Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകുറ്റവാളികളെ...

കുറ്റവാളികളെ വളർത്തുന്ന സാമൂഹികാന്തരീക്ഷം

text_fields
bookmark_border
കുറ്റവാളികളെ വളർത്തുന്ന   സാമൂഹികാന്തരീക്ഷം
cancel


കോവിഡ് രാജ്യവ്യാപകമായി പടർന്ന 2020നെ അപേക്ഷിച്ച് മഹാമാരി ഗണ്യമായി കുറഞ്ഞ 2021ൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, കൊള്ളയടി മുതലായ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ ഒടുവിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 2020ലും കുറവ് കാണിക്കാത്ത കൊലപാതകക്കുറ്റങ്ങളിൽ തുടർവർഷത്തിലും വർധനതന്നെ രേഖപ്പെടുത്തി. 2020ൽ 28,046 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2021ൽ സംഖ്യ 31,677 ആയി ഉയർന്നു. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ 84,805ൽനിന്ന് 1,01,707ലേക്കും കുതിച്ചു. 2020ലെ 29,193ൽനിന്ന് 2021ൽ 29,272 കൊലപാതകക്കേസുകളായി വർധിച്ചുവെന്നാണ് കണക്ക്. കൊലപാതകങ്ങൾ മൂന്ന് ശതമാനം, തട്ടിക്കൊണ്ടുപോകൽ 19.99 ശതമാനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ 15.3 ശതമാനം, മുതിർന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ 5.3 ശതമാനം എന്ന പ്രകാരമാണ് വർധനയുടെ നിരക്ക്. ഭർത്താവും ഭർതൃബന്ധുക്കളും പ്രതികളായ ഗാർഹികപീഡനക്കേസുകളാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 31.8 ശതമാനവും. ആത്മഹത്യ സംഭവങ്ങളും 2021ൽ മുൻവർഷത്തേക്കാൾ കൂടുതലാണ്. കേരളത്തിൽ 2020ൽ 8500 പേർ സ്വന്തം ജീവനൊടുക്കിയപ്പോൾ 2021ൽ ആത്മഹത്യ ചെയ്തവരുടെ സംഖ്യ 9549 ആയി ഉയർന്നു. രാജ്യത്താകെ 2021ൽ 1,64,033 ഹതഭാഗ്യർ ആത്മഹത്യ ചെയ്തപ്പോൾ മുൻവർഷത്തേക്കാൾ ഏഴു ശതമാനമാണ് വർധന.

