Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരന്മാർക്ക് നൽകുന്ന...

പൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്പോർട്ട്

text_fields
bookmark_border
പൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്പോർട്ട്
cancel
പൗരന്മാർ എന്നു തെളിഞ്ഞവർക്കേ പാസ്പോർട്ട് നൽകൂ എന്നും അതേസമയം, പാസ്പോർട്ട് പൗരത്വത്തിന്റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക് കസർത്ത് മാത്രമായേ മനസ്സിലാക്കാനാകൂ.

പാസ്പോർട്ട് പൗരത്വരേഖയല്ലെന്ന വിദേശകാര്യ വക്താവിന്‍റെ പ്രസ്താവന വിവാദമായത്, യൂനിയൻ സർക്കാറിന്‍റെ നയസമീപനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്. ആ പ്രസ്താവന ആശയക്കുഴപ്പത്തിനൊപ്പം ആശങ്കയും സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യൻ പൗരത്വത്തിന്‍റെ സുപ്രധാന തെളിവായിത്തന്നെയാണ് ഇന്ത്യക്കാർ മാത്രമല്ല വിദേശരാജ്യങ്ങളിലെ സർക്കാറുകളും പാസ്പോർട്ടിനെ കണക്കാക്കുന്നത്. അതു പൗരത്വത്തിന്‍റെ “തെളിവാ”ണ്, പക്ഷേ പൗരത്വം തെളിയിക്കുന്ന “രേഖ”യല്ല എന്ന അപഹാസ്യമായ വിരുദ്ധോക്തി, പ്രയോഗവും സാങ്കേതിക വിവക്ഷയും തമ്മിലുള്ള വ്യത്യാസത്തിന്‍റെ ഫലമാണെന്ന് പറയാമെങ്കിലും, മൗലികപ്രാധാന്യമുള്ള പൗരത്വവിഷയത്തിൽ സർക്കാറിന് അമിതവും അവിഹിതവുമായ അധികാരം അതു നൽകുന്നുണ്ട്. അവിടെയാണ് ഇന്നത്തെ സാഹചര്യത്തിൽ ഈ അവ്യക്തത ആപത്കരമാകുന്നത്. പൗരത്വമില്ലാത്തവർക്ക് പ്രത്യേക സാഹചര്യത്തിൽ പൊതുതാൽപര്യം മുൻനിർത്തി പാസ്പോർട്ട് നൽകാൻ പാസ്പോർട്ട് നിയമ(1967)ത്തിലെ 20ാം വകുപ്പ് യൂനിയൻ സർക്കാറിന് അനുമതി നൽകുന്നുണ്ട് എന്നത് ശരിയാണ്. ഇത്, പക്ഷേ, പൊതുവ്യവസ്ഥയല്ല; പൊതുവ്യവസ്ഥയിൽനിന്ന് ഒഴിവാക്കപ്പെട്ട അപവാദം മാത്രമാണ്. ഈ വകുപ്പാകട്ടെ വളരെ അപൂർവമായേ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ ശ്രീലങ്കൻ അഭയാർഥികളുടെ കാര്യം ഉദാഹരണം. നിയമത്തിന്‍റെ അപവാദത്തെ നിയമമായി കണക്കാക്കുന്നത് യുക്തിസഹമല്ലല്ലോ. സമാനമായി, നിയമവിരുദ്ധ കടന്നുകയറ്റത്തിന്‍റെ പ്രത്യേക പശ്ചാത്തലത്തിൽ ബോംബെ ഹൈകോടതി പൗരത്വത്തിന് പാസ്പോർട്ട് തെളിവായെടുക്കാതിരുന്നത് (2013) സാമാന്യവത്കരിക്കുന്നതും ശരിയല്ല. മറ്റൊരു വാദം, പൗരത്വത്തിനു നിദാനം 1955ലെ പൗരത്വ നിയമമാണെങ്കിലും പാസ്പോർട്ട് നൽകുന്നത് 1967ലെ പാസ്പോർട്ട് നിയമമനുസരിച്ചാണ് എന്നത്രേ. നിരർഥകമാണ് ഇതും. പൗരത്വനിയമപ്രകാരം കർശന പൗരത്വപരിശോധനകൾക്ക് ശേഷമാണല്ലോ പാസ്പോർട്ട് (പൗരത്വമില്ലെന്ന് മുമ്പേ നിർണയിക്കപ്പെട്ട വിരളമായ അപവാദങ്ങളിലൊഴിച്ച്) നൽകാറുള്ളത്. അപ്പോൾ, പൗരത്വം ഉണ്ടെന്നതിന്‍റെ രേഖയാണ് പാസ്പോർട്ട് എന്നതല്ലേ നിയമപ്രകാരം യുക്തിസഹമാവുക?

