Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതമിഴ്നാട്ടിലെ ദ്രാവിഡ...

തമിഴ്നാട്ടിലെ ദ്രാവിഡ മാതൃക

text_fields
bookmark_border
തമിഴ്നാട്ടിലെ ദ്രാവിഡ മാതൃക
cancel




ചെന്നൈ നഗരത്തിന്‍റെ ചരിത്രത്തിലെ ആദ്യ ദലിത് മേയറായി സ്ഥാനമേൽക്കാനൊരുങ്ങുകയാണ് ഇരുപത്തൊമ്പതുകാരി ആർ. പ്രിയ. നഗരത്തിലെ അവികസിതപ്രദേശമായ വടക്കൻ ചെന്നൈയിലെ മംഗലപുരത്തുനിന്നാണ് അവർ മുഖ്യമന്ത്രി സ്റ്റാലിനിരുന്ന കസേരയിലേക്ക് അഭിമാനത്തോടെ ഉപവിഷ്​ടയാകുന്നത്​. രാജ്യത്തെ പ്രമുഖ നഗരത്തിന്‍റെ അധിപതിയായി ബിരുദാനന്തരബിരുദധാരിയായ ദലിത് പെൺകുട്ടി കടന്നുവരുന്നത് ആകസ്മികമോ നീക്കുപോക്കുരാഷ്ട്രീയത്തിന്‍റെ ഭാഗമായോ അല്ല; തമിഴ്നാട്ടിലെ ദ്രാവിഡരാഷ്ട്രീയം സമീപകാലത്ത്​ ഇന്ത്യക്കു സമർപ്പിച്ചുകൊണ്ടിരിക്കുന്ന ഉജ്ജ്വലവും മഹനീയവുമായ രാഷ്ട്രീയ അജണ്ടയുടെ പ്രതിഫലനമായാണ്. അതുകൊണ്ടാണ്, ഈ ഗംഭീരവിജയത്തെ ദ്രാവിഡ മാതൃകക്കുള്ള ജനാംഗീകാരമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഒമ്പതു മാസമായി തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ സാമൂഹികനീതി യജ്ഞത്തിന്‍റെ തുടർച്ചയായി വേണം ആർ. പ്രിയയുടെ മേയർസ്ഥാനലബ്​ധിയെ കാണാൻ. അതിലൂടെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ വളർന്നുവരേണ്ട ബദൽരാഷ്ട്രീയത്തിന്‍റെ മുഖമേതാകണമെന്ന സന്ദേശവും അദ്ദേഹം കൈമാറുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതക്കു സംവരണം ചെയ്ത സ്റ്റാലിൻ സർക്കാറിന്‍റെ ഉത്തരവാണ് ആർ. പ്രിയയെ ചരിത്രമാകാൻപോകുന്ന ഈ അധികാരാരോഹണത്തിന് പ്രാപ്തയാക്കിയത്.

