Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅലസിയ ‘അപെക്​’...

അലസിയ ‘അപെക്​’ ഉച്ചകോടി

text_fields
bookmark_border
editorial
cancel

പസഫിക്​ മേഖലയിലെ രാഷ്​ട്രങ്ങൾക്കു​ മേലുള്ള കോയ്​മ സംബന്ധിച്ച മൂപ്പിളമത്തർക്കത്തിൽ ഉടക്കി ഏഷ്യ-പസഫിക്​ സാമ്പത്തിക സഹകരണ സംഘടനയായ ‘അപെക്​’ ഉച്ചകോടി അലസിപ്പിരിഞ്ഞിരിക്കുന്നു. ഞായറാഴ്​ച പാപ്വന്യൂഗിനിയൻ തലസ്​ഥാനമായ പോർട്​ മോറസ്​ബിയിൽ ഉച്ചകോടി സമാപിച്ചത്​ ചരിത്രത്തിലാദ്യമായി ഒരു സംയുക്ത പ്രസ്​താവനപോലും പുറപ്പെടുവിക്കാതെയാണ്​. അമേരിക്കയും ചൈനയും തമ്മിലുള്ള ശാക്തിക വടംവലിയാണ്​ ഉച്ചകോടി അനിശ്ചിതത്വത്തിൽ പിരിയാനുള്ള കാരണം. ലോക വ്യാപാരസംഘടനയുടെ കാലപ്പഴക്കം ചെന്ന വ്യാപാര ഉടമ്പടി പൊളിച്ചെഴുതുന്നതു സംബന്ധിച്ച തർക്കവും ഏഷ്യ, യൂറോപ്​, ആ​ഫ്രിക്ക എന്നീ മൂന്നു വൻകരകളെ കോർത്തിണക്കി ചൈന പണിയുന്ന ബെൽറ്റ്​ ആൻഡ്​ റോഡ്​ പദ്ധതിയും അമേരിക്കയും അപെകിലെ സഖ്യക്കാരും ചേർന്ന്​ ചൈനയെ ഒതുക്കാനുള്ള ആയുധമായി പ്രയോഗിക്കാൻ നടത്തിയ നീക്കമാണ്​ ഉച്ചകോടി ​പൊളിയാനുള്ള കാരണം. സംയുക്ത പ്രസ്​താവനക്ക്​ പകരം ആതിഥേയരാജ്യമെന്ന നിലയിൽ പാപ്വന്യൂഗിനി ഒരു കമ്യൂണിക്കേ ഇറക്കുമെന്ന്​ പ്രധാനമന്ത്രി പീറ്റർ ഒാ നീൽ പ്രസ്​താവനയിറക്കിയെങ്കിലും അതിനും കഴിഞ്ഞിട്ടി​ല്ല. സ്വരച്ചേർച്ചയില്ലാതെയാണ്​ ഉച്ചകോടി അവസാനിച്ചതെന്ന്​ തുറന്നുപറഞ്ഞ അദ്ദേഹത്തിനും പ്രശ്​നപരിഹാരത്തെക്കുറിച്ച്​ ഒരു തിട്ടവുമില്ല.

‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യവുമായി അമേരിക്കയുടെ അപ്രതിരോധ്യമായ മേധാശക്തി ഏതു വിധേനയും നിലനിർത്തിക്കിട്ടാൻ സാഹസികമായി ​പൊരുതുന്ന പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ ഏറെ തലവേദനയുണ്ടാക്കുന്നതാണ്​ കിഴക്കുനിന്നുള്ള ചൈനയുടെ നാൾക്കുനാൾ പുരോഗമിക്കുന്ന മുന്നേറ്റം. വ്യാപാര, സാ​േങ്കതിക, വ്യവസായരംഗങ്ങളിലെ സേവനക്കൈമാറ്റങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയും ഇറക്കുമതി തീരുവ ക്രമാതീതമായി വർധിപ്പിച്ചും മേഖലയിലെ തങ്ങളുടെ വളരുന്ന സ്വാധീനത്തെ തളർത്താനാണ്​ അമേരിക്കയുടെ ശ്രമമെന്ന്​ ചൈന വിശ്വസിക്കുന്നു. ഇതിനകം 250 ബില്യൺ ഡോളറി​​െൻറ ഏഴായിരത്തിലധികം വരുന്ന ഉൽപന്നങ്ങൾക്ക്​ അമേരിക്ക ഇറക്കുമതി തീരുവ ചുമത്തി. ഇതിനു മറുപടിയെന്നോണം 60 ബില്യൺ ഡോളറി​​െൻറ തുകക്കുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്ക്​ ചൈനയും ഡ്യൂട്ടി ചുമത്തി. അമേരിക്കയുടേതിനു സമാനമായി ‘മേക്​ ഇൻ ചൈന 2025’ എന്ന സ്വയം പര്യാപ്​ത ദൗത്യവുമായി ​ബെയ്​ജിങ്ങും മുന്നോട്ടുനീങ്ങുകയാണ്​. ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ഇൗ പോര്​ അവർക്കും ലോക​സമ്പദ്​ഘടനക്കും മാരകമായ മുറിവേൽപിക്കുന്നു​ണ്ടെന്നത്​ സത്യമാണ്​. അതുകൊണ്ടുതന്നെയാണ്​ അപെക്​ ഇരുവിഭാഗത്തിനുമിടയിൽ മഞ്ഞുരുക്കാനുള്ള സുവർണാവസരമായിത്തീരുമെന്ന്​ നിരീക്ഷകർ ധരിച്ചത്​. എന്നാൽ, യു.എസ്​ പ്രസിഡൻറ്​ ട്രംപോ മറ്റൊരു വൻശക്തിയായ റഷ്യയുടെ പുടിനോ ഉച്ചകോടിക്കെത്തിയില്ല. ചൈനീസ്​ നേതാവ്​ ഷി ജിൻപിങ്​ ഉച്ചകോടിക്കെത്തി മേഖലയിൽനിന്നു തനിക്കു പാട്ടിലാക്കാനുള്ളവരുമായൊക്കെ സമ്പർക്കപരിപാടി സജീവമാക്കി. അതേസമയം, അമേരിക്കയുടെയും കൂട്ടാളികളുടെയും പിടിവാശിക്കു മുന്നിൽ വഴങ്ങുകയില്ലെന്ന വിസമ്മതം തുറന്നു പ്രകടിപ്പിക്കുകയും ചെയ്​തു. വ്യാപാരരംഗത്ത്​ ചൈനക്കുള്ള തീരുവ ഉപരോധം തുടരുമെന്നറിയിച്ച അമേരിക്കൻ വൈസ്​പ്രസിഡൻറ്​ ​ൈമക്​ പെൻസ്​ ചൈന തീരുമാനം മാറ്റണമെന്നാണ്​ ഉപാധി ​െവച്ചത്​

എന്നാൽ, ആഗോള സാമ്പത്തികവളർച്ച തടയുന്നത്​ അമേരിക്കയുടെയും സഖ്യക്കാരുടെയും ഏകപക്ഷീയവും സ്വജനപക്ഷപാതപരവുമായ നിലപാടാണെന്ന്​ ചൈനീസ്​ നേതാവ്​ ഷി പിങ്​ തിരിച്ചടിച്ചു. ലോക വ്യാപാരസംഘടനയുടെ പഴയകാല വ്യാപാര വിനിമയനിയമങ്ങളും നിയന്ത്രണങ്ങളും കാലോചിതമായി പരിഷ്​കരിക്കണ​െമന്ന്​ അമേരിക്കൻ പക്ഷം വാദിക്കു​േമ്പാൾ അത്​ അനുവദിക്കുകയില്ലെന്ന നിലപാടിലാണ്​ ചൈനയുള്ളത്​. പസഫിക്​ മേഖല കുത്തകയാക്കി വെച്ചിരിക്കുന്ന അമേരിക്കക്കും ആസ്​ട്രേലിയക്കും സഖ്യകക്ഷികളായ ജപ്പാനും യൂറോപ്യൻ യൂനിയനുമൊക്കെ ഒരുപോലെ അസഹ്യമായിരിക്കുന്നത്​ ചൈന പുതുതായി നേടിവരുന്ന സ്വാധീനമാണ്. ശ്രീലങ്ക അവരുടെ തെക്കൻ ഭാഗത്തെ മുഖ്യ തുറമുഖമായ ഹാമ്പൻടോട്ടയിലെ വാണിജ്യപ്രവർത്തനങ്ങൾ ചൈനക്കായി തുറന്നുകൊടുത്തു കഴിഞ്ഞു. ഉച്ചകോടിയുടെ ആതിഥേയരായ പാപ്വന്യൂഗിനിയിലും ചൈന വൻതോതിൽ നിക്ഷേപമിറക്കിയിരിക്കുന്നു. ഇതുവഴി നേടുന്ന സ്വാധീനം പശ്ചിമ ശാന്തസമുദ്രത്തിലെ യു.എസി​​െൻറ ഗുവാം സൈനികതാവളത്തിലേക്ക്​ കണ്ണുനടാൻ ചൈനയെ സഹായിക്കുമെന്നതാണ്​ അമേരിക്കയുടെ അസ്വാസ്​ഥ്യം. ഇതു കണ്ടറിഞ്ഞ്​ രണ്ടാ​ം ലോകയുദ്ധത്തിലെ യു.എസ്​ സൈനികത്താവളമായിരുന്ന പാപ്വന്യൂഗിനിയിലെ മാനുസ്​ ദ്വീപിൽ ഒരു സൈനികത്താവളം നിർമിക്കാൻ അമേരിക്കയും ആസ്​​ട്രേലിയയും ഒത്തുചേരുകയാണ്​. ചൈന അവരുടെ ഭാഗമായി കരുതുന്ന തായ്​വാനെ കരുവാക്കി ചില തന്ത്രപ്രധാന നീക്കങ്ങൾക്കും അവർ ശ്രമിക്കുന്നുണ്ട്​. ഇങ്ങനെ പരമ്പരാഗതമായി തങ്ങൾ ആധിപത്യം പുലർത്തിയ മേഖലയിൽ അടിസ്​ഥാനസൗകര്യ വികസനത്തിനും വികസനപ്രവർത്തനങ്ങൾക്കുമായി ചൈന വൻതോതിൽ നിക്ഷേപമിറക്കുന്നതാണിപ്പോൾ അമേരിക്ക​, ആസ്​ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്​.

