Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപട്ടിക...

പട്ടിക പരിഷ്കരണത്തിന്റെ രക്തസാക്ഷി

text_fields
bookmark_border
പട്ടിക പരിഷ്കരണത്തിന്റെ രക്തസാക്ഷി
cancel

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ(എസ്.ഐ.ആർ)വുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദത്തെ തുടർന്ന് സംസ്ഥാനത്തെ ഒരു ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ജീവനൊടുക്കിയിരിക്കുന്നു. യാതൊരു ഗൃഹപാഠവുമില്ലാതെ ഒരു സുപ്രഭാതത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പരിഷ്കരണത്തിന്റെ ആദ്യ രക്തസാക്ഷി. വോട്ടർപട്ടിക പരിഷ്കരണ ജോലിയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി കടുത്ത സമ്മർദത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബവും സഹപ്രവർത്തകരും പറയുന്നു. പരിഷ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഫോറങ്ങൾ എത്രയുംവേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദവും കൂടിയായതോടെ ജീവിതംതന്നെ കൈവിട്ടുപോവുകയായിരുന്നു. വിശ്രമമില്ലാതെ പാതിരാ വരെ ജോലി ചെയ്തിട്ടും എവിടെയുമെത്താതിരുന്നതിനെ തുടർന്നാണ് ആത്മഹത്യ.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, എങ്കിലും ഈ മരണം അതിഗൗരവമായി പരിശോധിക്കപ്പെടേണ്ടതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുമാണ്. സംസ്ഥാനത്ത് നവംബർ നാലിനാണ് വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം ആരംഭിച്ചത്. ഡിസംബർ നാലിനകം സംസ്ഥാനത്തെ 2.78 കോടി വോട്ടര്‍മാരെ നേരിട്ടുകാണുകയും പട്ടിക പരിഷ്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. 2002 വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് പരിശോധന. മരണമടഞ്ഞവർ, താമസം മാറിയവർ, ഇരട്ട വോട്ടുകൾ ഒഴിവാക്കുക തുടങ്ങിയവയാണ് പരിഷ്കരണഭാഗമായി കമീഷൻ പറയുന്നത്. അതേസമയം, പരിഷ്കരണത്തിൽ രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടെന്ന സംശയത്താൽ ഓരോ വോട്ടറും വലിയ ആശങ്കകളോടെയാണ് ഈ പ്രക്രിയയെ കാണുന്നതും. ഒടുവിൽ പരിഷ്കരണം നടന്ന ബിഹാറിൽ പട്ടികയിൽനിന്ന് പുറത്തുപോയത് 68.66 ലക്ഷം വോട്ടർമാരാണ്. വോട്ടർമാരുടെ ആശങ്കകളുടെ ഭാരവും പ്രതികരണവും അതോടൊപ്പം മേലുദ്യോഗസ്ഥരുടെ സമ്മർദവും പേറുന്നത് ബൂത്ത് ലെവൽ ഓഫിസർമാരാണ്.

ഒരു ബൂത്ത് ലെവൽ ഓഫിസർക്ക് ശരാശരി രണ്ട് വാർഡുകളിലെ വോട്ടർമാരെയാണ് കാണേണ്ടി വരുന്നത്. നവംബർ അഞ്ചു മുതൽ തുടങ്ങിയ ഫോറം വിതരണം ഇനിയും പല സ്ഥലങ്ങളിലും പൂർത്തിയായിട്ടില്ല. നൂറുകണക്കിന് വീടുകളിൽ പോകേണ്ടതുണ്ട്. പല വീടുകളും അറിയുന്നതാവില്ല. അറിഞ്ഞാൽതന്നെ ആളില്ലെങ്കിൽ വീണ്ടും വീണ്ടും പോകണം. ഒരു മാസംകൊണ്ടുപോലും വിതരണം പൂർത്തിയാക്കുക പ്രയാസമാണ് എന്നിരിക്കെ 15നകം വിതരണം പൂർത്തിയാക്കണമെന്ന നിർദേശം പൂർണമായി പാലിക്കാൻ കഴിഞ്ഞ ബി.എൽ.ഒ മാർ കുറവാണ്. വിതരണ വിവരങ്ങൾ കമീഷൻ ആപിൽ അറിയിക്കുകയും വേണം. ഫോറം വിതരണം പൂർത്തിയാക്കുന്നതിൽ ഒന്നാമതെത്താൻ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ മത്സരാധിഷ്ഠിത സമ്മർദവും ബി.എൽ.ഒ മാർ നേരിടുന്നുണ്ട്. അതിലുപരിയാണ് വോട്ടർമാരുടെ സംശയങ്ങൾ. പട്ടിക പൗരത്വത്തെ ബാധിക്കുന്നതാണെന്ന് കരുതുന്ന വോട്ടർമാർ സംശയനിവാരണത്തിനായി ബി.എൽ.ഒ മാരെ നിരന്തരം വിളിക്കുന്നുണ്ട്. അതിനു മറുപടിയും നൽകണം. തയാറാക്കിയ ഫോറങ്ങൾ മുഴുവൻ കമ്പ്യൂട്ടറിൽ അടിച്ചുകയറ്റുകയും വേണം. ഏതെങ്കിലും തരത്തിൽ പാളിച്ച പറ്റിയാൽ ഉത്തരവാദിത്തവും നിയമ നൂലാമാലകളും നേരിടേണ്ടി വരുമെന്ന ആശങ്ക വേറെ. ഇത്തരം കാര്യങ്ങളാൽ തന്നെ വോട്ടർപട്ടിക പരിഷ്കരണത്തിലെ സമ്മർദത്തിനെ തുടർന്ന് രാജസ്ഥാനിലും കഴിഞ്ഞ ദിവസം ഒരു ബി.എൽ.ഒ ആത്മഹത്യ ചെയ്തിരുന്നു.

