Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമഴക്കുമുമ്പേ...

മഴക്കുമുമ്പേ മുന്നൊരുക്കങ്ങള്‍ വേണം

text_fields
bookmark_border
മഴക്കുമുമ്പേ മുന്നൊരുക്കങ്ങള്‍ വേണം
cancel

കഴിഞ്ഞ കുറേ നാളുകളായി വരള്‍ച്ചയുടെയും ചൂടിന്‍െറയും വര്‍ത്തമാനങ്ങളായിരുന്നു നമുക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്. അതിനിടെ, രണ്ടു ദിവസത്തോളമായി മഴയുടെ കുളിരനുഭവത്തിലേക്ക് കേരളം കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. മഴയുമായി ബന്ധപ്പെട്ട ആദ്യ വാര്‍ത്തകളോടൊപ്പം തന്നെ മഴദുരന്തങ്ങളെക്കുറിച്ച വാര്‍ത്തകളും വന്നുതുടങ്ങി എന്നതാണ് കൗതുകകരമായ കാര്യം. സംസ്ഥാനത്തെ തീരദേശങ്ങളില്‍നിന്ന് രൂക്ഷമായ കടലാക്രമണങ്ങളുടെ വാര്‍ത്തകളാണ് വരുന്നത്. പ്രകൃതിയിലെ ഏതു മാറ്റങ്ങളും അനുഗ്രഹം എന്നതിനുപകരം, ദുരന്തമായി അനുഭവിക്കേണ്ടിവരുക എന്നുവരുന്നത് വലിയ ദുര്യോഗമാണ്. പ്രകൃതിയുടെ താളം തെറ്റുന്നതാണോ അതല്ല, പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ താളഭംഗം വരുന്നതാണോ കാരണമെന്ന് ഗൗരവത്തില്‍ ആലോചിക്കേണ്ട സന്ദര്‍ഭമാണിത്.

ഇത്തവണ മണ്‍സൂണ്‍ നേരത്തെയുള്ളതിലും കൂടുതല്‍ അളവിലുണ്ടാവും എന്ന കാലാവസ്ഥാ പ്രവചനം വന്നുകഴിഞ്ഞു. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറക്കുന്നത് മണ്‍സൂണ്‍ ലഭ്യതയനുസരിച്ചാണ് തീരുമാനിക്കുകയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഏപ്രില്‍ 21ന് പ്രസ്താവിച്ചിരുന്നു. കാര്‍ഷിക പ്രധാനമായ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് മണ്‍സൂണ്‍ എന്നര്‍ഥം. എന്നാല്‍, അതിന്‍െറതായ ഗൗരവത്തില്‍ മഴയെ കാണാനും അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും നാം ശ്രമിക്കാറുണ്ടോ എന്നത് ഗൗരവത്തില്‍ ആലോചിക്കേണ്ട കാര്യമാണ്. മഴപെയ്തു തുടങ്ങുമ്പോഴേക്ക് വെള്ളപ്പൊക്കത്തെക്കുറിച്ചും വെള്ളക്കെട്ടിനെക്കുറിച്ചും നഗരസ്തംഭനത്തെക്കുറിച്ചൊക്കെയുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങുന്നത് അതുകൊണ്ടാണ്. മഴയില്‍ നഗരജീവിതം സ്തംഭിക്കുകയും ഗതാഗതം താറുമാറാകുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലെ എല്ലാ നഗരങ്ങളിലും പതിവാണ്.

മഴക്ക് മുമ്പേ ഓടകള്‍ വൃത്തിയാക്കാനും വെള്ളത്തിന്‍െറ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനുമുള്ള ശ്രദ്ധ ബന്ധപ്പെട്ടവര്‍ കാണിക്കുന്നില്ല എന്നതിന്‍െറ തെളിവാണിത്. മഴക്കാലം തീരദേശവാസികളെ സംബന്ധിച്ചിടത്തോളം എപ്പോഴും ദുരിതകാലമാണ്. കടല്‍ഭിത്തികള്‍ ഇനിയും വേണ്ടതുപോലെ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. തീരദേശ സംരക്ഷണം എന്നത് പാറമടകള്‍ പൊട്ടിച്ച് ലോറിയില്‍ കയറ്റി കടപ്പുറത്ത് കൊണ്ടുപോയി തള്ളുന്ന ഏര്‍പ്പാട് മാത്രമായി മാറിയിരിക്കുന്നു. പരിസ്ഥിതിയുമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന കടലോര സംരക്ഷണത്തെക്കുറിച്ച ആശയങ്ങള്‍ പ്രയോഗകവത്കരിക്കാന്‍ ഇനിയും നമുക്കായിട്ടില്ല. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം അതിന്‍െറ സന്തോഷകാലമാണ് മഴക്കാലം. പക്ഷേ, മഴക്കാലം കൃഷിനഷ്ടത്തിന്‍െറ കണക്കുകള്‍മാത്രം തരുന്ന അവസ്ഥ നിലവിലുണ്ട്. മഴക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് നടത്തേണ്ട സജ്ജീകരണങ്ങള്‍ ഇനിയും വേണ്ടത്ര ജനകീയമായിട്ടില്ല എന്നതാണ് വാസ്തവം. വരള്‍ച്ചയുണ്ടാവുമ്പോഴും പേമാരിയുണ്ടാവുമ്പോഴും കേന്ദ്ര സഹായത്തിനുവേണ്ടി മുറവിളികൂട്ടുക എന്നതുമാത്രമാണ് ഇക്കാര്യത്തില്‍ ഭരണകൂടത്തിന്‍െറ ചുമതല എന്ന മട്ടിലാണ് കാലങ്ങളായി കാര്യങ്ങള്‍.

മഴയും വെള്ളവുമെല്ലാം സുപ്രധാന കാര്യങ്ങളാണെന്നും അവയെ ഗൗരവപൂര്‍വം സമീപിക്കണമെന്നുമുള്ള ബോധം എല്ലാ തലങ്ങളിലും ഉണ്ടാവേണ്ടതുണ്ട്. വരണ്ടുണങ്ങിയ രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മഴക്കൊയ്ത്ത് പ്രസ്ഥാനം ആ നാടിന്‍െറ ജീവിതത്തില്‍തന്നെ വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മഴയോട് എങ്ങനെ ഇടപഴകണമെന്നതിനെക്കുറിച്ച ജനകീയ വിദ്യാഭ്യാസം ഇനിയും വിപുലപ്പെടേണ്ടതുണ്ട്. സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി ഗ്രൂപ്പുകള്‍, കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇതില്‍ ഉത്തരവാദിത്തങ്ങളുണ്ട്. മഴക്കാലം ദുരിതങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍മാത്രമുള്ള കാലമായി മാറുന്നത് വലിയ ദുര്യോഗമാണ്. മഴ ദൈവത്തിന്‍െറ മഹത്തായ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെ വേണ്ടുവോളം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.

Show Full Article
TAGS:madhyamam editorial 
Next Story