അനാഥമന്ദിരങ്ങളുടെ ആശങ്കയകറ്റണം
text_fields18 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥമന്ദിരങ്ങളും അഭയകേന്ദ്രങ്ങളും ബാലനീതി നിയമമനുസരിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് അഗതി അനാഥ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ആശയക്കുഴപ്പവും ആശങ്കയുമുളവാക്കിയിരിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നീങ്ങുന്ന അനാഥാലയങ്ങള്‍ക്കുമേല്‍ പുതിയനിയമം അടിച്ചേല്‍പിക്കുന്നത് ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അഗതി അനാഥജന്മങ്ങളെ സാങ്കേതികത്വത്തിന്‍െറ പേരില്‍ തെരുവില്‍ തള്ളാന്‍ ഇടയാക്കുമെന്നുമാണ് ആശങ്കയുയര്‍ന്നിരിക്കുന്നത്. അനാഥശാല നിയന്ത്രണനിയമത്തിന് വിധേയമായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പുതിയനിയമം നടപ്പാക്കുന്നതില്‍നിന്ന് വിടുതല്‍തേടി ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അനാഥശാല നടത്തിപ്പുകാര്‍.
ബാലനീതി (ബാലപരിപാലന സംരക്ഷണ) നിയമത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ഭേദഗതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിവ നടത്തുന്ന ബാലമന്ദിരങ്ങള്‍, അഭയമന്ദിരങ്ങള്‍, പ്രത്യേകഭവനങ്ങള്‍, ഓപണ്‍ ഷെല്‍ട്ടറുകള്‍, ദത്തെടുപ്പ് ഏജന്‍സികള്‍ എന്നിവ ബാലസംരക്ഷണ ഓഫിസിന്‍െറ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. ബാലനീതി നിയമത്തിന്‍െറ 41ാം വകുപ്പ് അനുസരിച്ചുള്ള ഉത്തരവ് നടപ്പാക്കാന്‍ കോഴിക്കോട് ജില്ലയില്‍ നീക്കമാരംഭിച്ചതിന് പിറകെയാണ് അനാഥശാലകളുടെ സംഘടന ഇതിനെതിരെ രംഗത്തുവന്നത്. കേന്ദ്ര നിയമ, നീതികാര്യ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമഭേദഗതികള്‍ക്കനുസൃതമായി 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പോറ്റിവളര്‍ത്തുന്ന എല്ലാ കേന്ദ്രങ്ങളും മാര്‍ച്ച് 31ന് മുമ്പ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ സംസ്ഥാന സാമൂഹികനീതി വകുപ്പാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനും അനാവശ്യ വിവാദങ്ങളും സര്‍ക്കാറിന് ചീത്തപ്പേരുമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ നടപടിയെന്ന് സാമൂഹികനീതി വകുപ്പ് വ്യക്തമാക്കുന്നു.
കുട്ടിക്കുറ്റവാളികളുടെ ഹീനകൃത്യങ്ങള്‍ വര്‍ധിച്ചതോടെയാണ് ബാലനീതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍നിന്ന് 16ലേക്ക് ചുരുക്കിയ നടപടി ഇതിന്‍െറ ഭാഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാലമന്ദിരങ്ങള്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നതായി പരാതിയുയരുകയും ചെയ്തിരുന്നു. 2014ല്‍ പാലക്കാട്ടെ ഒരു അനാഥശാലയില്‍ മൈനര്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ആരോപണമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. അന്ന് സംസ്ഥാനത്ത് 87 അനധികൃത അനാഥമന്ദിരങ്ങളുള്ളതായി സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കണ്ടത്തെി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളുടെ കണക്കുകളും അന്ന് പരിശോധിച്ചു. 66 ക്രിമിനല്‍ കേസുകളാണ് അനാഥമന്ദിരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സര്‍ക്കാര്‍ ബാലമന്ദിരങ്ങളിലെ ശോച്യാവസ്ഥയും മോശം പരിപാലനരീതിയും നേരത്തേ വിമര്‍ശമുയര്‍ത്തിയതാണ്. ഇക്കാര്യത്തില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വേറെയും ദയനീയ കഥകള്‍ പുറത്തുവന്നിരുന്നു. ഈദൃശ കാരണങ്ങളാല്‍ പുതിയ ബാലനീതി നിയമം അനാഥ, അഗതി സംരക്ഷണത്തിന് കൂടുതല്‍ ഗുണകരമാവുമെന്ന് വിശ്വസിക്കുന്നവരുണ്ട്.
