Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവോട്ട് മോഷണത്തിനു...

വോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണം

text_fields
bookmark_border
വോട്ട് മോഷണത്തിനു പിന്നാലെ  സീറ്റ് മോഷണം
cancel
പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല.

യൂനിയൻ സർക്കാറിന്‍റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ എന്നത് വെറും അഭിപ്രായമോ നിരീക്ഷണമോ അല്ല, വസ്തുതയാണ്. കമീഷനംഗങ്ങളെ നിയമിക്കുന്നത് സർക്കാറിന്‍റെ ഇഷ്ടമനുസരിച്ച് മാത്രമാണ്, അതിനു പാകത്തിൽ, സുപ്രീംകോടതിയുടെ നിർദേശം മറികടന്നുകൊണ്ട്, മോദി സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായി പ്രവർത്തിക്കുന്നവരെ നിയമിച്ചു, അവരുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റില്ല എന്നുകൂടി നിയമമുണ്ടാക്കി. തെരഞ്ഞെടുപ്പിന്‍റെ പവിത്രതയും സ്വതന്ത്ര സ്വഭാവവും ഇല്ലാതാക്കുന്ന തരത്തിൽ, വോട്ടർപട്ടിക മുതൽ രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ എല്ലാറ്റിലും കമീഷൻ ഏകപക്ഷീയത പുലർത്തുന്നു. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്, മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്.

അവിടെ മൂന്നു രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച്, രണ്ട് സീറ്റ് ബി.ജെ.പിക്കും ഒന്ന് കോൺഗ്രസിനും ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, കോൺഗ്രസിന്‍റെ സീറ്റ് അന്യായമായി തട്ടിയെടുക്കാൻ ബി.ജെ.പിയുമായി റിട്ടേണിങ് ഓഫിസർ ഒത്തുകളിച്ചതായാണ് സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസ് മീനാക്ഷി നടരാജനെ സ്ഥാനാർഥിയാക്കി. വോട്ടെടുപ്പ് നടന്നാൽ രണ്ടു സീറ്റേ കിട്ടൂ എന്നറിഞ്ഞിട്ടും ബി.ജെ.പി മൂന്ന് സീറ്റിലേക്കും സ്ഥാനാർഥികളെ വെച്ചു, എന്നിട്ട്, മീനാക്ഷി നടരാജന്‍റെ പത്രിക തള്ളണമെന്ന വാദമുന്നയിച്ചു. പത്രികയിൽ അവർക്കെതിരായുള്ള ഒരു കേസിന്‍റെ വിവരം ഉൾപ്പെടുത്തിയില്ലെന്നായിരുന്നു വാദം. വരണാധികാരി ഇതിന്‍റെ നിയമസാധുതപോലും പരിശോധിക്കാൻ നിൽക്കാതെ അവരുടെ പത്രിക തള്ളുകയും മൂന്ന് ബി.ജെ.പി സ്ഥാനാർഥികളും മത്സരമില്ലാതെ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

മറച്ചുവെക്കാനാകാത്തത്ര വ്യക്തമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒത്തുകളി — നിയമമനുസരിച്ചോ കമീഷന്‍റെ തന്നെ നടപടിക്രമമനുസരിച്ചോ സാമാന്യയുക്തിയനുസരിച്ചോ ന്യായീകരിക്കാനാകാത്ത പച്ചയായ ഒത്തുകളി. ഇതേ കമീഷൻതന്നെയാണ് ഝാർഖണ്ഡിൽ ബി.ജെ.പിക്കുവേണ്ടി മറിച്ചൊരു നിലപാടെടുത്തത്. അവിടെ രാജ്യസഭയിലേക്ക് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രികയിലെ പിഴവുകൾ തിരുത്താനും അനുബന്ധ രേഖകൾ സമർപ്പിക്കാനും സമയം നൽകുകയാണ് ചെയ്തത്. മാത്രമല്ല, മീനാക്ഷി നടരാജന്‍റെ പത്രികയിൽ ഒരു കേസിന്‍റെ വിവരം മറച്ചുവെച്ചു എന്ന ആരോപണം തെറ്റാണ്.

