Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമിത് ഷായുടെ ‘ത്രീ...

അമിത് ഷായുടെ ‘ത്രീ ഡി’യും എസ്.ഐ.ആറും

text_fields
bookmark_border
Amit Shahs 3D and SIR
cancel

വോട്ടർമാരുടെ പ്രത്യേക തീവ്ര പുനരവലോകനം (എസ്​.ഐ.ആർ) രണ്ടാം റൗണ്ട് കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു. വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനുള്ള അവസാന തീയതി ഡിസംബർ 18നു മേൽ ഇനിയും നീട്ടാനുള്ള കേരള സർക്കാറിന്‍റെ അപേക്ഷ സുപ്രീംകോടതി തൽക്കാലത്തേക്കെങ്കിലും അനുവദിച്ചിട്ടില്ല. എസ്​.ഐ.ആർ സംബന്ധമായ മൗലിക ചർച്ചകളാണ് ഇപ്പോഴും തുടരുന്നത്. പാർലമെന്‍റിൽ നടന്ന, തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾ നേരിടവേ ആഭ്യന്തരമന്ത്രി അമിത് ഷാ പതിവിൽ കവിഞ്ഞ ശക്തിയോടെ പറഞ്ഞ ഒരു കാര്യം, ഞങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരെ ‘കണ്ടെത്തും, വെട്ടിമാറ്റും, നാടുകടത്തും’ (ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്) എന്നാണ്. എസ്​.ഐ.ആർ പ്രക്രിയ വോട്ടർപട്ടിക ശുദ്ധീകരിച്ച് മരിച്ചവരെയും താമസസ്ഥലം മാറിപ്പോയവരെയും ഇരട്ട വോട്ട് ഉള്ളവരെയും വെട്ടിമാറ്റി യഥാർഥ വോട്ടർമാർ മാത്രമുള്ള പുതിയ പട്ടിക ഉണ്ടാക്കാനുള്ളതാണ്. സ്വാഭാവികമായും അതിൽ പൗരരല്ലാത്തവരെ ഒഴിവാക്കുന്ന പ്രക്രിയയും നടക്കും. പക്ഷേ, അമിത് ഷായുടെ ഊന്നൽ മുഴുവൻ ‘നിയമവിരുദ്ധ കുടിയേറ്റക്കാരി’ലാണ്. അതിന്‍റെ വിവക്ഷ മിക്കവാറും ബംഗ്ലാദേശിൽനിന്ന് കുടിയേറിപ്പാർത്ത അഭയാർഥികളും മ്യാന്മറിൽനിന്ന് അഭയാർഥികളായി വന്ന കുടിയേറ്റക്കാരും ആണെന്ന് വ്യക്തം.

ഭരണഘടനാ വിഭാവനയനുസരിച്ച് എക്സിക്യൂട്ടിവിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഭരണകൂടത്തിന്‍റെ ഇംഗിതമനുസരിച്ചാണ് ഇന്ന് പ്രവർത്തിക്കുന്നത്. എസ്​.ഐ.ആർ പ്രക്രിയ ഒരതിരുവരെ പൗരത്വം പരിശോധിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ബി.ജെ.പി സർക്കാർ ആഗ്രഹിക്കുന്ന ഒരു പുറത്താക്കൽ പരിപാടിയായി അത് കലാശിക്കാം. ഈ വിമർശനം നേരത്തെ ഉന്നയിക്കപ്പെട്ടതും പരമോന്നത കോടതിക്ക് മുമ്പാകെ വന്നതുമാണെങ്കിലും അതിനു കൃത്യമായ പരിഹാരം ഉണ്ടായിട്ടില്ല. അവസാനം പതിനൊന്നു തിരിച്ചറിയൽ രേഖകൾക്കുപുറമെ ആധാർ കാർഡ് കൂടി തിരിച്ചറിയലിനു (പൗരത്വത്തിന്റെ തെളിവായല്ല) അംഗീകരിക്കണമെന്ന ഒരിളവ് മാത്രമാണ് നൽകിയത്. എസ്​.ഐ.ആർ നടത്തേണ്ട തെരഞ്ഞെടുപ്പ് കമീഷനാണ് അതിന്‍റെ കാർമികരെങ്കിൽ പിന്നെ അക്കാര്യത്തിൽ അമിത്​ ഷാ ഇത്ര ആവേശഭരിതനാകേണ്ട കാര്യമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ നടത്തേണ്ട വോട്ടർ പട്ടിക പുതുക്കലും അതിലൂടെ അനർഹരെ ഒഴിവാക്കലും തുടർന്ന് അവരെ ആട്ടിപ്പുറത്താക്കലുമുൾപ്പെട്ട ‘ത്രീ ഡി’ പരിപാടിയുടെ മൊത്തം പ്രയോക്താവായാണ് ആഭ്യന്തര മന്ത്രി ചൊവ്വാഴ്ച പാർലമെന്‍റിൽ പ്രത്യക്ഷപ്പെട്ടത്. നിലവിലെ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഈ യജ്ഞത്തിൽ കേന്ദ്ര സർക്കാർ നൂറു ശതമാനം ഭാഗഭാക്കാണ് എന്നു തെളിയിക്കുന്നതായിരുന്നു ഷായുടെ പ്രകടനം.

തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ സർക്കാർ സ്വാഭീഷ്ടമനുസരിച്ച് നിയമിക്കുന്ന ഒരു കമീഷനു എങ്ങനെയാണ് ഒരു നിഷ്പക്ഷ അംപയററായി പ്രവർത്തിക്കാൻ കഴിയുക? ഞങ്ങൾ പലപ്പോഴായി ചൂണ്ടിക്കാട്ടിയ പോലെ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയമനത്തിലെ അനർഥങ്ങൾ തന്നെയാണ് ഇതിന്‍റെ മൂലകാരണം. മൂന്നംഗ നിയമന സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിയും ഒരു കാര്യം തീരുമാനിച്ചാൽ പ്രതിപക്ഷ​ നേതാവിന്​ എങ്ങനെ ആ തീരുമാനത്തെ സ്വാധീനിക്കാനാവും? ഏതാൾക്കും മനസ്സിലാവുന്ന ഈ കാര്യം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് അമിത് ഷാ നൽകിയ മറുപടി കണ്ണടച്ചിരുട്ടാക്കുന്ന രീതിയിലാണ്. മുമ്പ് പ്രതിപക്ഷത്തിന് നിയമനത്തിൽ ശബ്ദമേ ഉണ്ടായിരുന്നില്ലാത്തിടത്ത് ഇപ്പോൾ 33 ശതമാനം ശബ്ദമുണ്ടായി എന്ന വിതണ്ഡവാദമാണ് ഷാ ഉന്നയിച്ചത്. ഷാ പറഞ്ഞതിൽ നിന്നൽപം വ്യത്യസ്തമായി, സർക്കാറല്ല, സർക്കാറിന്‍റെ ശിപാർശയനുസരിച്ച് രാഷ്‌ട്രപതിയായിരുന്നു മുമ്പ്​ തെരഞ്ഞെടുപ്പ് കമീഷനെ നിശ്ചയിച്ചിരുന്നത്. അന്നൊന്നും ഇന്നത്തെ പോലെയല്ല. ഒരതിരുവരെ നിഷ്പക്ഷത പുലർത്താൻ കമീഷന് കഴിഞ്ഞിരുന്നു. മാത്രമല്ല, സർക്കാറിനെ തന്നെ വിറപ്പിച്ച ടി.എൻ. ശേഷനെപ്പോലുള്ളവരുടെ ഉജ്ജ്വല ചരിത്രം ഇന്ത്യൻ ജനാധിപത്യത്തിനുണ്ട്. കമീഷന്‍റെ പ്രവർത്തനങ്ങളിൽ നീതിയും സുതാര്യതയും ശോഷിച്ചപ്പോഴാണ് സുപ്രീംകോടതി 2023ൽ ഇടപെട്ടത്. നിലവിലെ സംവിധാനത്തിൽ മൂന്നിലൊന്നു വോട്ടുകൊണ്ട് കാര്യമില്ല എന്നാർക്കാണ് അറിഞ്ഞുകൂടാത്തത്? മൂന്നിലൊന്നിന്‍റെ ശബ്ദം കേട്ട് ഭരണകൂടം തീരുമാനം ഏകകണ്ഠമാക്കാൻ ശ്രമിക്കുന്ന വഴക്കമുണ്ടെങ്കിൽ അൽപമെങ്കിലും കഴമ്പുണ്ടായേനെ. പ്രതിപക്ഷത്തിന്‍റെ ഒരു ശബ്ദവും പരിഗണിക്കാത്ത സ്വേച്ഛാ ഭരണത്തിലാണ് ഇപ്പോൾ ദേശീയ തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.

ഒരാൾ പൗരനല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സ്റ്റേറ്റിന് എന്നതിനുപകരം പൗരത്വത്തിനുള്ള രേഖ പൗരർ സമർപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അനധികൃത കുടിയേറ്റ കാര്യത്തിൽ സ്റ്റേറ്റിനുണ്ടായ വീഴ്ചയിൽ ബലിയാടാവുന്നത് ഒരു വലിയ വിഭാഗം ജനങ്ങളാണ്. പൗരത്വസമര കാലത്ത് അമിത്ഷാ പറഞ്ഞുകൊണ്ടിരുന്നത് അത് പൗരത്വം നൽകാനുള്ളതാണ്​, എടുത്തുകളയാനുള്ളതല്ല എന്നായിരുന്നു. എന്നാൽ, പൗരത്വം ഉണ്ടോ ഇല്ലേ എന്ന നിർണായകമായ കാര്യത്തിൽ പൗരർ കഷ്ടപ്പെടേണ്ടിവരുന്ന സാഹചര്യമായാലോ? സംഘ്പരിവാറിന്‍റെ ഉദ്ദേശ്യം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ തനതായ ജനാധിപത്യ ഘടനയുടെ തുടർച്ചക്ക്, ഈ ചോദ്യത്തെ വേണ്ടവിധം അഭിമുഖീകരിക്കാൻ ജനാധിപത്യ-പൗരാവകാശ പ്രവർത്തകർ തയാറായേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialeditorial opinion
News Summary - Amit Shah's '3D' and SIR
Next Story