ദുരിതക്കടലില്‍ കരകാണാതെ സിറിയന്‍ ജനത
text_fieldsഅഞ്ചു വര്‍ഷമായി മനുഷ്യക്കശാപ്പും തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനങ്ങളും അനുസ്യൂതം തുടരുന്ന സിറിയയില്‍ സമാധാന പുന$സ്ഥാപനത്തിനായുള്ള യു.എന്‍ ചര്‍ച്ചകളുടെ ഫലപ്രാപ്തിയെക്കുറിച്ച് മുഖ്യ പങ്കാളികളിലൊന്നായ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിതന്നെ ആശങ്ക പ്രകടിപ്പിച്ചതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും ഖാദുകമായ ദുരന്തങ്ങളിലൊന്ന് ആസന്നഭാവിയിലെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. യു.എസും റഷ്യയും മുന്‍കൈയെടുത്ത് ഇക്കൊല്ലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഏകാധിപതി ബശ്ശാര്‍ അല്‍അസദിന്‍െറ വിധ്വംസക ഭരണകൂടത്തിന്‍െറ ആയുസ്സ് നീട്ടിക്കൊടുക്കാനുള്ള കുതന്ത്രം മാത്രമായിരുന്നെന്ന സംശയം ബലപ്പെടുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങളില്‍ പ്രതിപക്ഷം പിന്മാറിയതുകൊണ്ട് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതൊഴിച്ചാല്‍, പ്രതിപക്ഷത്തിന്‍െറ നിയന്ത്രണത്തിലുള്ള നഗരമായ അലപ്പോയില്‍ റഷ്യയുടെ പിന്തുണയോടെ കണ്ണില്‍ചോരയില്ലാത്ത ആക്രമണമാണ് ബശ്ശാര്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
യൂനിവേഴ്സിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയുടെനേരെ നടന്ന ബോംബാക്രമണത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും രോഗികളുമടക്കം 50 പേര്‍ മരിച്ചു. വിദേശാക്രമണങ്ങളില്‍ പോലും മാനുഷികപരിഗണനകളാല്‍ ഒഴിവാക്കപ്പെടുന്ന ആശുപത്രികളെയും ക്ളിനിക്കുകളെയും സര്‍ക്കാര്‍ സേന ബോംബിട്ട് തകര്‍ക്കുന്നുവെന്നുവന്നാല്‍ തന്‍െറ സ്വേച്ഛാധികാരത്തെ ചോദ്യംചെയ്യുന്ന ഒരു മനുഷ്യജീവിയും രാജ്യത്ത് അവശേഷിക്കരുതെന്ന ബശ്ശാറിന്‍െറ ദുര്‍വാശിയുടെ ആഴം അളക്കാന്‍ കഴിയും. തുല്യതയില്ലാത്ത ഈ നരമേധത്തിനുത്തരവാദിയായ ബശ്ശാര്‍ അല്‍അസദിനെ മാറ്റിനിര്‍ത്തിയുള്ള തെരഞ്ഞെടുപ്പാണ് സമാധാനചര്‍ച്ചകളില്‍ പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അങ്ങനെയൊരു പരിഹാരത്തെക്കുറിച്ച് ആലോചിക്കാനേ പാടില്ല എന്നതാണ് ബശ്ശാര്‍ അല്‍അസദിന്‍െറ നിലപാട്. തന്മൂലം തടസ്സപ്പെട്ട ചര്‍ച്ചകള്‍ ജനീവയില്‍ പുനരാരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ധാരണ ലംഘിക്കപ്പെട്ടിരിക്കെ ആഭ്യന്തരയുദ്ധം നിയന്ത്രണാതീതമാവുകയാണെന്ന ആശങ്കയാണ് ജോണ്‍ കെറി പ്രകടിപ്പിച്ചിരിക്കുന്നത്.
ഏകദേശം രണ്ടു കോടി 40 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന സിറിയയില്‍ ഇന്നവശേഷിക്കുന്നത് കഷ്ടിച്ച് ഒരു കോടി 79 ലക്ഷം മനുഷ്യരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുമ്പോള്‍ മാനവിക നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന ആ ഐതിഹാസിക ഭൂഭാഗത്തിന്‍െറ ദുര്‍ഗതിയോര്‍ത്ത് കരയാതിരിക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാവില്ല. കൊല്ലപ്പെട്ടവരുടെ സംഖ്യ യു.എന്‍ ഒൗദ്യോഗികമായി മൂന്നു ലക്ഷത്തിലൊതുക്കുമ്പോള്‍ യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി. മിസ്തുരയുടെ കണക്കനുസരിച്ച് നാലു ലക്ഷം വരും. 60 ലക്ഷം പേര്‍ നാടുവിട്ട് എങ്ങും അഭയംകിട്ടാത്ത അഭയാര്‍ഥികളായി ജീവിക്കുന്നു. രാജ്യത്ത് അവശേഷിക്കുന്നവരില്‍ ഒരു കോടി 35 ലക്ഷം പേരും മാനുഷികസഹായം തേടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടത്തെല്‍. പുറത്തുനിന്നുള്ള പ്രാഥമികസഹായം ഇരകളിലേക്ക് എത്തണമെങ്കിലും യുദ്ധവിരാമം നടപ്പിലാവണം. അതിനോട് പക്ഷേ, ആത്മാര്‍ഥമായി സഹകരിക്കാന്‍ ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടം തയാറല്ല.
