Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസഖാക്കളും സംഘികളും...

സഖാക്കളും സംഘികളും കൊയ്തെടുക്കുന്ന തലകള്‍

text_fields
bookmark_border
സഖാക്കളും സംഘികളും കൊയ്തെടുക്കുന്ന തലകള്‍
cancel

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് വാളാങ്കിച്ചാലില്‍ സി.പി.എമ്മിന്‍െറ ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ (53) വെട്ടേറ്റ് മരിച്ചത് ഒക്ടോബര്‍ 10 ബുധനാഴ്ചയാണ്. മോഹനന്‍ ജോലിചെയ്യുന്ന കള്ളു ഷാപ്പിലെ സഹപ്രവര്‍ത്തകന്‍കൂടിയായ സി.പി.എം പ്രവര്‍ത്തകന്‍ അശോകന്‍ വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്. കൗതുകകരമായ കാര്യം, അന്നേ ദിവസം തന്നെയാണ്, കേരളത്തിലെ സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ ഡല്‍ഹിയില്‍, സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതും! കേരളത്തില്‍ സി.പി.എം തങ്ങളുടെ പ്രവര്‍ത്തകരെ കായികമായി ആക്രമിക്കുകയാണെന്നും ഈ പ്രശ്നം തങ്ങള്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ബി.ജെ.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അതിന്‍െറ ഭാഗമായിട്ടാണ് അവര്‍ ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ച്. കേരളത്തില്‍ സി.പി.എമ്മുകാരനെ കൊല്ലുക, അതേ ദിവസം തന്നെ സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുക ബി.ജെ.പിക്കാര്‍ക്കുമാത്രം കഴിയുന്ന വിചിത്രമായ കാര്യം എന്നു കരുതുക.

ഇന്നലെ, ബുധനാഴ്ച, മോഹനന്‍െറ കൊലക്ക് പ്രതികാരം എന്ന നിലക്ക്, പിണറായിയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രമിത്ത് (29) പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചിരിക്കുന്നു. മോഹനന്‍െറ കൊലയെ തുടര്‍ന്ന് സി.പി.എം ജില്ലാ ഹര്‍ത്താലാണ് ആചരിച്ചിരുന്നതെങ്കില്‍ രമിത്തിന്‍െറ വധത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ഹര്‍ത്താലാണ് നടത്തുന്നത്. ഒരു ഭാഗത്ത് ബി.ജെ.പിആര്‍.എസ്.എസ് സംഘവും മറുഭാഗത്ത് സി.പി.എമ്മും അണിനിരന്നുകൊണ്ടുള്ള സായുധ സംഘട്ടനങ്ങളും കൊലപാതകങ്ങളും കേരളത്തിന് പുതുമയുള്ള കാര്യമല്ല. കണ്ണൂരിലാകട്ടെ ഇത് നാടന്‍ കലാരൂപമെന്ന മട്ടില്‍ വളര്‍ന്ന് വികസിച്ചിട്ടുമുണ്ട്. കൊല്ലുക, പകരം കൊല്ലുക, പിന്നെയും കൊല്ലുക എന്നതാണ് ഇരു കൂട്ടരുടെയും പ്രധാന പരിപാടി. അതിനിടയില്‍ രണ്ടു കൂട്ടരും മാറിമാറി ഹര്‍ത്താലുകള്‍ ആചരിക്കുന്നു. മലയാളി ആഹ്ളാദകരമായ ആലസ്യത്തോടെ അത് ആസ്വദിക്കുകയും ചെയ്യുന്നു.

