Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫ്ര​ഞ്ച് ജ​ന​ത...

ഫ്ര​ഞ്ച് ജ​ന​ത തെ​ര​ഞ്ഞെ​ടു​ത്ത ബ​ദ​ൽ രാ​ഷ്​​ട്രീ​യം

text_fields
bookmark_border
ഫ്ര​ഞ്ച് ജ​ന​ത തെ​ര​ഞ്ഞെ​ടു​ത്ത ബ​ദ​ൽ രാ​ഷ്​​ട്രീ​യം
cancel

യൂറോപ്പിെൻറ നിലനിൽപുതെന്ന ചോദ്യംചെയ്യപ്പെടുന്ന മാറിച്ചിന്തിക്കലിെൻറ ലോകത്ത് ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ‘എൻ മാർഷെ’ എന്ന പുതിയൊരു ‘മധ്യമ’കക്ഷിയുടെ നേതാവ് ഇമ്മാനുവൽ മാേക്രാൺ നേടിയ മേൽക്കൈ ലോകത്താകമാനമുള്ള മിതവാദികൾക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 11 സ്ഥാനാർഥികളിൽ മാേക്രാണും തീവ്രവലതുപക്ഷ കക്ഷിയായ നാഷനൽഫ്രണ്ട് നേതാവ് മരീൻ ലീപെന്നുമാണ് മേയ് ഏഴിന് നടക്കുന്ന അന്തിമപോരാട്ടത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ രാഷ്ട്രീയ നേതൃത്വത്തോടുള്ള ജനങ്ങളുടെ അവിശ്വാസവും വിയോജിപ്പും പ്രതിഫലിച്ച തെരഞ്ഞെടുപ്പിൽ 59 വർഷം മുമ്പ് നിലവിൽ വന്ന ‘അഞ്ചാം റിപ്പബ്ലിക്’ മാറിമാറി ഭരിച്ച സോഷ്യലിസ്റ്റ് പാർട്ടിയെയും യാഥാസ്ഥിതിക റിപ്പബ്ലിക്കൻ കക്ഷിയെയും ജനം പൂർണമായും കൈവിട്ടുവെന്നതാണ് ഏറെ ശ്രദ്ധേയം. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി കേവലം ആറു ശതമാനം വോ ട്ടുമായി അഞ്ചാം സ്ഥാനത്താണ് അടിതെറ്റിവീണത്. യൂറോപ്യൻ യൂനിയെൻറ നൈരന്തര്യമായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്ന്.  യൂനിയെൻറ കടുത്ത വിമർശകരോ എതിരാളികളോ ആയിരുന്നു പതിനൊന്നിൽ എട്ട് സ്ഥാനാർഥികളും. അവരെല്ലാം ചേർന്ന്  49.6 ശതമാനം വോട്ട് നേടിയെന്നത് മാറിയ കാലത്തിെൻറ ചിന്താഗതിയെയാണ് അനാവൃതമാക്കുന്നത്.

ഒന്നാമനായി എത്തിയ ഇമ്മാനുവൽ മാേക്രാൺ യൂറോപ്യൻ യൂനിയനുവേണ്ടിയാണ് നിലകൊള്ളുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ തുറന്ന അതിർത്തി എന്നതാണ് ഈ  39കാരെൻറ കാഴ്ചപ്പാട്. അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമെതിരായ വികാരം വൻകരയിലുടനീളം ആഞ്ഞടിക്കുമ്പോൾ അതിെൻറ വിപരീതദിശയിൽ ഉറച്ചുനിൽക്കുന്നുവെന്നതാണ് മാേക്രാണിെൻറ സവിശേഷത. എന്നിട്ടും, നഗരങ്ങളിലെ അഭ്യസ്തവിദ്യരും സമ്പന്നരുമായ വോട്ടർമാർക്കിടയിൽ അദ്ദേഹം നേടിയെടുത്ത സ്വീകാര്യതയാണ് ഒന്നാമതെത്തിച്ചത്. തീവ്ര വലതുപക്ഷം ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പകരംവെക്കാൻ ഇദ്ദേഹത്തിെൻറ പക്കൽ വ്യക്തമായ ചിലതുണ്ട് എന്നതാവാം രാഷ്ട്രീയത്തിലെ നവാഗതനു േവാട്ടുചെയ്യാൻ വലിയൊരു വിഭാഗത്തിന് പ്രചോദനമായത്. തെരഞ്ഞെടുപ്പ് ‘രാജ്യസ്നേഹികളും’ ‘ദേശീയവാദി’കളും തമ്മിലാണെന്ന അദ്ദേഹത്തിെൻറ വിശേഷണം എല്ലാംകൊണ്ടും അർഥവത്താകാൻ പോവുകയാണ് അന്തിമ പോരാട്ടത്തിൽ. സാമ്പത്തിക പരിഷ്കാരവും സദ്ഭരണവും വാഗ്ദാനംചെയ്ത മാക്രോൺ 23.75 ശതമാനം വോട്ട് കരഗതമാക്കിയപ്പോൾ തൊട്ടുപിറകിലുള്ള മരീൻ ലീപെന്നിനു കിട്ടിയതാവട്ടെ 21.53 ശതമാനവും. 2002 തൊട്ട് ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവ സാന്നിധ്യമായി തുടരുന്ന നാഷനൽ ഫ്രണ്ടിെൻറ പ്രകടനം അപ്രതീക്ഷിതമായിരുന്നില്ല. എന്നല്ല, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമൊക്കെ  ലീ പെന്നിന് സർവവിധ ഭാവുകങ്ങളും നേരുന്നുണ്ടായിരുെന്നന്ന് മാത്രമല്ല, വോട്ടെടുപ്പിനു രണ്ടു ദിവസം മുമ്പ് പാരിസിലുണ്ടായ ‘ഭീകരാക്രമണം’ വോട്ടർമാരെ കാര്യമായി സ്വാധീനിക്കുമെന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തുകപോലുമുണ്ടായി.

അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും ബഹുസ്വരതക്കും എതിരെ പരസ്യമായി രംഗത്തുവരുകയും വിദ്വേഷത്തിെൻറയും ഇസ്ലാമോഫോബിയയുടെയും വിഷധൂളികൾ വാരിവിതറുകയും ചെയ്യുന്ന തീവ്ര വലതുപക്ഷം ഏതാണ്ട് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സജീവമായി രംഗത്തുണ്ടെങ്കിലും അധികാര കൈമാറ്റത്തിെൻറ പ്രശ്നം വരുമ്പോൾ വോട്ടർമാർ അവധാനതയോടെ തീരുമാനമെടുക്കുന്നുവെന്ന് ഒരിക്കൽകൂടി തെളിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രിയയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തെ ജനം പരാജയപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ചിൽ തീവ്ര ദേശീയവാദവുമായി കോലാഹലം സൃഷ്ടിക്കുന്ന ഗീർട്ട് വിൽഡേഴ്സിെൻറ അധികാരമോഹമാണ് നെതർലൻഡ്സ് പാർലമെൻററി തെരഞ്ഞെടുപ്പിൽ പൊലിഞ്ഞത്. ബ്രിട്ടനിൽ യൂറോപ്യൻ യൂനിയനിൽനിന്ന് രാജ്യത്തെ പുറത്തുചാടിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന യു.കെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ ഏക അംഗത്തിനു പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. ബദൽ രാഷ്ട്രീയത്തെ പുണരുമ്പോഴും നിഷേധാത്മക–പിന്തിരിപ്പൻ ശക്തികളെ വോട്ടർമാർ നിരാകരിക്കുന്ന ഈ ശൈലി നമ്മുടെ നാട്ടിലെ സമ്മതിദായകർ എന്തുകൊണ്ട് മാതൃകയാക്കുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. അതേസമയം, തീവ്ര വലതുപക്ഷം ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വർധിപ്പിക്കുെന്നന്ന് മാത്രമല്ല, ചില മേഖലകളിൽ മറ്റു പാർട്ടികളെ പൂർണമായും പിന്തള്ളി ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിക്കുന്നുമുണ്ട് എന്നത് ഇന്നല്ലെങ്കിൽ നാളെ അധികാരം കൈക്കലാക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. മരീൻ ലീപെൻ 7.7 ദശലക്ഷം വോട്ടാണ് ഒന്നാം റൗണ്ടിൽ വാരിക്കൂട്ടിയത്. 2012ൽ, 6.4 ദശലക്ഷമായിരുന്നു അത്. മരീെൻറ പിതാവ് ജെൻമാരീൻ വിദ്വേഷ രാഷ്ട്രീയവുമായി ഇറങ്ങിത്തിരിച്ച ആദ്യഘട്ടത്തിൽ, 2002ൽ 4.8 ദശലക്ഷം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും, രണ്ടാം തവണ തീവ്ര വലതുപക്ഷം രണ്ടാം റൗണ്ടിലെത്തിയത് ഫ്രാൻസിെൻറ മതനിരപേക്ഷ–ജനാധിപത്യ പാരമ്പര്യത്തിനു തീരാകളങ്കമാണെന്ന് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

മേയ് ഏഴിന് നടക്കുന്ന അന്തിമപോരാട്ടത്തിൽ ഇമ്മാനുവൽ മാക്രോൺ പ്രയാസലേശമന്യേ വിജയിച്ചുകയറും എന്നാണ് നിരീക്ഷകർ പ്രവചിക്കുന്നതെങ്കിലും ഒന്നും തീർത്തുപറയാനായിട്ടില്ല എന്ന പക്ഷക്കാരുമുണ്ട്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ട ഭൂരിഭാഗം പാർട്ടികളും മാേക്രാണിനെ പിന്തുണക്കാൻ തീരുമാനിച്ചുകഴിഞ്ഞു. അദ്ദേഹത്തിന് 61ശതമാനത്തിലേറെ വോട്ട് നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, താമസിയാതെ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഈ ‘സ്വതന്ത്രന്’, എങ്ങനെ ഭരിക്കാനുള്ള പിന്തുണ നേടിയെടുക്കാൻ കഴിയുമെന്ന ചോദ്യം ബാക്കിനിൽക്കുന്നു.

Show Full Article
TAGS:madhyamam editorial 
Next Story