ആപ് എം.പിമാരുടെ ബി.ജെ.പി ‘ലയനം’
text_fieldsകൂറുമാറ്റ നിരോധന നിയമം നിലവിൽവന്ന ശേഷവും അതിനെ നോക്കുകുത്തിയാക്കി ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആപ് രാജ്യസഭാംഗങ്ങളുടെ ബി.ജെ.പിയുമായുള്ള ‘ലയനം’ ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ അംഗീകരിച്ചതോടെ ഛദ്ദയുടെയും കൂട്ടരുടെയും നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ആപ് നേതൃത്വത്തിന്റെ വാദം ഇനി സുപ്രീംകോടതിയുടെ പരിഗണനയിലാണ് വരേണ്ടത്. കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരടങ്ങിയ സംഘം ആപ് വിട്ട് ബി.ജെ.പിയിൽ ലയിച്ചതായി ഏപ്രിൽ 24നാണ് രാജ്യസഭാധ്യക്ഷന് കത്ത് നൽകിയത്.
പാർലമെന്ററി ജനാധിപത്യ സംവിധാനത്തെത്തന്നെ അട്ടിമറിച്ചും പരിഹാസ്യമാക്കിയും കൂറുമാറ്റം വൻഭീഷണിയായി ഉയർന്നപ്പോൾ കൊണ്ടുവന്ന ഭരണഘടനയുടെ 10ാം വകുപ്പ് അനുശാസിക്കുന്ന ഭേദഗതി പ്രകാരം പാർലമെന്റിലോ നിയമസഭകളിലോ ഏതെങ്കിലും പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗത്തിൽ കുറഞ്ഞവർ കൂറുമാറിയാൽ അവരുടെ അംഗത്വം അസാധുവാകുന്നതാണ്. ഇതിനെ മറികടക്കാനാണ് ഡൽഹി ജൽബോർഡ് അഴിമതിക്കേസിൽ ഇ.ഡി വേട്ടയാടിയ ആപ് നേതാവ് രാഘവ് ഛദ്ദ, ബി.ജെ.പി സഹായത്തോടെ രാജ്യസഭയിലെ മറ്റു ആറ് അംഗങ്ങളെക്കൂടി ചാക്കിട്ട് കൂടെ കൂട്ടി ലയനനാടകം തട്ടിക്കൂട്ടിയെടുത്തത്. രാജ്യം ഭരിക്കുന്ന കക്ഷി പ്രയോഗിച്ച ഇ.ഡി ഭീഷണിയും മറ്റു പ്രലോഭനങ്ങളുമാണ് സ്വന്തം പാർട്ടിയെ വഞ്ചിച്ച് പാളയം മാറാൻ ഇവരെ നിർബന്ധിതരാക്കിയതെന്ന് പറയേണ്ടതില്ല.
കർണാടക, ഗോവ, ബിഹാർ തുടങ്ങി ഒട്ടേറെ സംസ്ഥാന നിയമസഭകളിൽ പയറ്റിയ തന്ത്രത്തിന്റെ തുടർച്ചയാണിതെന്ന് കരുതിയാൽ മതി. കൂറുമാറ്റ നിരോധനനിയമം നിലവിൽ വന്നശേഷവും പ്രസ്തുത നിയമത്തെ നോക്കുകുത്തിയാക്കി പണവും പദവിയും ഭീഷണിയും പ്രയോഗിച്ചുള്ള ജനാധിപത്യധ്വംസനം തുടരാൻ സംഘ്പരിവാറിന് ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായിരിക്കുകയാണ്. ഇതോടെ രാജ്യസഭയിലെ ബി.ജെ.പി അംഗസംഖ്യ 106ൽ നിന്നുയർന്ന് 113 ആയപ്പോൾ ആം ആദ്മി പാർട്ടിയുടേത് 10ൽനിന്ന് വെറും മൂന്നായി ചുരുങ്ങിയിരിക്കുന്നു. ഏഴ് അംഗങ്ങൾ പാർട്ടി വിട്ടശേഷം ഏകപക്ഷീയമായി ബി.ജെ.പിയിൽ ലയിച്ചതായുള്ള അറിയിപ്പ്, ഭരണഘടനയുടെ 10ാം ഖണ്ഡിക വിഭാവനം ചെയ്യുന്ന ലയനമായി പരിഗണിക്കാനാവില്ലെന്നും കൂറുമാറ്റത്തിന് ശേഷമാണ് ലയനം നടന്ന പാർട്ടി അത് അംഗീകരിച്ചത് എന്നുമുള്ള സാങ്കേതികതടസ്സമാണ് കോടതിയുടെ പരിഗണനയിൽ വരുകയെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു. ഇത് കേവലം സാങ്കേതികമാണെന്നിരിക്കെ പരമോന്നത കോടതിയുടെ തീർപ്പ് ‘ആപി’ന് എത്ര ഗുണകരമായി ഭവിക്കുമെന്ന് കണ്ടറിയണം.