പരമാധികാരം പണയപ്പെടുത്തി ഒരു വായ്​പയും സ്വീകരിക്കരുതെന്നും സ്വന്തം താൽപര്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അമേരിക്കയെപ്പോലെ സ്വന്തം രാജ്യം ആദ്യം എന്നായിരിക്കണം എല്ലാവരും സൂക്ഷിക്കേണ്ട മനോഭാവമെന്നുമൊക്കെയുള്ള ഉദ്​ബോധനവും അമേരിക്കൻ വൈസ് ​പ്രസിഡൻറ്​ പെൻസ്​ ഉച്ചകോടിയിൽ നൽകിയിരുന്നു. ദക്ഷിണ, മധ്യ-പശ്ചി​മ ഏഷ്യ, യൂറോപ്​്​, ആഫ്രിക്കൻ രാജ്യങ്ങളെ കരയും കടലുമായി ബന്ധിപ്പിച്ചു തയാറാക്കിയ ബെൽറ്റ്​ ആൻഡ്​ റോഡ്​ പദ്ധതിയിലൂടെ ശാന്തസമുദ്രത്തി​ലെ തന്ത്രപ്രധാന മേഖല ചൈന ചുറ്റിപ്പിടിക്കുമെന്നാണ്​ പടിഞ്ഞാറൻ സഖ്യത്തി​​െൻറ ആശങ്ക. എന്നാൽ, 2013ൽ പ്രഖ്യാപിക്കപ്പെട്ട ഇത്​ ആരെയും പുറന്തള്ളുന്ന പദ്ധതിയല്ലെന്നും അംഗങ്ങളല്ലാത്തവർക്ക്​ അയിത്തം കൽപിക്കുന്ന രീതി ഇക്കാര്യത്തിൽ ഉണ്ടാവുകയില്ലെന്നും ചൈന ഉറപ്പുപറയുന്നു. ഇൗ വടംവലിക്കിടയിൽ ‘ഇര രാജ്യങ്ങൾ’ ഇരുഭാഗത്തുനിന്നും തങ്ങൾക്കു കിട്ടുന്ന സഹായം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന നയമാണ്​ കൈക്കൊണ്ടിരിക്കുന്നത്​. ലോകത്തി​​െൻറ സമ്പദ്​സമൃദ്ധിക്ക്​ ആകാശങ്ങളുടെയും സമുദ്രങ്ങളുടെയും സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന്​ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരിക്കുന്നു അമേരിക്ക. ആരെയും അധീനപ്പെടുത്താൻ അനുവദിക്കാത്ത ആ സ്വാതന്ത്ര്യം ആരുടേതാണെന്ന്​ അവർക്കു മാത്രമല്ല, ലോകത്തിനുമറിയാം. അതൊന്നുകൂടി ആവർത്തിച്ചുറപ്പിച്ചാണ്​ അപെക്​ ഉച്ചകോടി അലസിപ്പിരിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleapec summitmalayalam news
News Summary - Apec Summit - Article
Next Story