Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസമാധാന സന്നദ്ധതയെ...

സമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത്

text_fields
bookmark_border
സമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത്
cancel


സായുധ വിപ്ലവപാത വെടിഞ്ഞ് ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലിന് രാജ്യത്തെ മാവോവാദികളായ സി.പി.ഐ (മാവോയിസ്റ്റ്) തയാറായിരിക്കുന്നു. സർക്കാറും ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും സേനാനടപടികൾ നിർത്തിവെക്കുകയും വേണമെന്നാണ് അവരുടെ ആവശ്യം. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പിനോടുള്ള പ്രതികരണം സർക്കാർ സമൂഹ മാധ്യമങ്ങളിലൂടെയോ റേഡിയോ വഴിയോ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. ഏതാനും മാസങ്ങളായി നേരിടുന്ന കനത്ത തിരിച്ചടികളെ തുടർന്നാണ് മാവോവാദികളുടെ മനംമാറ്റം എന്നാണ് കരുതപ്പെടുന്നത്. പ്രസ്താവനയുടെ ആധികാരികത പരിശോധിച്ചു വരുകയാണെന്നും ചർച്ച ചെയ്യുമെന്നും ഛത്തിസ്ഗഢ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും സമാനമായ നിർദേശങ്ങൾ മാവോവാദികൾ മുന്നോട്ടുവെച്ചെങ്കിലും കേന്ദ്രവും ഛത്തിസ്ഗഢ് സർക്കാറും അനുകൂലമായല്ല പ്രതികരിച്ചത്. മാവോവാദികളുടെ രാഷ്ട്രീയത്തോടും പ്രവർത്തനരീതിയോടും യോജിക്കുന്നില്ലെങ്കിലും ചർച്ചകൾക്ക് തയാറാകണമെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വിവിധ പൗരാവകാശ സംഘടനകളും അന്നുമുതലേ ആവശ്യപ്പെട്ടിരുന്നു.

കേരളമടക്കം പത്തിലേറെ സംസ്ഥാനങ്ങളിൽ മാവോവാദി സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തിന്റെ വിലയിരുത്തൽ. 400ലധികം പൊലീസ് സ്റ്റേഷനുകൾ മാവോവാദി ഭീഷണിയിലാണ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആദിവാസി​ മേഖലകളിൽ മാവോവാദികൾ ഇടക്കിടെ സാന്നിധ്യമറിയിക്കാറുമുണ്ട്. ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍, ആന്ധ്ര, തെലങ്കാന എന്നിവ സജീവ സാന്നിധ്യമുള്ള സംസ്ഥാനങ്ങളാണ്. ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. നിരന്തരമായ ഏറ്റുമുട്ടലുകൾക്ക് വേദിയാവുന്ന ഛത്തിസ്ഗഢിൽ നിന്നാണ് ഇപ്പോൾ മാവോവാദികളുടെ പ്രഖ്യാപനം വന്നിരിക്കുന്നതും.

കുറച്ചു മാസങ്ങളായി മാവോവാദികളും സുരക്ഷാ സേനയും തമ്മിലെ ഏറ്റുമുട്ടലുകൾ രൂക്ഷമാണ്. ഈ വർഷം മാത്രം 500ലധികം മാവോവാദികളെ വധിച്ചുവെന്നാണ് സർക്കാർ വാദം. മാവോവാദികൾ ആരാണെന്നോ അവരുടെ ആദർശം എന്താണെന്നോ അറിവില്ലാത്ത ഒട്ടനവധി സാധാരണ ഗ്രാമീണരെയും ഇതിനിടയിൽ കൊലപ്പെടുത്തി മാവോവാദി മുദ്ര ചാർത്തിക്കൊടുത്തിട്ടുമുണ്ട്. മാവോവാദി ഒഡിഷ സംസ്ഥാന സമിതി സെക്രട്ടറിയും ഉന്നത കമാൻഡറുമായ ബാലകൃഷ്ണൻ, കൂട്ടാളികളായ പ്രമോദ് എന്ന പണ്ടർണ, വിമൽ എന്ന മംഗണ്ണ, മാവോയിസ്റ്റ് മിലിറ്ററി ഓപറേഷന്‍സ് മേധാവിയായിരുന്ന കമാന്‍ഡര്‍ വിക്രം ഗൗഡ, ബസ്തർ മേഖലയിലെ ജനറൽ സെക്രട്ടറി ബസവരാജു എന്ന നമ്പാല കേശവറാവു തുടങ്ങി സംസ്ഥാന സർക്കാറുകൾ തലക്ക് കോടികൾ വിലയിട്ട പല മാവോവാദി നേതാക്കളും ഇതിനകം കൊല്ലപ്പെട്ടു. കേരളത്തിലുൾപ്പെടെ അരങ്ങേറിയതിൽ പലതും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളാണെന്ന ആക്ഷേപം ശക്തം. മാവോവാദി അതിക്രമങ്ങളിലും മാവോവാദി വിരുദ്ധ ഓപറേഷനുകളിലും ഒട്ടനവധി സുര​ക്ഷാ സേനാംഗങ്ങളെയും രാജ്യത്തിന് നഷ്ടമായി. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ പുനരധിവാസ ആനുകൂല്യങ്ങൾ സ്വീകരിച്ച് നിരവധി മാവോവാദികൾ കീഴടങ്ങിയിരുന്നു. ഇതര സംസ്ഥാനങ്ങളിലും ഈ പ്രവണത കൂടിവരുകയാണ്.

