Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതര്‍ക്കവും ബഹളവുമല്ല...

തര്‍ക്കവും ബഹളവുമല്ല തെരഞ്ഞെടുപ്പ്

text_fields
bookmark_border
തര്‍ക്കവും ബഹളവുമല്ല തെരഞ്ഞെടുപ്പ്
cancel

വോട്ടെടുപ്പ് അടുത്തത്തെിയിരിക്കെ അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവിലായി ലിബിയയില്‍ കുടുങ്ങിയിരുന്ന നഴ്സുമാരെ തിരിച്ചത്തെിച്ചതിനെപ്പറ്റി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ തമ്മില്‍ വാക്തര്‍ക്കം നടക്കുന്നു. തീര്‍ച്ചയായും രണ്ടു സര്‍ക്കാറുകള്‍ക്കും ജനങ്ങളെ രക്ഷിച്ചെടുക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കേണ്ടതും ജനങ്ങള്‍ അറിയേണ്ടതുംതന്നെ. എന്നാല്‍, മറ്റു വിഷയങ്ങളെ തമസ്കരിക്കുന്ന തരത്തില്‍ അതില്‍ മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നത് മറ്റുചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാകാം. പ്രധാനമന്ത്രി കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്തതില്‍ അനൗചിത്യം മാത്രമല്ല, വിവരക്കേടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ മുഴുവന്‍ ഹൈജാക്ക് ചെയ്യാന്‍ പോരുംവിധം വോട്ടുദിവസം വരെ അതിനെക്കുറിച്ച പ്രസ്താവനകളും അധിക്ഷേപങ്ങളും സജീവമാക്കി നിര്‍ത്തുന്നത്, പ്രസക്തമായ വേറെ കാര്യങ്ങളെ ചര്‍ച്ചക്ക് പുറത്തുനിര്‍ത്താനാണെന്ന് പറയേണ്ടിവരും. പ്രധാനമന്ത്രിയുടെ പരാമര്‍ശം എത്രമേല്‍ ദുരുപദിഷ്ടമാണെന്ന് വ്യക്തമായിരിക്കെ തെരഞ്ഞെടുപ്പ് ചര്‍ച്ച അടിസ്ഥാന പ്രശ്നങ്ങളിലേക്കു കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. ലിബിയയിലേക്കും മറ്റു സംഘര്‍ഷ മേഖലകളിലേക്കുംവരെ കേരളീയര്‍ ജോലി തേടിപ്പോകേണ്ടിവരുന്നതെന്തുകൊണ്ട് എന്ന കാതലായ ചോദ്യം, കുറെ നഴ്സുമാരെ ആര് രക്ഷിച്ചു എന്നതിനെക്കാള്‍ കൂടുതലുച്ചത്തില്‍ ഉയരേണ്ടതുണ്ട്. സോമാലിയയോളം വരില്ളെങ്കിലും വയനാട്ടിലെയും അട്ടപ്പാടിയിലെയുമടക്കം അനേകം അധ$സ്ഥിതര്‍ ഭൂമിയും തൊഴിലും പോഷകാഹാരവുമില്ലാതെ കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. എന്നിരിക്കെ, ഏറെ വാഴ്ത്തപ്പെടുന്ന ‘വികസിത’ കേരളത്തിന്‍െറ ഈ മറ്റേ മുഖം സംവാദങ്ങള്‍ക്ക് വിഷയമാകേണ്ട സമയം ഇതാണ്. അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാനം ആര് ഭരിക്കണമെന്ന തീരുമാനം ജനങ്ങളെടുക്കുമ്പോള്‍ അത് നൈമിഷികവും നാടകീയവുമായ ഏതെങ്കിലും വൈകാരിക കോലാഹലത്തിന്‍െറ അടിസ്ഥാനത്തിലായിക്കൂടാ.
