ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു
text_fieldsഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ്
കടലിന്റെ പ്രക്ഷുബ്ധതക്കിടയിലും ഏറ്റവും ശാന്തമനസ്കരായി ജീവിച്ചിരുന്ന ലക്ഷദ്വീപ് ജനത ഒരു പതിറ്റാണ്ടോളമായി കലുഷിതവും അശാന്തവുമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സംഘ്പരിവാർ സർക്കാറിന്റെ നിഗൂഢ താൽപര്യങ്ങളുടെ ഉന്നമായി ദ്വീപ് മാറിയതോടെ അവിടെനിന്ന് വരുന്ന വാർത്തകളിൽ നിറയുന്നത് സ്വന്തം മണ്ണിൽ നിന്ന് അന്യരാക്കപ്പെടാൻ പോകുന്ന ജനതയുടെ പ്രതിഷേധവും നിലവിളികളുമാണ്. അതിന്റെ ഒടുവിലത്തെ സംഭവമാണ് കടുത്ത നിയന്ത്രണം ലക്ഷ്യമിട്ട് ഭരണകൂടം കൊണ്ടുവന്നിരിക്കുന്ന ‘ദി ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026’.
ദ്വീപിലെ വികസനത്തിനായുള്ള ഭൂവിനിയോഗവും വീടടക്കമുള്ള നിർമിതികളും ടൗൺ പ്ലാനിങ് റെഗുലേഷന് വിധേയമാക്കുന്ന നിയമത്തിനാണ് 2026 ജൂലൈ 28ന് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചത്. തൊട്ടടുത്ത ദിവസം തന്നെ മതിയായ കൂടിയാലോചനകളൊന്നും തന്നെയില്ലാതെ നിയമം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തതോടെ ജനങ്ങൾ ക്ഷുഭിതരാവുകയും പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തിരിക്കുന്നു. കൗതുകകരമായ കാര്യം, ഗോത്രവിഭാഗത്തെക്കൂടി പ്രതിനിധീകരിക്കുന്ന രാഷ്ട്രപതിയാണ്, പട്ടികവർഗക്കാരുടെ മൗലികാവകാശത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദേശീയ പട്ടികവർഗ കമീഷനുമായി കൂടിയാലോചിക്കണമെന്ന ഭരണഘടനയുടെ പ്രാഥമിക തത്ത്വം പോലും കാറ്റിൽപറത്തി, ഈ നിയമത്തിൽ ഒപ്പുവെച്ചത് എന്നതാണ്.
ലക്ഷദ്വീപിലെ ഭൂമിയവകാശ തർക്കങ്ങളിൽ അതിനിർണായകമായ ഇടപെടലായിരുന്നു 2026 ആഗസ്റ്റിൽ കേരള ഹൈകോടതി പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധി. നൂറ്റാണ്ടുകളായി ജീവിച്ചുപോരുന്ന മണ്ണിൽ തങ്ങൾക്കുള്ള അവകാശത്തെ റദ്ദാക്കുന്നതാണ് 2023ലെ ഭൂനിയമ ഭേദഗതി എന്ന ജനങ്ങളുടെ വാദത്തെ കോടതി അംഗീകരിക്കുകയും ഭേദഗതി ഭരണഘടനാ വിരുദ്ധവും നടപ്പാക്കാനാവാത്തതുമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. 1965ലെ റെഗുലേഷൻ നിലവിൽ വന്ന കാലം തൊട്ട് പണ്ടാരഭൂമി കൈവശം വെച്ച് അനുഭവിച്ചുപോരുന്നവർ ആ ഭൂമിയുടെ പൂർണ ഉടമസ്ഥരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹൈകോടതി വിധി തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ്, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേൽ പുതിയ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷനുമായി വിധിക്ക് ഏതാനും ആഴ്ചകൾക്കുമുമ്പ് രംഗത്തുവന്നത്.
