Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅൽജീരിയയിലെ ജനാധിപത്യ ...

അൽജീരിയയിലെ ജനാധിപത്യ മാരണങ്ങൾ

text_fields
bookmark_border
അൽജീരിയയിലെ  ജനാധിപത്യ മാരണങ്ങൾ
cancel

പ്രസിഡൻറു സ്​ഥാന​ത്തേക്ക്​ അഞ്ചാമൂ​​ഴത്തിനില്ലെന്ന്​ അബ്​ദുൽ അസീസ്​ ബൂതഫ്​ലീഖ തിങ്കളാഴ്​ച നടത്തിയ പ്രഖ്യ ാപനം അൽജീരിയൻ തെരുവുകളെ മുഖരിതമാക്കിയിരുന്ന ജനകീയ പ്രക്ഷോഭത്തിന്​ താൽക്കാലിക വിരാമം കുറിച്ചിരിക്കുന്നു. എ ന്നാൽ, ഏപ്രിൽ 18ന്​ നടക്കേണ്ട തെരഞ്ഞെടുപ്പ്​ അനിശ്ചിതമായി നീട്ടിവെച്ചതോടെ രാജ്യത്തെ രാഷ്​ട്രീയാസ്വാസ്​ഥ്യം കെട്ടടങ്ങുന്ന ലക്ഷണമില്ല. നാലു ഉൗഴങ്ങളിലായി ഇരുപതു വർഷം പൂർത്തീകരിച്ച ബൂതഫ്​ലീഖയുടെ ഭരണം തൊ​ഴിലില്ലായ്​മയ ും തൊഴിൽ, സാമൂഹികരംഗങ്ങളിലെ അസമത്വവും സൈനിക​ മേൽക്കൈയിലുള്ള അഴിമതിയുമായി പൊറുതിമുട്ടിച്ചപ്പോൾ ജനം കഴിഞ്ഞ മൂന്ന്​ ആ​ഴ്​ചകളായി സ്​തംഭിപ്പിക്കൽ സമരങ്ങളുമായി തെരുവിലായിരുന്നു. 82കാരനായ പ്രസിഡൻറ്​ 2013ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതുരംഗത്തു നിന്നു നിഷ്​ക്രമിച്ച്​ ചികിത്സയിലാണ്. ജനീവയിലെ രണ്ടാഴ്​ചത്തെ ചികിത്സക്കു ശേഷം നാട്ടിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്​താവനയിൽ, അഞ്ചാമൂഴത്തെക്കുറിച്ച്​ തനിക്ക്​ ചിന്തയേയില്ലെന്നും പുതിയ റിപ്പബ്ലിക്കി​​െൻറ അടിത്തറ ഭദ്രമാക്കുകയാണ്​ ലക്ഷ്യമെന്നും വ്യക്​തമാക്കി. രാജ്യത്തെ ഭരണമാറ്റം എന്ന ആവശ്യത്തിന്​ റൂട്ട്​മാപ്പും അവതരിപ്പിച്ചിട്ടുണ്ട്​്​. അതനുസരിച്ച്​ ഒരു സ്വതന്ത്രസമിതി പുതിയ ഭരണഘടന ഉണ്ടാക്കും. സമിതി ഇൗ വർഷാന്ത്യത്തോടെ തയാറാക്കുന്ന ഭേദഗതികളടങ്ങുന്ന പുതിയ ഭരണഘടന ജനഹിതപരിശോധനയിലൂ​െട അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനു നീങ്ങുക.

