കാലത്തിന് മുമ്പേ നടന്ന അബ്ദുറഹ്മാൻ സാഹിബ്
text_fieldsഅവസാനമായി പ്രസംഗിച്ച കൊടിയത്തൂരിൽ സ്ഥാപിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ചുമർചിത്രം
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന കേരളത്തിന്റെ വീരപുത്രൻ ചരിത്രയവനികയിൽ മറഞ്ഞിട്ട് 80 വർഷങ്ങൾ പൂർത്തിയാവുന്നു. 1945ൽ, 47-ാം വയസ്സിൽ വിരാമം കുറിച്ച ആ ത്യാഗസുന്ദര ജീവിതം എന്നെന്നും ഓർക്കപ്പെടാനും പഠിക്കപ്പെടാനും കാരണങ്ങൾ നിരവധിയാണ്. വരാനിരിക്കുന്ന കാലത്തെക്കുറിച്ച് മുഹമ്മദ് അബ്ദുറഹ്മാനെപ്പോലെ ദീർഘവീക്ഷണം പുലർത്തിയ അധികം നേതാക്കൾ കേരള ചരിത്രത്തിലില്ല തന്നെ. പ്രഫ.സുകുമാർ അഴീക്കോടിന്റെ വാക്കുകളിൽ, ‘‘കേരളീയ ജീവിതത്തിൽ നാല്പത്തിയേഴ് വർഷങ്ങൾ കൊണ്ടുണ്ടായ ഒരനശ്വര തരംഗം’’.
കൊടുങ്ങല്ലൂരിൽ ജനിച്ച് കോഴിക്കോടും മദ്രാസിലും അലീഗഢിലുമായി വിദ്യാഭ്യാസം നേടിയ അബ്ദുറഹ്മാൻ സാഹിബ്, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ രംഗഭൂമിയായ മലബാറിലാണ് രാഷ്ട്രീയമായി രൂപപ്പെടുന്നത്. വിദ്യാലയങ്ങൾ വെടിയാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനം സ്വീകരിച്ചും മൗലാനാ അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്ത് ഔർ ജസീറത്തുൽ അറബ്’ എന്ന പുസ്തകത്തിന്റെ സ്വാധീനത്തിലുമാണ്, ബി.എ. ഹോണേഴ്സിന് പഠിക്കവെ, ഐ.സി.എസ്. മോഹം ഉപേക്ഷിച്ച് 22-ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങി നടക്കുന്നത്. ബ്രിട്ടീഷ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ രഹസ്യരേഖയിൽ ആ കോളജ് പിന്മാറ്റം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടു: ‘‘രണ്ട് മുസ്ലിം വിദ്യാർഥികൾ മദ്രാസിൽ സർക്കാർ കോളജിൽ നിന്ന് പിൻവാങ്ങിയിരിക്കുന്നു. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഒരു അബ്ദുറഹ്മാനും മദ്രസ-എ-അസമിൽ നിന്ന് ഒരു മുഹിയുദ്ദീനും’’. പിൽക്കാലത്ത് തന്റെ പത്രാധിപ ധർമത്തിലൂടെ ബ്രിട്ടീഷ് വൈസ്രോയിയോട് പോലും എതിരിട്ട അബ്ദുറഹ്മാൻ സാഹിബിന്റെ വരവറിയിക്കുന്നതാണ് ഈ ബ്രിട്ടീഷ് സ്പെഷൽ ബ്രാഞ്ച് രേഖ.
