പ്രധാനമന്ത്രിയുടെ പിറന്നാള്‍ സന്ദേശം
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66ാം പിറന്നാള്‍ ആഘോഷം ശ്രദ്ധിക്കപ്പെട്ടത് രണ്ടു കാരണങ്ങളാലാണ്. അതിലൊന്ന്, തന്‍െറ മുന്‍ പിറന്നാളാഘോഷ സന്ദര്‍ഭങ്ങളിലേതുപോലെ അമ്മ ഹീര ബെന്നിന്‍െറ അനുഗ്രഹാശിസ്സുകള്‍ വാങ്ങാന്‍ ഗുജറാത്തിലെ ജന്മഗേഹത്തില്‍ 25 മിനിറ്റോളം ചെലവഴിച്ചതിനുശേഷം പ്രധാനമന്ത്രി ഡാഹോദ് ജില്ലയിലെ ലിംഖെദയില്‍ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ നടത്തിയ പിറന്നാള്‍ പ്രഖ്യാപനങ്ങളാണ്. നാലു ജില്ലകളിലായി 21 ലക്ഷത്തിലധികം പേര്‍ക്ക് ദാഹജലവും ഒരു ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ രീതിയിലൂടെ വെള്ളവും എത്തിക്കുന്ന 4800 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം അങ്ങേയറ്റം പിന്നാക്കംനില്‍ക്കുന്ന തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലക്ക് ആശ്വാസകരമാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യംവെച്ച് ഭിന്നശേഷിക്കാരായ പതിനൊന്നായിരം പേര്‍ക്കുള്ള സഹായപ്പൊതി വിതരണവും ഈയവസരത്തില്‍ കെങ്കേമമായി നടത്തപ്പെട്ടു.
ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത് പര്യടനത്തെ ശ്രദ്ധേയമാക്കിയ രണ്ടാമത്തെ കാര്യം സംസ്ഥാനത്തെ ക്രമസമാധാനനില ഉറപ്പുവരുത്താനെന്ന പേരില്‍ തെക്കന്‍ ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എമാരടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങി രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ടാണ്. ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന അനാമത് ആന്ദോളന്‍ സമിതിയുടെ 400 പ്രവര്‍ത്തകരെയും പ്രധാനമന്ത്രിക്കുനേരെയുള്ള പ്രക്ഷോഭത്തെ ഭയന്ന് തടവില്‍വെച്ചിരുന്നു. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ തടങ്കലെന്ന് ഡെപ്യൂട്ടി കമീഷണര്‍ ദീപന്‍ ഭദ്രന്‍െറ പ്രസ്താവന മാത്രമാണ് ഈ നടപടിയെക്കുറിച്ചുള്ള ഒൗദ്യോഗിക നിലപാട്.
കോണ്‍ഗ്രസിന്‍െറയും അനാമത് ആന്ദോളന്‍ സമിതിയുടെയും പ്രവര്‍ത്തകരെ മൂന്നു ദിവസത്തിലധികം തടവില്‍ സൂക്ഷിച്ചപ്പോള്‍ വെള്ളിയാഴ്ച രാത്രി മോദി അഹ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു, ഡല്‍ഹിയില്‍ ദലിത് സ്വാഭിമാന സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയ ജിഗ്നേഷ് മേവാനിയെ വിമാനത്താവളത്തില്‍വെച്ച് സിവില്‍ വേഷം ധരിച്ച 25 പൊലീസുകാര്‍ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് വിടുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ളെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കരുതല്‍ തടവ് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയ ഘട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കനത്ത പൊലീസ് സംഘത്തിന്‍െറ കാവലിലായിരുന്നു അദ്ദേഹത്തിന്‍െറ സമരസ്ഥലത്തേക്കുള്ള യാത്രയും മറ്റും.