പശ്ചിമബംഗാളിൽ രണ്ട് ബി.എൽ.ഒ മാർ ജോലിക്കിടെ കുഴഞ്ഞുവീണു. വോട്ടർപട്ടിക പരിഷ്കരണം എന്ന പേരിൽ തെരഞ്ഞെടുപ്പിനേക്കാൾ വലിയ പ്രക്രിയയിലാണ് ബി.എൽ.ഒ മാർ ഉൾപ്പെട്ടിരിക്കുന്നത്. അവരുടെ ജോലി ഭാരവും സമ്മർദവും പഠിക്കാൻ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഇലക്ഷൻ കമീഷൻ തയാറാവണം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്നും സാവകാശം വേണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, അതു മുഖവിലയ്ക്കെടുക്കാൻ ഇലക്ഷൻ കമീഷൻ തയാറായില്ല. അതിനാൽതന്നെ ഈ സമ്മർദങ്ങളുടെ, ആശങ്കകളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കമീഷന് കഴിയില്ല. ബി.എൽ.ഒ മാരുടെ ജോലി ഭാരം കുറക്കാനും ആശങ്കകൾ പരിഹരിക്കാനും കുടുതൽ സമയം നൽകാനും തെരഞ്ഞെടുപ്പ് കമീഷൻ തയാറായാൽ വോട്ടർപട്ടിക കൂടുതൽ ജനാധിപത്യപരമാകാനും അവസരമൊരുക്കും. വീടുകളും വോട്ടർമാരെയും കണ്ടെത്താൻ സഹായകമായി അതത് സ്ഥലങ്ങളിലെ ആശാവർക്കർമാരെ കൂടി സഹായികളായി നൽകുന്നതും പരിഗണിക്കണം. പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിലും എത്രയോ നല്ലതാണ് ആക്ഷേപങ്ങൾ പരമാവധി കുറക്കുന്നതും വോട്ടർമാരുടെ ആശങ്കകൾ പരിഹരിക്കുന്നതും.

വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിലും അതിനാവശ്യമായ നടപടികൾ എടുക്കുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, അതിനു കാട്ടുന്ന അനാവശ്യ ധിറുതിയും ആവേശവുമാണ് ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയം സൃഷ്ടിക്കുന്നത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകൾ നടന്നുകൊണ്ടിരിക്കെയുമാണ് വോട്ടർപട്ടിക ശുദ്ധീകരണത്തിനുള്ള പുറപ്പാട്. സംസ്ഥാനം ഏകാഭിപ്രായത്തോടെ ആവശ്യപ്പെട്ടിട്ടും അതു പരിഗണിക്കാൻ ഇലക്ഷൻ കമീഷൻ തയാറാവാത്തത് അത്ഭുതകരവും ഒപ്പം സംശയാസ്പദവുമാണ്. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ജീവിതത്തിന്റെ പട്ടികയിൽനിന്ന് മനുഷ്യർ പേര് വെട്ടിപ്പോകുന്ന അവസ്ഥ ഒരുനിലയിലും സഹിക്കാൻ സാധ്യമല്ലതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BLOKerala SIR
News Summary - another victim of special intensive voters list revision
Next Story