Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പശ്ചിമേഷ്യയെ വീണ്ടും കുട്ടിച്ചോറാക്കാൻ അമേരിക്ക
cancel

റാനെതിരെ ഇസ്രായേലുമായി ചേർന്നുള്ള സംയുക്താക്രമണത്തോടെ പശ്ചിമേഷ്യൻ മേഖലയെ ഒരിക്കൽകൂടി കുട്ടിച്ചോറാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അമേരിക്ക. ഇസ്രായേലിന് ഇതിലൂടെ സ്വാസ്ഥ്യം ലഭിക്കുമോ എന്ന ചോദ്യത്തിനും നിഷേധമായിരിക്കും ഉത്തരം. രാഷ്ട്രത്തലവൻ ആയത്തുല്ല ഖാംനഈയെയും അടുത്ത ബന്ധുക്കളെയും വധിച്ചതിലൂടെ ഇസ്രായേൽ ഇറാനുമേൽ അടിച്ചേൽപിച്ചിരിക്കുന്നത് ചുവന്ന വരകളില്ലാത്ത യുദ്ധമാണ്. എന്നാൽ, ഈ യുദ്ധത്തിന് ഒരു ലക്ഷ്യമോ അന്ത്യമോ നിശ്ചയിക്കാൻ അമേരിക്കക്ക് ഇനി സാധിക്കണമെന്നില്ല. ഇറാനിൽ ഭരണമാറ്റം നടത്തുക അത്രയെളുപ്പം നടക്കുന്ന ഒന്നല്ല താനും. അമേരിക്ക യുദ്ധവിരാമ ചർച്ചക്ക് സന്നദ്ധമായിരിക്കുന്നു എന്ന ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പരിഗണിച്ചാലും ഇറാൻ അതിന് സമ്മതം മൂളിയ സ്ഥിരീകരണമില്ല. ഇനി അമേരിക്കയെ എങ്ങനെയാണ് വിശ്വസിക്കാനാവുക എന്നതാണ് തെഹ്റാന്റെ നിർണായക ചോദ്യം. ആണവ സമ്പുഷ്‌ടീകരണത്തിനാവശ്യമായ യുറേനിയം ശേഖരം ഇല്ലാതാക്കാൻ ഇറാൻ സമ്മതിച്ചിരിക്കുന്നുവെന്നു ഒത്തുതീർപ്പ് ചർച്ചകൾക്ക് മധ്യസ്ഥ്യം വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബസ്സദ് അൽ-ബുസൈദി അറിയിച്ച തൊട്ടുടനെയാണ് ഇസ്രായേൽ ഇറാനിലേക്ക് മിസൈലുകൾ തൊടുത്തത്. ചർച്ചയിൽ അമേരിക്കക്ക് ആത്മാർഥത ഇല്ലായിരുന്നു എന്ന് വ്യക്തം.

ഇതര രാജ്യങ്ങളിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക ചെയ്ത യുദ്ധങ്ങളെല്ലാം അരാജകത്വവും സങ്കീർണതകളും ഉണ്ടാക്കിയിട്ടേ ഉള്ളൂ. ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുമ്പോൾതന്നെ അതിനു വിരുദ്ധമായ ഭരണകൂടങ്ങളെ പിന്തുണക്കുകയോ കൂടുതൽ മർദകരായ ഭരണകൂടങ്ങളെ അധികാരത്തിലിരുത്തുകയോ ആണ് അമേരിക്ക ഇന്നോളം ചെയ്തത്. ഇറാനി​ൽ മുസദ്ദിഖിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ 1953ൽ സി.ഐ.എയെ ഉപയോഗിച്ച് അട്ടിമറിക്കുകയും നേരത്തെ സ്ഥാനഭ്രഷ്ടരായ പഹ്‍ലവി രാജവംശത്തിന്റെ റിസാ ഷാ പഹ്‍ലവിയെ അധികാരത്തിലേറ്റുകയും ചെയ്തത് യു.എസ് ആയിരുന്നു. പേർഷ്യൻ എണ്ണശേഖരത്തിൽ കണ്ണുനട്ട പാശ്ചാത്യ താൽപര്യങ്ങൾക്ക് വിരുദ്ധമായി മുസദ്ദിഖ് എണ്ണ വ്യവസായം ദേശസാത്കരിച്ചതായിരുന്നു അതിന്റെ പശ്ചാത്തലം. അന്നു തുടങ്ങിയതാണ് അമേരിക്കയുടെ കുതന്ത്രങ്ങൾ. ഷാ ഭരണത്തിൽ ഞെരിഞ്ഞമർന്ന ഇറാനി ജനത പിന്നീട് നടത്തിയ ജനകീയ പ്രക്ഷോഭത്തിലാണ് 1979ൽ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ പ്രസ്തുത ഭരണം തൂത്തെറിഞ്ഞത്. അതുമുതൽ കൂടുതൽ ശാത്രവത്തോടെ അമേരിക്ക ഇറാന്റെ രക്തം ദാഹിച്ചേ കഴിഞ്ഞിട്ടുള്ളൂ. അയൽ രാജ്യമായ സദ്ദാം ഹുസൈന്റെ ഇറാഖിനെ ഇളക്കിവിട്ട് ഇറാനുമായി യുദ്ധം ചെയ്യിച്ചതും അതുകൊണ്ടുതന്നെ.

