തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ്
text_fieldsപുരോഗമന കേരളത്തിന്റെ പാരമ്പര്യത്തിനും അന്തസ്സിനും ഇടിവുണ്ടാക്കിയ സംഭവങ്ങളാണ് പള്ളുരുത്തിയിൽ നിന്ന് കേൾക്കുന്നത്. സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതരുടെ പിടിവാശിക്കും വർഗീയ സംഘർഷത്തിന് തക്കംപാർത്തിരുന്നവരുടെ വിഷലിപ്തമായ പ്രചാരണങ്ങൾക്കുമിടയിൽ മാനസിക സംഘർഷമനുഭവിച്ച എട്ടാംക്ലാസുകാരിക്ക് സ്കൂൾ വിട്ടുപോകേണ്ടിവന്നിരിക്കുന്നു. തലമുടി മൂടുന്ന തട്ടമിട്ടതാണ് സ്കൂളിന് ഉൾക്കൊള്ളാൻ പറ്റാത്ത പാതകമായത്. സ്കൂളിൽ പ്രവേശനം നേടിയശേഷം ആദ്യദിവസങ്ങളിൽ അവളോട് അധികൃതർ തട്ടമിടാൻ പാടില്ലെന്ന് പറയുന്നു.
മതാചാരപ്രകാരം അതൊഴിവാക്കാനാകില്ലെന്ന ബോധ്യത്തിൽ അവൾ സ്കൂളിനകത്ത് കടക്കുമ്പോൾ തട്ടം അഴിച്ചുവെക്കുന്നു. മതവിശ്വാസത്തിനനുസൃതമായ വസ്ത്രം വിലക്കിയതിനാൽ അവൾ അതില്ലാതെ ക്ലാസിൽ തുടരുന്നു. സ്കൂൾ യൂനിഫോമിൽ, തലയിലെ ആ കഷണം തുണിക്ക് വകുപ്പില്ലെന്നാണ് അധികൃതരുടെ നിലപാട്. രക്ഷിതാക്കൾ സ്കൂളിൽ ചെന്ന് അഭ്യർഥിച്ചിട്ടും അവർ കനിയുന്നില്ല. യൂനിഫോം നിർബന്ധമില്ലാത്ത ദിനമെന്ന നിലക്ക് ആർട്സ് ഡേക്ക് അവൾ തട്ടമഴിക്കാതിരുന്നെങ്കിലും അധികൃതർ അഴിപ്പിച്ച് പുറത്തുപോകാൻ കൽപിക്കുന്നു; അവൾ സ്ഥലംവിടുന്നു.
സംഭവം ഒരു സംഘർഷത്തിലേക്ക് വളർന്നുതുടങ്ങുന്നു- എം.പി അടക്കമുള്ളവർ ഇടപെട്ട്, പെൺകുട്ടി സ്കൂൾ അധികൃതർക്ക് വഴങ്ങുന്നതാണ് നല്ലതെന്ന് പിതാവിനെ ധരിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും മുസ്‍ലിം സമുദായത്തിനുമെതിരെ വിദ്വേഷപ്രചാരണം മുറുകുന്നു. മകളുടെ മനഃസംഘർഷം കണക്കിലെടുത്തും സാമുദായിക സ്പർധയിലേക്ക് സംഭവത്തെ വിദ്വേഷപ്രചാരകർ വളർത്തുന്നതായി മനസ്സിലാക്കിയും കുട്ടിയുടെ പിതാവ് പി.എം. അനസ് അവളെയും അവളുടെ അനുജനെയും സ്കൂളിൽനിന്ന് ഒഴിവാക്കാൻ നിർബന്ധിതനാകുന്നു. സ്കൂൾ അധികൃതരുടെ പിടിവാശി ജയിക്കുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് അവർ ഒരു തുണ്ടം തുണിക്കെതിരെ വിജയം പ്രഖ്യാപിക്കുന്നു.
സ്കൂൾ യൂനിഫോമനുസരിച്ച് തട്ടമിടാൻ അനുവാദമില്ലെന്നും ചട്ടങ്ങൾ പാലിച്ചുകൊള്ളാമെന്ന് ഒപ്പിട്ട് സമ്മതിച്ചശേഷമാണ് കുട്ടികളെ ചേർക്കുന്നതെന്നും സ്കൂൾ അധികൃതർ വാദിക്കുന്നു. അതേസമയം, സ്കൂൾ ചട്ടങ്ങളിൽ തട്ടം പാടില്ലെന്ന് പറയുന്നില്ല. ചട്ടപ്രകാരം യൂനിഫോം അണിഞ്ഞ്, അതേ നിറത്തിലുള്ള തട്ടമണിഞ്ഞ വിദ്യാർഥിനി ഒരേസമയം മതവിശ്വാസത്തെയും സ്കൂൾ ചട്ടത്തെയും അനുസരിക്കുകയായിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങളെപ്പറ്റി പറയുന്ന സ്കൂൾ, മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഭരണഘടനപരമായ അവകാശത്തെ ഹനിക്കുന്ന തരത്തിൽ പ്രവർത്തിക്കരുതായിരുന്നു.