2026 ഓടെ രാജ്യം മാവോവാദി ഭീഷണിയിൽനിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിരിക്കെ മാവോവാദികളുടെ വെടിനിർത്തൽ സന്നദ്ധത സർക്കാർ ഒരവസരമായി കാണേണ്ടതുണ്ട്. ചർച്ചയുടെ വാതായനങ്ങൾ തുറന്നിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണം. മാവോവാദികൾ അക്രമം നിർത്തിയാൽ ചർച്ചക്ക് തയാറാ​ണെന്ന് ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് പലവുരു വ്യക്തമാക്കിയിരുന്നുവെങ്കിലും അത് യാഥാർഥ്യമായില്ല.

അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും വൻകിട വ്യവസായികളുടെയും കൊടിയ ചൂഷണം നടമാടുന്ന പ്രദേശങ്ങളിലാണ് മാവോവാദികൾക്ക് സ്വാധീനമുണ്ടാക്കാനാവുന്നത്. ജനങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാറുകളും പ്രാദേശിക ഭരണകൂടങ്ങളും പുലർത്തുന്ന വിമുഖതയാണ് അതിന് വഴിയൊരുക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി വലിയ മാവോവാദി വേട്ട നടക്കുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിറോളി മേഖലയിൽ വൻകിട ഖനന കമ്പനിക്ക് വീഥിയൊരുക്കാൻ 937 ഹെക്ടർ വനഭൂമിയാണ് വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. 1.23 ലക്ഷം മരങ്ങളാണ് ഈ പദ്ധതിയുടെ പേരിൽ വെട്ടിവീഴ്ത്തപ്പെടുക. ആദിവാസി-വനാവകാശ നിയമങ്ങളെ കാറ്റിൽപറത്തിയും വെട്ടിത്തിരുത്തിയും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ വികസനമെന്ന് സർക്കാറും കമ്പനികളും വിളിക്കുമെങ്കിലും കാടിന്റെ യഥാർഥ അവകാശികളുടെ ജീവിതം നരകതുല്യമാക്കുന്നതിലേക്കാണ് അത് കൊണ്ടെത്തിക്കുക. തദ്ദേശ ജനതയുടെ ക്ഷേമവും സു​രക്ഷയും അടിയറവ് വെക്കാത്ത സുസ്‍ഥിര വികസന പദ്ധതികൾ ആലോചിക്കുന്നതിനുപകരം വൻകിട ഖനന കമ്പനികൾക്ക് വേണ്ടി ആദിവാസികളെ, അവർ ജനിച്ചുവളർന്ന മണ്ണിൽ നിന്ന് ഒരു മാനദണ്ഡവുമില്ലാതെ വേരോടെ പിഴുതെറിയുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക​ളെല്ലാം മൗനത്തിലാവും; അതിനെ ചോദ്യം ചെയ്യുന്ന സ്റ്റാൻ സ്വാമിയെപ്പോലുള്ള പൗരാവകാശ-ജനകീയ പ്രവർത്തകരെ മാവോവാദി മുദ്രകുത്തി അടിച്ചമർത്തുകയും ജയിലിലടക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളിലാണ് മാവോവാദികൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നത്. ഈ വിധ സാഹചര്യങ്ങൾ പഠിക്കാനും ചൂഷണങ്ങൾ എല്ലാതലങ്ങളിലും ഒഴിവാക്കാനും സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെടുന്നതും മാവോവാദി-ഭരണകൂട സംഘർഷങ്ങൾക്ക് നടുവിൽ വഴിമുട്ടുന്നതും രാജ്യത്തെ പൗരരുടെ ജീവനാണ്, ജീവിതമാണ്. രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് കോടികളാണ് മാവോവാദി വേട്ടയുടെ പേരിൽ സർക്കാർ ചെലവഴിക്കുന്നത്. ആ തുകയുടെ നാലിലൊന്ന് രാജ്യത്തെ പിന്നാക്ക ആദിവാസി മേഖലകളുടെ വികസനത്തിന് ചെലവഴിക്കാൻ മാറിമാറി വന്ന ഭരണകൂടങ്ങൾ സന്നദ്ധത കാണിച്ചിരുന്നുവെങ്കിൽ തികച്ചും രക്തരഹിത മാർഗത്തിലൂടെ മാവോവാദി സാന്നിധ്യം ഇല്ലാതാക്കാൻ പണ്ടേ സാധിച്ചേനെ. സമാധാനം ഉറപ്പുവരുത്താനുള്ള ഒരവസരവും പാഴാകാതിരിക്കാൻ മുൻകൈയെടുക്കേണ്ടത് സർക്കാർ തന്നെയാണ്. ഇരുപക്ഷത്തെയും നിലപാടുകൾ സത്യസന്ധവും ആത്മാർഥവുമായാൽ മാത്രമേ രാജ്യം ആഗ്രഹിക്കുന്ന ഫലം കാണുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialMaoistsMadhyamam Podcast
News Summary - Madhyamam Editorial podcast 2025 Sep 19
Next Story