Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെനിസ്വേലൻ എണ്ണയിലെ അമേരിക്കൻ കണ്ണ്
cancel

ഴിഞ്ഞ ശനിയാഴ്ച അമേരിക്കൻ സമയം പുലർച്ച വെനിസ്വേലയുടെ പ്രസിഡന്‍റ്​ നികളസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടിച്ചു കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന വീരവാദങ്ങൾക്കും അവകാശവാദങ്ങൾക്കും അറ്റമില്ലാത്ത സ്ഥിതിയാണ്. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിൽ വെനിസ്വേല പരാജയപ്പെട്ടു എന്ന ന്യായവുമായി കടന്നുകയറിയ അമേരിക്ക പലരും നേരത്തേ പ്രവചിച്ച പോലെ ഭീമൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കണ്ണുവെക്കുന്ന തരം പരിപാടികളും ലക്ഷ്യങ്ങളുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി ക്യൂബ, കൊളംബിയ, മെക്സികോ എന്നീ രാജ്യങ്ങളെ കൂടി ലക്ഷ്യമിടുന്നു എന്നായിരുന്നു ട്രംപിന്‍റെ അവസാന പ്രസ്താവനകളിൽ ഒന്ന് ; അതിനു പറഞ്ഞ കാരണവും മയക്കുമരുന്നിൽ അവർ കൃത്യമായ നടപടിയെടുക്കുന്നില്ല എന്നതു തന്നെ. ഒന്ന് കാതലായ വിഷയമായ എണ്ണയെ സംബന്ധിച്ചാണ്. വെനിസ്വേലയുടെ അഞ്ചുകോടി ബാരൽ എണ്ണ അമേരിക്കയുടെ കൈയിലാണെന്നും അതിന്‍റെ പണം തങ്ങൾ നിയന്ത്രിക്കുമെന്നും മെച്ചം വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്കാവും എന്നുകൂടി പറയുന്നുണ്ട്​ ട്രംപ്.

ലോകത്തിനു മുന്നിൽ മാന്യത ചമയാനുള്ള ന്യായമായേ അമേരിക്കയുടെ മയക്കുമരുന്ന് വാദത്തെ കാണേണ്ടതുള്ളൂ. പരാമൃഷ്ട രാജ്യങ്ങളൊന്നും മയക്കുമരുന്ന് കടത്തുന്നില്ല എന്നാരും പറയില്ല. പക്ഷേ, അമേരിക്കയിൽതന്നെ എമ്പാടും നിരോധിത മയക്കു മരുന്ന് വിനിമയം ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയിലേക്കുള്ള കള്ളക്കടത്ത് തടയേണ്ട ഉത്തരവാദിത്തം അവർക്കു തന്നെയാണല്ലോ. എന്നാൽ, എണ്ണ നിയന്ത്രണത്തിന്‍റെ കാര്യം അതല്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമായ 300 ബില്യൺ ക്രൂഡ് ഓയിൽ വെനിസ്വേലക്ക്​ സ്വന്തമായുണ്ട്. തൊട്ടുതാഴെ 267 ബില്യൺ ഉള്ള സൗദി അറേബ്യയും മൂന്നാമതായി 207 ബില്യൺ ഉള്ള ഇറാനും പിന്നെ കാനഡയും. ഈ നാലു രാജ്യങ്ങളും ചേർന്നാൽ ആഗോള എണ്ണ ശേഖരത്തിന്‍റെ ഏതാണ്ട് പകുതിയാവും.

ഇപ്പോൾ അവകാശപ്പെടുന്നതനുസരിച്ച് വെനിസ്വേലയുടെ എണ്ണ ഉൽപാദനവും വിപണനവും നിയന്ത്രിക്കാൻ അമേരിക്കക്കാവുമോ? അതപ്പടി ആവില്ലെന്നാണ് വിദഗ്​ധർ അഭിപ്രായപ്പെടുന്നത്. കാരണം ഇതൊരു സൈനിക ഓപറേഷനല്ല. എണ്ണ കുഴിച്ചെടുത്ത്​ ആഗോള വിപണിയിൽ വിൽക്കുന്നത്​ ബഹുതല ഇടപാടാണ്​. അതു ചെയ്യാൻ അമേരിക്കൻ എണ്ണക്കമ്പനികളെ കൂട്ടു പിടിക്കേണ്ടതുണ്ട്. അതിനവർ തയാറാവണമെങ്കിൽ വിദേശരാജ്യത്ത് ഓപറേഷൻ നടത്താനുള്ള ഒരുക്കമോടെ അവർ ഇറങ്ങി തിരിക്കണം. യു.എസ് /ആഗോള എണ്ണ ഭീമന്മാരായ എക്സൺ-മൊബീൽ, ഷെവറോൺ, കോണോക്കോ, ഫിലിപ്സ് തുടങ്ങിയ കമ്പനികളെയാവും ഇക്കാര്യത്തിൽ ട്രംപ് കൂട്ടുപിടിക്കാൻ കാണുന്നത്. ഇപ്പറഞ്ഞതുപോലുള്ള എല്ലാ കമ്പനികളും വിദേശത്ത് നിക്ഷേപങ്ങൾ നടത്തുമ്പോൾ അതതിടങ്ങളിലെ രാഷ്ട്രീയഘടന, സാമ്പത്തികസ്ഥിരത, ക്രമസമാധാനം, നിയമവാഴ്ച തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുക. രാഷ്ട്രീയാനിശ്ചിതത്വവും യുദ്ധസമാനമായ സംഘർഷസാഹചര്യവും നിലനിൽക്കുമ്പോൾ ഭീമമായ നിക്ഷേപങ്ങൾ ഇറക്കാനാവില്ല.

