Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസിംഹാസനത്തിൽ ഒരു...

സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ്

text_fields
bookmark_border
സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ്
cancel


ബ്രിട്ടന് പുതിയ രാജാവുണ്ടായത് മറ്റു സമൂഹങ്ങൾക്കോ രാജ്യങ്ങൾക്കോ വിഷയമാകേണ്ടതില്ല. ബ്രിട്ടീഷ് ജനതക്കും കോമൺവെൽത്തിനുമെല്ലാം വെറും അലങ്കാരപദവി മാത്രമാണത്. എന്നാൽ ചാൾസ് മൂന്നാമന്റെ സ്ഥാനലബ്ധി, കാലാവസ്ഥ അടക്കമുള്ള ആഗോളപ്രശ്നങ്ങളിൽ താൽപര്യമെടുക്കുന്നവർക്ക് പ്രത്യാശ നൽകുന്നു എന്നാണ് റിപ്പോർട്ട്. വെറും രണ്ടുദിവസത്തെ വ്യത്യാസത്തിലാണ് ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതും പുതിയ രാജാവ് പ്രഖ്യാപിക്കപ്പെടുന്നതും. ഇവരാകട്ടെ പലനിലക്കും വ്യത്യസ്ത കാഴ്ചപ്പാടുള്ളവരാണ്. പ്രധാനമന്ത്രി ലിസ് ട്രസ് കാലാവസ്ഥ, കുടിയേറ്റം, യുദ്ധോത്സുകത തുടങ്ങിയ കാര്യങ്ങളിൽ പ്രതിലോമ-വലതുപക്ഷ നിലപാടെടുക്കുമ്പോൾ കുറെക്കൂടി പുരോഗമനപരമാണ് ചാൾസ് മൂന്നാമന്റെ നിലപാടുകൾ. കൃഷി, ജനിതകമാറ്റം, ആഗോളതാപനം, ദാരിദ്ര്യം തുടങ്ങിയ വിവിധ കാര്യങ്ങളിൽ നിക്ഷിപ്ത താൽപര്യങ്ങൾക്കതീതമായി പൊതുതാൽപര്യം മുൻഗണനയായി എടുത്തിട്ടുണ്ട് അദ്ദേഹം. പ്രയോഗത്തിൽ അദ്ദേഹത്തിന്റെ പ്രകൃതി സംരക്ഷണ സമീപനങ്ങളിൽ വന്ന പാളിച്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലാവസ്ഥ ആക്ടിവിസ്റ്റുകളുടെ കൂട്ടത്തിൽ മുൻനിരക്കാരനായിട്ടാണ് ഇത്രനാളും അദ്ദേഹം അറിയപ്പെട്ടിട്ടുള്ളത്. മിക്ക കാലാവസ്ഥ ഉച്ചകോടികളിലും ചാൾസ് പ്രധാന പ്രസംഗകനായിരുന്നു. ദാവോസ്, കോപൻഹേഗൻ, പാരിസ്, കഴിഞ്ഞവർഷത്തെ ഗ്ലാസ്ഗോ തുടങ്ങിയ ഉച്ചകോടികളിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരാൾ രാജാവായിരിക്കെ ലിസ് ട്രസ് ഭരണത്തിന്റെ കടിഞ്ഞാൺ കൈയാളുന്നു എന്നത് വിരോധാഭാസമത്രേ. ആക്ടിവിസ്റ്റുകളും ഭരണകൂടങ്ങളും വിവിധ രാജ്യങ്ങളിൽ പോരടിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഒരു ആക്ടിവിസ്റ്റ് ഒന്നും ചെയ്യാൻ അധികാരമില്ലാത്ത രാഷ്​ട്രത്തലവനും, മറുവശത്ത് കാലാവസ്ഥ വിനാശകരുടെ പ്രതിനിധിയായ ആൾ ഭരണനേതാവുമാകുന്നു. എങ്കിലും പലരും ചാൾസിൽ പ്രതീക്ഷ കാണാൻ കാരണമുണ്ട്.

