എല്ലാം ‘വിജയസാധ്യത’യുടെ പേരില്‍
text_fieldsഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 16ാം തീയതിവരെ നീട്ടിയ ഇലക്ഷന്‍ കമീഷന്‍െറ അവിചാരിത തീരുമാനം കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെയും മുന്നണികളെയും തെല്ളൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയമാണ് പലതലത്തിലും പലവട്ടം രഹസ്യവും പരസ്യവുമായ കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയിട്ടും അന്തിമമായി പ്രഖ്യാപിക്കപ്പെടാതെ തുടരുന്നത്. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുജനാധിപത്യ മുന്നണിയില്‍ താരതമ്യേന സുഗമമായി സീറ്റുകളുടെ പങ്കുവെപ്പും സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തീകരിക്കപ്പെടാറായിരുന്നു പതിവെങ്കിലും ഇത്തവണ അതിലും മാറ്റം സംഭവിച്ചു. സീറ്റ് പങ്കുവെപ്പ് സംബന്ധമായ തര്‍ക്കങ്ങള്‍ ഘടകകക്ഷികളുമായി നിരന്തരചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ കഴിഞ്ഞദിവസം ഒരുവിധം ഒത്തുതീര്‍ത്തുവെന്ന് പറയാമെങ്കിലും സ്ഥാനാര്‍ഥികളെച്ചൊല്ലി വിവിധ മണ്ഡലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പൊട്ടലും ചീറ്റലും കെട്ടടങ്ങിയിട്ടില്ല. നിലമ്പൂര്‍ പോലുള്ള മണ്ഡലങ്ങളിലാകട്ടെ സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറികള്‍ക്കുതന്നെ വഴിയൊരുക്കിയിരിക്കുന്നു വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെതേടി പാര്‍ട്ടി സ്വീകരിച്ച നിലപാട്. യുഡി.എഫിലെ മുഖ്യഘടകമായ കോണ്‍ഗ്രസില്‍ ആഭ്യന്തരയുദ്ധംതന്നെയാണ് അരങ്ങുതകര്‍ക്കുന്നത്. കെ.പി.സി.സിക്കോ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കോ പൂര്‍ത്തീകരിക്കാനാവാത്ത സ്ഥാനാര്‍ഥിപ്പട്ടികയുമായി പ്രസിഡന്‍റ് വി.എം. സുധീരനും മുന്‍ പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ശ്വവര്‍ത്തികളും ഒന്നടങ്കം ഡല്‍ഹിയിലേക്കോടി ഹൈകമാന്‍ഡിലെ വന്‍ തോക്കുകളുമായി സന്ധിച്ച് ഒറ്റക്കും കൂട്ടായും വിലപേശിയിട്ടും തര്‍ക്കിച്ചിട്ടും തീരുമാനം അനിശ്ചിതമായി നീളുകയാണ്. കോണ്‍ഗ്രസിന്‍െറ പട്ടികക്ക് അന്തിമ രൂപംനല്‍കിയിട്ടുവേണം മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും. അതിനൊക്കെ ഇനിയും സമയമുണ്ട് എന്നാശ്വസിച്ചാലും എന്തുകൊണ്ടാണ് വഴക്കും വക്കാണവും ഇവ്വിധം രൂക്ഷമാവുകയും വഷളാവുകയും ചെയ്തതെന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ രാഷ്ട്രീയത്തിന്‍െറ ഭയാനകമായ മൂല്യത്തകര്‍ച്ചയുടെ ആഴം കാണേണ്ടിവരുക.
