ഇന്ത്യ വീണ്ടുമുണരുന്നു
text_fieldsഒരു പ്രതീകാത്മക കുറ്റവിചാരണ, ഒരു ജനകീയ മഹാറാലി-കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാജ്യതലസ്ഥാനം കണ്ടത്, പൗരാവകാശ നിഷേധത്തിനെതിരായ ശക്തമായ മുന്നറിയിപ്പും സമര പ്രഖ്യാപനവുമാണ്. തെരഞ്ഞെടുപ്പ് അട്ടിമറികൾക്ക് നേതൃത്വം നൽകിയ മുഖ്യ കമീഷണറുടെ രാജിയാണ് അടിയന്തരാവശ്യം. എങ്കിലും, പ്രതിപക്ഷ കക്ഷികളും വോട്ടുവെട്ടലിന്‍റെ ഇരകളും പൗരസഞ്ചയവും അടങ്ങുന്ന ജനശക്തി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പാണ് ലക്ഷ്യം വെക്കുന്നത്. ആ ദിശയിൽ പുതിയൊരു ചരിത്രം ഡൽഹിയിൽ കുറിച്ചിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളെല്ലാം ഭരണകൂടത്തിന്‍റെ വഴിവിട്ട രീതികളോട് ഭാഗികമായോ പൂർണമായോ രാജിയായ സാഹചര്യത്തിലാണ്, രാജ്യത്തിന്‍റെ വീണ്ടെടുപ്പിനായി ഇന്ത്യൻ പൗരാവലി നേരിട്ട് തെരുവിലിറങ്ങുന്നത്.
പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ‘മോദിരാജി’ൽ പ്രാഥമിക വോട്ടവകാശം ആസൂത്രിതമായി കവർന്നെടുത്തതിന്‍റെ തെളിവുകൾ ജനങ്ങൾക്കും ജുഡീഷ്യറിക്കും മുന്നിലുണ്ട്. രാജ്യത്ത് ജനാധിപത്യത്തിന്‍റെ പൂർണ തകർച്ച ഒഴിവാക്കാനുള്ള നിർണായക ചുവടുവെപ്പാണ്, രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനകീയ പ്രക്ഷോഭ പരിപാടികൾ.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ, പഴയ പാർലമെന്‍റിന്‍റെ ശൈലിയിൽ സംവിധാനിച്ച കുറ്റവിചാരണവേദി, പലനിലക്കും ഇന്ത്യയെ മൊത്തം പ്രതിനിധാനം ചെയ്ത പാർലമെന്‍റ് തന്നെയായിരുന്നു. ഇന്ത്യൻ പൗരസഞ്ചയത്തിന്റെ 70 ശതമാനത്തിലധികം പേരെ പ്രതിനിധീകരിക്കുന്ന പാർട്ടികളും അവയുടെ നേതാക്കളും പങ്കെടുത്ത, യഥാർഥ ജനാധിപത്യ അധ്യായത്തിന്‍റെ പുതിയ തുടക്കമാണത്. ലോക്സഭാ മുൻ സ്പീക്കർ മീര കുമാറിന്‍റെ അധ്യക്ഷതയിൽ നടന്ന കുറ്റവിചാരണ ഗ്യാനേഷിന്‍റെ അപരാധങ്ങൾ എണ്ണിപ്പറഞ്ഞു. 13 കോടിയിലധികം പൗരർക്ക് വോട്ട് നിഷേധിച്ചുകൊണ്ടാണ് കമീഷൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ നടത്തിയത്. (ജനസംഖ്യാ വർധന കണക്കിലെടുത്താൽ ഇത് 16 കോടി വരെയാകും) പശ്ചിമബംഗാൾ അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഭരണമാറ്റം നടന്നത് വോട്ട് മോഷണത്തിലൂടെയാണെന്ന് കണക്കുകൾ കാണിക്കുന്നു.
