Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവോട്ടും കുടിവെള്ളവും

വോട്ടും കുടിവെള്ളവും

text_fields
bookmark_border
വോട്ടും കുടിവെള്ളവും
cancel

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പോ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളോ സമയബന്ധിതമായി ഇലക്ഷന്‍ കമീഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ വേട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷമേ പുതിയ വികസന പദ്ധതികളും ജനക്ഷേമ പരിപാടികളും സര്‍ക്കാറുകള്‍ പുറത്തുവിടാവൂ എന്ന ചട്ടം ഇലക്ഷന്‍ പ്രക്രിയ  സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കാന്‍ തികച്ചും അനുപേക്ഷ്യമാണെന്ന് ആരും സമ്മതിക്കും. സ്വതേതന്നെ ഭരണം നടക്കുന്ന അഞ്ചു വര്‍ഷക്കാലത്ത് കൃത്യമായും സന്തുലിതമായും പ്രയോഗവത്കരിക്കേണ്ട വികസന-ജനക്ഷേമ പരിപാടികള്‍ വര്‍ഷാവസാനംവരെയും ചിലപ്പോള്‍ ഭരണാവസാനം വരെയും നീട്ടിവെച്ചും പതിനൊന്നാം മണിക്കൂറില്‍ ധിറുതിപിടിച്ചും അശാസ്ത്രീയമായും നടപ്പാക്കുന്ന പതിവ് ചിരകാലമായി തുടരുന്നതാണ്. ജനനന്മയേക്കാള്‍ സമ്മതിദായകരുടെ കണ്ണില്‍ പൊടിയിട്ട് അധികാരമുറപ്പിക്കുന്നതിലാണ് സര്‍ക്കാറുകള്‍ക്ക് താല്‍പര്യം എന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. ഈ പതിവ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷമെങ്കിലും അത്തരം ഗിമ്മിക്കുകള്‍ക്ക് അവസരം സൃഷ്ടിക്കരുതെന്ന ഇലക്ഷന്‍ കമീഷന്‍െറ ശാഠ്യം ന്യായവും യുക്തിഭദ്രവുമാണ്.

എന്നാല്‍, കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമീഷന്‍ രണ്ടരമാസം നേരത്തേ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് സമയക്രമം മാര്‍ച്ച് ആദ്യവാരമാണ് കമീഷന്‍ പ്രഖ്യാപിച്ചത്. പ്രസ്തുത സമയക്രമമനുസരിച്ച് മേയ് 16നാണ്  കേരളത്തിലെ വോട്ടെടുപ്പ്. തത്ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളാകെ തടസ്സപ്പെട്ടതിനു പുറമെ, അത്യുഷ്ണത്തില്‍ അതിരൂക്ഷമായിവരുന്ന ജലക്ഷാമത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഹാര പരിപാടികളും ഇലക്ഷന്‍ കമീഷന്‍ തടഞ്ഞിരിക്കുകയാണ്. ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ഏപ്രില്‍ ഒന്നു മുതല്‍ക്ക് 20 ലക്ഷം ദരിദ്രര്‍ക്കുള്ള സൗജന്യ അരിവിതരണവും വിലക്കിനെ നേരിടുകയാണ്. കുടിവെള്ളക്ഷാമം കടുത്ത പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനങ്ങളില്‍ വെള്ളം എത്തിക്കാനുള്ള നീക്കത്തിനുപോലും തടയിട്ടത് നിമിത്തം രോഷാകുലമായ സര്‍ക്കാര്‍ ഇതിനെതിരെ ദേശീയ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനും പരിഹാരമുണ്ടായില്ളെങ്കില്‍ കോടതിയെ ഇടപെടീക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു പ്രദേശം വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കപ്പെടാത്തിടത്തോളം കാലം സര്‍ക്കാര്‍ ചെലവില്‍ കുടിവെള്ള വിതരണ പദ്ധതിക്ക് അനുമതി നല്‍കാനാവില്ല എന്നതാണത്രെ കമീഷന്‍െറ നിലപാട്. ഒന്നോ ഒന്നരയോ മാസക്കാലത്തിനിടക്ക് പൂര്‍ത്തീകരിക്കപ്പെടേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ രണ്ടരമാസം ദീര്‍ഘിപ്പിച്ചതാണ് പ്രശ്നത്തിന്‍െറ മര്‍മമെന്ന് വ്യക്തമാണ്. ഇലക്ഷന്‍ വിജ്ഞാപനം വരുക ഏപ്രില്‍ 22ന് ആയിരിക്കുമെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കെ അന്നുമുതല്‍ മാത്രമേ പെരുമാറ്റച്ചട്ടം നിലവില്‍ വരേണ്ട ആവശ്യമുള്ളൂ. പക്ഷേ, സമ്മതിദായകരെ സ്വാധീനിക്കാന്‍ ഏത് അറ്റകൈക്കും ഭരണാധികാരികള്‍ മുതിരുമെന്ന ന്യായമായ ആശങ്കയാവാം ഇലക്ഷന്‍ പ്രഖ്യാപനം മുതല്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ കമീഷനെ നിര്‍ബന്ധിതമാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുന്നതിന്‍െറ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ മാരത്തണ്‍ യോഗം ചേര്‍ന്ന് പാസാക്കിയെടുത്ത തീരുമാനങ്ങളില്‍ പലതും വിവാദപരമായി തുടരുന്ന സാഹചര്യത്തില്‍, സമ്മതിദായകര്‍ക്ക് നല്‍കുന്ന കൈക്കൂലി എന്നു തന്നെ ചിത്രീകരിക്കാവുന്ന അധികാര ദുര്‍വിനിയോഗ സാധ്യതകള്‍ കര്‍ശനമായി നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ ജാഗ്രതയെ കുറ്റപ്പെടുത്താനാവില്ല.

സൗജന്യ അരിവിതരണം അല്‍പം നേരത്തേ ആരംഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് തടസ്സപ്പെടുന്ന പ്രശ്നം ഉദ്ഭവിക്കുമായിരുന്നില്ല. തെരഞ്ഞെടുപ്പു കാലത്തുതന്നെ അത് വേണമെന്ന ശാഠ്യം സദുദ്ദേശ്യപരമാണെന്ന് സര്‍വരും സമ്മതിക്കണമെന്നില്ല. എന്നാല്‍, വ്യത്യസ്തമാണ് കുടിവെള്ള പ്രശ്നം. അപ്രതീക്ഷിതമായ വേനല്‍ച്ചൂടിന്‍െറ കാഠിന്യം ജലസ്രോതസ്സുകളെ ആശങ്കജനകമാകുംവിധം വറ്റിച്ചുകളയുകയാണ്്. യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഇക്കാര്യം പ്രത്യേക കേസായി ഇലക്ഷന്‍ കമീഷന്‍ പരിഗണിക്കുകയും പെരുമാറ്റച്ചട്ടത്തില്‍ ഇളവ് അനുവദിക്കുകയുമാണ്  ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചെയ്യുന്ന നീതി. സത്വര ജലവിതരണ ഏര്‍പ്പാടുകള്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തിയിട്ടില്ളെന്നതും കണക്കിലെടുക്കേണ്ടതാണ്.

 

Show Full Article
TAGS:madhyamam editorial 
Next Story