Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളം...

കേരളം പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ വിവേകം

text_fields
bookmark_border
കേരളം പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ വിവേകം
cancel

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിലും തൃശൂരിലും നടന്ന രാഷ്ട്രീയക്കൊലകളും സംസ്ഥാനത്ത് അങ്ങിങ്ങായി നടന്ന സംഘര്‍ഷങ്ങളും അപലപനീയവും കേരളത്തിനു നാണക്കേടുമായി. ജനാധിപത്യപ്രക്രിയയുടെ ആഘോഷമായ വോട്ടെടുപ്പും അനുബന്ധ പരിപാടികളും തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയാണ് രാഷ്ട്രീയകക്ഷികള്‍ കൊണ്ടുനടത്തേണ്ടത്. അതങ്ങനെതന്നെ നടന്നുവരുന്നതാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്‍െറ മികവും വിജയവും. ജനാധിപത്യത്തെതന്നെ നിരാകരിക്കുന്ന ഏകാധിപത്യ, സമഗ്രാധിപത്യ കക്ഷികള്‍ വരെ ഈ പ്രക്രിയ വഴി ഇന്ത്യയില്‍ ജയിച്ചുകയറുകയും ഭരണം കൈയാളുകയും ചെയ്യുന്നത് ജനാധിപത്യത്തിന്‍െറ മികവില്‍തന്നെയാണ്. എന്നാല്‍, ജനത്തിന്‍െറ ഹിതമറിയാനുള്ള വിലയേറിയ ഈ സന്ദര്‍ഭത്തെയും സംഘടനയുടെ തിണ്ണമിടുക്കും പേശീബലവും തെളിയിക്കാനും അധികാരപ്രമത്തത പ്രതിയോഗികളെ ബോധ്യപ്പെടുത്താനുമുള്ള അവസരമായി വിലകുറച്ചു കാണുന്നത് ഹീനമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഒരു സി.പി.എം പ്രവര്‍ത്തകനും തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനും രാഷ്ട്രീയ വൈരനിര്യാതനത്തിനിരയായി ജീവന്‍ നഷ്ടമായി. മലപ്പുറം ജില്ലയിലൊരിടത്ത് കശപിശക്കിടെ ഒരാള്‍ മരിച്ചത്  രാഷ്ട്രീയസംഘര്‍ഷത്തിന്‍െറ തലവും വിട്ട് മതസംഘടനകള്‍ തമ്മിലുള്ള പോര്‍വിളിക്കു നിമിത്തമായി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സി.പി.എം-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനവും ആക്രമണസംഭവങ്ങളും അരങ്ങേറി. വിവിധ സംഭവങ്ങളില്‍ പ്രതികളെ പിടികൂടിയ പൊലീസ്, അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്. അതിക്രമത്തിന് അരുനിന്നവരെയും അതിനിരയായവരെയും കണ്ടത്തെി നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ ഭരണത്തിലേറുന്നതുവരെയുള്ള കാവല്‍ മന്ത്രിസഭയാണ് നിലവിലുള്ളതെന്ന പരിമിതിയുണ്ട്. കൊലകളും സംഘര്‍ഷങ്ങളും സംബന്ധിച്ച അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകതന്നെയാണ് ഈയാഴ്ച ചുമതലയേറ്റെടുക്കുന്ന പുതിയ സര്‍ക്കാറിന്‍െറ പ്രഥമ ബാധ്യതകളിലൊന്ന്. അക്കാര്യത്തില്‍ പുതിയ സര്‍ക്കാറിനുമേല്‍ രാഷ്ട്രീയസമ്മര്‍ദവുമാവാം.
എന്നാല്‍, ഈ നിയമാനുസൃത രീതികള്‍ വെടിഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്താന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ് എന്ന് പറയണം. ജനഹിതം അനുകൂലമായ അഹങ്കാരത്തില്‍ സി.പി.എം അതിക്രമം അഴിച്ചുവിടുകയാണെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തെ കായികമായും രാഷ്ട്രീയമായും നേരിടാനുള്ള തയാറെടുപ്പിലാണെന്ന് സൂചിപ്പിക്കുന്നു അവരുടെ നീക്കങ്ങള്‍. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം സി.