Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകുടിയേറ്റ വിരോധം വൺവേ...

കുടിയേറ്റ വിരോധം വൺവേ ട്രാഫിക് അല്ല

text_fields
bookmark_border
കുടിയേറ്റ വിരോധം വൺവേ ട്രാഫിക് അല്ല
cancel

അഅനധികൃത കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ​ കേ ന്ദ്രസർക്കാർ. അനുദിനം പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്​ സാമ്പത്തിക, സാമൂഹിക സുരക്ഷ നൽകുന്നതിനുള്ള ഗൗരവമായ ആലോചനക്കുപോലും മിനക്കെടാത്ത ഭരണകൂടം ആഭ്യന്തരസുരക്ഷയുടെ പേരുപറഞ്ഞ്​ അസം മോ ഡൽ ‘വിദേശ’ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പുറന്തള്ളുന്നതിനുമുള്ള യജ്ഞത്തിന്​ ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്​. രാജ്യത്തെ ഏതു പ്രതിസന്ധിക്കുമുള്ള പ്രതിവിധി ദേശീയ പൗരത്വപ്പട്ടിക തയാറാക്കി പൗരസഞ്ചയത്തിലെ അനധികൃതരെ ക​െണ്ടത്തി ദൂരെക്കളയുകയാണെന്ന മട്ടിലാണ്​ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്​ ഷായും അദ്ദേഹത്തി​​െൻറ ചുവടുപിടിച്ച്​ മറ്റു നേതാക്കളും ദിനേനയെന്നോണം നടത്തിവരുന്ന പ്രസ്​താവനകൾ.

പൗരത്വം തെളിയിക്കപ്പെടാനാകാതെ പോയവരെ എന്തു ചെയ്യും, അവരുടെ രാജ്യത്തിനകത്തെ ഭാവിയെന്ത്​, അതിർത്തിക്കപ്പുറത്തുനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ എവിടെ പുറന്തള്ളും, ഏതു രാജ്യത്തിന്​ അവരെ കൈമാറും തുടങ്ങിയ കാര്യത്തിലൊന്നും ഇതുവരെ നിലപാട്​ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അസമിലെ നിയമവിരുദ്ധരിൽ കൂടുതലും ബംഗ്ലാദേശിൽനിന്നുള്ളവരാണെന്നാണ്​ കേന്ദ്രസർക്കാറും ബി.ജെ.പി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്​. അവരെ ആ നാട്ടിന്​ കൈമാറുമോ, അവ​െ​ര ബംഗ്ലാദേശ്​ സ്വീകരിക്കുമോ എന്നൊന്നും വ്യക്തമല്ല. ഇക്കാര്യം ബംഗ്ല​ാദേശ്​ പ്രധാനമന്ത്രിയും ഇന്ത്യയുടെ അടുത്ത ബന്ധുവുമായ ശൈഖ്​ ഹസീന വാജിദ്​ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ ​ചർച്ചക്കെടുത്തിട്ടില്ല. ഇ​ങ്ങനെയൊക്കെയാണെങ്കിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ യുദ്ധപ്രഖ്യാപനവുമായി സംഘ്​പരിവാർ ആവേശപൂർവം മുന്നോട്ടുപോകുകയാണ്​. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹരിയാനയിലും മഹാരാഷ്​ട്രയിലും ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന വാഗ്​ദാനം വലിയ പ്രചാരണായുധമായി അവർ ഉയർത്തിപ്പിടിക്കുന്നുണ്ട്​. അസമിലെ ഗോൾപാറയിൽ 45കോടി ചെലവിട്ട്​ 3000​ പേരെ പാർപ്പിക്കാവുന്ന രീതിയിൽ ഒരുങ്ങുന്ന തടവറക്കു സമാനമായി മഹാരാഷ്​ട്രയിലെ നവിമുംബൈയിലും കർണാടകയിലെ ബംഗളൂരുവിനു സമീപം നിലമംഗലയിലും പണികഴിപ്പിക്കുന്നുമുണ്ട്​. 2024 ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ്​ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കിയിരിക്കുമെന്നാണ്​ അമിത്​ ഷായുടെ വാഗ്​ദാനം. ഇൗ പരിശോധന രാജ്യത്ത്​ കുടിയേറി വന്നവരോ അവരുടെ പിൻതലമുറയിലോ പെട്ട മുസ്​ലിം വിഭാഗത്തിനു മാത്രമാണ്​ ബാധകമെന്നും അല്ലാതുള്ളവർക്ക്​ രക്ഷനൽകാനായി നിയമനിർമാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി ആവർത്തിച്ചു പറയുന്നുണ്ട്​. അങ്ങനെ ​രാജ്യത്ത്​ വർഗീയധ്രുവീകരണമുണ്ടാക്കി അധികാരം കൈയടക്കാനും അതു നിലനിർത്താനുമുള്ള തുറുപ്പുശീട്ടായി കുടിയേറ്റവിരുദ്ധ നീക്കത്തെ സംഘ്​പരിവാർ മാറ്റിയെടുത്തിരിക്കുന്നു. ഇതു​ താൽക്കാലിക രാഷ്​ട്രീയലാഭത്തിനുതകാമെങ്കിലും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്ന്​ രാഷട്രീയ, രാജ്യതന്ത്രജ്ഞാനമുള്ളവരെല്ലാം പ്രവചിച്ചുകൊണ്ടിരിക്കുന്നതാണ്​.