അയാളുടെ ധാര്‍ഷ്ട്യത്തിന്‍െറ പിന്‍ബലം റഷ്യയുടെയും ഇറാന്‍െറയും അര്‍ഥവും ആയുധങ്ങളും നല്‍കിയുള്ള സഹായമാണെന്ന് വ്യക്തം. ഇടക്കാലത്ത് കയറിവന്ന ദാഇശ് (ഐ.എസ്) ഭീകരരെ തുരത്താനെന്ന പേരിലാണ് റഷ്യക്ക് സൈനിക ഇടപെടലിന് വാതില്‍ തുറന്നതെങ്കിലും ബശ്ശാറിന്‍െറ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള സുവര്‍ണാവസരമായി പുടിന്‍ അത് ഉപയോഗപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷസേനയുടെ നിയന്ത്രണത്തിലായിരുന്ന അലപ്പോയില്‍ ഐ.എസ് പട കാലുകുത്തിയിട്ടില്ളെന്നിരിക്കെ നഗരത്തിലെ ആശുപത്രികള്‍പോലും അഗ്നികുണ്ഠങ്ങളാക്കി മാറ്റാന്‍ ബശ്ശാറിനെ സജ്ജമാക്കിയത് റഷ്യന്‍ സഹായമാണ്. സാര്‍ ചക്രവര്‍ത്തിമാരുടെയും ജോസഫ് സ്റ്റാലിന്‍െറയും പാരമ്പര്യം മാറ്റമില്ലാതെ തുടരുന്ന റഷ്യ അഫ്ഗാനിസ്താനെ കടന്നാക്രമിച്ചതും സ്വയംഭരണത്തിനുവേണ്ടി വാദിച്ച ചെച്നിയയെ തരിപ്പണമാക്കിയതും അനിഷേധ്യ യാഥാര്‍ഥ്യങ്ങളാണെന്നിരിക്കെ പുടിന്‍െറ ഹൃദയത്തില്‍ കാരുണ്യത്തിന് ഇടമില്ല. ജനാധിപത്യ സംസ്ഥാപനത്തിനായുള്ള ജനകീയ പ്രക്ഷോഭത്തെ ഭവിഷ്യത്തോര്‍ക്കാതെ സായുധ സമരമാര്‍ഗത്തിലേക്ക് തിരിച്ചുവിട്ടതില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കുമുള്ള കുറ്റകരമായ പങ്കും തുല്യമായി അപലപിക്കപ്പെടേണ്ടതാണ്.
ഐ.എസ് ഭീകരര്‍ക്ക് സിറിയയില്‍ ഇടപെടാന്‍ സാഹചര്യമൊരുക്കിയതുതന്നെ ആഭ്യന്തരയുദ്ധമാണ്. ഈ പശ്ചാത്തലത്തില്‍ സിറിയയിലെ മനുഷ്യക്കുരുതിയും ദുരിതവും അവസാനിക്കണമെങ്കില്‍ യു.എന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകള്‍ സഫലമാവണം. സഫലമാവണമെങ്കില്‍ അമേരിക്കയും റഷ്യയും ബന്ധപ്പെട്ട മറ്റെല്ലാ രാജ്യങ്ങളും സംയമനത്തിന്‍െറയും വിവേകത്തിന്‍െറയും പ്രതലത്തിലേക്ക് തിരിച്ചുവന്ന് ആയുധമേന്തുന്ന ഒരുവിഭാഗത്തെയും പിന്തുണക്കുകയില്ളെന്നും ജീവിക്കാനുള്ള സിറിയന്‍ജനതയുടെ അവകാശം വകവെച്ചുകൊടുക്കുമെന്നും തീരുമാനിക്കണം. ഈ ദിശയിലുള്ള നയതന്ത്ര ശ്രമങ്ങളാണ് അറബ് ലീഗും ഒ.ഐ.സിയും യു.എന്നും സത്വരമായി നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.