ഫെഡറലിസം അപകടത്തില്‍
text_fieldsഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനയുടെ 356ാം വകുപ്പിന്‍െറ വ്യക്തമായ ദുരുപയോഗമാണ്. നിയമസാധുതയെക്കാള്‍ രാഷ്ട്രീയ അവസരവാദമാണ് ഈ നടപടിയില്‍ തെളിയുന്നത്. ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ ഭരണഘടനാസാധുത അനിശ്ചിതത്വത്തിലായിരുന്നു എന്നത് സത്യമാണ്. ഭരണകക്ഷിയിലെ ഗണ്യമായ ഒരുവിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബി.ജെ.പി അവകാശപ്പെട്ടിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ 10 ദിവസം അനുവദിച്ചതാണ്. എന്നാല്‍, സഭ ചേരുന്നതിന്‍െറ തലേന്ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുകയും അദ്ദേഹം വിളംബരത്തില്‍ ഒപ്പുവെക്കുകയുമായിരുന്നു. ഫെഡറല്‍ഘടനയെ അട്ടിമറിക്കുന്ന ഈ നടപടി ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുമോയെന്ന സന്ദേഹമുയര്‍ന്നിട്ടുണ്ട്. കീഴ്വഴക്കമനുസരിച്ചും ജനാധിപത്യ മര്യാദയനുസരിച്ചും അത് അപലപനീയമാണ് എന്നതിലേതായാലും തര്‍ക്കമില്ല.
രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ രീതിയും അതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച തിടുക്കവും അതിനുപിന്നിലെ ദുരുദ്ദേശ്യത്തിന് തെളിവാണ്. ഗവര്‍ണര്‍ കെ.കെ. പോള്‍ നിര്‍ദേശിച്ചപ്രകാരം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടതായിരുന്നു. അതിനിടക്ക് കൂറുമാറിയ ഒമ്പത് എം.എല്‍.എമാരെ അയോഗ്യരാക്കിക്കൊണ്ട് സ്പീക്കര്‍ ഉത്തരവിറക്കിയിരുന്നു. അവരെ ഒഴിവാക്കുന്നതോടെ ഹരീഷ് റാവത്ത് സര്‍ക്കാറിന് ഭൂരിപക്ഷമാകും. സ്പീക്കറുടെ ഈ രാഷ്ട്രീയകൗശലത്തിന്‍െറ നിയമസാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്. കോടതിയില്‍ അത് ചോദ്യം ചെയ്യാവുന്നതുമായിരുന്നു. എന്നാല്‍, ജനാധിപത്യമോ നിയമവഴക്കമോ അല്ല, അവസരവാദ രാഷ്ട്രീയംതന്നെ പ്രധാനമെന്ന് തെളിയിച്ചുകൊണ്ട് ബി.ജെ.പി, നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള സാവകാശംപോലും അനുവദിച്ചില്ല. അസമിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ വെട്ടിച്ചുരുക്കി ഡല്‍ഹിയിലത്തെുകയും കേന്ദ്രമന്ത്രിസഭ അടിയന്തരമായി യോഗംചേര്‍ന്ന് രാഷ്ട്രപതിഭരണത്തിന് കരുനീക്കുകയുമായിരുന്നു. നിയമസഭായോഗത്തിനു മുമ്പുതന്നെ മന്ത്രിസഭയെ താഴെയിടാന്‍ പാകത്തില്‍ ഗവര്‍ണറില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് വരുത്തിയിരുന്നു. മാര്‍ച്ച് 28വരെ സര്‍ക്കാറിന് ശക്തിതെളിയിക്കാനുള്ള അവസരം നേരത്തേ അനുവദിച്ചിരുന്ന ഗവര്‍ണര്‍, ഈ റിപ്പോര്‍ട്ട് നല്‍കാനിടയായ സാഹചര്യമെന്തായിരുന്നു? ബി.ജെ.പിയുടെ വരുതിയില്‍നില്‍ക്കാതിരുന്ന അദ്ദേഹത്തില്‍നിന്ന് എന്ത് സമ്മര്‍ദത്തിലൂടെയാണ് ആ റിപ്പോര്‍ട്ട് സംഘടിപ്പിച്ചെടുത്തത്? ഈ റിപ്പോര്‍ട്ടുപോലും രാഷ്ട്രപതിഭരണത്തിനുള്ള ന്യായമാക്കാനാകുമോ എന്നകാര്യത്തിലും നിയമജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ‘ഭരണഘടനാ സംവിധാനത്തിന്‍െറ തകര്‍ച്ച’ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മന്ത്രിസഭയെ പിരിച്ചുവിടാറുള്ളത്. ഗവര്‍ണര്‍ പോളാകട്ടെ, ‘ഭരണ നിര്‍വഹണ തകര്‍ച്ച’യെന്നേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഏതായാലും, കേന്ദ്രമന്ത്രിസഭയും ഗവര്‍ണറും സംസ്ഥാനസര്‍ക്കാറുമെല്ലാം ഒരുപോലെ അവഗണിച്ച ചിലതുണ്ട്. ജനങ്ങളെന്ന വിഭാഗത്തെയും ഭരണഘടനയുടെ അന്തസ്സത്തയെയും അവരാരും പരിഗണിച്ചില്ല.