സ്കൂളിൽ ദേശീയഗാനം ഏറ്റുചൊല്ലില്ല എന്ന് പ്രഖ്യാപിച്ച ഒരുവിഭാഗം ഈ കേരളത്തിൽ തന്നെയുണ്ട്: ക്രൈസ്തവ സമുദായത്തിൽപെട്ട അവരെ സ്കൂൾ പുറത്താക്കി. ഒടുവിൽ സുപ്രീംകോടതിയെ അവർ സമീപിച്ചപ്പോൾ, മതവിശ്വാസത്തിനെതിരെങ്കിൽ അവർ ദേശീയഗാനം ചൊല്ലേണ്ടതില്ല എന്ന് വിധിച്ചുകൊണ്ട് പരമോന്നത കോടതി ബഹുസ്വരതയുടെ ഭരണഘടനപരമായ സാധുതക്ക് അടിവരയിടുകയായിരുന്നു. നമ്മുടെ സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് ഏറ്റുപറയിക്കുന്ന ‘‘ഇന്ത്യ എന്റെ രാജ്യമാണ്...’’ എന്ന പ്രതിജ്ഞയിൽ, ‘‘സമ്പൂർണവും വൈവിധ്യപൂർണവുമായ ഇന്ത്യയുടെ പാരമ്പര്യത്തിൽ’’ അഭിമാനംകൊള്ളുന്നു എന്നുണ്ട്. യൂനിഫോമിന്റെ അതേ നിറത്തിലൊരു തുണ്ടം തുണി തലയിലിടുന്നതുപോലും കുറ്റകരമാക്കുന്നവർ കുട്ടികൾക്ക് നൽകുന്ന പാഠം ആ പ്രതിജ്ഞക്ക് വിരുദ്ധമല്ലേ?
സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവർ മാനസികപീഡനത്തിനിരയായ വിദ്യാർഥിനിയോട് അനുതാപം പ്രകടിപ്പിച്ചിട്ടുണ്ട്. മൗലികാവകാശങ്ങളും മതന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇതര മതസ്ഥരുടെ വിശ്വാസാചാരങ്ങൾ മാനിക്കാനും സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
പക്ഷേ, വിഷയം വെറുമൊരു യൂനിഫോമിലോ സ്കൂൾ ചട്ടത്തിലോ ഒതുങ്ങില്ലെന്ന് ബന്ധപ്പെട്ടവരുടെ തന്നെ നിലപാട് ബോധ്യപ്പെടുത്തുന്നുണ്ട്. എന്തുതരം വിദ്യാഭ്യാസമാണ് ഇത്തരം സ്കൂളുകൾ നമ്മുടെ മക്കൾക്ക് നൽകുന്നത്? തട്ടമിട്ട കുട്ടിയെ കാണുമ്പോൾ മറ്റു കുട്ടികൾക്ക് പേടിയാവുന്നെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പൊതുസ്ഥലങ്ങളിലടക്കം പതിവായി കാണാവുന്ന തട്ടം എന്ന വസ്ത്രഭാഗം കുട്ടികളിൽ പേടിയുണ്ടാക്കുന്നതല്ല കാരണം; അതിനെച്ചൊല്ലി പേടിനിർമിക്കാൻ ചിലർ ആഗ്രഹിക്കുന്നതാണ്.
ഈ പേടിയെപ്പറ്റി പറയുന്നവർ തന്നെ തട്ടം തലയിലണിഞ്ഞിട്ടുണ്ടുതാനും. അത് കണ്ടിട്ട് പേടിതോന്നാത്ത കുട്ടികൾക്ക്, വിദ്യാർഥിനിയുടെ തട്ടംകണ്ട് പേടിതോന്നുന്നെന്ന വാദത്തിന് പിന്നിലുള്ളത് വംശീയതയല്ലേ? തട്ടമല്ല ഇക്കൂട്ടരിൽ പേടിയുണ്ടാക്കുന്നത്, അത് ധരിച്ച തലയും അതുൾക്കൊള്ളുന്ന വിഭാഗവുമാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്? വിദ്യാർഥികൾക്കും ഈ സമൂഹത്തിനുതന്നെയും ഈ സ്കൂൾ നൽകിയത് ഹൃദയശൂന്യതയുടെ, സങ്കുചിതത്വത്തിന്റെ പാഠമാണ്. വിദ്യാഭ്യാസം നമ്മിൽ വളർത്തേണ്ടത് തിരസ്കാരവും അപരവത്കരണവുമല്ല, ഉൾക്കൊള്ളലും വിശാലമനസ്കതയുമാണ്. തട്ടമിട്ടവർ മറ്റൊരു തട്ടക്കാരിയെ മാനസിക പീഡനത്തിലൂടെ ആട്ടിയോടിച്ചതിലെ ദുഷ്ടപാഠം കുട്ടികൾ പഠിക്കരുതേ എന്ന് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
