Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിർമിതബുദ്ധിക്ക്...

നിർമിതബുദ്ധിക്ക് അതിർവരമ്പ് വേണം

text_fields
bookmark_border
നിർമിതബുദ്ധിക്ക് അതിർവരമ്പ് വേണം
cancel
വിവര വിനിമയത്തിന്റെ മേൽനോട്ടം എ.ഐക്ക് കൈവരുന്നതോടെ അതിൽ ഊട്ടിയ വംശീയതയും പ്രത്യക്ഷമാകും. ചിന്തയിലും തീരുമാനങ്ങളിലുമെല്ലാം വിനാശകരമായ അധികാര കേന്ദ്രീകരണം വരും

നിർമിതബുദ്ധി (എ.ഐ) അധിഷ്ഠിത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളുണ്ടാക്കാൻ സർക്കാറിനോട് കൽപിക്കണമെന്ന പൊതുതാൽപര്യ ഹരജി കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിക്കാതിരുന്നത് അത് നയപരമായ കാര്യമായതിനാലാണ്. എന്നുവെച്ച് വിഷയത്തിന്റെ പ്രാധാന്യം കുറച്ചുകാണേണ്ടതില്ല. അഡ്വക്കറ്റ് എൻ.കെ. ഗോസ്വാമിയുടെ ഹരജി അപേക്ഷയായി പരിഗണിക്കാൻ സർക്കാറിനെ കോടതി ഉപദേശിച്ചിരിക്കുകയാണ്. അൽഗോരിതത്തിലെ വിവേചനം മുതൽ പ്രത്യാഘാത പഠനം വരെ നടത്തി സമഗ്രമായ നിയമനിർമാണം വേണമെന്നാണ് ഗോസ്വാമിയുടെ ആവശ്യം. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഉപയോഗിച്ചേക്കാവുന്ന എ.ഐ സംവിധാനങ്ങൾ വെളിപ്പെടുത്താൻ സർക്കാറിനോട് കൽപിക്കണമെന്ന ആവശ്യം ന്യായം. ഭരണകൂടങ്ങളുടെ എ.ഐ ഉപയോഗം വളരെ എളുപ്പത്തിൽ ജനവിരുദ്ധമായി മാറാം. അതിന് തടയിടേണ്ടതുണ്ട്.

ഏതൊക്കെ കാര്യങ്ങൾക്ക് എന്തൊക്കെ തരം എ.ഐ സംവിധാനങ്ങൾ സർക്കാർ ഉപയോഗിക്കുന്നു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പക്ഷേ, എ.ഐ ഉയർത്തുന്ന വെല്ലുവിളികൾ ഭരണനിർവഹണ രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അതിനാൽ, സർവതല സ്പർശിയായ നയവും ചട്ടങ്ങളും കൂടി ഉണ്ടാകേണ്ടതുണ്ട്. ഞങ്ങൾ മുമ്പ് എഴുതിയതുപോലെ, എ.ഐ മേഖലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ബാധകമായ ഏകീകൃത ആഗോള ചട്ടക്കൂടുതന്നെ അത്യാവശ്യമായിരിക്കുന്നു. ഗവേഷണം, ഉൽപാദനം, ഉപയോഗം എന്നീ രംഗങ്ങളിൽ എ.ഐയുടെ ധാർമിക അതിർവരമ്പുകൾ നിശ്ചയിക്കാനും അവ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ടാകണം. അന്താരാഷ്ട്ര ആണവോർജ ഏജൻസി പോലൊരു ആഗോള സംവിധാനം യു.എന്നിന് കീഴിൽ ഉണ്ടാകേണ്ടതുണ്ട്.

ഈയിടെയായി, എ.ഐയുടെ പ്രയോജനത്തെക്കാൾ അതിന്റെ സംഹാര-വിധ്വംസക ശേഷി വർധിച്ചുവരുന്നതായാണ് വാർത്ത. തൊഴിൽ രംഗമാണൊന്ന്. റോബോട്ടുകളുടെ കുതിച്ചുകയറ്റംമൂലം, 100 തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾതന്നെ 40 പേർ മതി എന്നായിട്ടുണ്ട്. എ.ഐയുടെ പരിസ്ഥിതി ആഘാതവും വലുതാണ്. കാലാവസ്ഥാ പ്രതിസന്ധിയുടെ രൂക്ഷത കൂടിക്കൊണ്ടിരിക്കെ എ.ഐ സംവിധാനങ്ങളുടെ കടന്നുവരവുകൂടി സൃഷ്ടിക്കുന്ന ആപത്ത് ചെറുതല്ല. ഡേറ്റ സെന്ററുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ, ലോകാടിസ്ഥാനത്തിൽതന്നെ പ്രകടമായിക്കഴിഞ്ഞു. കുടിവെള്ളത്തിന് മനുഷ്യരും ജീവജാലങ്ങളും കഷ്ടപ്പെടുമ്പോൾ അതിഭീമമായ തോതിൽ ജലം ഉപയോഗിക്കുന്നുണ്ടവ.