അവർക്കെതിരെ കേസില്ല. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരെ ഒരു വനിതാനേതാവ് നൽകിയ പരാതിയിൽ ആ സംസ്ഥാനത്തിന്‍റെ എ.ഐ.സി.സി ചുമതലയുള്ള മീനാക്ഷി നടപടിയെടുത്തില്ലെന്ന് അന്യായത്തിൽ പരാമർശിച്ചിരുന്നു. ഒന്നാമതായി, സംഭവം നടന്നു എന്നു പറയുന്ന 2022ൽ മീനാക്ഷിക്കായിരുന്നില്ല എ.ഐ.സി.സി ചുമതല. രണ്ടാമതായി, കേസിൽ മീനാക്ഷി പ്രതിയല്ല. സ്വകാര്യ അന്യായത്തിലെ പരാമർശത്തിൽ തീരുമാനമെടുക്കും മുമ്പ്, അന്യായത്തിൽ പേരുള്ള എല്ലാവർക്കും ചട്ടപ്രകാരം കോടതി നോട്ടീസ് അയച്ചു എന്നു മാത്രം.

അവർ പ്രതിയാണെന്നോ പ്രതിയാകുമെന്നോ അതിനർഥമില്ല. കുറ്റപത്രം തയാറാക്കിയതും ശിക്ഷിക്കപ്പെട്ടതുമായ കേസുകൾ മാത്രമേ ജനപ്രാതിനിധ്യ നിയമം (1951) 33എ (1) പ്രകാരം വെളിപ്പെടുത്തേണ്ടതുള്ളൂ. സ്വകാര്യ അന്യായത്തിൽ നാലാം എതിർകക്ഷിയായി പേരുണ്ട് എന്നത് പത്രിക തള്ളാൻ കാരണമാക്കിയത് കമീഷന് നിയമമറിയാത്തതുകൊണ്ടാകാനിടയില്ല, ബി.ജെ.പിക്ക് അന്യായമായി സീറ്റുണ്ടാക്കിക്കൊടുക്കാൻ തന്നെയാവണം.

പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. മീനാക്ഷിക്കെതിരായ അനീതി തിരുത്താൻ സുപ്രീംകോടതി ഇടപെടാതിരുന്നത് ആശങ്കയുയർത്തുന്നു. ഭരണഘടനയിലെ 329ാം വകുപ്പ് ചൂണ്ടിക്കാട്ടി മീനാക്ഷിയുടെ ഹരജി തള്ളുകയാണ് കോടതി ചെയ്തത് —തെരഞ്ഞെടുപ്പ് കേസ് എന്ന നിലക്ക് കമീഷനെതന്നെ സമീപിക്കണമെന്നാണ് നിർദേശം.

എന്നാൽ, പ്രകടമായ അനീതി ഉണ്ടായാൽ ഇപ്പറഞ്ഞ വകുപ്പ് മറയാക്കിക്കൂടെന്ന് മഹീന്ദ്രസിങ് ഗിൽ കേസിൽ (1977) സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതാണ്. മാത്രമല്ല ഒരു പ്രത്യേക കേസിന്‍റെ വസ്തുതകൾ പരിഗണിച്ച് നീതി നടപ്പാക്കാൻ കോടതിക്ക് പൂർണ അധികാരം 142ാം വകുപ്പ് നൽകുന്നുമുണ്ട്. നിർഭാഗ്യവശാൽ ഇപ്പോൾ നീതിക്ക് മുകളിൽ നടപടിക്രമത്തെ സ്ഥാപിക്കുകയാണ് പരമോന്നത കോടതി ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പു സംവിധാനമാകെ സമഗ്രാധിപത്യ ശൈലിയിലേക്ക് മാറുംമുമ്പ്, ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ചുമതല കോടതിക്കുണ്ട്.

നടപടിക്രമംകൊണ്ടു മാത്രം ജനാധിപത്യം പുലരില്ല. നാസി ജർമനിയിലും ഫാഷിസ്റ്റ് ഇറ്റലിയിലുമെല്ലാം, നടപടിക്രമത്തിലും സാങ്കേതികതയിലും ജനാധിപത്യം നിലനിന്നിരുന്നു എന്നോർക്കുന്നത് നല്ലതാണ്. ജനാധിപത്യത്തിന്‍റെ അസ്ഥികൂടമല്ല ആത്മാവാണ് ഇന്ത്യക്കുവേണ്ടത്. നമ്മുടെ രാജ്യം അതർഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judiciaryElection CommissionRajya Sabhaeditorial opinionSupreme Court
News Summary - After vote theft, seat theft
Next Story