മുന്‍കാല ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍നിന്ന് വിഭിന്നമായ വഴികളിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം മുതല്‍ സഞ്ചരിക്കുന്നത്. ജനാധിപത്യ ഭരണകര്‍ത്താക്കളെയല്ല രാജാധിപത്യ ഭരണക്രമത്തെയാണ് പ്രധാനമന്ത്രി പലപ്പോഴും അനുകരിക്കുന്നതെന്ന വിമര്‍ശത്തെ ക്ഷണിച്ചുവരുത്തുന്നതാണ് ഈ വ്യത്യസ്ത സഞ്ചാരം. പ്രധാനമന്ത്രിയുടെ 66ാം പിറന്നാള്‍ ആഘോഷത്തിലെ രണ്ട് സംഭവങ്ങളും ഈ വിമര്‍ശത്തെ അരക്കിട്ടുറപ്പിക്കുന്നതരത്തിലായിരിക്കുന്നു. പ്രധാനമന്ത്രിമാര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും അവിടത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള വികസനപ്രക്രിയക്ക് തുടക്കംകുറിക്കുന്നതും സാധാരണവും അവരുടെ കൃത്യനിര്‍വഹണത്തിന്‍െറ ഭാഗവുമാണ്. പക്ഷേ, ഒരു ജനാധിപത്യസമൂഹത്തില്‍ അത്തരം പ്രഖ്യാപനങ്ങള്‍ക്ക് സ്വന്തം ജന്മനാള്‍ തെരഞ്ഞെടുക്കുന്നത് അത്ര ഭൂഷണമല്ല.
മാത്രമല്ല, ജനാധിപത്യേതര ഭരണക്രമത്തിന്‍െറ ഭീതിജനകമായ ഓര്‍മകളെ പുനരാനയിക്കാനും അത് നിമിത്തമാകും. അത്തരം ആശങ്കകളെ പ്രബലപ്പെടുത്തുന്നതായിരുന്നു സുരക്ഷാകാരണങ്ങളും പ്രതിഷേധഭയവും പറഞ്ഞുകൊണ്ട് എം.എല്‍.എമാരടക്കമുള്ളവരുടെ കരുതല്‍ തടവ്. എതിര്‍ശബ്ദങ്ങളെ പ്രധാനമന്ത്രി ഭയക്കുന്നുവെന്നതിന്‍െറയും ഭിന്നാഭിപ്രായങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടുന്നുവെന്നതിന്‍െറയും തെളവായിത്തീരുകയാണ് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍. തന്നെ വിട്ടയച്ച കാര്യം യഥാസമയം ജിഗ്നേഷ് മേവാനി പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതോടൊപ്പം കശ്മീരില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേസിനും ഛത്തിസ്ഗഢില്‍ പൊലീസ് പിടികൂടിയ പത്രപ്രവര്‍ത്തകന്‍ പ്രഭാത് സിങ്ങിനും വേണ്ടി ശബ്ദമുയര്‍ത്തണമെന്നും ഗുജറാത്തിലെ ഗോരക്ഷകര്‍ അടിച്ചുകൊന്ന മുഹമ്മദ് അയ്യൂബിന്‍െറ കുടുംബത്തിനൊപ്പം അണിചേരാനും മേവാനി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ദരിദ്രജനവിഭാഗങ്ങളെ അഭിമുഖീകരിക്കുകയും അവര്‍ക്ക് വികസനപ്രഖ്യാപനങ്ങള്‍ പിറന്നാള്‍ സന്ദേശമായി കൈമാറുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍തന്നെ അതിലെ വൈരുധ്യത്തെ തുറന്നുകാണിക്കാനായിരുന്നു ദലിത് സമരനായകന്‍ ഈ ആഹ്വാനങ്ങള്‍ മുഴക്കിയത്.
തനിക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് ശശി തരൂരിന്‍െറ കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റിന് ക്രിയാത്മക വിമര്‍ശമില്ലാതെ മറ്റെന്താണ് നമ്മുടെ ജനാധിപത്യത്തിലുള്ളതെന്ന് ആരാഞ്ഞ മോദി സംവാദങ്ങള്‍ നമ്മെ കൂടുതല്‍ ശക്തരാക്കും എന്നും പ്രതികരിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ഈ പ്രതികരണത്തില്‍, തരൂര്‍ ഓര്‍മിപ്പിച്ചതുപോലെ ഭിന്നാഭിപ്രായങ്ങളെ കടുത്ത രീതിയില്‍ നിരാകരിക്കുന്ന ഇപ്പോഴത്തെ നിലപാടില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തിന്‍െറ അന്തസ്സത്തയുണ്ടായിരുന്നു. യുദ്ധത്തിന്‍െറ വക്കോളമത്തെിനില്‍ക്കുന്ന അയല്‍പക്കബന്ധങ്ങളിലും ദിനംപ്രതി മൂര്‍ച്ഛിക്കുന്ന സാമൂഹിക അന്ത$സംഘര്‍ഷങ്ങളിലും രാജ്യം തേടുന്നത് ക്രിയാത്മക വിമര്‍ശത്തെ ഉള്‍ക്കൊള്ളുന്ന, വ്യത്യസ്തതകളെ ബഹുമാനിക്കാന്‍ സന്നദ്ധതയുള്ള പ്രധാനമന്ത്രിയെ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
