വിജയ് മല്യക്ക് പരമസുഖം
text_fieldsകൃഷിക്കുവേണ്ടി എടുത്ത തുച്ഛമായ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു നാട്ടില്‍, വ്യാജമായതും പെരുപ്പിച്ചതുമായ ഈടുകള്‍ കാണിച്ച് വിവിധ ബാങ്കുകളില്‍നിന്നായി ഒമ്പതിനായിരം കോടി രൂപ (ഓര്‍ക്കുക; ഒമ്പതിനായിരം കോടി!) വായ്പയെടുത്ത ഒരു പാര്‍ലമെന്‍റംഗം ആരോരുമറിയാതെ നാടുവിട്ടിരിക്കുന്നു. ഇനി അങ്ങേര് നമ്മളെയെല്ലാം പരിഹസിച്ചുകൊണ്ട് ലണ്ടന്‍ മഹാനഗരത്തില്‍ സുഖമായി വസിക്കും. എല്ലാവര്‍ക്കും തുല്യനീതി, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യര്‍ എന്നൊക്കെയുള്ള ബഡായികള്‍ വിട്ട് നമ്മള്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനംകൊണ്ടങ്ങനെയിരിക്കും. ഇതെന്തൊരു വഷളന്‍ വെള്ളരിക്കാപ്പട്ടണമാണ് എന്ന് നീതിബോധമുള്ളവരെക്കൊണ്ട് ചോദിപ്പിക്കുന്നതാണ് വിജയ് മല്യ വിഷയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന അസംബന്ധ സംഭവ വികാസങ്ങള്‍. മല്യ നാടുവിടുന്നത് തടയണമെന്ന് മാര്‍ച്ച് എട്ടിന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ട അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിതന്നെയാണ് ഒമ്പതാം തീയതി അയാള്‍ നാടുവിട്ടതായി സുപ്രീംകോടതിയെ അറിയിക്കുന്നത്! മല്യ വായ്പ നല്‍കിയ 17 ബാങ്കുകളുടെ കണ്‍സോര്‍ട്യം, അയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ഡെബ്റ്റ് റിക്കവറി കമീഷനോട് ആവശ്യപ്പെട്ട മാര്‍ച്ച് രണ്ടിനുതന്നെയാണത്രെ അദ്ദേഹം ലണ്ടനിലേക്ക് വണ്ടി കയറിയത്.
രാജ്യത്തെ മുന്‍നിര മദ്യ വ്യവസായ സ്ഥാപനമായ യുനൈറ്റഡ് സ്പിരിറ്റ്സ് ഉടമയായ മല്യ തന്‍െറ വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടപ്പോഴാണ് ബാങ്കുകളില്‍നിന്ന് സഹസ്ര കോടികള്‍ വായ്പയെടുക്കുന്നത്. ഒറ്റ മാസംകൊണ്ടാണ് 17 ബാങ്കുകളില്‍നിന്നായി ഇത്രയും തുക മല്യയുടെ കമ്പനി വായ്പയിനത്തില്‍ നേടിയെടുത്തത്. വിചിത്ര ആഡംബരങ്ങളുടെ തോഴനായ ഈ വ്യവസായി, സ്വതന്ത്രനായി മത്സരിച്ച്, സര്‍വ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ എത്തിയത്. രാജ്യത്തെ ബാങ്കുകള്‍ക്ക് സഹസ്രകോടികള്‍ ബാധ്യതയുള്ളപ്പോഴും വിജയ് മല്യ കഷ്ടപ്പെട്ടു പോകുമെന്ന് ആരും വിചാരിക്കരുത്. ലണ്ടനിലെ ആഡംബര വസതികളും ലോകത്തിന്‍െറ പല ഭാഗത്തും ചിതറിക്കിടക്കുന്ന സമ്പദ് ശേഖരവും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് പുറത്തുകിടക്കുന്ന പ്രസ്തുത സാമ്രാജ്യത്തില്‍ നിയമത്തിന്‍െറ കൈകള്‍ എത്തില്ല എന്ന് ആ വ്യവസായിക്കറിയാം. അതിലുമപ്പുറം സര്‍വ രാഷ്ട്രീയ കക്ഷികളിലും പെട്ട മഹാപുംഗവന്മാര്‍ പിന്തുണയുമായി രഹസ്യമായി പിറകിലുണ്ട്.
വിജയ് മല്യ സംഭവത്തിന്‍െറ നിയമ, സാങ്കേതിക വശങ്ങള്‍ക്കപ്പുറത്ത് നമ്മുടെ നീതിവ്യവസ്ഥയെയും ജനാധിപത്യത്തെയും കുറിച്ച ഗൗരവപ്പെട്ട ചോദ്യങ്ങളും ആശങ്കകളുമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ബാങ്ക് ലോണുകള്‍ മരീചികയാവുന്ന ഒരു നാട്ടില്‍, എടുത്ത ചെറിയ ലോണുകള്‍ പോലും തിരിച്ചടക്കാന്‍ കഴിയാതെ പതിനായിരങ്ങള്‍ കഷ്ടപ്പെടുന്ന കാലത്ത്, ഒരു കള്ളുകച്ചവടക്കാരന്‍ നമ്മുടെയെല്ലാം സങ്കല്‍പങ്ങള്‍ക്കപ്പുറത്തുള്ള വന്‍ തുക ചുളുവില്‍ വായ്പയെടുക്കുകയും ഒന്നുപോലും തിരിച്ചടക്കാതെ നാടുവിട്ടു പോവുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ നമ്മളീ പറയുന്ന നിയമവ്യവസ്ഥയുടെയും ജനാധിപത്യത്തിന്‍െറയും മഹത്ത്വമെവിടെ? അത്തരമൊരാള്‍ ഈ തട്ടിപ്പുകളെല്ലാം നടത്തിക്കൊണ്ടിരിക്കത്തെന്നെ മഹത്തായ സഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യസഭയിലെ ബഹുമാന്യ അംഗമായിരുന്നു എന്നുകൂടി ഓര്‍ക്കണം.
വിജയ് മല്യ സംഭവം ഒറ്റപ്പെട്ട കാര്യമാണെന്ന് വിചാരിക്കരുത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചുനോക്കൂ. അതില്‍ മഹാഭൂരിപക്ഷവും വന്‍കിട മുതലാളിമാരുടെതാണെന്ന് കാണാന്‍ സാധിക്കും. അത് തിരിച്ചുപിടിക്കാനുള്ള ഗൗരവപ്പെട്ട ഒരു ശ്രമവും നടത്താതെ അനന്തമായി നീട്ടിക്കൊണ്ടുപോവുകയെന്നതാണ് നടപ്പ്. ഒടുവില്‍ അത് എഴുതിത്തള്ളുന്ന അവസ്ഥയിലത്തെും. അതെ, പണക്കാരന് ഒരു നീതി, പാവപ്പെട്ടവന് മറ്റൊരു നീതി. ഇത് നമ്മുടെ നാടിന്‍െറ നടപ്പായി മാറുകയാണ്. ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇതില്‍പരം മറ്റൊന്നും വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
