Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമേരിക്ക-ചൈന  വ്യാപാര...

അമേരിക്ക-ചൈന  വ്യാപാര യുദ്ധം

text_fields
bookmark_border
editorial
cancel

കുറച്ചു മാസങ്ങളായി വാക്പയറ്റുകളിലൂടെ ആരംഭിച്ച അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ട്രംപ് ഭരണകൂടം 3400 കോടി ഡോളറി​െൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തെ ചൈന വിശേഷിപ്പിച്ചിരിക്കുന്നത് സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമെന്നാണ്. പ്രതീക്ഷിച്ചതുപോലെ, അമേരിക്കയുടെ തീരുമാനത്തി​െൻറ പ്രഥമ പ്രത്യാഘാതം സംഭവിച്ചത് പ്രധാന ഓഹരി വിപണികൾ നഷ്​ടത്തിൽ കലാശിച്ചതുകൊണ്ടാണ്. ചൈനീസ് കറൻസി യുവാ​െൻറ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. 3400 കോടി ഡോളർ മൂല്യമുള്ള അമേരിക്കയുടെ 545 ഉൽപന്നങ്ങൾക്ക് അധിക നികുതിയേർപ്പെടുത്തി ചൈനയും തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഇതിനോടുള്ള അമേരിക്കൻ വൈറ്റ് ഹൗസി​െൻറ പ്രതികരണം വരുന്ന രണ്ട് ആഴ്ചക്കുള്ളിൽ 1600 കോടി ഡോളറി​െൻറ ഉൽപന്നങ്ങൾക്കുകൂടി അധിക നികുതിയേർപ്പെടുത്തുമെന്ന ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നാണ് ഒട്ടുമിക്ക സാമ്പത്തിക വിദഗ്​ധരുടെയും അഭിപ്രായം. അമേരിക്കയിലടക്കം വ്യാപകമായി തൊഴിൽ നഷ്​ടമടക്കമുള്ള വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന​ മുന്നറിയിപ്പാണ് അവർ നൽകുന്നത്. അമേരിക്ക ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധം ഒരു രാജ്യത്തി​െൻറയും സാമ്പത്തിക അഭിവൃദ്ധിക്ക് പ്രയോജനപ്പെടി​െല്ലന്നും അതുകൊണ്ടുതന്നെ തെറ്റായ നടപടിക്രമമെന്നുമാണ് ലോകബാങ്കും ഐ.എം.എഫും സ്വീകരിച്ചിട്ടുള്ള നിലപാട്. അതിലുപരി ലോക വ്യാപാര ശൃംഖല അലങ്കോലപ്പെടാൻ ഈ തീരുമാനം കാരണമായേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഈ ഒറ്റ തീരുമാനത്തിലൂടെ ചുരുങ്ങിയത് 400 ബില്യൺ യു.എസ് ഡോളറി​െൻറ നഷ്​ടമാണ് കണക്കാക്കിയിട്ടുള്ളത്.

