Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജനങ്ങളെ...

ജനങ്ങളെ നിരാശപ്പെടുത്തരുത്

text_fields
bookmark_border
ജനങ്ങളെ നിരാശപ്പെടുത്തരുത്
cancel

മന്ത്രിസഭ അധികാരമേറ്റ് നാളുകള്‍ പിന്നിടുന്നതിനുമുമ്പേ ഭരണമുന്നണിയില്‍ നാമ്പെടുത്ത അഭിപ്രായഭേദം കൗതുകകരവും എന്നാല്‍ ഇടതുമുന്നണി സര്‍ക്കാറിന്‍െറ മുന്നോട്ടുള്ള ഗമനത്തിന്‍െറ ഗതിവിഗതികളിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പ്രതിപക്ഷവുമായി കൊമ്പുകോര്‍ക്കുന്നവിധമാണെങ്കില്‍ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അഭിപ്രായപ്രകടനം വിഷയത്തില്‍ നേരത്തേ വിരുദ്ധ നിലപാടെടുത്ത സി.പി.ഐയെയാണ് ചൊടിപ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പ്രശ്നപരിഹാരാര്‍ഥം പുതിയ ഡാം വേണമെന്ന മുന്‍ സര്‍ക്കാറിന്‍െറ ആവശ്യം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളവും തമിഴ്നാടും തമ്മില്‍ സംഘര്‍ഷത്തിന്‍െറയല്ല, സമാധാനത്തിന്‍െറ വഴിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കുന്നു.  നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തില്‍ ഇരു സംസ്ഥാനങ്ങളും പരസ്പര ധാരണയോടെയായിരിക്കണം അണക്കെട്ട് നിര്‍മിക്കേണ്ടതെന്ന് പരാമര്‍ശിക്കുന്നതായും മുഖ്യമന്ത്രി വാദിക്കുന്നു.

എന്നാല്‍, ഇത് സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്നും കേരളത്തിന്‍െറ നിലപാടിനു വിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രി പക്ഷേ, അതിരപ്പിള്ളിയിലത്തെുമ്പോള്‍ നിര്‍ദിഷ്ട ജലവൈദ്യുതി പദ്ധതിക്കായി ഡാം വേണമെന്ന അഭിപ്രായക്കാരനാണ്. ഇക്കാര്യത്തില്‍ നേരത്തേതന്നെ അഭിപ്രായവ്യത്യാസമുള്ള സി.പി.ഐ ഉടന്‍ വിയോജിപ്പുമായി രംഗത്തത്തെിയതിനു പുറമെ പരിസ്ഥിതി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു.
മുല്ലപ്പെരിയാറില്‍ വൈകാരികതയും പ്രായോഗികതയും ഏറ്റുമുട്ടിയപ്പോള്‍ വന്‍ പാരിസ്ഥിതികാഘാതം ചൂണ്ടിയാണ് അണക്കെട്ടിനെതിരായ വാദം ഉയര്‍ന്നത്. ഒരു അണക്കെട്ടിന്‍െറ ഭീഷണിക്കു പരിഹാരം സമാനമായ മറ്റൊന്നല്ളെന്നും പുതിയ അണക്കെട്ടിനു പിറകെ നിക്ഷിപ്തലോബിയും താല്‍പര്യങ്ങളുമുണ്ടെന്നും അന്നേ കേള്‍ക്കുന്നതാണ്. ഏതായാലും രണ്ടോ മൂന്നോ ജില്ലകളിലെ ജനജീവിതത്തെ ഒരു ഭാഗത്തും അന്തര്‍സംസ്ഥാന ബന്ധങ്ങളെ മറുഭാഗത്തും ബാധിക്കുന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയമായ ദീര്‍ഘവീക്ഷണമില്ലായ്മയുടെയും ഇച്ഛാശക്തിക്കുറവിന്‍െറയും പേരില്‍ മുമ്പു സംഭവിച്ച തെറ്റിന് പതിറ്റാണ്ടുകള്‍ക്കിപ്പുറം അതേ അപാകങ്ങള്‍ കൊണ്ട് പ്രായശ്ചിത്തം തേടുന്നതിലും വലിയ അന്തക്കേടില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ ഉയര്‍ത്തിപ്പിടിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍െറ ഭാഗമായി നടത്തിയ നവകേരള മാര്‍ച്ചിലും ഇടതു പ്രചാരണപ്രസംഗങ്ങളിലുമൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നതുമാണ് പരിസ്ഥിതിസൗഹൃദ വികസനമെന്ന മുദ്രാവാക്യം. അതിന്‍െറ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് അതിരപ്പിള്ളി വിഷയത്തില്‍ മുന്‍പിന്‍ ആലോചനയില്ലാതെ വൈദ്യുതിമന്ത്രി നടത്തിയ പ്രസ്താവനയെന്നു പറയാതെ വയ്യ. പ്രദേശത്തിന്‍െറ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും തകര്‍ക്കുന്നതും രണ്ട് ആദിവാസി കോളനികളെ പൂര്‍ണമായും വഴിയാധാരമാക്കുന്നതുമാകും സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും ലാഭകരമല്ലാത്ത അതിരപ്പിള്ളി പദ്ധതിയെന്ന് തുടക്കത്തിലേ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. 1983 ഏപ്രിലില്‍ വൈദ്യുതി ബോര്‍ഡ് അതിരപ്പിള്ളിയിലും പൊരിങ്ങല്‍കുത്ത് വലതുകരയിലുമായി രണ്ടു പദ്ധതികള്‍ക്കാണ് അനുമതി തേടിയത്. രണ്ടായിരത്തിലധികം ഹെക്ടര്‍ വനഭൂമി നശിപ്പിക്കുമെന്ന കാരണം ചൂണ്ടി വലതുകര പദ്ധതി ആദ്യമേ തള്ളിപ്പോയി. 1989 ഫെബ്രുവരിയില്‍ കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍ വെള്ളച്ചാട്ടങ്ങളുടെയും വനങ്ങളുടെയും നശീകരണം, മത്സ്യസമ്പത്തിന്‍െറ നാശം എന്നിവക്കു ഹേതുവാകുമെന്നതിനാല്‍ അതിരപ്പിള്ളിക്കും അനുമതി നിഷേധിച്ചു.

