Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രതിക്കൂട്ടിൽ...

പ്രതിക്കൂട്ടിൽ നിർത്താൻ അമേരിക്കയും

text_fields
bookmark_border
പ്രതിക്കൂട്ടിൽ നിർത്താൻ അമേരിക്കയും
cancel

ചുറ്റുവട്ട വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുകൾ വീഴുകയോ അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുമ്പോഴും അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ഉറ്റ ബന്ധത്തിന്‍റെ പേരുപറഞ്ഞാണ്​ ബി.ജെ.പിയുടെ കേന്ദ്രഭരണകൂടം ഊറ്റം കൊള്ളാറുള്ളത്​. പാശ്ചാത്യ മുതലാളിത്ത രാജ്യത്തലവന്മാർക്ക്​ ആതിഥ്യമരുളിയും അവരുടെ ആതിഥേയത്വം സ്വീകരിച്ചും സഹസ്രകോടികളുടെ പ്രതിരോധ, വാണിജ്യ കരാറുകളിലേർപ്പെട്ടും ആ ബന്ധത്തിന്‍റെ ആഴവും പരപ്പും രാജ്യത്തിനു മുന്നിൽ ബോധ്യപ്പെടുത്താനുള്ള എല്ലാ ശ്രമവും കേന്ദ്രത്തിലെ മോദിസർക്കാർ നടത്തിവരുന്നുമുണ്ട്​.

ഭരണത്തിന്‍റെ പതിവുകളായിക്കണ്ട് മുൻ ഭരണകൂടങ്ങൾ നിർവഹിച്ചുപോന്ന പലതും അന്തർദേശീയതലത്തിൽ ഇന്ത്യയുടെ കേമത്തം ഉയർത്തുന്ന നവീന പരിപാടികളായാണ്​ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്​. ലോകം നമ്മെ ഉറ്റുനോക്കുകയാണെന്നും അടുത്ത സൂപ്പർ പവർ ഇന്ത്യയാണെന്നും ലോകത്തിനു മുന്നിൽ രാഷ്ട്രം വിശ്വഗുരുവായി മാറി​യെന്നു​മൊക്കെയുള്ള അവകാശവാദങ്ങൾ പ്രചണ്ഡമായ പ്രചാരവേലകളായി ഭരണകൂടം നടത്തിവരുന്നുമുണ്ട്​. എന്നാൽ, പാ​ശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുമായുള്ള ചങ്ങാത്തവും ഏകപക്ഷീയ വെച്ചുകെട്ടലിനപ്പുറം മുന്നോട്ടുപോകുന്നില്ല എന്നാണ്​ അന്തർദേശീയ രംഗത്ത്​ വന്നുകൊണ്ടിരിക്കുന്ന തിരിച്ചടികൾ സൂചിപ്പിക്കുന്നത്​.

ഈ വർഷം ജൂൺ 18ന്​ ഇന്ത്യയുടെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട ഖാലിസ്താൻ വിഘടനവാദി നേതാവ്​ ഹർദീപ്​ സിങ്​ നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടി ഇന്ത്യയെ ശക്തമായ മറുനീക്കത്തിന്​ നിർബന്ധിച്ചു. നിജ്ജർ വധത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക്​ പങ്കുണ്ട്​ എന്ന ട്രൂഡോയുടെ വെളിപ്പെടുത്തൽ രാജ്യത്തെ ​ഞെട്ടിച്ചു. ഉഭയകക്ഷി വ്യാപാര, വാണിജ്യ, കുടിയേറ്റ ബന്ധങ്ങൾ ശക്തമായ കാനഡയുമായുള്ള ബന്ധം ഇന്ത്യ മരവിപ്പിച്ചു. കഴിഞ്ഞ സെപ്​റ്റംബറിൽ മുറിച്ചിട്ട ബന്ധം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഏകപക്ഷീയമായി പുനരാരംഭിച്ചുവരുകയായിരുന്നു.

അതിനിടെയാണ്​ കഴിഞ്ഞദിവസം മറ്റൊരു ഖാലിസ്താൻ നേതാവിനെതിരായ വധശ്രമത്തിൽ ഇന്ത്യയുടെ നയതന്ത്ര ദൗത്യ​ത്തിനെതിരെ അമേരിക്ക വിരൽചൂണ്ടിയിരിക്കുന്നത്​. ന്യ​ൂയോർക്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സിഖ്​സ്​ ഫോർ ജസ്റ്റിസ്​’എന്ന സിഖ്​ വിഘടനവാദി സംഘടനയുടെ നേതാവ്​ ഗുർപട്​വന്ത്​ പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ​/ സുരക്ഷ ഉദ്യോഗസ്ഥൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ വാടകക്കെടുത്തു എന്ന അതിഗുരുതരമായ ആരോപണമാണ്​ അമേരിക്ക ഉന്നയിച്ചിരിക്കുന്നത്​.

