Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെക്കോട്ടു പായുന്ന...

തെക്കോട്ടു പായുന്ന ആംബുലൻസുകൾ

text_fields
bookmark_border
editorial-23
cancel

അടിയന്തര ശസ്​ത്രക്രിയ ആവശ്യമുള്ള കൊച്ചുകുഞ്ഞുങ്ങളുമായി മംഗലാപുരത്തുനിന്നും പെരിന്തൽമണ്ണയിൽനിന്നും യഥാക ്രമം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഈ ആഴ്ചയിൽ കുതിച്ചുപാഞ്ഞ രണ്ട് ആംബുലൻസുകളുടെ വർത്തമാനം മലയാളികൾ അഭിമാനത്തോടെയാണ് പങ്കുവെക്കുന്നത്. കാസർകോട് വിദ്യാനഗർ ഷാനിയ-മിത്താഹ് ദമ്പതികളുടെ 17 ദിവസം പ്രായമായ കുഞ്ഞിന െയുമായാണ് ചൊവ്വാഴ്ച ആദ്യ ആംബുലൻസ്​ കൊച്ചിയിലേക്കു കുതിച്ചത്. പെരിന്തൽമണ്ണ വേങ്ങൂർ കളത്തിൽ നജാദി​െൻറയും ഇർ ഫാനയുടെയും മൂന്നു ദിവസം പ്രായമായ കുഞ്ഞുമായാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് ആംബുലൻസ്​ പാഞ്ഞത്. സ്വതേ വാഹനങ്ങളാൽ തിങ്ങിനിറഞ്ഞ കേരളത്തിലെ റോഡുകളിലൂടെ വെറും അഞ്ചര മണിക്കൂർകൊണ്ട് ഇത്രയും ദൂരം ഓടിയെത്തിയത്, മലയാളികളുടെ അസാധാരണമായ കൂട്ടായ്മയുടെ കരുത്തിലാണ്. വാട്സ്​ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്​ബുക്ക് ലൈവിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന വിവരപ്രകാരം സന്നദ്ധ സംഘടനകളും ചെറുപ്പക്കാരും മോട്ടോർ വാഹന തൊഴിലാളികളും പൊലീസുകാരുമെല്ലാം ചേർന്ന് വഴി എളുപ്പമാക്കുകയായിരുന്നു. മുമ്പും പലതവണ ഇത്തരത്തിലുള്ള സാഹസിക ഓട്ടങ്ങൾക്ക് കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയമെടുത്ത് പിടക്കുന്ന ജീവനുകളുമായി ലക്ഷ്യസ്​ഥാനത്ത് കുതിച്ചെത്തുന്ന അനുഭവം ഒരാഴ്ചയിൽതന്നെ രണ്ടു തവണയുണ്ടായതാണ് ഇതിന് കൂടുതൽ വാർത്താപ്രാധാന്യം നൽകുന്നത്. പരസ്​പര കരുതലി​െൻറയും സഹാനുഭൂതിയുടെയും വലിയ പാഠങ്ങൾ ബാക്കിവെച്ച പരിശ്രമങ്ങൾ എന്ന അർഥത്തിൽ നാം അഭിമാനത്തോടെ ഓർത്തുവെക്കുന്ന രണ്ടു യാത്രകളാണിത്. പ്രതിസന്ധിയുടെ സന്ദർഭങ്ങളിൽ മലയാളികൾ കാഴ്ചവെക്കുന്ന അസാധാരണമായ ഐക്യബോധത്തി​െൻറ അനുഭവങ്ങൾ പ്രളയകാലത്ത് നാം വലിയ രീതിയിൽ കണ്ടതാണ്. ആ സംസ്​കാരം നാം വീണ്ടും ഉയർത്തിപ്പിടിക്കുന്നു എന്നതി​െൻറ കാഴ്ചകളാണ് ഈ ആംബുലൻസ്​ യാത്രകളും തുറന്നുതരുന്നത്.