അസംബന്ധ നാടകമെന്നപോലെ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ക്ക് അല്‍പം വ്യത്യാസമുണ്ട്. ഇതില്‍ കക്ഷികളായ രണ്ടുകൂട്ടരും ഉത്തരവാദിത്തമുള്ള ഭരണകക്ഷികളാണ് എന്നതാണത്. ബി.ജെ.പി ഈ മഹാരാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. സി.പി.എം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും. അതിനാല്‍ ഇരുകൂട്ടരും ഈ വഷളന്‍ ഏര്‍പ്പാട് അവസാനിപ്പിച്ച് ഉത്തരവാദബോധത്തോടെ പെരുമാറുക എന്നതാണ് പ്രാഥമികമായും പ്രധാനമായും പറയാനുള്ളത്. ഇങ്ങനെ പറയുമ്പോള്‍, ഒരു ഫാഷിസ്റ്റ് വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെയും സി.പി.എമ്മിനെയും നിങ്ങള്‍ ഒരേ നുകത്തില്‍ കെട്ടി സമീകരിക്കുകയാണോ എന്ന ചോദ്യം ഉയരും. തീര്‍ച്ചയായും കൊലപാതകങ്ങള്‍ മുന്നില്‍വെച്ച്, രണ്ടും കണക്കാണ് എന്ന ലളിത സമവാക്യത്തില്‍ എത്തുന്നത് രാഷ്ട്രീയമായി സൂക്ഷ്മമല്ല എന്ന തികഞ്ഞ ബോധ്യമുണ്ട്. ഒന്ന് ഫാഷിസ്റ്റ് രാഷ്ട്രീയ ക്രമത്തിനുവേണ്ടി പരിശ്രമിക്കുന്ന ലക്ഷണമൊത്ത വംശീയ പാര്‍ട്ടിയാണെങ്കില്‍ മറ്റേത്, പുരോഗമന മതനിരപേക്ഷ മൂല്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്.

രണ്ടിനെയും സമീകരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. അതേസമയം, ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ഹിംസയുടെ രാഷ്ട്രീയം കൈയൊഴിയുന്നതിലും കേരളത്തില്‍ രണ്ടു കൂട്ടരും പരാജയപ്പെടുന്നുവെന്നത് വസ്തുതതന്നെയാണ്. കണ്ണൂര്‍ ജില്ലയിലാകട്ടെ ഇത് അല്‍പം രൂക്ഷവുമാണ്. ജനാധിപത്യപരമായ പ്രവര്‍ത്തനരീതി രണ്ടു കൂട്ടരും ഇനിയും പഠിച്ചെടുത്തിട്ടു വേണം. ബി.ജെ.പി അടിസ്ഥാനപരമായിതന്നെ ‘അധീശ ന്യൂനപക്ഷത്തിന്‍െറ’ വംശീയ മേല്‍ക്കോയ്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തദാവശ്യാര്‍ഥം വര്‍ഗീയ കലാപങ്ങള്‍ എന്ന വ്യാജ നാമത്തില്‍ വന്‍ കൂട്ടക്കൊലകള്‍വരെ രാജ്യത്ത് നടപ്പാക്കിയവരാണ്. എന്നാല്‍ അതിനെതിരെ, മതേതരജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സി.പി.എം അവര്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഏര്‍പ്പാടുകള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്നതും വസ്തുതയാണ്.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെയും സി.പി.എമ്മിന്‍െറ വിദ്യാര്‍ഥി വിഭാഗമായ എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കാമ്പസുകളിലൂടെയും ഓട്ട പ്രദക്ഷിണം നടത്തുന്ന ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ ഇക്കാര്യങ്ങള്‍. തങ്ങളല്ലാത്ത ഒന്നിനെയും അനുവദിക്കില്ല എന്ന പരിപാടി അവര്‍ ഭംഗിയായി നടപ്പാക്കുന്നുണ്ട്. കണ്ണൂരിലെ ഒടുങ്ങാത്ത സംഘര്‍ഷങ്ങള്‍ക്ക് ഇത് ഒരു കാരണം തന്നെയാണ്. അതിനാല്‍, ഇരുകൂട്ടരും തലകൊയ്യല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക. അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറുക. ജനാധിപത്യ സംസ്കാരം എന്താണെന്ന് പഠിക്കുകയും അത് ആന്തരികവത്കരിക്കുകയും ചെയ്യുക.

ഈ മട്ടിലുള്ള സാരോപദേശങ്ങള്‍ നല്‍കുകയല്ലാതെ, ഭരണകക്ഷികളായ രണ്ട് പ്രസ്ഥാനങ്ങളോട് മറ്റെന്താണ് നമുക്ക് പറയാന്‍ കഴിയുക? പക്ഷേ, ഈ പറച്ചിലിന് എന്തെങ്കിലും ഫലമുണ്ടാവുമെന്ന് കരുതാന്‍ വയ്യ. അവര്‍ നാളെയും ഇങ്ങനെ ആളുകളുടെ തല കൊയ്തുകൊണ്ടേയിരിക്കും. നമ്മുടെ നാടിന്‍െറ ദുര്യോഗം എന്നല്ലാതെ എന്തു പറയാന്‍?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurCrime News
Next Story