണ് ലോകം. ഇറാൻ-അമേരിക്ക സമാധാന ച ർച്ചകളിലൂടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതോടെ വ്യാപാര-വ്യവസായ സ്തംഭനാവസ്ഥ അവസാനിക്കുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുകയും ചെയ്യും എന്നതാണ് പ്രധാന പ്രതീക്ഷ. പക്ഷേ, ഏറ്റവും അവസാനമായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന ഉഭയകക്ഷി കരാറുകളുടെ ഉള്ളടക്കത്തിൽ അൽപം ആശങ്കകൾ ബാക്കിയുണ്ട്.
മധ്യസ്ഥരുടെ മുൻകൈയിൽ ജൂൺ 15ന് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ച ധാരണപത്രമനുസരിച്ച ചർച്ചകളാണ് നിലവിൽ ഏതാണ്ട് പൂർത്തിയായി നിൽക്കുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങുമ്പോൾ തെഹ്റാനിലെ ഭരണമാറ്റം കൂടി അമേരിക്ക യുദ്ധലക്ഷ്യമായി പ്രഖ്യാപിച്ചെങ്കിലും പുതിയ അധികാരികൾ വന്നതല്ലാതെ പ്രസ്തുത ലക്ഷ്യം നേടാൻ യു.എസ്-ഇസ്രായേൽ സഖ്യത്തിനു കഴിഞ്ഞില്ല. ഭരണകൂടത്തിനൊപ്പം ഇറാൻ ജനത ഉറച്ചുനിന്നതാണ് അവർ കണ്ടത്. അടച്ചിട്ട ഹുർമുസ് കടലിടുക്കിനുമേൽ ഇറാന്റെ നിയന്ത്രണത്തെ വെല്ലുവിളിച്ച് നാവികശക്തിയുടെ സഹായത്തോടെ അമേരിക്ക ഉപരോധമേർപ്പെടുത്തുകയും ശേഷം അതിന്മേലുള്ള നിയന്ത്രണത്തെച്ചൊല്ലി വീമ്പുപറയുകയുമാണ് ചെയ്തത്.
ഉഭയകക്ഷി ധാരണയനുസരിച്ച് ലബനാൻ ഉൾപ്പെടെ എല്ലാ മേഖലയിലും വെടിനിർത്തൽ ഉടനെ നിലവിൽ വരും, ഇരുരാജ്യങ്ങളും പരസ്പരം സർവാധികാരം അംഗീകരിക്കും, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല, ഇറാന്റെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കും, അതോടൊപ്പം ഹുർമുസ് കടലിടുക്കിലെ യാത്രാനിരോധനവും പിൻവലിക്കും. ഹുർമുസിലെ എല്ലാ യാത്രാതടസ്സങ്ങളും ഇറാൻ നീക്കണം. അഥവാ കടലിൽ ചിതറിയതായി കരുതപ്പെടുന്ന മൈനുകൾ ഇറാൻ നീക്കം ചെയ്യും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ‘എക്സി’ൽ കുറിച്ചതനുസരിച്ച് ഇറാന്റെ കുറെയേറെ ആസ്തികൾ അമേരിക്ക വിട്ടുനൽകുകയും ഇറാന്റെ ബൃഹത്തായ പുനർനിർമാണ-വികസന പദ്ധതിക്ക് തുടക്കമാവുകയും ചെയ്തിരിക്കുന്നു. ഇറാന്റെ സുപ്രധാന നിബന്ധനകൾ പൂർത്തീകരിച്ചെന്നും അറാഗ്ചി പറയുന്നു. മറുപക്ഷത്ത് ഇറാൻ ആണവായുധം നിർമിക്കില്ല എന്ന ഉറപ്പാണ് മുഖ്യം. അത് നേരത്തേ ഒബാമയുടെ ഭരണകാലത്ത് തന്നെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിൽ ഇറാൻ സമ്മതിച്ചതാണ്. തദടിസ്ഥാനത്തിൽ 2015ൽ ഇറാന്റെ മേലുണ്ടായിരുന്ന ഉപരോധങ്ങൾ നീക്കിയതുമാണ്. ട്രംപ് ആദ്യതവണ ഭരണത്തിൽ വന്ന ശേഷമാണ് ആ കരാർ ഏകപക്ഷീയമായി പിൻവലിച്ചതും പ്രസ്തുത ഉപരോധങ്ങൾ വീണ്ടും നടപ്പിലാക്കിയതും.