“ദേശത്വ”ത്തിന്‍റെ (nationality) തെളിവാണ് പാസ്പോർട്ടെന്ന്, പാസ്പോർട്ട് മാന്വലിൽ പറയുന്നുണ്ട്. പാസ്പോർട്ട് നിയമ(1967)ത്തിന്‍റെ 6 (2) (എ) ഉപവകുപ്പുപ്രകാരം, അപേക്ഷകൻ ഇന്ത്യൻ പൗരനല്ലെങ്കിൽ അയാൾക്ക് പാസ്പോർട്ട് നൽകിക്കൂടാ. ഇതിന് ആകെയുള്ള ഒഴിവ്, നിയമത്തിലെ 20ാം വകുപ്പു മാത്രമാണ്. 1978ലെ മേനക ഗാന്ധി കേസിൽ, ഇന്ത്യൻ ദേശക്കാരനാണെന്നതിന്‍റെ ഖണ്ഡിതമായ തെളിവാണ് പാസ്പോർട്ട് എന്നുതന്നെ തീർപ്പുണ്ട്; ഇന്ത്യൻ ദേശത്വവും അതുമുഖേന പാസ്പോർട്ടും ഉള്ളവർക്ക്, വിദേശങ്ങളിലെ ഇന്ത്യൻ കാര്യാലയങ്ങളിൽനിന്ന് എല്ലാ സേവനത്തിനും അർഹതയുണ്ട് എന്നും. പൗരത്വത്തിന്‍റെ ഏറ്റവും വിശ്വസനീയമായ തെളിവായി കരുതുന്ന പാസ്പോർട്ട് പൗരത്വരേഖയല്ലെന്ന് പറയുന്നത്, അമിതാധികാരത്തിനും അനീതികൾക്കും വാതിൽ തുറന്നുവെക്കുന്നു. ആധാർ പൗരത്വത്തിന് തെളിവല്ലെന്ന സമീപനമാണ് യൂനിയൻ സർക്കാറും സുപ്രീംകോടതിയും മുമ്പുതന്നെ എടുത്തിട്ടുള്ളത്. അപ്പോഴും, ഖണ്ഡിതമായ പൗരത്വരേഖയായി പാസ്പോർട്ട് ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു രാജ്യം. പകരം, അധികാരികൾക്ക് അപ്പപ്പോൾ ഇഷ്ടംപോലെ സ്വീകരിക്കാൻ പാകത്തിൽ അയഞ്ഞ നിർവചനങ്ങൾ നിലനിൽക്കുന്നത്, ജനവിരുദ്ധമായി അവ പ്രയോഗിക്കാൻ ഭരണകൂടത്തിന് സൗകര്യം നൽകുന്നു. അർഹരായ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഇലക്ഷൻ കമീഷനു സാധിച്ചത്, രേഖകൾ സംബന്ധിച്ച് നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവ്യക്തതകളിലൂടെയുമാണ്.

പൗരത്വത്തെ സൂചിപ്പിക്കുന്ന രേഖകളിലൊന്നായി പാസ്പോർട്ടിനെ ഉൾപ്പെടുത്തിയ ഇലക്ഷൻ കമീഷൻതന്നെ പശ്ചിമബംഗാളിൽ, പാസ്പോർട്ട് ഉണ്ടായിട്ടും എസ്.ഐ.ആറിൽനിന്ന് അനേകം പേരെ ഒഴിവാക്കി. ഇത്തരം പൗരത്വനിഷേധത്തിന് കൂടുതൽ പിൻബലം നൽകുന്നതു കൂടിയാണ് ഇപ്പോൾ ഉണ്ടാക്കിയ അവ്യക്തത. ഭരണമാറ്റത്തിന് വരെ ഇടം നൽകുന്ന വ്യാപ്തിയിൽ അതു ചില സംസ്ഥാനങ്ങളിൽ പ്രയോഗിക്കപ്പെടുന്നതും നാം കാണുന്നു. പാസ്പോർട്ട് സേവാദിനത്തോടനുബന്ധിച്ച് ‘ദ ഹിന്ദു’ പത്രത്തിന്‍റെ റിപ്പോർട്ടറുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ വകുപ്പിന്‍റെ പാസ്പോർട്ട് പ്രസ്താവന വന്നതെങ്കിലും അക്രമോത്സുകമായ അമിതാധികാര പ്രവണത പ്രദർശിപ്പിക്കുന്ന ഒരു സർക്കാറിന്‍റെ കൈയിൽ, ഈ സാങ്കേതികതയും അവ്യക്തതയും ആയുധമാവും. പൗരന്മാർ എന്ന് തെളിഞ്ഞവർക്കേ പാസ്പോർട്ട് നൽകൂ എന്നും അതേസമയം, പാസ്പോർട്ട് പൗരത്വത്തിന്‍റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക് കസർത്ത് മാത്രമായേ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാകൂ. പൗരന്മാരെ തീരുമാനിക്കാനുള്ള അവിഹിതമായ അധികാരം ഭരണകൂടത്തിന് ലഭിക്കാൻ അത് വഴി തുറക്കുന്നു. വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരെ നീക്കാൻ മടി കാണിക്കാത്തവർക്ക് പൗരന്മാരെ രാഷ്ട്രരഹിതരാക്കാനും മടി ഉണ്ടാകില്ല. ലോകമെങ്ങും ഇന്ത്യൻ പൗരത്വത്തിന്‍റെ തെളിവായി പാസ്‌പോർട്ട് സമർപ്പിച്ച് ജീവിക്കുന്നവരെയും സഞ്ചാരികളെയും, എന്തിന്, ഇന്ത്യൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെപ്പോലും ദേശരഹിതരാക്കാൻ പോന്ന വാദം നാട്ടിന് നാണക്കേടുകൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgovernment of indiadocumentCitizenship Act
News Summary - A passport is a document issued to citizens
Next Story