Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭീകരതയെ തറപറ്റിക്കാന്‍...

ഭീകരതയെ തറപറ്റിക്കാന്‍ പഴുതടച്ച നീക്കം വേണം

text_fields
bookmark_border
editorial
cancel
ജനുവരി രണ്ടിന് പത്താന്‍കോട്ട് ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനുനേരെ നടന്നതിലും ഭീകരമായ ആക്രമണമാണ് ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികക്യാമ്പിനു നേരെ ഞായറാഴ്ചയുണ്ടായത്. 18 സൈനികര്‍ വീരമൃത്യു വരിച്ചു. 18 പേര്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. ചാവേറാക്രമണത്തിനത്തെിയ നാലു ഭീകരരെയും സൈന്യം വധിച്ചു. ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ളെങ്കിലും മുംബൈയിലെയും പത്താന്‍കോട്ടിലെയും മുന്നനുഭവങ്ങള്‍ വെച്ചും നിലവില്‍ കശ്മീരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലശക്തി നല്‍കുന്നവരെന്ന നിലക്കും പാകിസ്താന്‍ സഹായത്തില്‍ നടന്ന ദുഷ്പ്രവൃത്തിയാണിതെന്നു കാണാന്‍ പ്രയാസമില്ല. സൈന്യം വധിച്ച നാലു ഭീകരരും വിദേശികളാണെന്നും  പാകിസ്താന്‍ അടയാളങ്ങളുള്ള ആക്രമണക്കോപ്പുകള്‍ കണ്ടെടുത്തെന്നും സൈനിക ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹീനമായ ആക്രമണത്തിനു പിറകിലുള്ളവരെ വെറുതെ വിടില്ളെന്നു പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനായ രാഷ്ട്രപതിയും പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അനുയോജ്യസമയത്ത് ഉചിതനീക്കത്തിന് തീരുമാനമെടുത്തിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ പഴുതടച്ച നീക്കങ്ങള്‍ നടത്തേണ്ട സന്ദര്‍ഭമാണിത്. പത്താന്‍കോട്ടെ വീഴ്ചകള്‍ പരിഹരിക്കാനുള്ള വഴികളാരായുന്നതിനിടെയാണ് അതിലും നീചമായ ഉറിയിലെ ഭീകരാക്രമണമെന്നത് കേന്ദ്രഗവണ്‍മെന്‍റിനെ കുഴക്കുന്നുണ്ട്. കശ്മീരിലെ കാലുഷ്യം പാകിസ്താന്‍ മുതലെടുക്കുന്നത് തടയാന്‍ താഴ്വരയിലെ സൈനികബലം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് നേരത്തേയും ഭീകരാക്രമണങ്ങള്‍ നടന്ന നിയന്ത്രണരേഖക്കു സമീപമുള്ള ഉറിയില്‍ ഭീകരര്‍ അഴിഞ്ഞാടുന്നത്. 2015ല്‍ താഴ്വരയിലെതന്നെ സാംബയിലുണ്ടായ ആക്രമണത്തിനു സമാനമാണ് ഞായറാഴ്ചത്തേതെന്നാണ് പ്രതിരോധ മന്ത്രാലയ നിരീക്ഷണം. ജയ്ശെ മുഹമ്മദ് ഈയിടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ കശ്മീരിനെയും ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെയും ഉന്നംവെക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം ഉണ്ടായിരിക്കെ ഇത്ര വലിയൊരു ആക്രമണത്തിന് അതിര്‍ത്തി കടന്നത്തെിയ നാലുപേര്‍ക്ക് എങ്ങനെ കഴിഞ്ഞെന്നത് ഗൗരവതരമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. നിയന്ത്രണരേഖയിലെ അശ്രദ്ധയും ഉറി ആര്‍മിബേസിനു സമീപമുള്ള വേലി പൊളിഞ്ഞതും ഭീകരര്‍ക്ക് സൗകര്യമൊരുക്കിയെന്ന് രാജ്യരക്ഷാവിഭാഗത്തിന്‍െറ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിര്‍ത്തികള്‍ ഭദ്രമാക്കുന്നതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളും നടപടികളുമൊക്കെ കൂടുതല്‍ ശക്തിയോടെ നടത്തിയെന്നു സര്‍ക്കാര്‍ പറയുമ്പോഴും അതീവ ഗുരുതരഘട്ടങ്ങളിലെ സുരക്ഷാവീഴ്ച തുടര്‍ക്കഥയാവുന്നത് വലിയ ദുര്യോഗംതന്നെ. അതിര്‍ത്തി കടന്നത്തെുന്ന ഭീകരതയെ നേരിടാന്‍ വാചാടോപം മതിയാവില്ളെന്ന് കേന്ദ്രസര്‍ക്കാറും നയിക്കുന്ന ബി.ജെ.പിയും ഓര്‍ക്കണം. നരേന്ദ്ര മോദി അധികാരത്തിലത്തെിയാല്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തി ഭേദിക്കാന്‍ ധൈര്യപ്പെടില്ളെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടി പ്രസിഡന്‍റ് അമിത് ഷായുടെ അവകാശവാദം. എന്നാല്‍, സാംബയും പത്താന്‍കോട്ടും ഇപ്പോള്‍ ഉറിയും അത് തള്ളിക്കളയുന്നു. കക്ഷിരാഷ്ട്രീയ താല്‍പര്യത്തിന്‍െറ വീരവാദങ്ങളല്ല, യാഥാര്‍ഥ്യബോധത്തോടെയുള്ള രാജ്യതന്ത്രജ്ഞതയാണ് ഇത്തരം വിഷയങ്ങളില്‍ പ്രാപ്തിയുള്ള ഭരണകൂടത്തില്‍നിന്നുണ്ടാകേണ്ടത്.