ഏതെങ്കിലും വിധത്തിൽ മുഖം രക്ഷിക്കുന്ന കരാറിലെത്തി ഈ യുദ്ധത്തിൽനിന്ന് പിൻവലിയണമെന്നായിരുന്നു ട്രംപിന്റെ കലശലായ ആഗ്രഹം. ട്രംപ് വിരുദ്ധരല്ലാത്ത യു.എസ് മാധ്യമങ്ങളിലും ഇസ്രായേലി മാധ്യമങ്ങളിൽ പോലും ഈ ആഗ്രഹത്തിന്റെ അനുരണനങ്ങൾ കാണാം. യു.എസ് സെനറ്റ് കഴിഞ്ഞ ദിവസം ഇറാൻ യുദ്ധം നിർത്തിവെക്കാൻ പ്രമേയം പാസാക്കിയത് ആഭ്യന്തര എതിർപ്പിന്റെ അടയാളമായിരുന്നു. (ഇറാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലാത്ത) ആണവായുധം നിർമിക്കാൻ ഇറാന് ഇനി കഴിയില്ലെന്നും ഹുർമുസ് കടലിടുക്കിനുമേൽ ഇറാന് ഇനി അധികാരമില്ല എന്നുമുള്ള അവകാശവാദവും ട്രംപിന്റെ പരാജയം മറച്ചുവെക്കാൻ ഉദ്ദേശിച്ചായിരുന്നു. ഇറാന് മുഖ്യമായ നേട്ടം ലഭിച്ചത് ഉപരോധ വിഷയത്തിലാണ്. ജൂൺ 22ന് തിങ്കളാഴ്ച യു.എസ് ട്രഷറി ഡിപ്പാർട്മെന്റ് ഇറക്കിയ ഉത്തരവ് പ്രകാരം ഇറാന്റെ എണ്ണ ഉൽപാദനം, വിൽപന, കൈമാറ്റം എന്നിവക്ക് മേൽ കഴിഞ്ഞ 40 വർഷമായി നിലനിന്ന ഉപരോധം ചർച്ച നടക്കുന്ന 60 ദിവസങ്ങളിൽ പിൻവലിച്ചതായി പറയുന്നു. 1979ൽ യു.എസ് എംബസിയിലെ ബന്ദി വിഷയത്തിൽ 1980ൽ ഏർപ്പെടുത്തിയ ഉപരോധമനുസരിച്ച് യു.എസ് കമ്പനികൾക്ക് ഇറാന്റെ എണ്ണ വാങ്ങാൻ പറ്റില്ലായിരുന്നു. 2010നുശേഷം ഈ ഉപരോധം കൂടുതൽ കടുപ്പിച്ചു, മറ്റു രാജ്യങ്ങളിലെ കമ്പനികൾ ഇറാന്റെ എണ്ണ വാങ്ങിയാൽ അവർക്കും ഉപരോധം ബാധകമാകും എന്നാക്കി. 2015ലെ കരാറിലൂടെ വന്ന ഇളവുകൾ മൂന്നാം രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ മാത്രമായിരുന്നുവെങ്കിൽ, ഇപ്പോൾ നേരിട്ട് ഇറാനുമായി അത്തരം ഇടപാടുകൾ നടത്താൻ അമേരിക്കൻ കമ്പനികൾക്കും തടസ്സമില്ല. ഇത്തരം വിലക്ക് നിമിത്തം 2011ൽ എണ്ണ കയറ്റുമതി പ്രതിദിനം 2.5 ബാരലിൽനിന്ന് 2012ൽ 1.5 ദശലക്ഷം ബാരലായി ചുരുങ്ങിയിരുന്നു. പുതിയ ഇളവനുസരിച്ച് യു.എസ് എണ്ണ ശുദ്ധീകരണശാലക്ക് ഇറാന്റെ എണ്ണ വാങ്ങാനും അതിനു ഡോളറിൽ വിലയൊടുക്കാനും ഇഷ്ടമുള്ള കപ്പലുകളിൽ കയറ്റാനും പറ്റുന്ന സ്ഥിതി വന്നു. ഒരു പക്ഷേ, 60 ദിവസത്തേക്ക് സാധുവായ കരാറനുസരിച്ച് ഇറാന് ലഭിക്കുന്ന ഏറ്റവും വലിയ താൽക്കാലികാശ്വാസം ഇതു തന്നെയാവും.
അമേരിക്ക ഈ വിട്ടുവീഴ്ചക്ക് തയാറായത് മുഖ്യമായും, ലോകത്തെങ്ങും അമേരിക്കക്കുള്ളിൽ പ്രത്യേകിച്ചും ഉയർന്നുവന്ന യുദ്ധവിരുദ്ധ വികാരം കാരണമാകാം. ചർച്ചകൾ സജീവമായി നിലനിർത്തി ഹുർമുസ് കടലിടുക്കിലെ സഞ്ചാര വിലക്ക് നീക്കേണ്ടത് ആഗോള ആവശ്യമായിത്തീർന്നിരിക്കുന്നു. അതിലൂടെ എണ്ണവില കുറച്ച് ചൈനക്ക് അത്തരം വിപണിയിൽ ലഭിക്കുന്ന കുറഞ്ഞ വിലക്കുള്ള എണ്ണ ലഭ്യമല്ലാതാക്കലും ഒരാവശ്യമാവാം. പക്ഷേ, ഇറാൻ എണ്ണ നേരത്തേ വിപണിയിൽ നേരിയതോതിൽ വന്നുകൊണ്ടിരുന്നതിനാൽ കരാറിന്റെ ഉടൻഫലം അത്ര വലുതാവില്ല. മാത്രമല്ല, ഇറാന്റെ എണ്ണക്ക് സ്ഥിരവിപണി ലഭിക്കാൻ ചൈനയിലെ ചെറുകിട റിഫൈനറികൾക്കുപരി മറ്റു ഇടങ്ങളും ആവശ്യമാണ്. ഇതെല്ലാം 60 ദിവസങ്ങൾക്കപ്പുറവും നിലനിന്നെങ്കിലേ ഇറാന് സ്ഥിരമായ വ്യാപാര പങ്കാളികളെ ലഭിക്കുകയും അതനുസരിച്ച് ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവർ ഇടപെടുകയും ചെയ്യൂ. പക്ഷേ, ട്രംപിന് ഉപരോധ ഇളവുകൾ അത്ര പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല എന്നത് മർമപ്രധാനമാണ്. ഒരിക്കൽ കൈ പൊള്ളിയ അമേരിക്ക ഇനി യുദ്ധസാഹസങ്ങൾക്ക് തുനിയാതിരിക്കുന്നതാണ് പശ്ചിമേഷ്യയിൽ ശാന്തി പുലരാനുള്ള ആദ്യ ഉപാധി. ഇസ്രായേൽ കൂട്ടുകെട്ടിനെക്കുറിച്ച വീണ്ടുവിചാരമാണ് രണ്ടാമത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