സാഹസികമായ സ്​നേഹവായ്പി​െൻറ ഈ അനുഭവം പങ്കുവെക്കുമ്പോഴും മറ്റു ചില യാഥാർഥ്യങ്ങൾകൂടി ശ്രദ്ധയിൽ വരേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്ത് വലിയ മുന്നേറ്റം നടത്തി എന്ന് അവകാശപ്പെടുന്ന സംസ്​ഥാനമാണ് നമ്മുടേത്. അങ്ങനെയൊരു സംസ്​ഥാനത്ത്, ജീവനോട് മല്ലടിക്കുന്ന ഇളംകുഞ്ഞിനെയുമായി ചികിത്സക്കായി തിരക്കേറിയ റോഡിലൂടെ ആംബുലൻസിൽ സംസ്​ഥാനത്തി​െൻറ മറ്റേ അറ്റത്തേക്ക് കുതിച്ചുപായേണ്ടിവരുന്നു എന്നുവന്നാൽ അത് അത്ര സുഖകരമായ കാര്യമല്ല. മണിക്കൂറുകൾ നീളുന്ന, അതിവേഗത്തിലുള്ള റോഡ് യാത്രതന്നെ രോഗാവസ്​ഥ വർധിപ്പിക്കാൻ ഇടയാക്കുന്നതാണ്. മറ്റെല്ലാ രംഗത്തുമെന്നപോലെ ആരോഗ്യരംഗത്തും സംസ്​ഥാനത്ത് നിലനിൽക്കുന്ന കടുത്ത വിവേചനത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ അനുഭവങ്ങൾ. അതായത്, കേരളത്തി​െൻറ വടക്കൻ ഭാഗമായ മലബാർ പ്രദേശം ആരോഗ്യസംവിധാനങ്ങളുടെ കാര്യത്തിൽ ഇന്നും കടുത്ത വിവേചനം അനുഭവിക്കുകയാണ്. പല സാമൂഹിക പ്രസ്​ഥാനങ്ങളും വ്യക്​തികളും പല സന്ദർഭങ്ങളിലായി ഇതുസംബന്ധമായ നിരവധി കണക്കുകളും തെളിവുകളും നിരത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും മുഖവിലക്കെടുക്കാൻ ബന്ധപ്പെട്ടവർ ഒരിക്കലും സന്നദ്ധമായിട്ടില്ല.

അതിലുമപ്പുറം, ഇപ്പോൾ സംസ്​ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കൾ ഇത്തരം വിമർശനങ്ങളെ തീവ്രവാദവും വിഘടനവാദവും ആരോപിച്ച് ഇല്ലാതാക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മേലോട്ടുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കണക്കെടുത്താൽ മലബാർ മേഖല തിരു-കൊച്ചി മേഖലയെക്കാൾ എല്ലാ കാര്യത്തിലും പിറകിൽ നിൽക്കുന്നത് കാണാൻ സാധിക്കും. പലപ്പോഴും സ്വകാര്യ മേഖലയിലെ ആരോഗ്യസ്​ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ് മലബാർ മേഖലയിലെ പ്രശ്നങ്ങളെ ഗുരുതരമാക്കാതെ നിലനിർത്തുന്നത്. സർക്കാർ മേഖലയിലെ മാത്രം കണക്ക് എടുക്കുകയാണെങ്കിൽ അന്തരം കടുത്ത വിവേചനമായി മാറുന്നത് നമുക്ക് കാണാൻ സാധിക്കും. ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സനേടി തലസ്​ഥാനനഗരിയിലേക്കും വിദൂരദേശങ്ങളിലേക്കും ദീർഘയാത്ര ചെയ്യേണ്ടിവരുന്ന അവസ്​ഥ അവസാനിപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം തുടങ്ങി വികസനവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളിലും മലബാർ അനുഭവിക്കുന്ന വിവേചനങ്ങളുടെ ഭാഗംതന്നെയാണിതും. എന്നാൽ, ഈ പ്രശ്നത്തെ അതർഹിക്കുന്ന ഗൗരവത്തിൽ അഭിമുഖീകരിക്കാൻ മലബാറിൽനിന്നുള്ള രാഷ്​​ട്രീയ നേതൃത്വംപോലും സന്നദ്ധമായിട്ടില്ല എന്നതാണ് വാസ്​തവം.

ഗുരുതര അസുഖം ബാധിച്ച രോഗികളെ അതിവേഗത്തിൽ അതിദൂരം ആംബുലൻസിൽ കൊണ്ടുപോകുന്നതിലും പ്രശ്നങ്ങളുണ്ട്. എയർ ആംബുലൻസുകൾ സജ്ജമാക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് എയർ ആംബുലൻസ്​ പദ്ധതി തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ സിവിൽ ഏവിയേഷനും സംസ്​ഥാന സർക്കാറും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്. എന്നാൽ, പ്രയോഗത്തിൽ ഇന്ന് ആ സംവിധാനം ഇല്ല എന്നതാണ് വാസ്​തവം. ആംബുലൻസുകൾ കുതിച്ചുപായിച്ച് അതിവേഗത്തിൽ ലക്ഷ്യസ്​ഥാനത്തെത്തിച്ച് ആവേശംകൊള്ളുന്നതിൽ എപ്പോഴും കാര്യമില്ല. ഫലപ്രദവും ശാസ്​ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കുകയും അത് സംസ്​ഥാനത്തെ എല്ലാ പ്രദേശത്തുകാർക്കും വിവേചനരഹിതമായി ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കുകയുമാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsHospital ServicesHealth Facilities
News Summary - Ambulances and Hospital Services - Article
Next Story