പരീക്ഷ നടത്തിപ്പിലെ മറിമായങ്ങൾ
text_fieldsഈ വർഷത്തെ നീറ്റ് പരീക്ഷ എഴുതിയ ദശലക്ഷക്കണക്കിൽ വിദ്യാർഥികളെ മുഴുവൻ അമ്പരപ്പിലും പരിഭ്രാന്തിയിലുമാഴ്ത്തിക്കൊണ്ട് ചോദ്യപേപ്പർ ചോർന്നതും വൻ തുകക്ക് വിൽപനയായതുമായ വാർത്ത പുറത്തുവന്നപ്പോൾ ഇരുപതിൽപരം വിദ്യാർഥികൾ ജീവനൊടുക്കിയ ദുരന്തം, സി.ജെ.പി എന്ന വിദ്യാർഥി-യുവജന പ്രസ്ഥാനത്തിന്റെ പിറവിക്കും ജൂൺ ആറ് മുതൽ ജൂലൈ 25 വരെ രാജ്യത്തിന്റെ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ പ്രതിഷേധ സമരത്തിനും വഴിയൊരുക്കിയ സംഭവത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കും എൻ.ടി.എയുടെ പുനഃസംഘടനക്കും നിർബന്ധിതമായ മോദിസർക്കാർ വിവിധ പരിഹാര നടപടികളിലൂടെ രംഗം ശാന്തമാക്കാൻ ശ്രമിക്കവെയാണിപ്പോൾ യു.ജി.സി നെറ്റിന്റെ ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി പരീക്ഷകൾ റദ്ദാക്കേണ്ടിവന്നിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണ് 84 വിഷയങ്ങളിലെ താൽക്കാലിക ഉത്തരസൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചത്. ചോദ്യപേപ്പറിൽ വസ്തുതാപരവും ഘടനാപരവും പരിഭാഷാപരവുമായ ഒട്ടേറെ പിഴവുകൾ കടന്നുകൂടിയ വിവരം നാട്ടിലാകെ പാട്ടായതോടെ പ്രസ്തുത വിഷയങ്ങളിലെ പരീക്ഷ റദ്ദാക്കി സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിൽ പുനഃപരീക്ഷ പ്രഖ്യാപിക്കേണ്ടിവന്നിരിക്കുന്നു.
ജൂണിൽ പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ ചോദ്യപേപ്പറിൽ ഗുരുതര പിഴവുകളും വ്യാകരണത്തെറ്റും ചൂണ്ടിക്കാട്ടി വിദ്യാർഥികളും അക്കാദമീഷ്യന്മാരും രംഗത്തുവന്നിരുന്നതാണ്. പക്ഷേ, എൻ.ടി.എ തെറ്റ് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഉത്തരസൂചികയുടെ പ്രസിദ്ധീകരണവും ഫലപ്രഖ്യാപനവും അനാവശ്യമായി നീട്ടിക്കൊണ്ടുപോയി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ ജാള്യം മറച്ചുപിടിക്കാൻ പാർലമെന്റ് വർഷ സമ്മേളനംതന്നെ ബലികൊടുത്ത മോദിസർക്കാർ മുഖംകെട്ട് നിൽക്കെ ജുഗുപ്സാവഹമായ മറ്റൊരു സംഭവംകൂടി തൽക്കാലം പുറത്തറിയിക്കേണ്ടതില്ലെന്ന ‘കരുതൽ’ കാരണമാണ് നെറ്റ് പരീക്ഷ റദ്ദാക്കലും പുനഃപരീക്ഷ പ്രഖ്യാപനവും എൻ.ടി.എ ഇത്രയും വൈകിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു പരീക്ഷപോലും കൃത്യമായി നടത്താൻ കഴിയാത്ത മോദിസർക്കാറിന് കീഴിൽ വിദ്യാർഥികളാണ് ശിക്ഷ അനുഭവിക്കേണ്ടിവരുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നത് വസ്തുതാപരമല്ലെന്ന് വാദിക്കാൻ കഴിയില്ല. എൻ.ടി.എയിലെ 50 പേരെ പുറത്താക്കിയെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിയുടെ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും അതാരെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥി പ്രക്ഷോഭം മൂർച്ഛിച്ചപ്പോൾ 47 പേരെ എൻ.ടി.എ പുറത്താക്കിയിരുന്നു. 32 പേർ മാത്രമാണത്രെ എൻ.ടി.എയിലെ സ്ഥിരം ജീവനക്കാർ. ബാക്കിയുള്ള 197 പേർ പുറംകരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരാണ്. നേരത്തേ പുറത്താക്കപ്പെട്ടവരും ഇപ്പോൾ പുറത്താക്കപ്പെട്ടവരും ആരെന്ന് വ്യക്തമാകാത്തിടത്തോളം മിക്കവാറും കരാർ ജീവനക്കാരാവും പുറത്തുപോവേണ്ടിവന്നവരെന്ന് കരുതാനാണ് ന്യായം. സ്ഥിരം ജീവനക്കാർ സ്വാഭാവികമായും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിന്റെ വേണ്ടപ്പെട്ടവരുമാവും.