സ്വകാര്യ ഭൂമിയാണെങ്കിലും അവിടെ എന്ത് നിർമിക്കാം, എന്തിനായി ഉപയോഗിക്കാം, കെട്ടിടത്തിന്റെ ഉയരവും വലുപ്പവും എത്രയാകാം തുടങ്ങിയ മുഴുവൻ കാര്യങ്ങളും ചീഫ് ടൗൺ പ്ലാനറുടെയും ഉദ്യോഗസ്ഥ സമിതിയുടെയും ദയാദാക്ഷിണ്യത്തിനുമുന്നിൽ അടിയറവ് വെക്കാൻ പുതിയ നിയമം ദ്വീപ് വാസികളെ നിർബന്ധിതമാക്കുന്നു. അതേസമയം, ജനങ്ങളുടെ എതിർപ്പ് പരിഗണിക്കാതെ വികസനത്തിനും ടൂറിസത്തിനും ഭൂമി നിർബാധം ഏറ്റെടുക്കാൻ നിയമം അനുവാദം നൽകുകയും ചെയ്യുന്നു. തീരുമാനമെടുക്കുന്ന റെഗുലേഷൻ സമിതിയിലാകട്ടെ, ജില്ല പഞ്ചായത്തിൽനിന്നുള്ള ഒരു പ്രതിനിധിയെ നിശ്ചയിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അത് ജനവികാരത്തെ മാനിക്കാൻ പ്രയോജനപ്പെടില്ല. കാരണം, കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും ഉദ്യോഗസ്ഥവൃന്ദവും അഡ്മിനിസ്ട്രേറ്ററുടെ കങ്കാണിമാരുമാണ്. ജനപ്രതിനിധിയായ എം.പിക്ക് സമിതിയിൽ അംഗത്വവുമില്ല. അതിലുപരി, പ്രഫുൽ പട്ടേൽ ദ്വീപ് ഭരണം ഏറ്റെടുത്തയുടനെ ചെയ്ത ആദ്യ പ്രവൃത്തികളിലൊന്ന്, പരിമിതികളോടെ നടന്നിരുന്ന പഞ്ചായത്ത് സംവിധാനങ്ങളുടെ ഗളച്ഛേദമായിരുന്നു. അതോടെ, ജനങ്ങളുടെ ശബ്ദത്തിന് വിലങ്ങ് വീഴുകയും ചെയ്തു.
ആസൂത്രണത്തിന്റെ പേരിൽ നിർമിതികൾ ഇപ്പോൾത്തന്നെ നിയന്ത്രിക്കാമെന്ന് മാത്രമല്ല, വിവിധ വകുപ്പുകൾ പ്രകാരം ആളുകളെ കുടിയൊഴിപ്പിക്കാനുള്ള അവകാശവും ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാക്കുന്നുണ്ട് പുതിയ നിയമം. ചുരുക്കത്തിൽ, ടൂറിസം പദ്ധതികൾക്കും നഗരവികസനത്തിനുമെന്ന പേരിൽ ഭൂമിയുടെ ഉപയോഗാവകാശത്തിന്മേൽ വിലക്കുകൾ ഏർപ്പെടുത്തി, ഉപജീവനമാർഗങ്ങൾ അസാധ്യമാക്കി, അവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾക്കുമേൽ നടത്തുന്ന കോർപറേറ്റ് അധിനിവേശത്തിനാണ് കേന്ദ്ര സർക്കാറും പ്രഫുൽ പട്ടേലും നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. അവിടത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചു ദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കൂടാതെ, കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ്.
കേന്ദ്രഭരണ പ്രദേശമെന്ന ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ സ്ഥിതിയാണ്, യഥാർഥത്തിൽ അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങൾ പ്രാദേശിക ചർച്ചകളൊന്നുപോലുമില്ലാതെ നടപ്പാക്കാൻ കേന്ദ്രത്തിന് സാധ്യതയൊരുക്കുന്നത്. 2023 ലെ ഭരണഘടനാ വിരുദ്ധമായ ഭേദഗതിയും പുതിയ റഗുലേഷൻ ആക്ടും നടപ്പാക്കിയത് ദ്വീപുകാരുമായും അവിടത്തെ ജനാധിപത്യ സംവിധാനങ്ങളുമായും യാതൊരു കൂടിയാലോചനകളുമില്ലാതെയാണ്. ജനങ്ങളും രാഷ്ട്രീയക്കാരും മാത്രമല്ല, മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ്. ശർമയടക്കമുള്ള ഉന്നതരാണ് കേന്ദ്രത്തിനെതിരെ ഗൗരവതരമായ ഈ വിമർശനം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ, ഉപജീവനത്തിന്റെയും ഉടമസ്ഥതയുടെയും ഭാവി നിർണയിക്കുന്ന തീരുമാനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്.
രാഷ്ട്രപതി അംഗീകരിക്കുന്ന റെഗുലേഷനുകൾക്ക് പാർലമെന്റ് പാസാക്കിയ നിയമത്തിന് സമാനമായ പ്രാബല്യമാണുള്ളത്. ഈ നിയമപരിരക്ഷ ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശഹത്യക്ക് കാരണമാകുന്ന പശ്ചാത്തലത്തിൽ ലക്ഷദ്വീപടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനങ്ങളുടെ തീരുമാനാധികാരം പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം, ഇപ്പോൾ ദ്വീപുകാരനുഭവിക്കുന്ന നിരന്തരമായ ജനവിരുദ്ധ നിയമങ്ങൾ അവരുടെ ശാന്തതയെ കെടുത്തിക്കൊണ്ടിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

