Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസാംകുട്ടിയും...

സാംകുട്ടിയും അധികാരികളും

text_fields
bookmark_border
സാംകുട്ടിയും അധികാരികളും
cancel

തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ മലയോരഗ്രാമമായ വെള്ളറടയിലെ വില്ളേജ് ഓഫിസ് പട്ടാപ്പകല്‍, ജീവനക്കാര്‍ ജോലിയിലിരിക്കെ തീവെച്ച് നശിപ്പിക്കപ്പെട്ട സംഭവം നടക്കുന്നത് ഏപ്രില്‍ 28ന് കാലത്ത് 11ന് ശേഷമാണ്. അതുമായി ബന്ധപ്പെട്ട ആദ്യവാര്‍ത്ത മാധ്യമം ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്യുന്നത് 12:58ന്. വാര്‍ത്ത പോസ്റ്റ് ചെയ്യപ്പെട്ട ഉടനെ വായനക്കാരുടെ ഭാഗത്തുനിന്ന് വന്ന കമന്‍റുകള്‍ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ‘സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓഫിസ് കയറിയിറങ്ങേണ്ടിവന്ന ഏതേലും പാവപ്പെട്ടവന്‍ ചെയ്തതായിരിക്കും’ എന്നതാണ് ഒന്നാമത്തെ കമന്‍റ്. ‘ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടും അഴിമതിയും കണ്ടുമടുത്ത ഏതോ ഒരുവന്‍ സഹികെട്ട് ചെയ്തതായിരിക്കും’ എന്നത് രണ്ടാമത്തെ കമന്‍റ്. മറ്റൊരു വായനക്കാരന്‍ ഇങ്ങനെ സംശയിക്കുന്നു: ‘വില്ളേജ് ഓഫിസില്‍നിന്ന് ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍വേണ്ടി വര്‍ഷങ്ങളായി കയറിയിറങ്ങി ആശനശിച്ച് അവസാനം തീവ്രവാദിയാകേണ്ടിവന്ന മനുഷ്യനാകുമോ പ്രതി?’. 28ന് വാര്‍ത്ത പോസ്റ്റ് ചെയ്ത ഉടനെവന്ന കമന്‍റുകളില്‍ ചിലത് മാത്രമാണിത്.

രണ്ടുദിവസത്തിന് ശേഷം, ഏപ്രില്‍ 30ന് പ്രതി പിടിയിലായി. ഇപ്പോള്‍ അടൂര്‍ കൊടുമണില്‍ താമസിക്കുന്ന, വെള്ളറട ചെറുതറക്കോണം സ്വദേശി സാംകുട്ടി (57) ആണ് പിടിയിലായത്. സാംകുട്ടിയുടെ പിതാവ് യോഹന്നാന്‍ വെള്ളറട വില്ളേജില്‍ സാംകുട്ടിക്കായി നല്‍കിയ 18 സെന്‍റ് വസ്തുവിന്‍െറ പോക്ക് വരവ് നടത്തിക്കിട്ടാന്‍ രണ്ടുവര്‍ഷമായി ഇയാള്‍ വില്ളേജ് ഓഫിസില്‍ കയറിയിറങ്ങുകയായിരുന്നുവത്രെ. പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഇയാളെ അധികാരികള്‍ തിരിച്ചയച്ചു കൊണ്ടേയിരുന്നു. ഇതില്‍ ഖിന്നനായ സാംകുട്ടി ഒടുവില്‍ കണ്ട വഴിയായിരുന്നുവത്രെ വില്ളേജ് ഓഫിസ് തീവെച്ച് നശിപ്പിക്കുകയെന്നത്. വില്ളേജ് ഓഫിസ് ജീവനക്കാരെ ചുട്ടുകൊന്ന് ആത്മഹത്യചെയ്യുകയായിരുന്നു സാംകുട്ടിയുടെ ഉദ്ദേശമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്ത വന്നയുടന്‍ ഓണ്‍ലൈന്‍ വായനക്കാരില്‍ മിക്കവരും പ്രവചിച്ചതുപോലത്തെന്നെയായിരുന്നു കാര്യങ്ങള്‍.