1991ൽ ജനാധിപത്യരീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ​്​ലാമിക്​ സാൽവേഷൻ ഫ്രണ്ട്​ നേടിയ അഭൂതപൂർവമായ വിജയം അന്നത്തെ പ്രസിഡൻറ്​ ശാദുലി ബിൻജദീദ്​ 1992 ജനുവരി 11ന്​ അട്ടിമറിച്ച ശേഷം രാജ്യം ആഭ്യന്തരകലാപത്തിലമരുകയായിരുന്നു ഒരു പതിറ്റാണ്ട്​. പ്രതിപക്ഷത്തെ മൊത്തം വരിഞ്ഞുകെട്ടി 1999ൽ പ്രഹസനമെന്ന്​ അന്താരാഷ്​ട്ര നിരീക്ഷകർ വിലയിരുത്തിയ ‘തെരഞ്ഞെടുപ്പി’ലൂടെയാണ്​ ബൂതഫ്​ലീഖ അധികാരമേൽക്കുന്നത്. ആഭ്യന്തരയുദ്ധം തള്ളിവിട്ട സാമ്പത്തിക, രാഷ്​ട്രീയപ്രതിസന്ധിയിൽനിന്നു രാജ്യത്തെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തി​​െൻറ വാഗ്​ദാനം. സായുധ ഗറില വിഭാഗത്തിൽപെട്ടവരടക്കമുള്ള തടവുകാർക്ക്​ പൊതുമാപ്പ്​ നൽകിയും ദേശീയ അനുരഞ്​ജനത്തി​​െൻറയും സമവായത്തി​​െൻറയും വഴി തേടിയും അദ്ദേഹം ​ജനങ്ങളിൽ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്​തു. അതേസമയം അകത്ത്​, സൈന്യം പിടിമുറുക്കുകയും ഫ്രഞ്ച്​ എണ്ണ, വാതക ബഹുരാഷ്​ട്ര കമ്പനികളെ ആശ്രയിച്ചു നിലകൊണ്ട സമ്പദ്​ഘടന കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. ബിൻജദീദി​​െൻറ വഴി പിന്തുടർന്ന്​ നവ ഉദാരീകരണത്തി​​െൻറ നയപരിപാടികൾതന്നെ ബൂതഫ്​ലീഖ നടപ്പിലാക്കിത്തുടങ്ങിയതോടെ കാര്യങ്ങൾ പിന്നെയും കുഴപ്പത്തിലായി. 2004ൽ വീണ്ടും തെര​ഞ്ഞെടുക്കപ്പെട്ടതിൽ പിന്നെ അടുത്ത ഉൗഴങ്ങൾകൂടി സ്വന്തമാക്കാനായി ശ്രമം. അതിന്​ ഭരണഘടന ഭേദഗതി ചെയ്​തു. അങ്ങനെ ആജീവനാന്ത പ്രസിഡൻറായി സ്വന്തം നില ഭദ്രമാക്കിയെടുത്തപ്പോൾ രാജ്യം തൊഴിലില്ലായ്​മയിലേക്കും സാമ്പത്തിക അപചയത്ത​ിലേക്കും കൂപ്പുകുത്തി. 2011ൽ മിനിമം വേതനം വർധിപ്പിക്കാനും പെൻഷൻ പരിഷ്​കരണത്തിനുമായി വമ്പിച്ച തൊഴിലാളി സമരങ്ങൾ നടന്നു. 2017ൽ സാമ്പത്തിക നിയമത്തിൽ പരിഷ്​കരണം ആവശ്യപ്പെട്ട്​ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുണ്ടായി. എണ്ണ കയറ്റുമതി വർധിക്കു​​േമ്പാഴും ആഭ്യന്തര സാമ്പത്തികരംഗം വഷളാവുകയായിരുന്നു. മുപ്പതിനുതാഴെ പ്രായമുള്ള നാലു പേരിലൊരാൾ തൊഴിൽരഹിതനെന്ന തോതിലാണ്​ കണക്കുകൾ.