കോളനിവാഴ്ചയിലും ആഗോള ചൂഷകസംവിധാനങ്ങളിലുമെന്നപോലെ കാലാവസ്ഥ പ്രതിസന്ധിയിലും ബ്രിട്ടന് പങ്കുണ്ട്. വ്യവസായവത്കരണ യുഗത്തിലേക്ക് ലോകത്തെ നയിച്ചത് ആ രാജ്യമാണ്. കൽക്കരിമാലിന്യവും മറ്റും അന്തരീക്ഷത്തിലേക്ക് തള്ളിയ ഈ 150 വർഷങ്ങളിലാണ് ശരാശരി താപം ആപത്കരമാംവിധം ഉയർന്നത്. ഇതിലെ ചരിത്രവും ശാസ്ത്രവുമടക്കം പഠിച്ച് ഉറച്ച നിലപാടെടുത്തിട്ടുള്ളയാളായിട്ടാണ് ചാൾസ് അറിയപ്പെടുന്നത്. ഒരുപക്ഷേ, പ്രധാനമന്ത്രിയെക്കാൾ സ്വാധീനം ഇക്കാര്യത്തിൽ ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞേക്കും. ജനാധിപത്യത്തിന്റെ വിചിത്ര രീതികളിലൂടെ, കൺസർവേറ്റിവ് പാർട്ടിയുടെ രണ്ടുലക്ഷത്തിൽ കുറഞ്ഞ ആളുകളുടെ (മൊത്തം ബ്രിട്ടീഷ് വോട്ടർമാരുടെ 0.3 ശതമാനത്തിന്റെ) പിന്തുണകൊണ്ട് ഭരണനേതൃത്വത്തിലെത്തിയ ലിസ് ട്രസിന്, ചാൾസിനോളം ജനസ്വാധീനമുണ്ടാകാൻ വഴിയില്ല. പക്ഷേ, ബ്രിട്ടനിൽ രാജാവിന് കീഴ്വഴക്കമനുസരിച്ച് രാഷ്ട്രീയമോ രാഷ്ട്രീയ നിലപാടോ പാടില്ല. മറിച്ച്, യുക്രെയ്നിൽ ആണവയുദ്ധത്തിനും തയാറാണെന്ന് ആദ്യമേ പറയാനുള്ള ചിന്താരാഹിത്യമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്. രാജാവാകട്ടെ രാഷ്ട്രീയ നിരപേക്ഷതയാവും തന്റെ നയമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും തന്റെ അറിവും പരിചയവും കാലാവസ്ഥ പരിഹാരത്തിനായി ഉപയോഗപ്പെടുത്താൻ മറ്റുനിലകളിൽ അദ്ദേഹത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒരു പൊതുനേതൃത്വം ലോകത്തിനില്ലാതിരിക്കെ, ഈ വിഷയത്തിൽ ഒരു ചാലകശക്തിയായി വർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചാൽ തന്നെ നല്ലകാര്യം.

ആഗോളതലത്തിൽ കാലാവസ്ഥ ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങൾ കുറെയുണ്ടെങ്കിലും നിർണായക തീരുമാനങ്ങളെടുക്കേണ്ട ഭരണനേതൃത്വങ്ങളിൽ കൂടുതലും എതിർ പക്ഷക്കാരാണുള്ളത്. യു.എസിന്റെ മുൻ വൈസ് പ്രസിഡന്റ് ആൾഗോർ ആണ് ഒരു അപവാദം. ജർമൻ ചാൻസലറായിരുന്ന ആംഗല മെർകൽ, യു.എസിലെ ഒബാമ, കാനഡയിലെ ട്രൂഡോ എന്നിവരും കാലാവസ്ഥ പരിഹാരത്തിൽ താൽപര്യം കാണിച്ചവരാണ്. ഭരണകൂടങ്ങളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ കഴിയുന്ന സംഘമായി ഇവരെ ഒപ്പം ചേർക്കാൻ പുതിയ ബ്രിട്ടീഷ് രാജാവിന് കഴിഞ്ഞേക്കും. മുമ്പ് പലതവണ ചാൾസ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്ക് കാലാവസ്ഥയെപ്പറ്റി കത്തെഴുതിയിട്ടുണ്ട്. പ്രഭാഷണങ്ങളും ലോകനേതാക്കളുമായി സ്വകാര്യ ചർച്ചകളും നടത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതിസന്ധിയുടെ നിർണായകമായ നാഴികക്കല്ലുകൾ (തിരിച്ചുവരവ് അസാധ്യമായ 'ടിപ്പിങ് പോയന്റു'കൾ) ഒന്നൊന്നായി ഭൂമി പിന്നിട്ടുകൊണ്ടിരിക്കെ വെറുമൊരു അലങ്കാരപദവിയായ ബ്രിട്ടീഷ് സിംഹാസനത്തിലേക്ക് ശാസ്ത്രജ്ഞർ ആശയോടെ ഉറ്റുനോക്കുന്നു എന്നത് തമാശയാകാം. മറിച്ച് നേതൃശൂന്യത അനുഭവിക്കുന്ന ഒരു മേഖലയിൽ ആ കുറവ് പരിഹരിക്കാനും 'കാലാവസ്ഥ നീതി' ഉൾപ്പെടെ ചികിത്സ എളുപ്പമാക്കാനും കഴിയുന്ന ആരും അവഗണിക്കപ്പെടേണ്ടവരല്ല. സ്വന്തം രാജ്യത്തിനു തന്നെ അപ്രസക്തമായ ഒരു പദവിയിലിരുന്ന് 'ആക്ടിവിസ്റ്റ് രാജാവ് ചാൾസി'ന് എത്രത്തോളം ചെയ്യാൻ കഴിയും എന്നാണ് അറിയാനുള്ളത്. അദ്ദേഹം രാജാവാണെന്നുവെച്ച് മൗനിയാകുമോ അതോ തനിക്ക് ബോധ്യമുള്ള കാര്യങ്ങൾക്കായി പ്രവർത്തിക്കുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialenvironmentking charles III
News Summary - an activist on throne
Next Story