സത്യത്തിൽ നീറ്റ്, നെറ്റ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയോ എൻ.ടി.എയുടെ പിടിപ്പുകേടുകളോ മാത്രമല്ല പ്രശ്നം. മർമപ്രധാനമായ മാനവവിഭവശേഷി എന്ന വിദ്യാഭ്യാസവകുപ്പിനെ മൊത്തമായിത്തന്നെ പൊളിച്ചുപണിയുന്ന യത്നത്തിലാണ് ഹിന്ദുത്വ സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്ന കാര്യം 2014 മുതൽ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും വൻ കുതിച്ചുചാട്ടത്തിന് വിധേയമാവുകയും ലോകത്തിന്റെ ചിത്രംതന്നെ ആമൂലാഗ്രം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് കാലഘട്ടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. അതിനൊത്ത് 140 കോടി ജനങ്ങളുള്ള ലോകത്തേറ്റവും വലിയ രാജ്യമായ ഇന്ത്യയും മൗലികവും അത്യാധുനികവുമായ മാറ്റത്തിന് വിധേയമാവേണ്ടത് പ്രാഥമികാവശ്യമാണ്. അല്ലാത്തപക്ഷം നമുക്ക് ലോകത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെവരും. നമ്മുടെ തലമുറകൾ അത്യന്താധുനിക മാനവിക വികാസത്തിനു മുന്നിൽ നിസ്സഹായരാവും. ഇപ്പോൾതന്നെ ലോകത്തേറ്റവും വലിയ തൊഴിലില്ലാ പടയായി മാറിയിരിക്കുന്നു നമ്മുടെ യുവജനസംഖ്യ.
പക്ഷേ, ഇതേക്കുറിച്ചല്ല ഇന്ത്യയുടെ ഭരണാധികാരികളുടെ ഉത്കണ്ഠയും താൽപര്യവും. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇതിഹാസങ്ങളുടെയും കഥകളുടെയും പിറകെപോയി, എല്ലാം നമ്മൾ മുമ്പേ കണ്ടുപിടിച്ചിരിക്കുന്നു എന്ന മിഥ്യാ അവകാശവാദങ്ങളുമായി വിദ്യാഭ്യാസരംഗത്തെ ഒന്നാകെ ബഹുകാതം പിന്നോട്ടുവലിക്കാനാണ് ആസൂത്രിത ശ്രമം. അതിനിടയിൽ ലോകത്തിനും രാജ്യത്തിനും തലമുറകൾക്കും അനുപേക്ഷ്യമായ കാലോചിത വിദ്യാഭ്യാസം യോഗ്യരായ പണ്ഡിതന്മാരെയും ശാസ്ത്രകാരന്മാരെയും വിദഗ്ധരെയും ജാതിയും മതവും ഭാഷയും പരിഗണിക്കാതെ തെരഞ്ഞെടുത്ത് വിദ്യാഭ്യാസ പദ്ധതിയും അതിന്റെ നടത്തിപ്പും അവരെ ഏൽപിക്കണമെന്ന വിചാരവും ആസൂത്രണവും പ്രയോഗവത്കരണ നടപടികളും വേണം.
നൊബേൽ പുരസ്കാര ജേതാവ് സി.വി. രാമൻ മുതൽ എ.പി.ജെ അബ്ദുൽ കലാം വരെയുള്ളവർക്ക് ജന്മംനൽകിയ ഇന്ത്യാ മഹാരാജ്യത്തിന് അപ്രാപ്യമായ ലക്ഷ്യമല്ല അത്. പക്ഷേ, തുറന്ന മനസ്സും സദ് വിചാരവും ലക്ഷ്യബോധവും ഭരിക്കുന്നവർക്കുണ്ടാവണമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