ഇൗ ഏപ്രിലിൽ നാലാമൂഴം പിന്നിടുന്ന ബൂതഫ്​ലീഖ അടുത്ത തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയായി രംഗത്തെത്തുന്നുവെന്ന അറിയിപ്പു കൂടിയായതോടെ​ ജനരോഷം തിളച്ചുമറിഞ്ഞു​. വിദ്യാലയങ്ങളിൽ പഠനവും തൊഴിലിടങ്ങളിൽ ജോലിയും ബഹിഷ്​കരിച്ച്​ വിവിധ നഗരങ്ങളിൽ പ്രക്ഷോഭത്തിനിറങ്ങിയ ജനങ്ങൾ അറബ്​ വസന്തകാലത്തിനു സമാനമായ സാഹചര്യം​ സൃഷ്​ടിച്ചു​. തൊണ്ണൂറുകളിലെ ആഭ്യന്തരകലാപത്തി​ലേക്കു വിരൽചൂണ്ടി പ്രക്ഷോഭം അടിച്ചമർത്താനൊരു​െമ്പട്ടതിന്​ ഗാന്ധിയൻ ​മാതൃകയിൽ അക്രമരഹിതസമരം ആസൂത്രണം ചെയ്​താണ്​ പ്രക്ഷോഭക്കാർ പകരം വീട്ടിയത്​. വിദ്യാർഥി, തൊഴിലാളി സംഘടനകളും ലോക വനിതദിനത്തിൽ സ്​ത്രീകളും വൻനഗരങ്ങൾ നിശ്ചലമാക്കി നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ അഞ്ചാമൂഴത്തിൽനിന്നു പിന്തിരിയാൻ ബൂതഫ്​ലീഖ നിർബന്ധിതനായിരിക്കുന്നു. എന്നാൽ, പ്രക്ഷോഭത്തെ തൽക്കാലം നിർവീര്യമാക്കി നിർത്താനുള്ള തീരുമാനമാണ്​ ഇൗ പിൻമാറ്റമെന്നും അതിനപ്പുറം ഭരണം പഴയപടി സ്വന്തം താളത്തിൽ സൈന്യത്തി​​െൻറ അകമ്പടിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നുമുള്ള സംശയം സർവത്രയുണ്ട്​. മാർച്ച്​ മൂന്നിന്​ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾതന്നെ ദേശീയസംവാദത്തിലൂടെ ഭ​​​രണഘടന ഭേദഗതി​ ചെയ്യുമെന്നും ഒരു വർഷത്തിനകം തെരഞ്ഞെടുപ്പ്​ നടത്തുമെന്നുമായിരുന്നു ബൂതഫ്​ലീഖയുടെ വാഗ്​ദാനം. അതിൽ സ്​ഥാനത്യാഗത്തിനു തയാറായി എന്നതൊഴിച്ചാൽ ഭരണത്തിൽ തൽസ്​ഥിതി തുടരും എന്ന സൂചനകളാണ്​ ഇപ്പോൾ തെളിയുന്നത്​. ​

പ്രഖ്യാപനം വന്നതോടെ പ്രധാനമന്ത്രി രാജിവെച്ച സ്​ഥാനത്തേക്ക്​ മുൻ ആഭ്യന്തരമന്ത്രിയും പ്രസിഡൻറി​​െൻറ അടുപ്പക്കാരനുമായ നൂറുദ്ദീൻ ബിദൂയിയെ നിയമിച്ചിട്ടുണ്ട്​. മറ്റൊരു സ്വന്തക്കാരനെ ഉപപ്രധാനമന്ത്രിയുടെ പുതിയ തസ്​തികയുണ്ടാക്കി വാഴിച്ചു​. ഇൗ നീക്കങ്ങൾ​ സൈന്യത്തി​​െൻറ പിന്തുണയോടെ ജനാധിപത്യ പുനഃസ്​ഥാപനത്തിനുള്ള സമയം നീട്ടിയെടുക്കാനുള്ള ശ്രമമാണെന്ന​ ശങ്കയുണ്ട്​. ജനങ്ങളുടെ സമരവിജയമായല്ല, അതിനെ മറികടക്കാനുള്ള ഭരണകൂട തന്ത്രമായാണ്​ ഇൗ നീക്കങ്ങളെ കാണേണ്ടതെന്ന്​ പ്രതിപക്ഷ നേതാക്കളും രാഷ്​ട്രീയനിരീക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. അതിനാൽ, പ്രക്ഷോഭത്തിൽനിന്നു ജനവും പിറകോട്ടു പോകില്ല. ഇരുകൂട്ടർക്കും ഉത്തരാഫ്രിക്കക്കും സംഘർഷമൊഴിവാക്കാൻ അൽജീരിയയുടെ മുമ്പിൽ ജനാധിപത്യ പുനഃസ്​ഥാപനം ഒന്നു മാത്രമാണ്​ വഴി.

Show Full Article
TAGS:madhyamam editorial Algeria article malayalam news 
Next Story