മുസ്‌ലിം വോട്ടർമാരെ പ്രത്യേകമായി വെട്ടിനീക്കിയതിന്‍റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഫോം 6ൽ നിയമവിരുദ്ധമായി വരുത്തിയ മാറ്റം ഈ കള്ളക്കളിയുടെ ഭാഗമായിരുന്നു. യഥാർഥ വോട്ടർമാരെ കണ്ടെത്താൻ അധികാരമുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ മറികടന്ന് സോഫ്റ്റ്‌വെയർ വഴി അധികാരമെല്ലാം നിയമവിരുദ്ധമായി ഇലക്‌ഷൻ കമീഷനിൽ കേന്ദ്രീകരിച്ചു. ഇലക്‌ഷൻ കമീഷൻ ഭൂരിപക്ഷാഭിപ്രായമനുസരിച്ചുവേണം തീരുമാനങ്ങളെടുക്കാനെന്ന് നിയമമിരിക്കെ അതിനു വിരുദ്ധമായി മുഖ്യകമീഷണർ സ്വന്തം തീർപ്പുകൾ നടപ്പാക്കി. നിയമവിരുദ്ധമായ വോട്ട് വെട്ടലിനുപുറമെ കൃത്രിമമായി അനധികൃത വോട്ടർമാരെ ചേർത്ത സംഭവങ്ങളും ധാരാളം. ജീവിച്ചിരിപ്പുള്ള വോട്ടർ മരിച്ചതായി കാണിച്ച് വോട്ടുനീക്കിയ സംഭവങ്ങൾ അനേകം. പ്രത്യക്ഷ പൊരുത്തക്കേടുകൾ (logical discrepancies) എന്ന പേരിൽ 27 ലക്ഷം വോട്ടർമാരെ അന്യായമായി വെട്ടിയൊഴിവാക്കി. ഇടക്കാല നടപടി എന്ന നിലക്ക് ജുഡീഷ്യറി അതനുവദിച്ചു കൊടുത്തത് വോട്ടുനിഷേധത്തിനുള്ള കോടതിയുടെ കൈയൊപ്പുമായി. തെരഞ്ഞെടുപ്പു കമീഷന്‍റെ നിയമനം പോലും നീതിപൂർവകമല്ല. അത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി കോടതിയിലിരിക്കെയാണ് അനേകം തെരഞ്ഞെടുപ്പുകൾ നടന്നത്.
ഇങ്ങനെ തെരഞ്ഞെടുപ്പു കമീഷന്‍റെ കരുതിക്കൂട്ടിയുള്ള പിഴവുകൾ തിരുത്താൻ നീതിപീഠമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് കഴിയാതെ വന്ന ഗുരുതരമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ മനസ്സാക്ഷി പ്രതീകാത്മക കുറ്റവിചാരണയിലൂടെ പ്രഖ്യാപിച്ചത്: മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജ്യദ്രോഹം ചെയ്തിരിക്കുന്നു; അയാളെ തദ്സ്ഥാനത്തുനിന്ന് നീക്കണം; വിചാരണ ചെയ്ത് ശിക്ഷിക്കണം. ഗ്യാനേഷ് കുമാറിനെ നീക്കുന്നതിൽ ഒതുങ്ങേണ്ടതല്ല ശുദ്ധിക്രിയകൾ. തെരഞ്ഞെടുപ്പു കമീഷൻ ഉൾപ്പെടെ എല്ലാ ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളും ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്. അക്കാര്യം ഉണർത്തുക കൂടിയാണ് ‘ഡൽഹി ചലോ’ മഹാറാലിയിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നത്. കാരണം വോട്ടുമോഷണം വിഷയത്തിന്‍റെ ഒരറ്റം മാത്രമാണ്. ഇതിന് പിന്നിലുള്ള പശ്ചാത്തല ശക്തികൾ ലക്ഷ്യമിടുന്നത് പൗരത്വപ്പട്ടിക മാറ്റുക എന്നതാണ്. അവരുദ്ദേശിക്കുന്ന പൗരത്വപ്പട്ടികയിൽ, അവകാശങ്ങളില്ലാത്ത രണ്ടാംകിട പൗരരുണ്ടാകും.
ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ നാസികൾ ചെയ്തിരിക്കുന്നത്. രാജ്യം ഇത് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. വൈവിധ്യങ്ങളിലെ ഒരുമ തിരിച്ചറിഞ്ഞ പുതിയൊരു ഇന്ത്യയാണ് ഇപ്പോൾ ഉണരുന്നത്. 1789ൽ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവ് ജനപ്രതിനിധികളെ തടയാൻ പാർലമെന്‍റ് കെട്ടിടം അടച്ചിട്ട ചരിത്രമുണ്ട്. ജനപ്രതിനിധികൾ അടുത്തുള്ള ടെന്നിസ് കോർട്ടിൽ ഒത്തുകൂടി സമരം പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ രാജാവ് വഴങ്ങി. ഇന്ന് ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങൾ ജനങ്ങൾക്കുമുന്നിൽ കൊട്ടിയടക്കുന്നവർ ചരിത്രത്തിന്‍റെ പാഠം പഠിക്കണം.

