ഇങ്ങനെയും ചില ഗവര്‍ണര്‍മാര്‍
text_fieldsഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ് ദളിന്‍െറ നേതൃത്വത്തില്‍ നടന്ന ആയുധപരിശീലന പരിപാടിയുടെ വിഡിയോ കഴിഞ്ഞ ചൊവ്വാഴ്ചമുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന്, അത് സ്വയംരക്ഷാ പരിശീലനത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളാണെന്ന വിശദീകരണവുമായി ബജ്റംഗ് ദളിന്‍െറയും വിശ്വഹിന്ദു പരിഷത്തിന്‍െറയും നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. അയോധ്യയില്‍ മാത്രമല്ല, 40ഓളം കേന്ദ്രങ്ങളില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍െറ നേതാവ് രവി ആനന്ദ് പറഞ്ഞത്. ജീവന് ഭീഷണി നേരിടുന്നപക്ഷം ശത്രുക്കളെ നേരിടാനാണ് ഈ പരിശീലനം.
രാഷ്ട്ര താല്‍പര്യത്തിനാണ് തങ്ങള്‍ ഇതു ചെയ്യുന്നതെന്നും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും ഇതര സമുദായങ്ങളില്‍നിന്ന് രക്ഷിക്കാനാണിതെന്നും രവി ആനന്ദ് വിശദീകരിക്കുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഏന്തിയ ബജ്റംഗ് ദള്‍ വളന്‍റിയര്‍മാര്‍ വിവിധ തരത്തിലുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍െറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും അത് ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വി.എച്ച്.പി നേതാക്കളുടെ വിശദീകരണം. മുസ്ലിം തൊപ്പി ധരിച്ചവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന തരത്തിലുള്ള മോക് ഡ്രില്ലുകളും പരിശീലനത്തിന്‍െറ ഭാഗമായി നടത്തപ്പെട്ടതായി വിഡിയോകളില്‍നിന്ന് വ്യക്തമാവും. രാജ്യത്തെ നിയമവ്യവസ്ഥയെ അവഹേളിക്കും വിധം സമാന്തര സൈനിക സംവിധാനത്തെ സംഘ് പരിവാര്‍ കൊണ്ടുനടക്കുന്നുവെന്നതിന്‍െറ തെളിവാണ് ഈ വിഡിയോകള്‍. ഇവയെ സംഘ്പരിവാര്‍ നിഷേധിക്കുന്നില്ളെന്ന് മാത്രമല്ല, ശക്തമായി ന്യായീകരിക്കുന്നുവെന്നതാണ് കൗതുകകരം.
സംഘ്പരിവാര്‍ ഒരു അര്‍ധ സൈനിക സംവിധാനമാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഏന്തിയുള്ള അവരുടെ പരിശീലന പരിപാടികളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമാണ്. ഇപ്പോള്‍ അവ പുറത്തു വരികയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് മാത്രമല്ല, അഭിമാനത്തോടെ അതിന്‍െറ നേതാക്കള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നതാണ് അദ്ഭുതകരം. നരേന്ദ്ര മോദി അധികാരത്തിലത്തെിയ ശേഷം രാജ്യമെങ്ങും ഉയര്‍ന്നു പൊങ്ങുന്ന സംഘ്പരിവാര്‍ ആക്രമണോത്സുകതയുടെ മറ്റൊരു ഉദാഹരണം മാത്രമാണിത്. അത് വ്യാപകമായി ഇനിയും തുടരും എന്നതാണ് അവരുടെ നേതാക്കള്‍ നല്‍കുന്ന സന്ദേശം.