ചാലക്കുടി പുഴയില്‍ ഏഴാമത്തെ അണയായി ഉയരുന്ന പദ്ധതി നിലവില്‍ വരുമ്പോള്‍ രണ്ട് ആദിവാസികോളനികളെ വിഴുങ്ങുന്നതിനു പുറമെ തൃശൂര്‍ ജില്ലയിലെ 25ഓളം പഞ്ചായത്തുകളും രണ്ടു നഗരസഭകളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന പുഴയില്‍ കടുത്ത ജലക്ഷാമവുമുണ്ടാകും. ഇതിനൊക്കെ പകരമായി 163 മെഗാവാട്ട് ആണ് വിഭാവന ചെയ്യുന്ന പദ്ധതിയുടെ സ്ഥാപിതശേഷി. അതിന്‍െറ ചെലവ് 900 കോടി. ഒരു മെഗാവാട്ടിന് 50 കോടിയിലധികം ചെലവുവരുന്ന പദ്ധതിയുടെ പേരില്‍ വൈദ്യുതി ബോര്‍ഡ് നിരത്തുന്ന കണക്കുകളൊന്നും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടാകണം വളഞ്ഞ വഴിയില്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തിവന്നത്. അഞ്ചുവര്‍ഷത്തെ പരിരക്ഷയുള്ള പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അംഗീകാരം 2017 ലേക്ക് 10 വര്‍ഷം നീട്ടിയെടുത്തതും അതിന്‍െറ ഭാഗം. അതിന്‍െറ അവധിയത്തെുമ്പോഴാണ് മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

25 വര്‍ഷത്തോളമായി ജനകീയപ്രതിരോധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഇത്ര ലാഘവത്തോടെയുള്ള അഭിപ്രായപ്രകടനമല്ല, പുതിയ മന്ത്രിയില്‍നിന്നും മന്ത്രിസഭയില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത്. പ്രകടനപത്രികയിലെയും പ്രചാരണരംഗത്തെയും വാക്കുകളും വാഗ്ദാനങ്ങളും പുതുക്കത്തിലേ തിരിഞ്ഞുകൊത്താതിരിക്കാന്‍ മന്ത്രിയും മന്ത്രിസഭയും മുന്നണിയുമൊക്കെ ശ്രദ്ധിക്കുമെന്നാണ് ജനവിരുദ്ധ വികസനത്തിനെതിരെ വിധിയെഴുതി ഇടതുമുന്നണിയെ അധികാരത്തിലേറ്റിയവരുടെ പൊതുവിശ്വാസം. അതിരപ്പിള്ളിയില്‍ ജനവികാരം മാനിക്കുമെന്ന് നേരത്തേ വകുപ്പ് കൈകാര്യംചെയ്ത മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വികാരമുള്‍ക്കൊള്ളാനും അത് മന്ത്രിസഭയുടെ പൊതുവികാരമാക്കി മാറ്റാനും അതുവഴി കേരളീയരെ പൊടുന്നനെ നിരാശയിലേക്ക് തള്ളിവിടാതിരിക്കാനുമുള്ള വിവേകം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രകടിപ്പിക്കുമെന്നുതന്നെ പ്രത്യാശിക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story