എട്ടുവർഷം നീണ്ട ആ യുദ്ധം 1988ൽ അവസാനിക്കുമ്പോഴേക്കും അഞ്ചു ലക്ഷത്തോളം മനുഷ്യർ മരിച്ചു വീണു. 500 മുതൽ ഒരു ട്രില്ല്യൺ വരെ ഡോളർ സാമ്പത്തിക നഷ്ടം വന്നു. ഇറാഖ് കൂട്ടനശീകരണായുധങ്ങൾ കൈവശം വെച്ചിരിക്കുന്നുവെന്ന, നുണയാണെന്ന് പിന്നീട് തെളിഞ്ഞ വാദവുമായി അമേരിക്ക ഇറാഖിനെ ആക്രമിക്കുകയായിരുന്നു പിന്നെ. ലോകത്തെ തെറ്റിദ്ധരിപ്പിച്ച്‌ ഇറാഖിനുമേൽ അടിച്ചേൽപിച്ച യുദ്ധം പട്ടിണിയും രോഗങ്ങളും, അംഗവൈകല്യങ്ങളുള്ള കുട്ടികളും ഉൾപ്പെടെ മാനുഷിക ദുരന്തമായി കലാശിച്ചു. ഇതിനെല്ലാം അമേരിക്കക്ക് തുണയായി നിന്നതാണ് ഇസ്രായേൽ. അല്ലെങ്കിൽ ഇസ്രായേലിനു തുണയായി അമേരിക്ക എന്നും പറയാം. സ്വയം നൂറിലധികം ആണവ പോർമുനകൾ കൈവശമുള്ള, ആണവ നിർവ്യാപന ഉടമ്പടി ഒപ്പിട്ടിട്ടില്ലാത്ത ഇസ്രായേലാണ് ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച, ആണവായുധങ്ങൾ കൈവശമില്ലാത്ത ഇറാൻ ഭീഷണിയാണെന്ന് പറയുന്നത്.

ഈ സത്യങ്ങൾ മിക്ക രാഷ്ട്രങ്ങൾക്കും അറിയാമെങ്കിലും, തങ്ങൾ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട രാഷ്ട്രമാണെന്ന ഇരവാദമുന്നയിച്ച് ഇസ്രായേൽ എന്നും പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ചുറ്റുമുള്ള അത്രയൊന്നും സൈനികവത്കരിക്കപ്പെട്ടിട്ടില്ലാത്ത അറബ് രാജ്യങ്ങൾക്കു ഇസ്രായേലാണ് ഭീഷണി എന്നതാണ് നേര്. ഫലസ്തീനികളെ ജന്മനാട്ടിൽ വംശനശീകരണം നടത്തുമ്പോൾ ‘ജനാധിപത്യ രാജ്യ’മായ അമേരിക്കയുടെ പൂർണ പിന്തുണ നേടുന്നു ഇസ്രായേൽ. ഇൗ വിരോധാഭാസം ചൂണ്ടിക്കാട്ടുന്നവരിൽ ഇസ്രായേലിലും അമേരിക്കയിലുമുള്ള രാഷ്ട്രീയ നേതാക്കളുമുണ്ട്. സായുധ സൈന്യ-വിദേശകാര്യ സബ് കമ്മിറ്റി അംഗമെന്ന നിലയിൽ ലഭ്യമായ ഒരു രേഖയിലും ഇറാൻ ആണവ സമ്പുഷ്‌ടീകരണത്തിന്റെ അടുത്തെവിടെയും എത്തിയെന്നു പറയാൻ കഴിയില്ലെന്ന് യു.എസ് സെനറ്റർ ടിം ലെയ്ൻ സെനറ്റ് ട്വിറ്ററിൽ എഴുതിയത് ഒരുദാഹരണം. യു.എൻ പരിശോധകർക്ക് ഇറാനിൽ പ്രവേശനമുണ്ടായിരുന്ന കാലത്തും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ല.

2015ൽ ഒബാമ ഭരണകാലത്ത് ഇറാനുമായി ഒപ്പിട്ട ആണവ ഉടമ്പടി ഇറാന്റെ പരീക്ഷണങ്ങൾക്ക് പരിധി നിശ്ചയിക്കുകയും പകരം ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുകയുമുണ്ടായി. പക്ഷേ, ട്രംപ് അധികാരത്തിൽ വന്നശേഷം 2018ൽ കരാറിൽനിന്ന് അമേരിക്ക പിന്മാറി. ഇപ്പോൾ വീണ്ടും അധികാരത്തിലിരിക്കെയാണ് ഇസ്രായേലുമായി ചേർന്ന്, അമേരിക്കൻ ഭരണഘടനയനുസരിച്ച് യുദ്ധം തുടങ്ങാൻ ആവശ്യമായ കോൺഗ്രസിന്റെ അനുവാദം പോലുമില്ലാതെ ട്രംപ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന്റെ മാനുഷിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ മാനുഷ്യകത്തെ തുറിച്ചുനോക്കുന്നു. എണ്ണവില കുതിച്ചുയരുകയും പശ്ചിമേഷ്യയിലെ വ്യോമഗതാഗതം സ്തംഭിക്കുകയും ചെയ്തതിനപ്പുറം മാന്ദ്യവും പ്രതിസന്ധിയും എത്രയുമാവാം എന്നതാണവസ്ഥ. എല്ലാം പറഞ്ഞിട്ടെന്ത്? യുദ്ധത്തിന് നൽകേണ്ട വില അറിഞ്ഞാൽ മാത്രമേ ഇനി ഒരു യുദ്ധത്തിന് തുനിഞ്ഞിറങ്ങുന്നതിൽനിന്ന് അമേരിക്ക പിന്തിരിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialWest Asia ConflictIran US TensionsIran Israel Tensions
News Summary - West Asian Crisis | Iran Israel Tension | Madhyamam Editorial
Next Story