കുറ്റകൃത്യങ്ങൾ കുറയണമെങ്കിൽ അതിനുള്ള സാഹചര്യങ്ങൾ മാറുകയോ ഇല്ലാതാവുകയോ വേണം. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നേരെ മറിച്ചാണ്. പരമാവധി കുറ്റകൃത്യങ്ങൾ പെരുകാൻ സഹായകമാണ് ഇവി​ടത്തെ അന്തരീക്ഷം. കുറ്റകൃത്യങ്ങൾക്ക് പ്രേരണയാവുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ എല്ലാ അവകാശവാദങ്ങളെയും ക്ഷേമപദ്ധതികളെയും അർഥശൂന്യമാക്കിക്കൊണ്ട് രൂക്ഷമാവുകയാണ്. അനുദിനം കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത സർക്കാറുകൾ നികുതി ഇരട്ടിപ്പിക്കുന്നതിലും ജനങ്ങളെ ഞെക്കിപ്പിഴിയുന്നതിലും മാത്രമാണ് ജാഗരൂകരാവുന്നത് എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. ജനകോടികളുടെ ആഹാരം ഉറപ്പാക്കുന്ന കർഷകരെപ്പോലും വീണ്ടും വീണ്ടും സമരരംഗത്തേക്ക് തള്ളിവിടുന്ന ഭരണകർത്താക്കൾ കോർപറേറ്റുകളെ പരമാവധി സുഖിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർക്കാറി​ന്റെ ഒരുവിധ സഹായവും കൂടാതെ സ്വയംതൊഴിൽ കണ്ടെത്തി സാമ്പത്തികമായി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരെ എവ്വിധമെല്ലാം വേട്ടയാടാമോ അവ്വിധത്തിലെല്ലാം പിടികൂടുന്നതാണ് നിത്യേന കാണുന്ന കാഴ്ച. നികുതി, ചുങ്കം, ലൈസൻസ്, പെർമിറ്റ്, ഇ.ഡി തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം നീതിരഹിതമായി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണങ്ങൾ എടുത്തുപറയേണ്ടതില്ല. തദ്ഫലമായി സമൂഹം കുറ്റകൃത്യങ്ങളിലും ആത്മഹത്യയിലും അഭയംതേടുന്നതാണ് ചിത്രത്തിന്റെ ഒരുവശം. മറ്റൊരുവശത്ത് കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിയമങ്ങളോ കോടതികളോ തടവറകളോ പോരാ, അവയത്രയും സത്യസന്ധരും ഉത്തരവാദിത്ത ബോധമുള്ളവരുമായ ഉദ്യോഗസ്ഥരെ ഏൽപിക്കുകയും വേണം. സ്വജനപക്ഷപാതവും അഴിമതിയും കൈക്കൂലിയും അലംഭാവവും അരങ്ങുവാഴുന്ന അന്തരീക്ഷത്തിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളും പെരുകുകയല്ലാതെ കുറയാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ക്രൈം റെക്കോഡ്സ് ബ്യൂറോ അനാവരണംചെയ്ത വസ്തുതകളേക്കാൾ എത്രയോ ഇരട്ടിയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്! കള്ള സാക്ഷിമൊഴികളും സാക്ഷികളുടെ കൂറുമാറലും നിയമപാലകരുടെ കണ്ണുചിമ്മലും ന്യായാധിപരുടെ അലംഭാവവുമൊക്കെ കാരണമായി കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുപോലും അപൂർവമായിത്തീർന്നിട്ടുണ്ട്. ശിക്ഷ വിധിക്കപ്പെട്ടവരാകട്ടെ, സമ്മർദങ്ങളുടെയും പിൻവാതിൽ ഇടപെടലുകളുടെയും ഫലമായി ഇളവ് നേടി പുറത്തെത്തി സമൂഹത്തെ വെല്ലുവിളിച്ച് സ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുന്നു. പല ക്രിമിനൽ കേസുകളിലും പിടികൂടപ്പെടുന്നവരെക്കുറിച്ച് പൊലീസിന്റെ സ്ഥിരം ഭാഷ്യമുണ്ട്; ഇയാൾ 10 കേസുകളിലെ അല്ലെങ്കിൽ 20 കേസുകളിലെ പ്രതിയാണെന്ന്! മോഷണക്കേസിൽ പിടികൂടപ്പെടുന്നവരിൽ നല്ലൊരു ഭാഗം ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയവരാണ്. മയക്കുമരുന്ന് കേസുകളിൽ ജയിലിലടക്കപ്പെടുന്നവരും തഥൈവ. അവർ പുറത്തിറങ്ങി വീണ്ടും വീണ്ടും പഴയ ജോലി പുതിയ ക്രിമിനൽസംഘങ്ങളെ കൂടെക്കൂട്ടി പൂർവാധികം ശക്തമായി തുടരുന്നവരാണ്.

ആകപ്പാടെ ദുഷിച്ചുനാറുന്ന ഈ സാമൂഹികാന്തരീക്ഷത്തിൽ മനുഷ്യസ്നേഹികളും ധാർമിക-സദാചാരമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരുമായ ചിലരെങ്കിലും നമ്മുടെ രാജ്യത്തിപ്പോഴുമുണ്ട്. പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും തട്ടിമാറ്റി സ്വൈരജീവിതം ഉറപ്പുവരുത്താൻ അവർ നിസ്വാർഥരായി കർമരംഗത്തുണ്ടുതാനും. പക്ഷേ, മൗലികവാദികളെന്നും പിന്തിരിപ്പന്മാരെന്നും അർബൻ നക്സലൈറ്റുകളെന്നും മറ്റും തരംപോലെ മുദ്രകുത്തി അവരെ വേട്ടയാടുന്നതിലാണ് ഭരിക്കുന്നവരിലും നിയമപാലകരിലും നല്ലൊരു വിഭാഗത്തിന്റെ മിടുക്ക്. അധാർമികതയുടെയും അരാജകത്വത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമായ ഈ സംഘടിത ദുശ്ശക്തികളെ തുറന്നുകാട്ടി ജനങ്ങളെ ബോധവത്കരിക്കേണ്ട ബാധ്യതകൂടി യഥാർഥ രാജ്യസ്നേഹികളിൽ വന്നുചേരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialCrime Newscriminals
News Summary - A social environment that breeds criminals
Next Story