നേരത്തേ കനേഡിയൻ പ്രധാനമന്ത്രി​ ചെയ്തതുപോലെ ആരോപണം ഉന്നയിക്കുകയല്ല, ഇന്ത്യൻ ഉദ്യോഗസ്ഥനെ പ്രതിയാക്കി അമേരിക്കയുടെ ജസ്റ്റിസ്​ ഡിപ്പാർട്മെന്‍റ്​, ഫെഡറൽ ബ്യൂറോ ഓഫ്​ ഇൻ​വെസ്റ്റിഗേഷൻ (എഫ്​.ബി.ഐ), യു.എസ്​ ഡ്രഗ്​ എൻഫോഴ്​സ്​മെന്‍റ്​ അഡ്​മിനിസ്​ട്രേഷൻ (ഡി.ഇ.എ) എന്നീ മൂന്ന്​ ഏജൻസികളും അമേരിക്കൻ ഭരണകൂടത്തിന്​ തെളിവുകൾ കൈമാറിയിരിക്കുന്നുവെന്നാണ്​ റിപ്പോർട്ട്​. ‘അന്തർദേശീയ മയക്കുമരുന്ന്​ കടത്തുകാരൻ’ എന്ന്​ യു.എസ്​ ഡ്രഗ്​ എൻഫോഴ്​സ്​മെന്‍റ്​ അഡ്​മിനിസ്​ട്രേഷൻ (ഡി.ഇ.എ) മുദ്രകുത്തിയ ഗുപ്തയെ കഴിഞ്ഞ ജൂണിൽ അമേരിക്കൻ ആവശ്യ​പ്രകാരം ചെക്ക്​ റിപ്പബ്ലിക്കിൽ ​ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​. ഏറ്റവും പ്രബലമായ മൂന്ന്​ ഏജൻസികളും അംഗീകരിച്ച റിപ്പോർട്ടിനെ വിശ്വസനീയമായാണ്​ അമേരിക്ക കരുതുന്നത്​. നേരത്തേ കനേഡിയൻ പ്രസിഡന്‍റ്​ വിശ്വസനീയമായ ​തെളിവുണ്ടെന്ന്​ പറഞ്ഞത്​ ഇക്കാര്യം മുന്നിൽ വെച്ചാണോ എന്ന ചർച്ച ഉയർന്നുകഴിഞ്ഞു.

രാജ്യത്ത്​ വലിയ ദുരന്തങ്ങൾക്ക്​ നിമിത്തമാകുകയും ഇപ്പോഴും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ ഖാലിസ്ഥാൻ വിഘടനവാദത്തിന് ഇന്ത്യ അതിന്‍റെ രാഷ്ട്രാന്തരീയ ബന്ധങ്ങൾകൂടി വിലയായി നൽകേണ്ടിവരുന്ന ദുരവസ്ഥയാണിപ്പോൾ വന്നുപെട്ടിരിക്കുന്നത്​. ഖാലിസ്താൻ ഭീകരവാദികൾക്ക്​ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം നടത്താൻ സ്വാതന്ത്ര്യം നൽകുക മാത്രമല്ല, വിഘടനവാദികൾ നേരിടുന്ന അത്യാഹിതങ്ങ​ൾക്ക്​ ഇന്ത്യയെ പഴിചാരുക കൂടിയാണിപ്പോൾ പാശ്ചാത്യരാജ്യങ്ങളുടെ രീതി.

ഖാലിസ്താൻ തീവ്രവാദവുമായി ബന്ധപ്പെട്ട്​ ആവർത്തിച്ച ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തിലെടുക്കാൻ കാനഡ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ തയാറാകുന്നില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വിഘടനവാദിശ്രമങ്ങൾക്ക്​ തടയിടാനുള്ള നയതന്ത്രസമ്മർദം സ്വരൂപിക്കുന്നതിൽ മോദി ഗവൺമെന്‍റിന്​ വിജയിക്കാനാകുന്നില്ല. കാനഡയുടെ ആരോപണം നിലനിൽക്കെത്തന്നെയാണ്​ ഏതാണ്ട്​ രണ്ടു മാസം മുമ്പ്​ ഇന്ത്യ നിർത്തിവെച്ച ഇലക്ട്രോണിക്​ വിസ സേവനം ഈ നവംബർ 22ന്​ പുനരാരംഭിച്ചത്​.

ഇപ്പോൾ അമേരിക്കയുടെ വെളിപ്പെടുത്തലിനെ​ പിന്തുണക്കുന്ന വിധത്തിലാണ്​ കാനഡ, ബ്രിട്ടൻ, ആസ്​ട്രേലിയ എന്നീ ഇന്ത്യയുടെ ഉറ്റ മിത്രങ്ങളെന്നു കരുതുന്നവർ തന്നെ മുന്നോട്ടുവന്നിരിക്കുന്നത്​. രാജ്യത്തെ ശിഥിലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ സ്വന്തം മണ്ണിൽ അവസരമൊരുക്കുകയും അവിടങ്ങളിലെ നിഗൂഢ കൊലപാതകങ്ങളുടെ പേരിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുകയുംചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളുടെ നിലപാടിനോട്​ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിനു മുന്നിലെ ഇന്ത്യയുടെ സ്ഥാനം. അനുയായികളെ അണിനിരത്തിയുള്ള പാർട്ടി മാമാങ്കങ്ങളിലല്ല, കരുതലോടെയുള്ള നയതന്ത്രനീക്കങ്ങളിലാണ്​ വിദേശങ്ങളിൽ ഇന്ത്യ തെളിഞ്ഞും ഞെളിഞ്ഞും നിൽക്കേണ്ടത്​. അതിനു കഴിയുമോ എന്ന പരീക്ഷണത്തെയാണ്​ ഇപ്പോൾ മോദിസർക്കാർ അഭിമുഖീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USeditorialIndia diplomatic mission
News Summary - America against India's diplomatic mission -editorial
Next Story