തിങ്കളാഴ്ച യു.എന്‍ ജനറല്‍ അസംബ്ളി സമ്മേളിക്കാനിരിക്കെ നടന്ന ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടാകാമെന്നാണ് വിദഗ്ധാഭിപ്രായം. കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള പാക് ശ്രമത്തിനെതിരെ ബലൂചിസ്താനിലെ പാക് അതിക്രമങ്ങളെ ഉയര്‍ത്തിക്കാണിക്കാനും ബലൂച് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയാഭയം നല്‍കാനുമുള്ള ഇന്ത്യയുടെ തീരുമാനം ഇസ്ലാമാബാദിനെ അരിശം കൊള്ളിച്ചിട്ടുണ്ട്. ഇതിനെതിരെ കശ്മീരില്‍ പ്രകോപനമുയര്‍ത്തി ഇന്ത്യയെ കടുത്ത നടപടിക്കു നിര്‍ബന്ധിക്കുകയും തുടര്‍ന്ന് സംയമനത്തിനും അനുരഞ്ജനത്തിനും അന്താരാഷ്ട്രസമൂഹത്തിന്‍െറ സമ്മര്‍ദം ന്യൂഡല്‍ഹിക്കുമേല്‍ തിരിച്ചുവിടുകയും ചെയ്യുകയെന്ന ദുഷ്ടലാക്ക് പാകിസ്താനുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റത്തിനെതിരെ സൈനികസന്നാഹത്തോടെ ശക്തമായി തിരിച്ചടിക്കുകയും അതേസമയം, യു.എന്‍ അടക്കമുള്ള അന്താരാഷ്ട്രവേദികളിലും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കു മുന്നിലും പാകിസ്താന്‍െറ കുടിലനീക്കങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുകയെന്ന ഇരട്ട ദൗത്യമാണ് ഇന്ത്യക്ക് നിര്‍വഹിക്കാനുള്ളത്.
അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഊര്‍ജിതമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 18 സൈനികര്‍ മണിപ്പൂരില്‍ അതിര്‍ത്തി കടന്നത്തെിയ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മ്യാന്മര്‍ അതിര്‍ത്തിയിലേക്ക് ശക്തമായ മുന്നേറ്റം നടത്തിയ ഇന്ത്യന്‍സേന അയല്‍ശത്രുതയെ നിര്‍വീര്യമാക്കിയിരുന്നു. സമാനരീതിയില്‍ കശ്മീരിന്‍െറ അതിരുകളില്‍ സൈനികനീക്കം വേണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, മ്യാന്മറുമായുള്ളതല്ല, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം. കശ്മീര്‍ സംഘര്‍ഷഭരിതമായിരിക്കെ, പിന്നില്‍ കളിക്കുന്ന പാകിസ്താനെതിരെ, അവിടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു നടത്തുന്ന ഏതു നീക്കത്തിനും അതിജാഗ്രത വേണ്ടിവരും. അടുത്തൂണ്‍ പറ്റിയ സൈനികരുടെയും ക്ഷിപ്രക്ഷോഭക്കാരായ മാധ്യമവണിക്കുകളുടെയും യുദ്ധാവേശമല്ല, വീഴ്ചകളില്‍നിന്ന് പഠിച്ച് പഴുതടച്ച രാഷ്ട്രീയ, സൈനികനീക്കങ്ങളിലൂടെ രാജ്യത്തെ അപായപ്പെടുത്തുന്ന ഭീകരതയെയും പ്രായോജകരെയും തറപറ്റിക്കാനുള്ള ഭരണമിടുക്കാണ് രാജ്യസ്നേഹികള്‍ മോദി സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahyamam editorial. uri terror attack
Next Story