സാംകുട്ടി ചെയ്തത് നിയമവിരുദ്ധവും ന്യായീകരിക്കാന്‍ പറ്റാത്തതുമാണ് എന്നതില്‍ സംശയമില്ല. പക്ഷേ, ഇത്തരം സാംകുട്ടിമാരെ സൃഷ്ടിക്കുന്നതാണ് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനങ്ങളെന്നത് പൂര്‍ണമായും ശരിയാണ്. സര്‍ക്കാര്‍ ഓഫിസുകളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായമറിയാന്‍ ഒരു സര്‍വേ നടത്തിയാല്‍ മതിയാവും ജനങ്ങള്‍ എത്ര വെറുപ്പോടെയാണ്  ഇവരെ കാണുന്നതെന്ന് മനസ്സിലാക്കാന്‍. ജനങ്ങളുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് വില്ളേജ് ഓഫിസുകള്‍. വില്ളേജ് ഓഫിസില്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ആളെ ‘അധികാരി’ എന്നാണ് മുമ്പ് വിളിച്ചിരുന്നത്. ആ പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന തരത്തില്‍ അധികാരത്തിന്‍െറ സര്‍വഹുങ്കും പേറി നടക്കുന്നവരാണ് അവിടെ ഇരിക്കുന്നവരില്‍ മഹാഭൂരിപക്ഷവും എന്നത് ഒരു യാഥാര്‍ഥ്യമാണ്. ജനങ്ങള്‍ക്ക് അതാണ് അനുഭവം.

അതുകൊണ്ടാണ് വില്ളേജ് ഓഫിസിന് തീപിടിച്ചുവെന്ന വാര്‍ത്ത വരുമ്പോഴേക്ക് വായനക്കാര്‍ ഒന്നടങ്കം അതിന്‍െറ കാരണത്തെക്കുറിച്ച്, മേല്‍പറഞ്ഞ തരം കൃത്യമായ പ്രവചനം നടത്തിയത്. അവരുടെ അനുഭവത്തില്‍നിന്ന് രൂപപ്പെട്ടതാണ് ആ അഭിപ്രായം എന്നതാണ് ശരി. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്രയും വെറുക്കപ്പെട്ടവരായി മാറുന്നത്? ഉദ്യോഗസ്ഥരും അവരുടെ സംഘടനകളും ഗൗരവത്തില്‍ ആലോചിക്കേണ്ട വിഷയമാണിത്. ഇവിടെ ജീവനക്കാരുടെ നിരവധി സംഘടനകളുണ്ട്. ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല. അത്തരം അവകാശസമരങ്ങള്‍ ന്യായംതന്നെ. അതേസമയം, ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുന്ന എന്തെങ്കിലും പരിപാടികള്‍ അവര്‍ നടത്തിയിട്ടുണ്ടോ എന്നവര്‍ പരിശോധിക്കണം. ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കാന്‍, സര്‍ക്കാര്‍ സേവനങ്ങളെ ജനകീയമാക്കാന്‍, ജനങ്ങളും ഒൗദ്യോഗിക സംവിധാനങ്ങളും തമ്മിലുള്ള വിടവ് കുറച്ച് കൊണ്ടുവരാന്‍ എന്തെങ്കിലും പദ്ധതികള്‍ ഈ സംഘടനകള്‍ക്കുണ്ടോ?

2012 നവംബറിലാണ് കേരള സംസ്ഥാന സേവനാവകാശനിയമം പാസാക്കപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണ് എന്ന ശരിയായ നിലപാടില്‍ നിന്ന് രൂപംകൊണ്ട ശ്രദ്ധേയമായ നിയമമാണത്. പക്ഷേ, വിവരാവകാശനിയമം പോലെ പ്രസ്തുതനിയമം ഇനിയും ജനകീയമാവുകയോ ഗൗരവത്തില്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് ഉയരുകയോ ചെയ്തിട്ടില്ല. അതിനെ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ ജനോപകാരപ്രദമാക്കാന്‍ അത്തരം ഇടപെടലുകള്‍ കൊണ്ടേ സാധിക്കുകയുള്ളൂ.

വെള്ളറട സംഭവം ഒറ്റപ്പെട്ട കാര്യമല്ല. ഇതില്‍തന്നെ, വില്ളേജ് അധികാരികള്‍ക്ക് ഒരുപക്ഷേ, മറ്റ് ചില വീക്ഷണങ്ങള്‍ പറയാനുമുണ്ടാകും. എന്നാലും, സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് അമര്‍ഷവും രോഷവും ഉള്ളിലടക്കി കഴിയുന്ന സാധാരണക്കാരാണ് ഈ നാട്ടില്‍ ഭൂരിപക്ഷവും എന്നത് സത്യമാണ്. വെള്ളറട സംഭവത്തിന്‍െറ പേരില്‍ സാംകുട്ടി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം, സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന് അനുകൂലമായി പ്രചരിച്ച അഭിപ്രായങ്ങള്‍ എടുത്താല്‍ മാത്രം മതി ഈ വികാരം മനസ്സിലാക്കാന്‍. അറസ്റ്റ് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഒരു വായനക്കാരന്‍ ഇങ്ങനെ പറയുന്നു -‘ഉദ്യോഗസ്ഥ പ്രമാണിമാരെ, ഇനിമേല്‍ സാംകുട്ടിമാരെ സൂക്ഷിക്കുക’. അതിനാല്‍ ഇത് എല്ലാവരും ശ്രദ്ധിക്കണം. കാരണം, ജനങ്ങളുടെ രോഷം കനത്തതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story