ചൂടിലുരുകുന്ന മലയാളി പ്രകൃതിയെ തിരിച്ചുപിടിക്കുമോ?
text_fieldsവേനലിന്‍െറ പൊള്ളലില്‍ വെന്തുരുകാന്‍ തുടങ്ങിയതിന്‍െറ ആകുലതകളാണ് ഇപ്പോള്‍ കേരളത്തില്‍ സര്‍വത്ര. മലയാളികളുടെ വീടുകളിലും ഹൃദയങ്ങളിലും ഉഷ്ണക്കാറ്റടിക്കുകയാണ്. വേനലിന്‍െറ തുടക്കത്തിലേ പാലക്കാട്ടുനിന്ന് സൂര്യാതപമേറ്റ മരണം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയില്‍നിന്നുമാത്രം വന്നിരുന്ന ഇത്തരം വാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങളായി കേരളത്തിലും പതിവായിമാറിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരത്തില്‍തന്നെ പകല്‍ച്ചൂട് 40 ഡിഗ്രിസെല്‍ഷ്യസിലത്തെുകയെന്ന അത്ര സാധാരണമല്ലാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. ഫെബ്രുവരിയില്‍തന്നെ അന്തരീക്ഷ ഊഷ്മാവ് പതിവില്‍നിന്ന് ഭിന്നമായതോതില്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചും ഏപ്രില്‍ ആദ്യവാരവും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ആഗോളതാപനം സമുദ്രോപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിപ്പിക്കുന്നു.
മഴക്കാലം ക്രമംതെറ്റാന്‍ ഇത് നിമിത്തമാവുകയും ചെയ്യുന്നു. കടലില്‍ ചൂട് വര്‍ധിക്കുന്നത് കടല്‍ത്തീര സംസ്ഥാനമായ കേരളത്തെ കൂടുതല്‍ പൊള്ളിക്കുമെന്ന് ചുരുക്കം. എന്നാല്‍, 44 നദികളും മഴക്കാടുകളും ചോലവനങ്ങളുമുള്‍പ്പെടുന്ന, ദക്ഷിണേന്ത്യയിലെ പ്രധാന ശുദ്ധജലസ്രോതസ്സായ പശ്ചിമഘട്ടത്തിന്‍െറ സാന്നിധ്യവും സമൃദ്ധമായ ഇടവപ്പാതിയും തുലാവര്‍ഷവും സമാശ്വാസമാകുന്ന വേനല്‍മഴയുമുള്ള നാടിങ്ങനെ സൂര്യാതപമേറ്റ് ഉഷ്ണിക്കുന്നതിന്‍െറ പാപത്തില്‍നിന്ന് ആഗോളതാപനത്തെ മാത്രം പഴിപറഞ്ഞ് രക്ഷപ്പെടുക സാധ്യമല്ല. കേരളത്തില്‍ വര്‍ധിക്കുന്ന താപനത്തിന്‍െറ പ്രധാന പ്രതി, മാറ്റാന്‍ തയാറല്ലാത്ത നമ്മുടെ ജീവിതക്രമംതന്നെയാണ്. പ്രാദേശിക താപനത്തെ ചെറുക്കാന്‍ നമ്മുടെ ജീവിതക്രമങ്ങളും സാമൂഹികബോധവും അഴിച്ചുപണിയാതെ നിവൃത്തിയില്ളെന്ന വസ്തുത ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയാണ് കേരളത്തിലെ അത്യുഷ്ണം.
സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം 1977നുശേഷം കേരളത്തില്‍ കൈയേറിയ വനഭൂമി ഏഴായിരത്തിലധികം ഹെക്ടറാണ്. യഥാര്‍ഥത്തില്‍ കൈയേറിയ വനഭൂമിയാകട്ടെ ഇതിലും എത്രയോ ഇരട്ടിയും. അവ തിരിച്ചുപിടിക്കാനുള്ള നടപടിയില്ല എന്നതിനേക്കാള്‍ പരിഹാസ്യം ഇവക്ക് പട്ടയം നല്‍കാനുള്ള അധികാരികളുടെ ഊര്‍ജിത ശ്രമമാണ്. ഇതാണ് തങ്ങളുടെ മുഖ്യചുമതല എന്ന രീതിയിലാണ് ഭരണകര്‍ത്താക്കളുടെ പെരുമാറ്റം. റവന്യൂമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ അരങ്ങേറുന്നത് പട്ടയ ഉത്സവങ്ങളാണ്. അധികാരത്തിന്‍െറ അരമനകളില്‍ സ്വാധീനമുള്ളവര്‍ കാടും കായലും പാടശേഖരങ്ങളും വിലക്കെടുക്കുകയും മലകള്‍ ഇടിച്ചുടച്ച് നിരപ്പാക്കുകയും ചെയ്യുന്നത് പകല്‍വെളിച്ചത്തില്‍ ജനസമക്ഷംതന്നെയാണ്. തെരഞ്ഞെടുപ്പ് ഒരുകാതമകലെ നില്‍ക്കുമ്പോഴും പ്രകൃതിയുടെ സന്തുലനത്തെ കുറിച്ച് അശേഷം ആശങ്കകളില്ലാതെയും, ചൂടിനെക്കുറിച്ച് തെല്ലിടപോലും ചിന്തിക്കാതെയും എത്രയധികം പാടശേഖരങ്ങള്‍ക്കും കായല്‍ഭൂമിക്കുമാണ് മണ്ണിട്ടുനികത്തി ടൗണ്‍ഷിപ്പുകളും ‘ജൈവഗ്രാമങ്ങളും’ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്! നീര്‍ത്തടനിയമം സംരക്ഷിക്കേണ്ട സര്‍ക്കാര്‍തന്നെ ലംഘനത്തിന് പിന്‍വാതില്‍ അനുവാദം നല്‍കുകയും വിവാദമാകുമ്പോള്‍ മാത്രം പിന്‍വലിച്ച് മുഖം രക്ഷിക്കാനുള്ള വൃഥാശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.
അധികാരികള്‍ക്കാകട്ടെ, പൊതുസമൂഹത്തിനാകട്ടെ പരിസ്ഥിതിയുടെ തകര്‍ച്ചയും അവയെക്കുറിച്ചുള്ള ആകുല വര്‍ത്തമാനങ്ങളും ഹൃദയത്തില്‍ സ്പര്‍ശിക്കാതെയും, ജീവിതത്തില്‍ അല്‍പംപോലും പ്രാവര്‍ത്തികമാക്കാതെയും നടത്തുന്ന മേനിപറച്ചില്‍ മാത്രമാണ്. സമീപകാലത്ത് കേരളംകണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനായിരുന്നല്ളോ. ഇടതുവലത് രാഷ്ട്രീയസംഘങ്ങളും സഭയും സഭാവിരുദ്ധരുമൊക്കെ ഒറ്റക്കെട്ടായി നിന്നായിരുന്നല്ളോ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചുട്ടെരിച്ച് കേരള ‘വികസന’ത്തെ സംരക്ഷിച്ചത്.
കേരളത്തില്‍ ചൂട് വര്‍ധിക്കുന്നതിനെതിരെ ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പും ജാഗ്രതാനിര്‍ദേശവും മലയാളിജീവിതത്തെ മാറ്റിപ്പണിയിക്കുന്നതിന് ഉത്സുകമാക്കുമോയെന്ന കാര്യം സംശയമാണ്. കടുത്ത ഉഷ്ണത്തിന് പരിഹാരമായി എയര്‍കണ്ടീഷനര്‍ വാങ്ങാന്‍ മുറ്റത്തെ മാവ് മുറിച്ച് വില്‍പനക്ക് വെച്ചിരിക്കുകയാണവന്‍. എന്നിട്ടോ പഴയകാലത്തെ കുറിച്ച് ഗൃഹാതുരത്വത്തിന്‍െറ ഏമ്പക്കവും വിട്ട് സ്വസ്ഥനായിരിക്കുന്നു. ചൂടേറിയ ഇപ്പോഴത്തെ ദിനാന്തരീക്ഷസ്ഥിതി ശുദ്ധജലവും ശുദ്ധവായുവുംകൂടി അന്യമാകാന്‍ പോകുന്നതിന്‍െറ മുന്നറിയിപ്പാണ്. പ്രതിലോമചിന്തകളും നിഷേധാത്മക മനോഘടനയും പുലര്‍ത്തി രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും മാത്രം പഴിച്ച് കാലം കഴിച്ചതുകൊണ്ട് തീരുന്നതല്ല അസഹനീയമായി വര്‍ധിക്കുന്ന താപനില. പരിസ്ഥിതി രാഷ്ട്രീയത്തെ ഫലപ്രദമായ സംവാദമായി ആസന്നമായ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും രാഷ്ട്രീയപരിഹാരത്തിന് ആത്മാര്‍ഥമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ ചൊട്ടുവിദ്യകൊണ്ട് പരിഹരിക്കാനാകില്ല കേരളത്തില്‍ സംഭവിക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