പി.എമ്മിനു മേല്‍ കെട്ടിവെച്ച് അവര്‍ സംസ്ഥാനഗവര്‍ണര്‍ക്ക് പരാതി നല്‍കി. രാഷ്ട്രപതിയെ കണ്ട് നിവേദനംനല്‍കി വിഷയം ദേശീയതലത്തിലത്തെിച്ചു. അതുകൊണ്ടും മതിയാക്കാതെ സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തെ കായികമായും ഭരണപരമായും നേരിടുമെന്ന മുന്നറിയിപ്പും കേന്ദ്രമന്ത്രിയും ദേശീയ അധ്യക്ഷനുമൊക്കെ നല്‍കിയിരിക്കുന്നു. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇടതുസര്‍ക്കാറിന്‍െറ ആക്രമണത്തെ നേരിടുമെന്നും പ്രതിരോധത്തിന് സംസ്ഥാനഘടകത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ പ്രഖ്യാപനം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കടുത്ത ഭാഷയില്‍, രാജ്യവും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍മ വേണമെന്നും അതിക്രമത്തെ പാര്‍ലമെന്‍റിനകത്തും പുറത്തും നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതിന്‍െറ സാമ്പ്ള്‍ പ്രകടനം ഞായറാഴ്ച ന്യൂഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തിനുമുന്നില്‍ സംഘ്പരിവാര്‍ അക്രമാസക്തമായ മാര്‍ച്ചിലൂടെ കാഴ്ചവെക്കുകയും ചെയ്തു. കേന്ദ്രഭരണം കൈയിലുള്ള അഹങ്കാരത്തില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പകപോക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്‍െറ ആരോപണം.
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷം ദേശീയതലത്തിലേക്കു കൊണ്ടുവരാനും കേന്ദ്രഭരണത്തിന്‍െറ ബലത്തില്‍ സ്ഥിരം രാഷ്ട്രീയപ്രതിയോഗികളെ ഭീഷണിപ്പെടുത്തി അണികള്‍ക്കു വീര്യം പകരാനുമാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ട വിഷയത്തെ നിക്ഷിപ്ത രാഷ്ട്രീയതാല്‍പര്യത്തിലേക്കു വലിച്ചുനീട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമായ അമിതാവേശ പ്രകടനമായേ സംസ്ഥാനനേതാക്കളുടെയും അവരുടെ താളത്തിനൊത്തുള്ള കേന്ദ്രനേതൃത്വത്തിന്‍െറയും കഴിഞ്ഞ രണ്ടുമൂന്നു ദിനങ്ങളിലെ  ബദ്ധപ്പാടുകളെ കാണാനാവൂ. സംഘ്പരിവാര്‍-സി.പി.എം രാഷ്ട്രീയസംഘട്ടനം എന്നും കേരളത്തിന്‍െറ ഉറക്കംകെടുത്തിയതും പ്രതിച്ഛായ നഷ്ടപ്പെടുത്തിയതുമാണ്. ആ സംഘടനാശാത്രവം തിരിച്ചുകൊണ്ടുവരാന്‍ ആരു ശ്രമിച്ചാലും അത് അവര്‍ക്കും സംസ്ഥാനത്തിനും ആത്മഹത്യാപരമായിരിക്കും. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന കക്ഷി എന്ന പക്വതയും പാകതയും പ്രകടിപ്പിക്കാന്‍ ബി.ജെ.പി ബാധ്യസ്ഥമാണ്. ചാവേറുകളായി വരുന്ന അണികളെ നിയന്ത്രിക്കാനാണ്, അവര്‍ക്ക് ആവേശം പകരാനല്ല ഉന്നതനേതാക്കള്‍ ശ്രമിക്കേണ്ടത്. സംസ്ഥാനത്തിന്‍െറ ഭരണമേല്‍ക്കുന്ന കക്ഷിയെന്ന നിലക്ക് സ്വന്തം അണികളെ വരുതിയില്‍ നിര്‍ത്താനും ആക്രമികളെ നിയമത്തിനുമുന്നില്‍ നിര്‍ത്താനും സി.പി.എമ്മിനും കടമയുണ്ട്. അങ്ങനെ പൊതുമണ്ഡലത്തിലെ നിലയും വിലയും തിരിച്ചറിഞ്ഞ് അണികളെ നിയന്ത്രിക്കാനും അധികാരശക്തി വിനിയോഗിക്കാനുമുള്ള വിവേകവും ഇച്ഛാശക്തിയുമാണ് ഇരുകൂട്ടരില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

Show Full Article
TAGS:madhyamam editorial 
Next Story