ഡൽഹി ഭരണം തങ്ങളിൽനിന്ന് തട്ടിയെടുത്ത ‘ആപി’ന്റെ നേരെയുള്ള കോൺഗ്രസ് പാർട്ടിയുടെ സമീപനം ഒരുകാലത്തും സുഖകരമായിരുന്നില്ല. ഇൻഡ്യ മുന്നണി രൂപവത്കരണവേളയിലും പിന്നീടും ഇരുപാർട്ടികളും തമ്മിലെ ബന്ധം ഊഷ്മളമായിരുന്നിട്ടില്ല. ഇപ്പോൾ ആപ് രാജ്യസഭാംഗങ്ങളുടെ ബി.ജെ.പി ലയനത്തോടുള്ള കോൺഗ്രസിന്റെ പ്രതികരണം അത് തെളിയിക്കുന്നു. ബി.ജെ.പിയിൽ ലയിച്ച ആം ആദ്മി പാർട്ടി എം.പിമാരുടെ രേഖയിലുള്ള സമ്പത്ത് മാത്രം കണക്കാക്കിയപ്പോൾ ഒരാളുടെ ശരാശരി ആസ്തി 818.5 കോടി രൂപയാണെന്നിരിക്കെ ‘ആം ആദ്മി’യുടെ പാർട്ടി എന്ന പേർ മാറ്റി കോടീശ്വരന്മാരുടെ പാർട്ടി എന്നാക്കണമെന്നാണ് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പ്രതികരിച്ചിരിക്കുന്നത്. പഞ്ചാബിൽ ഒരുകാലത്തും ഭരിക്കാൻ കഴിയാത്ത 6.6 ശതമാനം മാത്രം വോട്ട് ലഭിച്ച ബി.ജെ.പിക്ക് 85.7 ശതമാനത്തിന്റെ പ്രാതിനിധ്യം രാജ്യസഭയിൽ നേടിക്കൊടുത്തതാണ് ‘ആപ്’ കോടീശ്വരന്മാർക്ക് ടിക്കറ്റ് വിറ്റതിന്റെ ആത്യന്തികഫലമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഇപ്പറഞ്ഞതിൽ ശരിയുണ്ടെന്ന് വന്നാലും 22-28 ശതമാനം ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധികൾ നിയമസഭകളിലും പാർലമെന്റിലും എത്തുന്നതിൽ നിർണായകപങ്ക് അനേകലക്ഷം കോടികളുടെ പിൻവാതിൽ ഇടപാടുകളാണെന്ന സത്യം ആർക്കാണ് നിഷേധിക്കാനാവുക. രാജ്യത്തിന്റെയും ബഹുഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ഭരണം കൈവശമുള്ള ബി.ജെ.പി വൻകിട കോർപറേറ്റുകളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് ഇലക്ഷൻ ജയിക്കുന്നതെന്ന വസ്തുത തള്ളിക്കളയാനാവില്ല. കർണാടകയിലും തെലങ്കാനയിലും യഥാക്രമം ശിവകുമാറിന്റെയും രേവന്ത് റെഡ്ഡിയുടെയും ഉറച്ച സാമ്പത്തിക പിൻബലം ഇല്ലായിരുന്നെങ്കിൽ കോൺഗ്രസിന്റെ ത്രിവർണപതാക താഴ്ന്നുതന്നെ പറന്നേനെ. ശതകോടീശ്വരന്മാരുടെ പിടിയിൽനിന്ന് ഇന്ത്യൻ ജനാധിപത്യത്തെയും ജനകീയസ്ഥാപനങ്ങളെയും മോചിപ്പിച്ചെടുക്കുക എന്ന അത്യന്തം ശ്രമകരമായ ദൗത്യമാണ് യഥാർഥ ജനാധിപത്യ ജനകീയപ്രസ്ഥാനങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. ‘ആപി’ന്റെ ചൂലു കൊണ്ട് നേരിടാനാവുന്നതല്ല അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