അലീഗഢിലെ ജാമിഅ മില്ലിയയിൽ പഠനം തുടരവെ, രാഷ്ട്രീയ ഗുരുനാഥനായ മൗലാനാ മുഹമ്മദലിയുടെ നിർദേശാനുസാരം മലബാറിലേക്ക് പുറപ്പെട്ടു. ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിലെത്തിയ സാഹിബിനെ കാത്തിരുന്നത് മലബാറിന്റെ ചരിത്രത്തിൽ വിധിനിർണായകമായിത്തീർന്ന 1921ലെ പ്രക്ഷുബ്ധതകളാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിശ്വാസത്തിന്റെ പേരിൽ പോരാട്ടത്തിനിറങ്ങിയ നിസ്സഹായരായ മാപ്പിളമാരോട് ‘‘നിങ്ങൾ ഏത് സ്വർഗത്തിലേക്കാണ് പോകുന്ന’’തെന്ന് മതകീയമായിത്തന്നെ അദ്ദേഹം ചോദിച്ചു. എന്നാൽ, 1921ലെ ഇരകളെ സംരക്ഷിക്കുന്നതിൽ സാഹിബിന്റെ പങ്ക് ചരിത്രപ്രാധാന്യമുള്ളതാണ്. കലക്ടർ ഇ.എഫ്. തോമസിന് പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് സാഹിബ് എഴുതിയ കത്തുകൾ സ്വീകരിക്കപ്പെടാതെ തിരിച്ചയക്കപ്പെട്ടു. മലബാറിലെ സ്ഥിതിഗതികൾ വിവരിച്ച് സാഹിബ് അയച്ച കത്തുകൾ ദേശീയ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് മലബാറിലേക്ക് സഹായങ്ങളെത്താൻ കാരണമായി. കുപിതനായ കലക്ടർ തോമസ് ഗവൺമെന്റിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി സാഹിബിന് രണ്ടു വർഷത്തെ ജയിൽ ശിക്ഷ വാങ്ങിക്കൊടുത്തു. ഹ്രസ്വമായ തന്റെ ജീവിതത്തിൽ പത്ത് വർഷത്തോളം സാഹിബ് വിവിധ ബ്രിട്ടീഷ് ജയിലുകളിലായിരുന്നു.
ജയിൽ മോചിതനായ ശേഷം അദ്ദേഹം പത്രാധിപരായി സ്ഥാപിച്ച ‘അൽ അമീൻ’ പത്രം മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് കരുത്തേകുക, ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കുക, മുസ്ലിം സമുദായത്തെ സമുദ്ധരിക്കുക, പൊതുജീവിതം സംസ്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ‘അൽ അമീൻ’ ഇടപെടലുകൾ നടത്തി. പൈതൃകമായി കിട്ടിയ ഭൂസ്വത്ത് പൂർണമായും വിറ്റാണ് പത്രത്തിനുള്ള പണം കണ്ടെത്തിയത്.
1930ൽ നിയമലംഘന പ്രസ്ഥാനം മഹാത്മാഗാന്ധി പ്രഖ്യാപിച്ചതോടെ, 1921നു ശേഷം മന്ദഗതിയിലായിരുന്ന മലബാറിലെ രാഷ്ട്രീയരംഗത്തെ ചൂടുപിടിപ്പിച്ചുകൊണ്ട്, ഭീകരമായ പൊലീസ് മർദനങ്ങൾ സഹിച്ച് കോഴിക്കോട് കടപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും സംഘവും ഉപ്പുകുറുക്കി. സാഹിബിന്റെ ജീവചരിത്രകാരന്മാരുടെ ഭാഷയിൽ ‘കടപ്പുറത്ത് വീണ ആ ചോരത്തുള്ളികളിൽ നിന്നാണ് കേരളത്തിലെ കോൺഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി വളർന്നത്’. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരെ മലബാറിൽ നിന്ന് ആയിരക്കണക്കിന് നാഴികകൾക്കപ്പുറമുള്ള ബംഗാൾ ഉൾക്കടലിലെ ദ്വീപസമൂഹങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അന്തമാൻ പദ്ധതിക്കെതിരെ സാഹിബും ‘അൽ അമീനും’ നിരന്തരം ശബ്ദമുയർത്തി. സെൻട്രൽ അസംബ്ലി പ്രതിപക്ഷ നേതാവായിരുന്ന വിത്തൽഭായി പട്ടേലിനെ സാഹിബ് നേരിൽ കണ്ട് പദ്ധതിയുടെ ഗൗരവം ബോധ്യപ്പെടുത്തി വിഷയം അസംബ്ലിയിൽ ഉന്നയിപ്പിച്ചു. പിൽക്കാലത്ത് അന്തമാൻ സ്കീമിൽ നിന്ന് ബ്രിട്ടീഷ് ഗവൺമെന്റ് പിന്തിരിയുന്നതിൽ ഈ ഇടപെടലുകൾ ശ്രദ്ധേയമാണ്.