എന്നാല്‍ മറുവശത്തുയരുന്ന ആശങ്കയും അസ്ഥാനത്തല്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 1107 അനാഥശാലകളില്‍ വിവിധ സന്നദ്ധസംഘടനകള്‍ നല്ലനിലയില്‍ നടത്തുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുള്ള അനാഥമക്കളെ ഇവിടെ മികച്ച സൗകര്യവും വിദ്യാഭ്യാസവും നല്‍കി മെച്ചപ്പെട്ട പൗരന്മാരാക്കി വളര്‍ത്തിയെടുക്കുന്ന ഈ സ്ഥാപനങ്ങള്‍ സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്തിലാണ് നടന്നുവരുന്നത്. ഇവയെ നിയന്ത്രിക്കാനും ചൂഷണവും കെടുകാര്യസ്ഥതയും ഒഴിവാക്കാനും 1960ല്‍ ഗവണ്‍മെന്‍റ് രൂപംകൊടുത്ത അനാഥശാല-ധര്‍മസ്ഥാപന (മേല്‍നോട്ടവും നിയന്ത്രണവും) നിയമം നിലവിലുണ്ട്. നിയമത്തിന് വിരുദ്ധമായി സ്വകാര്യവ്യക്തികളും വിഭാഗങ്ങളും അനാഥശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ 2009ല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് തന്നെ തടയിടാന്‍ മുന്നോട്ടുവന്നതാണ്. ഈ വ്യവസ്ഥാപിത സംവിധാനം നിലവിലുള്ളതുകൊണ്ട് ബാലനീതി നിയമത്തിന്‍െറ വരുതിയില്‍നിന്ന് അനാഥശാലകളെ മാറ്റിനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതൊഴിവാക്കി ഇവയെ വീണ്ടും ജെ.ജെ ആക്ടിന് കീഴിലാക്കാനാണ് ഗവണ്‍മെന്‍റ് നീക്കമാരംഭിച്ചിരിക്കുന്നത്.
സര്‍ക്കാറിന്‍െറ സാങ്കേതിക കെട്ടുപാടുകളിലേക്ക് നീങ്ങുന്നത് അനാഥശാലകളുടെ പ്രവര്‍ത്തനം അട്ടിമറിച്ചേക്കുമെന്ന ആശങ്ക ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഉന്നയിക്കുന്നത് അനുഭവത്തില്‍നിന്നുതന്നെയാണ്. കഴിഞ്ഞ വര്‍ഷം സാങ്കേതികമായ ചില പിഴവുകളുടെ പേരില്‍ അനാഥശാലകള്‍ക്കെതിരായി ഉയര്‍ന്ന മനുഷ്യക്കടത്ത് ആരോപണവും അനാഥമക്കളെ വഴിയാധാരമാക്കുന്ന തരത്തിലേക്ക് അത് ചെന്നത്തെിയതുമായ അനുഭവവും അവര്‍ക്കു മുന്നിലുണ്ട്. സാമൂഹികനീതി വകുപ്പും ഒൗദ്യോഗികസംവിധാനവും അന്ന് അനാഥശാലക്കെതിരെ നിലയുറപ്പിച്ച സ്ഥിതിയാണുണ്ടായത്. സര്‍ക്കാര്‍ മേല്‍നോട്ടം നല്ല നടത്തിപ്പിന് സഹായകമാകുന്നില്ളെന്നതും മികച്ച രീതിയില്‍ നീങ്ങുന്നവരെ സംശയത്തിന്‍െറ കരിനിഴലിലേക്ക് തള്ളുന്നതും അവര്‍ കണ്ടു. അതിനാല്‍, ജില്ലാ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലേക്ക് അനാഥശാലകളുടെ പ്രവര്‍ത്തനം മാറുന്നതോടെ വരുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ശ്രദ്ധേയമാക്കിയ മികച്ചൊരു ജീവകാരുണ്യപ്രവര്‍ത്തനത്തിന് തടയിട്ടേക്കുമോ എന്ന ശങ്ക തീര്‍ക്കേണ്ടത് അധികൃതര്‍ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