പക്ഷേ, അവയേക്കാളൊക്കെ അപകടകരമായിട്ടുള്ള മറ്റൊരു കാര്യം കൂടി ഉത്തര്‍പ്രദേശിലെ പുതിയ സംഭവത്തിലുണ്ടായിരിക്കുന്നു. സംഗതി വിവാദമായതിനെ തുടര്‍ന്ന്, വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ പത്രക്കാരോട് സംസ്ഥാന ഗവര്‍ണര്‍ രാം നായിക് പറഞ്ഞത്, സ്വയംരക്ഷക്ക് ഇത്തരം പരിശീലനം വേണ്ടതാണ് എന്നാണ്. “അത്തരം പരിശീലനങ്ങളുടെ പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വയംരക്ഷ വളരെ അനിവാര്യവും ഓരോ പൗരനും അതില്‍ പരിശീലനം ലഭിക്കേണ്ടതുമാണ്’ എന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. വാജ്പേയി മന്ത്രിസഭയിലെ അംഗവും ആര്‍.എസ്.എസ് കാഡറുമായ രാം നായികിനെ 2014 ജൂലൈയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ യു.പി ഗവര്‍ണറായി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനം പോലുള്ള ഗൗരവപ്പെട്ട ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാളില്‍നിന്നുണ്ടാകുന്ന പ്രതികരണമല്ല, ആയുധ പരിശീലന വിഷയത്തില്‍ രാം നായികിന്‍െറ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, മോദിയുഗത്തില്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല.
ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്ത് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ ഉടനെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക അനിവാര്യമാണെന്ന് പ്രസ്താവനയിറക്കിയയാളാണ് ഈ രാം നായിക്. നരേന്ദ്ര മോദി ത്രിപുരയില്‍ ഗവര്‍ണറായി നിയോഗിച്ച ആളാണ്, ബി.ജെ.പിയുടെ മുന്‍ ബംഗാള്‍ ഘടകം പ്രസിഡന്‍റുകൂടിയായ തഥാഗധ റോയ്. വര്‍ഗീയ വിഷം വമിക്കുന്ന ട്വീറ്റുകളിലൂടെയാണ് ഈ മഹാന്‍ പ്രസിദ്ധനായത്. തീവ്രവാദികളെ പന്നിത്തോലില്‍ പൊതിഞ്ഞ് പന്നിക്കാഷ്ഠത്തില്‍ കുഴിച്ചുമൂടണമെന്നും അങ്ങനെ അവര്‍ക്ക് ഹൂറിമാരെ കിട്ടാതെ നോക്കണമെന്നും പത്താന്‍കോട്ട് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത് വലിയ വിവാദമായതാണ്. കഴിഞ്ഞ മാസം എട്ടിന് ഇദ്ദേഹം, ആര്‍.എസ്.എസ് ശാഖയില്‍ പോയതും അവിടെ ബൗദ്ധിക പ്രഭാഷണം നടത്തിയതും അഭിമാനത്തോടെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇത് വിവാദമായപ്പോള്‍ മറ്റ് ഗവര്‍ണര്‍മാരും ശാഖകളില്‍ പോകാറുണ്ടെന്നാണ് റോയ് പ്രതികരിച്ചത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം, പവിത്രമായ ഭരണഘടനാ സ്ഥാപനങ്ങള്‍പോലും വര്‍ഗീയ, വിഭാഗീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്നുവെന്ന വിമര്‍ശം വ്യാപകമാണ്. രാജ്ഭവനുകള്‍പോലും വളരെ പ്രത്യക്ഷത്തിലുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ വേദികളാവുന്നു എന്നാണ് ഉത്തര്‍പ്രദേശ്, ത്രിപുര ഗവര്‍ണര്‍മാരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. പച്ചക്ക് സായുധ പരിശീലനം നടത്തുകയും അവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകള്‍ക്ക് പരസ്യ പിന്തുണയുമായി ഒരു സംസ്ഥാന ഗവര്‍ണര്‍തന്നെ രംഗത്തുവരുന്നു എന്നതും അതിനെതിരെ നാട്ടില്‍ വലിയ പ്രതിഷേധമൊന്നും ഉണ്ടാവുന്നില്ല എന്നതും നിസ്സാര കാര്യമല്ല. നമ്മുടെ രാജ്യം വലിയ ഇരുട്ടിലേക്കുതന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്‍െറ സൂചനകള്‍ മാത്രമാണത്. അത് നല്‍കുന്നത് നാം വലിയ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന ഗൗരവപ്പെട്ട സന്ദേശവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