ഇന്നത്തെ തോതിൽ പോയാൽ 2030ഓടെ എ.ഐ കേന്ദ്രങ്ങളുടെ ശീതീകരണ സംവിധാനങ്ങൾക്ക്, 130 കോടി മനുഷ്യരുടെ അടിസ്ഥാന ഉപയോഗത്തിന് തുല്യമായ വെള്ളം വേണ്ടിവരുമെന്ന് യു.എൻ ജല-പരിസ്ഥിതി-ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഡേറ്റ കേന്ദ്രങ്ങൾ പുറത്തുവിടുന്ന കാർബൺ മാലിന്യത്തിന്റെ പ്രശ്നം വേറെ. ഇതിനും പുറമെയാണ് അവയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിവരുന്ന ഭൂമി. ടെക് ഭീമന്മാർ ഇതിനകംതന്നെ ഇത്തരം വിഭവങ്ങളിൽ കൈവെച്ചുതുടങ്ങി. യു.എസിലെ ടെക്സസിൽ ആമസോൺ കമ്പനിയുടെ ഡേറ്റ കേന്ദ്രം വലിയ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ താനെയിലും വിശാഖപട്ടണത്തും നിർമിക്കാൻ പോകുന്ന ഡേറ്റ സെന്ററുകൾ ഓരോന്നിനും വേണ്ടിവരുന്നത് 500 ഏക്കറിലധികം ഭൂമിയാണ്. ഊറ്റിയെടുക്കാൻ പോകുന്ന ജലവും പുറത്തുവിടാൻ പോകുന്ന മാലിന്യവും ജനങ്ങൾക്ക് ദുരിതമാകുമ്പോൾ പ്രയോജനം കമ്പനികൾ കൊണ്ടുപോകും.

നിർമിതബുദ്ധി വഴി സ്വകാര്യ കമ്പനികൾക്ക് അറ്റമില്ലാത്ത അധികാരവും ചൂഷണാവസരവും തുറന്നുകിട്ടാം. അത് തടയേണ്ടതുണ്ട്. നിർഭാഗ്യത്തിന്, കോർപറേറ്റുകൾക്ക് രാജ്യത്തെ വിൽക്കുന്ന നയമാണിവിടെ. എ.ഐ ഡേറ്റ കേന്ദ്രങ്ങൾക്ക് പരിസ്ഥിതി ക്ലിയറൻസ് ആവശ്യമില്ല എന്നാണല്ലോ സർക്കാർ പാർലമെന്റിൽ ഈ മാസമാദ്യം പ്രഖ്യാപിച്ചത്. സർക്കാറിന്റെ എ.ഐ ഉപയോഗത്തിൽ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് സുപ്രീംകോടതി സർക്കാറിന്റെത്തന്നെ പരിഗണനക്ക് വിട്ടത്. സുതാര്യത മാത്രം പോരാ. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും ഏൽക്കുന്ന പരിക്ക് കാണാതിരുന്നുകൂടാ. തൊഴിൽ നഷ്ടം, ഓൺലൈൻ ഭീകരതയും വിദ്വേഷ പ്രചാരണവും, വ്യാജവാർത്ത, പരിസ്ഥിതി നാശം എന്നിവക്ക് പുറമേ, മനുഷ്യന്റെ ചിന്താശേഷി പോലും നശിപ്പിക്കുന്ന അവസ്ഥ ആസന്നമാണെന്ന് മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഐ.ടി) ചൂണ്ടിക്കാട്ടുന്നു.

വിവര വിനിമയത്തിന്റെ മേൽനോട്ടം എ.ഐക്ക് കൈവരുന്നതോടെ അതിൽ ഊട്ടിയ വംശീയതയും പ്രത്യക്ഷമാകും. ചിന്തയിലും തീരുമാനങ്ങളിലുമെല്ലാം വിനാശകരമായ അധികാര കേന്ദ്രീകരണം വരും. ഭൂമിയെയും സമൂഹത്തെയും ഒട്ടാകെ പരിഗണിച്ചുകൊണ്ടുള്ള നയമാണ് പ്രതിവിധി. എ.ഐ പ്രയോഗങ്ങളെ നിരുപദ്രവം, ആപത്കരം, അത്യാപത്കരം എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് യുക്തമായ ചട്ടങ്ങൾക്ക് യൂറോപ്യൻ യൂനിയനും ചില രാജ്യങ്ങളും രൂപം നൽകിയിട്ടുണ്ട്. ധാർമിക-മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമഗ്രനയം രൂപപ്പെടുത്താൻ യു.എന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളും അടിയന്തരമായി മുന്നോട്ടുവരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialArtificial Intelligencesupremcourtinformation technology
News Summary - AI demands strict containment parameters
Next Story