Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

നീ​തി​നി​ർ​വ​ഹ​ണ​ത്തി​ന്റെ ക​ണ്ണാ​ടി​ക്കാ​ഴ്ച

text_fields
bookmark_border
നീ​തി​നി​ർ​വ​ഹ​ണ​ത്തി​ന്റെ ക​ണ്ണാ​ടി​ക്കാ​ഴ്ച
cancel
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളെ നിഷ്‍കർഷിക്കുന്ന മാതാപിതാക്കളും പട്ടികജാതിക്കാരന്റെ മേൽ മൂത്രമൊഴിക്കുന്ന മേൽജാതിക്കാരും ഏതു വികസിത ഭാരതത്തിന്റെ അടയാളങ്ങളാണ് എന്ന ഭുയാന്റെ​ ചോദ്യം ചെന്നുതറക്കുന്നത് ‘വികസിത ഭാരത’ത്തിന്റെ നെഞ്ചിലാണ്

ബംഗളൂരുവിൽ ഞായറാഴ്ച സുപ്രീംകോടതി ബാർ അസോസിയേഷന്റെ പ്രഥമ ദേശീയസമ്മേളനത്തിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ നടത്തിയ നിരീക്ഷണങ്ങൾ ജനാധിപത്യവിശ്വാസികൾക്ക് സമാശ്വാസം പകരുന്നതുപോലെ തന്നെ ജനാധിപത്യസംവിധാനങ്ങളുടെ സൂക്ഷ്മപരിശോധനക്ക് വിഷയീഭവിക്കേണ്ടതു കൂടിയാണ്. ‘വികസിതഭാരതത്തിൽ ജുഡീഷ്യറിയുടെ പങ്കി’നെക്കുറിച്ച് സംസാരിച്ച ജസ്റ്റിസ് ഭുയാൻ, വികസിത ഭാരതസങ്കൽപങ്ങളുടെ നേർവിപരീത ദിശയിലാണ് രാജ്യത്തെ നിയമനിർവഹണസംവിധാനങ്ങളുടെ പോക്ക് എന്നു വെളിപ്പെടുത്തുന്നു. ജുഡീഷ്യറി സ്വന്തം സ്ഥാനം തിരിച്ചറിയണമെന്നും അവിരാമ വിമർശനത്തിനോ കൈയടി നേടാനോ അല്ല, ജനാധിപത്യത്തിനും പൗരാവകാശത്തിനുമുള്ള കാവലിനും കരുതലിനുമാണ് അത് മുൻകൈയെടുക്കേണ്ടതെന്നും ഓർമപ്പെടുത്തുന്നു. 2047ൽ വികസിത ഭാരതമായിത്തീരണം എന്ന ഗവൺമെന്റ് കാഴ്ചപ്പാട് അഭിനന്ദനാർഹമാണ്. എന്നാൽ, സാമ്പത്തികവളർച്ച പൗരരുടെ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചെലവിലായിക്കൂടാ. വികസിതഭാരതത്തിൽ വിയോജിപ്പിനും സംവാദത്തിനും കൂടുതൽ അവസരങ്ങളുണ്ടാകണം. വിയോജിപ്പുകൾ ഒരിക്കലും കുറ്റകൃത്യമായി കണ്ടുകൂടാ. ജുഡീഷ്യറിക്ക് അകത്ത് അനേകം പേർ ‘രാജാവിനെക്കാൾ വലിയ രാജഭക്തി രോഗം’ ബാധിച്ചവരായുണ്ട്. കുറ്റാരോപിതരുടെ വിചാരണയില്ലാത്ത ദീർഘകാല തടവിനു കാരണം ഈ ’രോഗ’മാണെന്നും ഭുയാൻ നിരീക്ഷിക്കുന്നു.

സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി വെറുതെ ആരോപണം ഉന്നയിക്കുകയല്ല. ന്യായാധിപ പദവിയിലെ ദീർഘകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ കൃത്യമായ കണക്കുകൾ വെച്ചാണ് അദ്ദേഹം ജുഡീഷ്യറിയിൽ സെൽഫ് ഓഡിറ്റിങ്ങിനുള്ള വഴി തുറക്കുന്നത്. പിടികൂടുന്ന ആളുകളെ വിചാരണ കൂടാതെ ദീർഘകാലം തടവിലിടാൻ ​ഉപയോഗപ്പെടുത്തുന്ന ​പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ), നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) എന്നിവയെക്കുറിച്ച വിമർശവും ഭുയാൻ ഉന്നയിച്ചു. ‘‘ഉഗ്രശേഷിയുള്ള ആയുധമാണ് പി.എം.എൽ.എ. എന്നാൽ, ഏത് ആയുധവും പോലെ അമിതപ്രയോഗമായാൽ അതിന്റെയും പ്രഹരശേഷി കുറയും. അതുപോലെ തന്നെ യു.എ.പി.എയും’’-അദ്ദേഹം പറയുന്നു. ആയിരക്കണക്കിനാളുകളെ പിടിച്ച് ജയിലിലടക്കുന്ന ഈ വകുപ്പിൽ കുറ്റം ചുമത്തപ്പെടുന്നത് ഒന്നുമുതൽ ആറുവരെ ശതമാനം ആളുകളുടെ പേരിൽ മാത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെച്ച 2019 മുതൽ 2023 വരെയുള്ള കണക്കാണിത്. ഇതനുസരിച്ച് കുറ്റം ചുമത്താനാവാതെ വെറുതെ വിടുന്നതിന് കൂടുതൽ സാധ്യതയുള്ള ​കേസുകളിൽ അഞ്ചും ആറും അതിൽ കൂടുതലും വർഷങ്ങൾ ആളുകളെ തടവിലിടുന്നത് ഭരണഘടനാപരമായി അതിഗുരുതരമാണ്. വിദ്യാർഥികളെപോലും ഒരു പ്രകടനത്തിന്റെ, പ്രതിഷേധത്തിന്റെ, സമൂഹമാധ്യമ പോസ്റ്റിന്റെ തുടങ്ങി നിസ്സാര കാരണങ്ങളുടെ പേരിൽ പിടികൂടുകയാണ്. എഫ്.ഐ.ആറും അന്വേഷണവുമൊക്കെയായി നടപടിക്രമങ്ങൾ നീണ്ടു ഒടുവിൽ കേസ് സുപ്രീംകോടതിയി​ലെത്തുന്നു. അവിടെനിന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കേണ്ടിവരുന്നു. ഇവിടെ കോടതിക്കും ഫലപ്രദമായ പ്രതിരോധം തീർക്കാനാവില്ലെന്ന സ്വയം വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്. ഭരണകൂടത്തോട് അവരെക്കാൾ അമിതഭക്തി പുലർത്തുന്നവർ രംഗം കൂടുതൽ വഷളാക്കുന്നുണ്ടെന്നാണ് ജസ്റ്റിസിന്റെ പക്ഷം. രാഷ്ട്രീയക്കാർക്ക് അവരുടെ ലക്ഷ്യങ്ങളാവാം, എന്നാൽ ജുഡീഷ്യറി അതിന് വഴങ്ങേണ്ടതുണ്ടോ എന്ന സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹികസമത്വത്തിൽ ഇന്ത്യ എവിടെയുമെത്തിയില്ല എന്നതും പ്രഭാഷണത്തിൽ എടുത്തുകാട്ടുന്നുണ്ട്. ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളെ നിഷ്‍കർഷിക്കുന്ന മാതാപിതാക്കളും പട്ടികജാതിക്കാരന്റെ മേൽ മൂത്രമൊഴിക്കുന്ന മേൽജാതിക്കാരും ഏതു വികസിത ഭാരതത്തിന്റെ അടയാളങ്ങളാണ് എന്ന ഭുയാന്റെ​ ചോദ്യം ചെന്നുതറക്കുന്നത് ‘വികസിത ഭാരത’ത്തിന്റെ നെഞ്ചിലാണ്. വികസിതരാഷ്ട്രം സ്ഥാപിതമാകേണ്ടത് പൗരരുടെ അന്തസ്സാർന്ന ജീവിതത്തിനുള്ള സ്വാതന്ത്ര്യത്തിലാണ് എന്ന കാര്യമാണ് ഭുയാൻ വിസ്തരിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിൽ പുതുമയൊന്നുമില്ല. എല്ലാം സർവാംഗീകൃത സത്യപ്രസ്താവനകളാണ്. എന്നാൽ, അദ്ദേഹം തന്നെ സൂചിപ്പിച്ചതുപോലെ ഔദ്യോഗികസംവിധാനങ്ങളെല്ലാം ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടിനുള്ള ഉപാധികളായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യയിൽ ജുഡീഷ്യറിയുടെ ഉന്നതങ്ങളിൽനിന്ന് ഇത്തരം സ്വയംബോധത്തോടെയുള്ള നിരീക്ഷണങ്ങളും നിരൂപണങ്ങളും ഉണ്ടാകുന്നുവെന്നത് ഏറെ ആശ്വാസകരം തന്നെ.

രോഗനിർണയം വസ്തുനിഷ്ഠമായിരിക്കുകയെന്നത് ​രോഗചികിത്സക്കും പരിഹാരത്തിനുമുള്ള ആദ്യവഴിയാണ്. അങ്ങനെ സ്വയം നിർണയത്തിലേക്ക് എത്താനുതകുന്ന ആത്മപരിശോധനകൾപോലും അചിന്ത്യമെന്നു കരുതുന്ന അന്തരീക്ഷത്തിൽ അത്തരം ഉണർവുകൾ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നുവെന്നത് ശുഭോദർക്കമാണ്. വികസിത ഭാരതം സാധ്യമാകേണ്ടത് അതിന്റെ മാനവവിഭവശേഷിയുടെ കൂടി വികസനത്തിലൂടെയാണ്. അതിന്റെ നിർബന്ധ ഉപാധികളിൽ പെട്ടതാണ് അന്തസ്സുള്ള മനുഷ്യരായി ജീവിക്കാനുള്ള അവകാശം. ഈ അടിസ്ഥാനാവകാശത്തിന്റെ കടയ്ക്കൽ കത്തിവീണ ആപത്ഘട്ടത്തിലാണ് രാജ്യം ഇന്നുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് നിക്ഷിപ്ത രാഷ്ട്രീയതാൽപര്യങ്ങൾക്കു വേണ്ടി പൗരജനങ്ങളുടെ ജീവനെടുക്കുന്നതും അവരുടെ അന്തസ്സും അഭിമാനവും അപഹരിക്കുന്നതും സർവസാധാരണമായി കഴിഞ്ഞ വർത്തമാന ഇന്ത്യക്കുനേരെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ കണ്ണാടി പിടിച്ചിരിക്കുന്നത്. അതിലൂടെ രാജ്യത്തിനേറ്റ പരിക്കുകളറിയാനും പരിഹരിക്കാനുമുള്ള മനസ്സും മനുഷ്യത്വവും രാഷ്ട്രത്തെ നയിക്കുന്നവർക്ക് ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justiceupper castelower casteUpper caste dominancesupreme court bar association
News Summary - A mirror image of the administration of justice
Next Story