ബി.ജെ.പി ഇതരസംസ്ഥാനങ്ങളില്‍ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള പഴുതുകള്‍ കേന്ദ്രസര്‍ക്കാര്‍ തേടുന്നുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. അരുണാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കുകയും പകരം വിമതരെ ചേര്‍ത്ത് ബി.ജെ.പി നിയന്ത്രണത്തിലുള്ള സര്‍ക്കാറിനെ അവരോധിക്കുകയും ചെയ്ത ശൈലി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്. അരുണാചലിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റുകയായിരുന്നു ആദ്യചുവട്. പിന്നെ, സര്‍ക്കാറിനുള്ള പിന്തുണസംബന്ധിച്ച തര്‍ക്കം. ഇപ്പോള്‍ ഉത്തരാഖണ്ഡിലെന്നപ്പോലെ, അവിടെയുമുണ്ടായി സ്പീക്കറുടെ കളികളും കൂറുമാറ്റനാടകങ്ങളും. ഒപ്പം ഗവര്‍ണറുടെ ഒത്താശയോടെ മറുപക്ഷത്തിന്‍െറ ബദല്‍സൂത്രങ്ങള്‍. പിന്നെ രാഷ്ട്രപതിഭരണം; സഭ മരവിപ്പിച്ചുനിര്‍ത്തല്‍ (രാജ്യസഭ അടക്കം പാര്‍ലമെന്‍റിന്‍െറ അംഗീകാരമില്ലാതെ നിയമസഭ പിരിച്ചുവിട്ടുകൂടെന്ന് സുപ്രീംകോടതി വിധിയുണ്ട്). അണിയറനാടകങ്ങള്‍ക്കും രഹസ്യ ഇടപാടുകള്‍ക്കും ശേഷമാകാം, രാഷ്ട്രപതിഭരണം റദ്ദാക്കി, പകരം ബി.ജെ.പിയുടെ വരുതിയിലൂടെ കോണ്‍ഗ്രസ് വിമതരെ മുന്നില്‍നിര്‍ത്തി പുതിയ ഭരണകൂടം നിലവില്‍വന്നു. സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന സുപ്രീംകോടതിവിധി നിലനില്‍ക്കെയാണ് അതിനവസരം നല്‍കാതെ നിയമസമാധാനത്തകര്‍ച്ച ആരോപിച്ച് ഹരീഷ് റാവത്ത് സര്‍ക്കാറിനെ പിരിച്ചുവിട്ടിരിക്കുന്നത്.
ഇത്ര ധിറുതിയില്‍, ഇത്ര ജനാധിപത്യവിരുദ്ധമായി, സംസ്ഥാന ഭരണങ്ങള്‍ പിടിച്ചെടുക്കുന്നതിനു പിന്നിലെ താല്‍പര്യങ്ങള്‍ പലതാവാം. എത്രയുംവേഗം രാജ്യസഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് അതിലൊന്നാണ്. വ്യത്യസ്തമായ ഭരണം വാഗ്ദാനംചെയ്ത ബി.ജെ.പി, സംസ്ഥാന സര്‍ക്കാറുകളെ യഥേഷ്ടം പിരിച്ചുവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1994ലെ എസ്.ആര്‍. ബൊമ്മെ കേസിലെ വിധിക്കും മുമ്പത്തെ അവസ്ഥയിലേക്കാണ് ഇന്ത്യയെ നടത്തുന്നത്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ, ഏറെ മുമ്പല്ലാതെ ‘സഹകരണാത്മക ഫെഡറലിസ’ത്തെപ്പറ്റി വാചാലനായിരുന്ന നരേന്ദ്ര മോദിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