വിവിധ ജനവിഭാഗങ്ങൾക്കുള്ള സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യവും നീതിനിർവഹണത്തിലെ അർപ്പണബോധവും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ മാത്രമല്ലെന്ന് തെളിയിക്കാനായതിന് ലഭിച്ച ജനാംഗീകാരംകൂടിയാണ് ഗംഭീരമായ ഈ വിജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽപോലും കുലുങ്ങാതിരുന്ന നാമക്കൽ മുതൽ കോയമ്പത്തൂർ വരെയുള്ള എ.ഐ.എ.ഡി.എം.കെയുടെ 'പടിഞ്ഞാറൻ ബെൽറ്റി'ലെ കോട്ടകൾ ഇടിച്ചുനിരത്തിയാണ് സ്റ്റാലിനും സഖ്യകക്ഷികളും 10 വർഷത്തെ ഇടവേളക്കുശേഷം 67 ശതമാനം സീറ്റുകളിൽനിന്ന് 80 ശതമാനം വാർഡുകളും നേടി മേധാവിത്വം ഉറപ്പിച്ചത്. മുൻ മുഖ്യമന്ത്രിമാരായ എടപ്പാടി കെ. പളനിസാമിയുടെയും ഒ. പന്നീർസെൽവത്തിന്‍റെയും വീട്ടുമുറ്റത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വരെ ഈ തേരോട്ടത്തിൽ ഡി.എം.കെ പിടിച്ചെടുത്തു. ജാതി-മത-ലിംഗഭേദ​െമന്യേ എല്ലാവർക്കും തുല്യ വികസനവും തുല്യാവസരവും അവകാശവും നൽകുമെന്ന് പ്രഖ്യാപിച്ച സ്റ്റാലിന്‍റെ ദ്രാവിഡ മാതൃക പാഴ്വാക്കല്ലെന്ന്, ദലിത് യുവതിയെ ശ്രീകോവിലിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതിന് ചിദംബരം ക്ഷേത്രത്തിലെ 20 പൂജാരിമാർക്കെതിരെ എസ്‌.സി/എസ്.ടി നിയമപ്രകാരം കേസടുക്കാൻ തയാറായത് മുതൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണംവരെയുള്ള സർക്കാർ നടപടികൾ ബോധ്യപ്പെടുത്തി. നീറ്റ് പരീക്ഷവിഷയത്തിലും കേന്ദ്ര വിദ്യാഭ്യാസ പരിഷ്കരണത്തിലെ ഭാഷാപ്രശ്നമടക്കമുള്ള വിവിധ വിഷയങ്ങളിലും ഫെഡറലിസത്തിന്‍റെ സത്തയും തമിഴിന്‍റെ സ്വത്വവും സംയോജിപ്പിക്കാനും അതിലൂടെ ജനങ്ങളുടെ പിന്തുണയാർജിക്കാനും അദ്ദേഹത്തിന് സാധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമുള്ള വാർത്തസമ്മേളനത്തിൽ സ്റ്റാലിൻ വിജയത്തിന്‍റെ കീർത്തി സഖ്യകക്ഷികൾക്കുകൂടിയുണ്ടെന്ന് അംഗീകരിക്കുകയും എളിമയോടെ വിജയമാഘോഷിക്കൂ എന്ന് അണികളെ ഉണർത്തുകയും ചെയ്തു. സീറ്റുകളും വോട്ട്ശതമാനവും വർധിച്ചതിനാൽ തീർച്ചയായും, ഡി.എം.കെയുടെ പ്രധാന സഖ്യകക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്​ലിം ലീഗ് തുടങ്ങി എല്ലാവർക്കും ഈ ഫലം ഏറെ മധുരതരമാണ്. ഈ വിജയത്തെ മതനിരപേക്ഷതയുടെ വിജയമായി പ്രഖ്യാപിക്കുകയും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളാൽ ഉറപ്പിച്ചതാണ് ഡി.എം.കെയുടെ സഖ്യമെന്ന് ഊന്നുകയും ചെയ്തതോടെ ബി.ജെ.പി ഒഴികെയുള്ള എല്ലാവരെയും മതേതര പുരോഗമന സംഖ്യത്തിന്‍റെ ഭാഗമാക്കി. ഡി.എം.കെയുടെ നേതൃത്വത്തിൽ തൊട്ടയൽപക്കത്ത് കോൺഗ്രസും സി.പി.എമ്മും മുസ്​ലിം ലീഗും മക്കൾ വിടുതലൈ കക്ഷിയും തമിഴ്നാട് മുസ്​ലിം മുന്നേറ്റ കഴകത്തിന്‍റെ രാഷ്ട്രീയ പ്രതിനിധാനവും വിടുതലൈ ശിറുതൈകൾ കക്ഷിയും ഏകോപിച്ചുനിൽക്കുന്നുവെന്നത് പ്രത്യാശാനിർഭരമാണ്. സ്വാഭാവികമായും ഈ നിലപാടുകൾ സ്റ്റാലിന് തമിഴ്നാടിന് അകത്തും പുറത്തും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിശ്വസിക്കാവുന്ന നേതാവ് എന്നും സഖ്യകക്ഷികളെ പരിഗണിക്കുന്ന രാഷ്ട്രീയ സംഘാടകൻ എന്നുമുള്ള പ്രതിച്ഛായ സമ്മാനിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വിജയം അതിനെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

ഇവിടെ പരസ്പരം പോരടിക്കുന്നവർ അവിടെ ഒറ്റമുന്നണിയായി നിലയുറപ്പിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയപരീക്ഷണങ്ങൾ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. സംവരണമാകട്ടെ, ഹിജാബ് വിവാദമാകട്ടെ, ജാതിവിവേചനങ്ങൾക്കെതിരായ നിയമനടപടികളാകട്ടെ വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ, സാമൂഹിക പ്രതിനിധാനങ്ങളെയും തുല്യാവസരങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും പിന്തുണക്കാനും വിദ്വേഷരാഷ്ട്രീയത്തിന്‍റെ വൈറസുകളെ സാംസ്കാരികമായും സാമൂഹികമായും ഫലപ്രദമായി ചെറുക്കാനും തമിഴ്നാടിന് സാധിക്കുമ്പോൾ കേരളത്തിൽ അത് കഴിയാതെ പോകുന്നത്​ എന്തുകൊണ്ടെന്ന് എല്ലാവരും ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുഫലവും ആർ. പ്രിയയുടെ അധികാരാരോഹണവും വലിയ സാമൂഹികചലനത്തിനുള്ള ഇന്ധനമാ​െണന്ന് കേരളത്തിലെ രാഷ്ട്രീയപാർട്ടികളും തിരിച്ചറിയുന്നുവെങ്കിൽ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ഭൂപടം കൂടുതൽ നവീകരിക്കപ്പെടും. തീർച്ച!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialTamil Nadumkstalin
News Summary - 4th march editorial on Dravidian model in Tamil Nadu
Next Story