മനുഷ്യരല്ലാതാകുന്നുവോ നാം?
text_fieldsജിഷ എന്ന ദലിത് നിയമവിദ്യാര്‍ഥിനിയുടെ അതിദാരുണമായ കൊലപാതകത്തോടുള്ള രോഷം അഞ്ചുദിനത്തിനുശേഷം പതഞ്ഞുപൊന്തുകയാണ് ഓരോ മലയാളിയുടെയും അകത്തും പുറത്തും. പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ന്നു. ആഭ്യന്തര മന്ത്രാലയം ഇടപെടുമെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കിയിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സാമൂഹികപ്രസ്ഥാനങ്ങളും ആക്ടിവിസ്റ്റുകളും കുറുപ്പംപടിയിലെ പുറമ്പോക്കിലുള്ള, സുരക്ഷക്കായി ശരിയാംവണ്ണം വാതില്‍പ്പാളിപോലുമില്ലാത്ത ആ ഒറ്റമുറിയിലേക്ക് ഒഴുകുകയാണ്. കൊടിയ നിസ്സംഗതയും നിന്ദ്യമായ സഹതാപശൂന്യതയും വെടിയാന്‍ സൗമ്യയുടെ ദാരുണ കൊലപാതകത്തിനുശേഷം ജിഷയുടെ സമാനതകളില്ലാത്ത ദുരന്തം മലയാളിയെ ഒരിക്കല്‍കൂടി ഉണര്‍ത്തുകയാണ്.
കൊലയിലെ നിഷ്ഠുരത ബീഭത്സമാണ്. ദേഹത്തില്‍ 38ലധികം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ, കൊലയുടെ നിഷ്ഠുരതപോലെ നമ്മെ നടുക്കുന്നതാണ് സമൂഹമധ്യത്തില്‍ അതത്തൊന്‍ അഞ്ചു ദിവസം വൈകിയെന്നതും. ഇത്രയും മാധ്യമസാന്ദ്രതയുള്ള സംസ്ഥാനത്തെ പൗരന്മാരായ മലയാളികളുടെ ബോധമണ്ഡലങ്ങള്‍ക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വിളംബവും വൈകിനടക്കുന്ന പല ചര്‍ച്ചകളും. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ജിഷയുടെ ജീവിതവും നിഷ്ഠുര കൊലപാതകവും മലയാളിബോധത്തിന്‍െറ, അവന്‍െറ സാമൂഹികജീവിതത്തിന്‍െറ ഇരുണ്ട ഗ്വഹരങ്ങളിലെ മാലിന്യങ്ങളെയാണ് വെളിച്ചത്തുനിര്‍ത്തിയിരിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഒറ്റമുറിയില്‍ ഒരമ്മയും മകളും പട്ടിണിയോട് പടവെട്ടി ജീവിക്കുമ്പോള്‍ നമ്മുടെ സാമൂഹികക്ഷേമ വകുപ്പ്, പഞ്ചായത്ത് അധികാരികള്‍, സ്ത്രീസുരക്ഷാ സംവിധാനങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യംതന്നെ അസ്ഥാനത്താണ്. അവ ഒന്നും ചെയ്യുന്നില്ളെന്ന് നമുക്കറിയാം. അടിയന്തരസഹായമായ 5000 രൂപ കൈമാറാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അമ്മ രാജേശ്വരി അലറി. എന്‍െറ രണ്ട് പെണ്‍മക്കള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള വീടുവെക്കാന്‍ എന്നെയാരും സഹായിച്ചില്ല. അതുകൊണ്ടെനിക്കീ പണം വേണ്ട. അല്ളെങ്കിലും മകള്‍ നഷ്ടപ്പെട്ട അമ്മക്കുനേരെ 5000 രൂപ നീട്ടുന്നത്രയും അവഹേളനപരമായിരിക്കുന്നു നമ്മുടെ ഭരണ സംവിധാനങ്ങളുടെ വികലശീലങ്ങള്‍.
പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ ലൈംഗികവേട്ടക്ക് ഇരയായി ജീവനും അഭിമാനത്തിനുംവേണ്ടി ജിഷ കേഴുമ്പോള്‍ നിയമപാലകര്‍ കാവല്‍ നില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു എന്നതിനെക്കാള്‍ ഗൗരവപരമായ ചോദ്യമാണ് എന്തിനുവേണ്ടിയാണ് ഈ കൊടുംക്രൂരത ഇത്രയും ദിവസങ്ങള്‍ മൂടിവെക്കപ്പെട്ടു എന്നത്. ദലിത് പീഡനങ്ങളോട് അധികാരവര്‍ഗവും മാധ്യമങ്ങളും പുലര്‍ത്തുന്ന ജാതിവരേണ്യബോധം തന്നെയാണ് ഈ വൈകലിലെ പ്രതി. കറുത്തവനെ, സ്ത്രീയെ, അരികുവത്കരിക്കപ്പെട്ട ജനതതികളെ പൂര്‍ണമനുഷ്യരായി കാണാനാകാത്ത ഒരു കുറ്റവാളി അകതാരില്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്ന ഘോരയാഥാര്‍ഥ്യം.
നമ്മുടെ നീതി നിയമ വ്യവസ്ഥകള്‍, മാധ്യമസംവിധാനങ്ങള്‍, അയല്‍പക്കങ്ങള്‍, സൗഹൃദങ്ങള്‍, മൂല്യബോധങ്ങള്‍ എന്നിവയെല്ലാം അകമേ നിക്ഷിപ്തമായ ജാതിബോധത്താല്‍ അജീര്‍ണം ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ദു$ഖസത്യം അംഗീകരിക്കപ്പെടാതെ, ഓരോ മലയാളിയും തന്‍െറ മൂല്യബോധങ്ങളെ വിചാരണചെയ്യാതെ, മൗലികമായി മാറ്റിപ്പണിയാന്‍ തയാറാകാതെ നമ്മുടെ വീട്ടിലും ഒരു പെണ്‍കുഞ്ഞും ആണ്‍കുട്ടിയും സുരക്ഷിതരാകുകയില്ല. സൗമ്യ നമ്മെ ഞെട്ടിച്ചു. പക്ഷേ, ആ ആത്മത്യാഗംകൊണ്ട് നമ്മുടെ സാമൂഹികജീവിതത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കപ്പെട്ടില്ളെന്ന് ജിഷ തെളിയിക്കുന്നു. 2015ല്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 4248 ലൈംഗിക പീഡന കേസുകളാണ്. പെണ്‍വാണിഭങ്ങളും വില്‍പനകളും അശേഷം കുറഞ്ഞില്ല. നഗരത്തിലും ഗ്രാമത്തിലും തൊഴിലിടങ്ങളിലും വീടകങ്ങളിലും അപമാനിതയായും ലിംഗഭേദമനുഭവിച്ചും സ്ത്രീകള്‍ വെന്തുരുകുന്നു.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍െറ നിര്‍ദേശപ്രകാരം ലിംഗവിവേചനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികപീഡനങ്ങള്‍ ഭീതിജനകമാംവിധം വര്‍ധിക്കുന്നുവെന്നതിന്‍െറ നേര്‍സാക്ഷ്യമാണ്. സ്ത്രീ ഉപഭോഗവസ്തുവല്ളെന്ന്, പുരുഷതൃഷ്ണകള്‍ തീര്‍ക്കാനുള്ള ലൈംഗികോപകരണമല്ളെന്ന്, ആത്മാവും ശരീരവുമുള്ള, വേദനയും വികാരവുമുള്ള മനുഷ്യനാണെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അവ ഉള്‍ക്കൊണ്ട് അതനുസരിച്ച് പെരുമാറുന്ന സാമൂഹികജീവിതത്തെ സൃഷ്ടിക്കാനും സാധിക്കണം. അല്ളെങ്കില്‍ ജിഷയുടെ ജീവത്യാഗത്തോടുള്ള അമര്‍ഷവും പ്രതിഷേധപ്രകടനങ്ങളും നമ്മുടെ മകളുടെ നിഷ്ഠുര കൊലപാതകവാര്‍ത്ത പുറത്തുവരുംവരെ തണുത്തുറഞ്ഞുകിടക്കും. സാമൂഹികമാധ്യമങ്ങള്‍ക്ക് നന്ദി പറയണം; ഏപ്രില്‍ 28ന് നടന്ന കിരാതത്വത്തെ മലയാളിയുടെ നിസ്സംഗതയിലേക്ക് അശനിപാതംപോലെ പെയ്യിപ്പിച്ചതിന്, ഉറങ്ങിയ നിയമസംരക്ഷകരെയും അടഞ്ഞുപോയ മാധ്യമങ്ങളെയും ഉണര്‍ത്തിയതിന്. മലയാളിയെ മാറ്റിപ്പണിയാന്‍ അതിനു കരുത്തുണ്ടോ എന്നത് കാത്തിരുന്നുതന്നെ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