1937ൽ മദ്രാസ് അസംബ്ലിയിലേക്ക് മലപ്പുറം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാൻ സാഹിബ്, മാപ്പിളമാരെ ഭീകരരായി ചിത്രീകരിച്ച് ബ്രിട്ടീഷ് മലബാറിൽ നിലനിന്നിരുന്ന ‘മാപ്പിള ഔട്ട്റേജിയസ് ആക്ട്’ പിൻവലിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോൺഗ്രസിനകത്തെ തർക്കങ്ങളെക്കുറിച്ച് കത്തെഴുതിയ സാഹിബിനോട് പാർട്ടി പിടിച്ചടക്കാനാണ് ഗാന്ധിജി നിർദേശിച്ചത്. അബ്ദുറഹ്മാൻ സാഹിബും ഇ.മൊയ്തു മൗലവിയും അടക്കം ദേശീയ മുസ്ലിംകളെന്ന് വിളിക്കപ്പെട്ട വിഭാഗത്തിനൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇടതുപക്ഷ നേതാക്കളും നിലകൊണ്ടു. 1938ൽ അബ്ദുറഹ്മാൻ സാഹിബ് കെ.പി.സി.സി പ്രസിഡന്റായ കമ്മിറ്റി നിലവിൽ വന്നു. സഞ്ജയൻ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത് ‘മക്കാ-മോസ്കോ സഖ്യം’ എന്നാണ്. കെ.പി.സി.സി.ക്ക് ജനകീയ അടിത്തറ കൈവന്നത് ഈ കാലയളവിലാണ്. 7000 മാത്രമുണ്ടായിരുന്ന കോൺഗ്രസ് അംഗബലം 55,000 ത്തിലേക്ക് ഉയർന്നു.
നേതാജി സുഭാഷ് ചന്ദ്രബോസുമായി അടുത്ത ബന്ധം പുലർത്തിയ സാഹിബ് നേതാജി രൂപവത്കരിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ കമ്മിറ്റി ഉപാധ്യക്ഷനായും കേരള ഘടകം പ്രസിഡന്റായും നിയോഗിക്കപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയരംഗം കക്ഷിരാഷ്ട്രീയ സ്വഭാവത്തിലേക്ക് വേർതിരിയുന്ന ചരിത്രസന്ധിയിലായിരുന്നു സാഹിബിന്റെ ജീവിതം. അതിനാൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ പാർട്ടികളിലൊക്കെയും അബ്ദുറഹ്മാൻ സാഹിബിന് ശിഷ്യരുണ്ടായി.
അവസാനത്തെ ജയിൽവാസം കഴിഞ്ഞ് വന്ന അബ്ദുറഹ്മാൻ സാഹിബ് അന്നത്തെ മുസ്ലിം ലീഗുമായി മുഖാമുഖം ഏറ്റുമുട്ടി. അപ്പോഴേക്കും ജനകീയ അടിത്തറ കൈവരിച്ച മുസ്ലിം ലീഗ് സാഹിബിനെ ദയാരഹിതമായി നേരിട്ടു. ഉറച്ച വിശ്വാസിയായിരുന്ന അബ്ദുറഹ്മാൻ സാഹിബ് തന്റെ രാജ്യത്തെയും സമുദായത്തെയും ഒരുപോലെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എന്നാൽ, മതരാഷ്ട്രവാദത്തോടോ, സമുദായിക രാഷ്ട്രീയത്തോടോ എതിർപ്പുയർത്താൻ മടികാണിച്ചതുമില്ല. അത്യന്തം പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ വളരെ ആകസ്മികമായി 1945 നവംബർ 23ന് സാഹിബ് വിടവാങ്ങി.
അയ്യപ്പപണിക്കർ എഴുതി:
‘‘അങ്ങനെയൊരാൾ നമു-
ക്കുണ്ടായിട്ടില്ല, മുൻപും
പിൻപുമെന്നോർക്കുന്നേരം
ക്ഷമിക്കൂ നേതാക്കളെ !’’h
(സുപ്രീംകോടതിയിലും ഹൈകോടതിയിലും അഭിഭാഷകനും യൂത്ത് കോൺഗ്രസ് നേതാവുമാണ് ലേഖകൻ)
d4dhanish@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