ഇൗ ആശങ്ക പുലരുന്നതി​​െൻറ വാർത്തകളാണ്​ ഒടുവിൽ ബംഗ്ലാദേശിൽനിന്നു കേൾക്കുന്നത്​. ഇന്ത്യയുടെ പാത പിന്തുടർന്ന്​ ബംഗ്ലാദേശ​ിലും നിയമവിരുദ്ധ കുടിയേറ്റക്കാ​ർക്കെതിരെ ശബ്​ദമുയർന്നു തുടങ്ങിയിരിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദി സംസാരിക്കുന്ന അഞ്ചു ലക്ഷം ബിഹാറികൾ അനധികൃത കുടിയേറ്റക്കാരായു​െണ്ടന്നും രാജ്യത്ത്​ നിയമവിരുദ്ധരുടെ നുഴഞ്ഞുകയറ്റം നാൾക്കുനാൾ വർധിച്ചുവരുന്നതായും ബംഗ്ലാദേശ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. രാജ്യത്ത്​ 10 ലക്ഷം അനധികൃതരുണ്ടെന്നും ഇൗ ഭീഷണിയെക്കുറിച്ച്​ പഠിക്കാൻ മുഴുസമയ ഏജൻസിയെ നിയോഗിക്കണ​െമന്നും രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വാർത്തകളെഴുതിത്തുടങ്ങി. ഇന്ത്യ, പാകിസ്​താൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നാണ്​ ബംഗ്ലാദേശിലേക്ക്​ വൻതോതിൽ കുടിയേറ്റം നടക്കുന്നതെന്നാണ്​ അവരുടെ ആരോപണം. 2017ൽ ബംഗ്ലാദേശിൽനിന്ന്​ 12 കോടി 60 ലക്ഷം യു.എസ്​ ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക്​ അയച്ചിട്ടുണ്ട്​. ഒന്നാം മോദി സർക്കാർ ഭരണത്തിലേറി ബംഗ്ലാദേശ്​ കുടിയേറ്റക്കാർക്കെതിരെ സംസാരിച്ചു തുടങ്ങിയപ്പോൾതന്നെ അതിനെതിരായ പ്രതിചലനങ്ങൾ അയൽദേശത്തു നിന്നുണ്ടാകുമെന്ന്​ അവിടെനിന്നുള്ള രാഷ്​ട്രീയനിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. സാമ്പത്തികവ്യവസ്ഥയിലുണ്ടായ പുത്തനുണർവും ജി.ഡി.പി വളർച്ചയുമാണ്​ ബംഗ്ലാദേശിലേക്കുള്ള പുത്തൻ കുടിയേറ്റത്തിന​ു കാരണം.

എന്നാൽ, ഇന്ത്യയിൽ ബംഗ്ലാദേശി കുടിയേറ്റ വേട്ട ശക്തമാക്കിയത്​ അവിടെയും ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്കെതിരായ നീക്കങ്ങളെ ത്വരിതപ്പെടുത്തുന്നുണ്ട്​. അയൽദേശത്തു മാത്രമല്ല, അമേരിക്കയും യൂറോപ്പുമടക്കം ലോകത്തി​​െൻറ പല ഭാഗത്തും ഇന്ത്യക്കാരുടെ അനധികൃത നുഴഞ്ഞുകയറ്റം മോശമല്ലാത്ത രീതിയിൽ നടക്കുന്നുണ്ട്​. നിയമം ലംഘിച്ച്​ കുടിയേറ്റത്തിനു ശ്രമിച്ച 311 ഇന്ത്യക്കാരെയാണ്​ കഴിഞ്ഞ ​വെള്ളിയാഴ്​ച മെക്​സികോ ഇന്ത്യയിലേക്ക്​ തിരിച്ചയച്ചത്​. അമേരിക്കയിലേക്ക്​ ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുന്നത്​ ഇന്ത്യയാണെന്ന്​ പ്യൂ റിസർച് സ​െൻററിനെ ഉദ്ധരിച്ച്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. മെക്​സികോ, എൽസാൽവഡോർ, ഗ്വാട്ടമാല എന്നിവക്കൊപ്പം അമേരിക്കയെ കൂടുതൽ ശല്യം ചെയ്യുന്നത്​ ഇന്ത്യൻ ​കുടിയേറ്റക്കാരാണെന്നാണ്​ കണക്ക്​. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ അനധികൃതവിദേശികൾക്കെതിരെ തിരച്ചിലും പുറന്തള്ളലും മുറപോലെ നടക്കാറുണ്ട്​. ഇ​െതല്ലാമിരിക്കെയാണ്​ അനധികൃത കുടിയേറ്റ നിർമൂലന യജ്ഞം രാഷ്​ട്രീയായുധമാക്കി ഇന്ത്യൻ ഭരണകൂടവും അവരെ നയിക്കുന്ന പാർട്ടിയും രംഗത്തിറങ്ങിയിരിക്കുന്നത്​. അത്​ ബൂമറാങ്​ ആയി തിരിച്ചടിച്ചേക്കാമെന്ന മുന്നറിയിപ്പാണ്​ മെക്​സികോയിൽ തുടങ്ങി ബംഗ്ലാദേശിൽ എത്തി നിൽക്കുന്ന തുടർചലനങ്ങൾ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsimmigrationOpinion Newsanti immigration
News Summary - anti immigration is not one way traffic -opinion news
Next Story