പ്രത്യയശാസ്ത്രപരമോ ആദര്‍ശപരമോ ആയ എല്ലാ പ്രതിബദ്ധതകള്‍ക്കും സംസ്ഥാന വികസനത്തിന്‍െറ സമസ്ത കൊട്ടിഘോഷങ്ങള്‍ക്കും നിസ്വാര്‍ഥ ജനസേവനത്തെക്കുറിച്ച അവകാശവാദങ്ങള്‍ക്കുമപ്പുറത്ത് പണത്തിനും പദവിക്കും സ്വാര്‍ഥലാഭങ്ങള്‍ക്കും വേണ്ടിയുള്ള നെട്ടോട്ടമാണ് നടക്കുന്നതെന്ന് ഏത് കണ്ണുപൊട്ടനും കാണാനാവും. തങ്ങള്‍ നാഴികക്ക് നാല്‍പതുവട്ടം തള്ളിപ്പറയുന്ന കോര്‍പറേറ്റുകളും അബ്കാരികളും കള്ളപ്പണക്കാരും ജാതി-മതശക്തികളും അധികാരദല്ലാളുമാരുമാണ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ് ജനങ്ങള്‍. പാര്‍ട്ടിക്കുവേണ്ടി രാപ്പകല്‍ വിയര്‍പ്പൊഴുക്കിയവരും പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരും മിഴിച്ചിരിക്കെ പാര്‍ട്ടി പതാക ഒരിക്കലെങ്കിലും പിടിച്ചിട്ടില്ലാത്ത പണച്ചാക്കുകളെയും സിനിമക്കാരെയും കളിക്കാരെയുമൊക്കെ തിരഞ്ഞുപിടിച്ച് ഒൗദ്യോഗിക ചിഹ്നത്തിലും സ്വതന്ത്രവേഷം കെട്ടിച്ചും മത്സരിപ്പിക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ ഉടനടി ലഭിക്കുന്ന ഉത്തരം വിജയസാധ്യത എന്നതായിരിക്കും. അതീവ ഗുരുതരമായ അഴിമതിയാരോപണങ്ങളാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ടവരെതന്നെ വീണ്ടും വീണ്ടും മത്സരരംഗത്തിറക്കാന്‍ ശഠിക്കുന്നതെന്തിന് എന്ന ചോദ്യത്തിനുള്ള മറുപടിയും അതുതന്നെ, വിജയസാധ്യത! വിജയസാധ്യതകള്‍ വിശകലനം ചെയ്യാന്‍പോയാല്‍ ജാതിയും സമുദായവും സഭകളും റിയല്‍ എസ്റ്റേറ്റ് ലോബികളും ക്വാറിയുടമകളും പരിസ്ഥിതി ധ്വംസനക്കാരുമൊക്കെ ചേര്‍ന്ന് ചതുരുപായങ്ങളും പയറ്റുന്ന അധോലോകവുമായുള്ള ബന്ധത്തിന്‍െറ ചിത്രമാണ് മുന്നില്‍ വരുക. ഈവക ദുശ്ശക്തികളെ പിണക്കാതെയും പ്രീണിപ്പിക്കാതെയും പ്രബുദ്ധ കേരളത്തില്‍ നിസ്വാര്‍ഥസേവകരായ പ്രവര്‍ത്തകരെമാത്രം കളത്തിലിറക്കി കരപറ്റിക്കാന്‍ കഴിയില്ളെന്ന് ഏതാണ്ടെല്ലാ മുന്നണികളും പാര്‍ട്ടികളും തീരുമാനിച്ചപോലെയാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹിക്കുന്നതിന്‍െറ അടുത്തൊന്നും പ്രാതിനിധ്യമില്ലാത്ത പട്ടികകള്‍ പുറത്തിറക്കാനുള്ള ന്യായീകരണവും വിജയസാധ്യതതന്നെ. ആറുംഏഴും തവണ മത്സരിച്ചിട്ടും പലവട്ടം എം.എല്‍.എയോ മന്ത്രിയോ ആയിട്ടും പൂതിതീരാത്ത വൃദ്ധശിരോമണികള്‍ക്ക് പറയാനുള്ളത് വിജയസാധ്യത കണക്കിലെടുത്ത് മാത്രം പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടാണ് തങ്ങള്‍ വീണ്ടും ഗോദയിലിറങ്ങേണ്ടിവന്നത് എന്നാണ്. ഊര്‍ജസ്വലരും കഴിവ് തെളിയിച്ചവരുമായ യുവനേതാക്കള്‍ക്കും വനിതകള്‍ക്കും അവസരംനല്‍കി നോക്കിയെങ്കിലല്ളേ വിജയസാധ്യത വിലയിരുത്താനാവൂ. രണ്ടോമൂന്നോ തവണ മാത്രമേ ആര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കൂ എന്ന് തീരുമാനിച്ച പാര്‍ട്ടികള്‍പോലും കാര്യത്തോടടുക്കുമ്പോള്‍ പ്രത്യേക സാഹചര്യവും വിജയസാധ്യതയും പറഞ്ഞ് ‘തെറ്റ്’ തിരുത്തുന്ന കാഴ്ചയാണ്. മണ്ഡലങ്ങള്‍ കുത്തകയാക്കിവെച്ചവര്‍ സമ്മര്‍ദത്തിന് വഴങ്ങി പിന്മാറാന്‍ ഒരുവിധം വഴങ്ങുമെങ്കില്‍ അത് സ്വന്തം മക്കളെയോ അടുത്തബന്ധുക്കളെയോ പകരക്കാരാക്കാന്‍ പാര്‍ട്ടി സമ്മതിച്ചാലായിരിക്കും. മതനിരപേക്ഷ ജനാധിപത്യത്തിന് ആറേഴുപതിറ്റാണ്ട് പ്രായമായ ഇന്ത്യ മഹാരാജ്യത്ത് ഓരോ തെരഞ്ഞെടുപ്പും പൂര്‍വാധികം രൂക്ഷമായ അഴിമതിക്കും അധികാരക്കൊതിക്കും അധാര്‍മികതക്കുമാണ് വിധിയൊരുക്കുന്നതെങ്കില്‍ അത് പുതിയ തലമുറക്ക് ജനാധിപത്യവ്യവസ്ഥയിലുള്ള വിശ്വാസത്തെതന്നെ പൂര്‍ണമായി തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