അമേരിക്കയുടെ മുന്നിലുള്ള ഒരു സാധ്യത വെനിസ്വേലയുടെ കഴുത്ത് ഞെരിക്കുകയാണ്​. ഇപ്പോൾതന്നെ-അഥവാ മദൂറോയെ പിടികൂടുന്നതിന് മുമ്പു മുതൽ- ഒരതിരുവരെ അതുനടത്തിവരുന്നുണ്ട് അമേരിക്ക. അതിനുള്ള സാധ്യത കണ്ടുതന്നെയാവണം ഇപ്പോൾ പ്രസിഡന്‍റ്​ സ്ഥാനമേറ്റെടൂത്ത (മുൻ) വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ധാർഷ്ട്യത്തിന്‍റെ ഭാഷ വെടിഞ്ഞ്​ അമേരിക്കയുമായി ചർച്ചകൾക്ക് സന്നദ്ധമാണെന്ന്​ സൂചിപ്പിച്ചത്. പക്ഷേ, എണ്ണയുടെ പരമാധികാരം തങ്ങളുടെ കൈയിൽതന്നെയാണെന്ന് അവർ ആണയിടുകയും ചെയ്യുന്നു. എണ്ണ മന്ത്രി കൂടിയായിരുന്ന റോഡ്രിഗസ് എണ്ണക്കമ്പനികൾ ബന്ധപ്പെട്ടിരുന്ന ഒരു അധികാരി കൂടിയായിരുന്നു. മാത്രമല്ല, കഴിഞ്ഞ ഏതാനും വർഷങ്ങളായി യു.എസ് എണ്ണ ഉപരോധം കാരണം ഭീമമായ തോതിൽ ടാങ്ക് ഫാമുകളിൽ എണ്ണ കുമിഞ്ഞു കൂടി. വിദേശ രാജ്യങ്ങളും കമ്പനികളും എണ്ണ സ്വീകരിക്കാൻ മുന്നോട്ടു വന്നതുമില്ല. അതിനാൽ ഇതിനകം സമ്പദ് വ്യവസ്ഥയിൽ സ്തംഭനാവസ്ഥയുണ്ട്​.

ഇതിനിടയിൽ റഷ്യയും ചൈനയും ഒരുപോലെ അമേരിക്കയുടെ നീക്കങ്ങളെ വിമർശിക്കുകയും ഉപരോധം വകവെക്കാതെ വെനിസ്വേലൻ എണ്ണ വാങ്ങുകയും ചെയ്യുന്നുണ്ട്. ഇന്ത്യയും എണ്ണ വാങ്ങിയിട്ടുണ്ടെങ്കിലും ഈയിടെയായി അതു കുറഞ്ഞു വരുകയാണ്. ഇന്നിപ്പോൾ അമേരിക്കയുടെ കൈയിലുള്ള തുറുപ്പു ശീട്ട് തന്നെ ഈ ഉപരോധമാണ്. അതിനു പുറമെയാണ് കരീബിയൻ കടലിലെ എണ്ണ ഗതാഗതംതന്നെ നാവിക ശക്തി ഉപയോഗിച്ച് നിയന്ത്രിച്ച് നിർത്തുകയും യുദ്ധക്കപ്പലുകളുടെ സഹായത്തോടെ വെനിസ്വേലയുടെ നാവിക വ്യാപാരങ്ങളെ മൊത്തം തടസ്സപ്പെടുത്തുകയും ചെയ്യുന്ന യു.എസ് തന്ത്രം.

മൊത്തത്തിൽ, വെനിസ്വേലയിലെ അമേരിക്കൻ നടപടികൾ ഒരിക്കൽക്കൂടി ആ രാജ്യത്തി​​ന്‍റെ, വിശിഷ്യ ഡോണൾഡ് ട്രംപിന്‍റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തി​ന്‍റെ ലക്ഷണങ്ങൾ പേറുന്നുണ്ട്​. അമേരിക്ക അന്യരാജ്യങ്ങളിൽ യുദ്ധം ചെയ്യേണ്ട ആവശ്യമില്ല എന്നും അമേരിക്കൻ നികുതിദായകന്‍റെ പണം ലോകം നന്നാക്കുന്നതിനു വിനിയോഗിക്കേണ്ടതല്ല എന്നും അമേരിക്കയെ മഹത്തരമാക്കലാണ് (MAGA) ലക്ഷ്യമെന്നും വീരവാദം മുഴക്കിയ ഒരു പ്രസിഡന്റ് തന്നെയാണ് ഇന്ന് തലങ്ങും വിലങ്ങും അന്യരാജ്യങ്ങളിൽ ഇടപെട്ട്​ അമേരിക്കയെ ‘മഹത്തരമാ’ക്കാൻ കിണഞ്ഞു ശ്രമിക്കുന്നത്. ഒന്നുകിൽ ആ രാജ്യംതന്നെ ഈ ഓട്ടത്തിൽ തപ്പിത്തടഞ്ഞ് ഇതിനൊരറുതി വരണം. അതല്ലാതെ ഈ തേരോട്ടം അവസാനിക്കണമെങ്കിൽ അതിനെ തടുക്കാൻ പറ്റിയ പ്രതിരോധശക്തി ഉയർന്നുവരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaDonald TrumpUSANicolas MaduroVenezuelan oil
News Summary - American eyes on Venezuelan oil | Madhyamam Editorial
Next Story