യൂറോപ്യൻ യൂനിയൻ, മെക്സികോ, കാനഡ എന്നിവരുടെമേൽ അധിക നികുതി ചുമത്തിക്കൊണ്ട് അമേരിക്ക ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധത്തി​െൻറ തുടർച്ചതന്നെയാണ് ചൈനയുടെ മേലും പ്രയോഗിച്ചിരിക്കുന്നത്. അമേരിക്കയുടെ വിപണിയെ രക്ഷിക്കാനും അമേരിക്കക്കാരുടെ തൊഴിലുകൾ സംരക്ഷിക്കാനുമാണ് ഈ തീരുമാനമെന്ന ട്രംപ് വാദം വ്യാജമാ​െണന്ന് സമർഥിക്കുന്നത് അമേരിക്കയിലെതന്നെ സാമ്പത്തിക വിശകലന സ്ഥാപനങ്ങളാണ്. സോയാബീൻ, ഓട്ടോമൊബൈൽ തുടങ്ങി ചൈന ഏർപ്പെടുത്തിയ നികുതി വർധനയുടെ 82 ശതമാനവും ബാധിക്കാൻ പോകുന്നത് ട്രംപിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സംസ്ഥാനങ്ങളെയും പണമെറിഞ്ഞ കോർപറേറ്റ് കമ്പനികളെയുമാ​െണന്ന് ബ്രൂക്കിങ് ഇൻസ്​റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നു. ചൈന നികുതിയേർ​െപ്പടുത്തിയിരിക്കുന്നതിൽ 38 ശതമാനം ഉൽപന്നങ്ങളും കാർഷിക-ഭക്ഷ്യ വിഭവങ്ങളാണ്. 24 ശതമാനം വാഹനങ്ങളടക്കമുള്ള പൂർണമായ ഓട്ടോമൊബൈൽ ഉൽപന്നങ്ങളും. എന്നാൽ, അമേരിക്ക ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ 95 ശതമാനവും ആഭ്യന്തര ഉൽപാദനത്തിനുവേണ്ടിയുള്ള മൂലധന സാമഗ്രികളോ അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾക്കുവേണ്ടിയുള്ള ഭാഗങ്ങളോ ആണ്​. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ചൈനക്കും ലോകത്തിലെ വിവിധ രാജ്യങ്ങൾക്കും മാത്രമല്ല, അമേരിക്കക്കുതന്നെയും കനത്ത നഷ്​ടമുണ്ടാകാനാണ് സാധ്യതയെന്ന് കണക്കുകൂട്ടുകയും ചെയ്തിരിക്കുന്നു. അമേരിക്കയിലെ പല പ്രധാന ഓട്ടോമൊബൈൽ കമ്പനികളും ചൈന-അമേരിക്ക വാക്പയറ്റ്​ ആരംഭിച്ചപ്പോൾതന്നെ തൊഴിലുകൾ വെട്ടിക്കുറച്ചത് ഇതി​െൻറ സാക്ഷ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് അവർ. ക്യു​െബക്കിലെ ജി7 ഉച്ചകോടിയിലെ അപമാനകരമായ അനുഭവത്തിന് യൂറോപ്യൻ യൂനിയൻ ട്രംപിനോട് പകരംവീട്ടാൻ ജൂലൈ 16, 17 തീയതികളിൽ ബെയ്ജിങ്ങിൽ നടക്കുന്ന സീനോ യൂറോപ്യൻ ഉച്ചകോടിയിൽ ചൈനയുമായി ധാരണയായാൽ വ്യാപാരയുദ്ധം സാമ്പത്തികമായി മാത്രമല്ല, രാഷ്​ട്രീയമായും ട്രംപി​െൻറ അമേരിക്കക്ക് കനത്ത തിരിച്ചടിയാകും.

സാമ്പത്തിക, രാഷ്​ട്രീയ മേഖലയിൽ അതിനിർണായക പങ്കുള്ള അമേരിക്കയുടെ പ്രസിഡൻറി​െൻറ ഭ്രാന്തൻ നിലപാടുകൾക്ക്​ വിലകൊടുക്കേണ്ടിവരുന്നത് ലോകം മുഴുവനുമാണ്. എന്നാൽ, ഈ സാമ്പത്തിക യുദ്ധത്തിൽ സാമ്പത്തികമായും രാഷ്​ട്രീയമായും പരീക്ഷിക്കപ്പെടാൻ പോകുന്ന പ്രധാന രാജ്യം ഇന്ത്യയാണ്. ചൈനയുമായുള്ള സാമ്പത്തിക യുദ്ധത്തിൽ അമേരിക്ക വിജയിച്ചാൽ അടുത്തത് ഇന്ത്യയോടായിരിക്കുമെന്ന് തീർപ്പായിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാണയ മൂല്യത്തകർച്ച അഭിമുഖീകരിക്കുന്ന നമ്മുടെ രാജ്യത്തിന് അത്തരമൊരു സാമ്പത്തിക യുദ്ധത്തെ അതിജയിക്കാനുള്ള കെൽപില്ല. ബൗദ്ധിക സ്വത്തവകാശ നിയമത്തി​െൻറ നടപ്പാക്കൽ, ഇന്ത്യൻ പേറ്റൻറ് നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ, ബാങ്കിങ് മേഖലകളിലേക്ക് പ്രവേശനം, ഇറാനുമായുള്ള വ്യാപാരം റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുടെ സമ്മർദത്തിന് എളുപ്പത്തിൽ വിധേയപ്പെടാനായിരിക്കും ഇന്ത്യയുടെ വിധി. മറുവശത്ത് ചൈനയുമായുള്ള സാമ്പത്തിക യുദ്ധത്തി​െൻറ നഷ്​ടം ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നികത്താനുള്ള നീക്കങ്ങളും അണിയറയിൽ ശക്തമാണ്. അമേരിക്ക-ചൈന സാമ്പത്തിക യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന നിലപാട് രാജ്യത്തി​െൻറ ഭാവിയെ സംബന്ധിച്ച് നിർണായകമെന്ന് ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsAmerica-China Business War
News Summary - America- china Business War - Article
Next Story