ഭരണം എത്രത്തോളം ജനക്ഷേമകരവും സുതാര്യവുമാകുന്നു എന്നത് പ്രധാനമാണ്. വികസനമെന്നാല്‍ ആരുടെ വികസനമാണുദ്ദേശിക്കുന്നത് എന്ന ചോദ്യമുണ്ട്. വരള്‍ച്ചയും അടുത്തെങ്ങുമുണ്ടാകാത്ത കൊടുംവേനലും അനുഭവിച്ച സമയത്തുപോലും കാലാവസ്ഥയുടെ തകര്‍ച്ച ചര്‍ച്ചയാകാതെപോകുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന ‘വികസന’ത്തിന് എന്തു ബദലാണ് മത്സരരംഗത്തുള്ള മുന്നണികള്‍ക്ക് നിര്‍ദേശിക്കാനുള്ളതെന്ന് ജനങ്ങള്‍ക്കറിയേണ്ടതില്ളേ? ഗള്‍ഫിലെ തൊഴില്‍തുറകള്‍ അടഞ്ഞുകൊണ്ടിരിക്കെ യുവകേരളത്തിനായി വിശ്വസനീയമായ എന്തു തൊഴില്‍സാധ്യതകളാണ് ഭാവി ഭരണകര്‍ത്താക്കള്‍ കണ്ടുവെച്ചിട്ടുള്ളത്? എന്തിനും ഇതര സംസ്ഥാനങ്ങളെയും ഇതര സംസ്ഥാനക്കാരെയും ഇറക്കുമതിയെയും പ്രവാസികളെയും ആശ്രയിക്കുന്ന സംസ്ഥാനത്തിനുവേണ്ടി പ്രയോഗക്ഷമമായ സ്വാശ്രയ സാമ്പത്തിക മാതൃക വല്ലതും തയാറാക്കിയിട്ടുണ്ടോ? വെള്ളവും മണ്ണും വില്‍പന നടത്തി കോര്‍പറേറ്റുകളെ പോഷിപ്പിക്കുന്ന നയങ്ങള്‍ക്ക് തിരുത്തലുണ്ടാകുമോ? ഭൂരഹിതരില്ലാത്ത കേരളം എന്നത് മുദ്രാവാക്യത്തിനും വാഗ്ദാനത്തിനുമപ്പുറത്ത് പ്രയോഗവത്കരിക്കാന്‍ മുന്നണികള്‍ക്ക് കണിശമായ പദ്ധതിയുണ്ടോ? ഭരണം ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനം ലഭ്യമാക്കാന്‍ ജനസമ്പര്‍ക്ക മേളകള്‍ മതിയാകില്ളെന്നത് അനുഭവമാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഇത്തരം കാര്യങ്ങളെപ്പറ്റി പരാമര്‍ശങ്ങളില്ലാതെയല്ല. എന്നാല്‍, അച്ചടിച്ചിറക്കിയശേഷം അതെല്ലാം വിസ്മൃതമാകും -നടപ്പാക്കാനുള്ള രൂപരേഖയോ ഇച്ഛാശക്തിയോ ഇല്ലാത്തതാണ് കാരണം.
സുതാര്യത, അഴിമതിമുക്തി, ജനക്ഷേമം, ഭൂവിഭവം, കാര്‍ഷിക വിഭവം, മനുഷ്യവിഭവം തുടങ്ങിയവയെക്കുറിച്ചാവേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സംവാദങ്ങള്‍ വലിയൊരളവോളം ഏതാനും നേതാക്കളുടെ വാമൊഴികളെ ചുറ്റിപ്പറ്റിയായിപ്പോയിരിക്കുന്നു. സംസ്ഥാനത്തിന്‍െറ വിഭവങ്ങള്‍ വീതംവെക്കുന്നതില്‍ പ്രാദേശികവും സാമുദായികവുമായ വിവേചനം എത്രത്തോളമെന്ന പരിശോധന വേണ്ടത്ര നടക്കാതെ പോകുന്നു. പ്രബുദ്ധമെന്ന് മേനിനടിക്കുന്ന കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും ഇന്ത്യക്ക് മാതൃകയാകേണ്ടിയിരുന്നു. പ്രചാരണ സമയം അവസാനിക്കാനിരിക്കെ അന്തിമ ബഹളങ്ങളുടെ വൈകാരികതക്ക് പകരം സുചിന്തിതമായ സമീപനങ്ങളാവും വോട്ടര്‍മാരെ നയിക്കുകയെന്ന് ആശിക്കാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story