മെത്രാന്‍ കായല്‍

08:19 AM
08/03/2016

യു.എ.ഇയിലെ റാസല്‍ ഖൈമ സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് റഖീന്‍. റഖീനും മൈനിങ് മേഖലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനിയായ ട്രൈമെക്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് റാകിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. കോട്ടയത്തെ കുമരകം പഞ്ചായത്തിലെ മെത്രാന്‍ കായല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത്, കുമരകം ടൂറിസ്റ്റ് റിസോര്‍ട്ട് വില്ളേജ് എന്ന പേരില്‍ ഒരു പദ്ധതിക്ക് റാകിന്‍ഡോ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്.

19ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യ ക്ഷാമത്തത്തെുടര്‍ന്ന്, വൈദികന്മാരുടെ നേതൃത്വത്തില്‍, വേമ്പനാട്ട് കായല്‍ വളച്ചുകെട്ടി രൂപപ്പെടുത്തിയ പാടശേഖരമാണ് മെത്രാന്‍ കായല്‍ എന്നറിയപ്പെടുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൈവശമുണ്ടായിരുന്ന ഈ പാടശേഖരം പിന്നീട് പല വ്യക്തികളിലേക്ക് എത്തുകയായിരുന്നു. 404 ഏക്കര്‍ വരുന്ന ഈ പാടശേഖരത്തിലെ 378 ഏക്കറാണ് ഇപ്പോള്‍ റാക്കിന്‍ഡോ ഡെവലപ്പേഴ്സിന്‍െറ കൈകളിലിരിക്കുന്നത്. ഈ സ്ഥലത്താണ് ടൂറിസ്റ്റ് വില്ളേജ് സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

മെത്രാന്‍ കായലിലെ സര്‍വേ നമ്പര്‍ 362നും 403നുമിടക്കുള്ള സ്ഥലം 2007-08 കാലത്താണ് റാക്കിന്‍ഡോ വിലക്കെടുക്കുന്നത്. 2009ല്‍ കമ്പനി, പ്രസ്തുത സ്ഥലത്ത്  ടൂറിസം പദ്ധതി നടപ്പാക്കാന്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറില്‍നിന്ന് അനുമതി ചോദിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 2200 കോടി മുതല്‍മുടക്കുള്ള പദ്ധതി സംസ്ഥാന ടൂറിസം മേഖലക്ക് വലിയ ഉണര്‍വ് കൊണ്ടുവരുമെന്നാണ് കമ്പനിയുടെ വാദം. ഒപ്പം പരിസ്ഥിതി സൗഹാര്‍ദപരമായിട്ടാണ് പദ്ധതി നടപ്പാക്കുകയെന്നും കമ്പനി അവകാശപ്പെട്ടു; വീണ്ടും യു.ഡി.എഫ് സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷയിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മത്തേ അനുമതി നല്‍കി ഉത്തരവായിരിക്കുന്നത്.

സര്‍ക്കാറിന്‍െറ അവസാന കാലത്ത് നല്‍കിയ ഈ ഉത്തരവ് സ്വാഭാവികമായും വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഉത്തരവ് പിന്‍വലിക്കണമെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍െറ സംസ്ഥാന അധ്യക്ഷന്‍തന്നെ പരസ്യപ്രസ്താവന ഇറക്കി. അഞ്ച് സര്‍ക്കാര്‍ വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നാണ് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട ഒരു വിമര്‍ശം. ഭക്ഷ്യസുരക്ഷയെയും ജൈവവ്യവസ്ഥയെയും ബാധിക്കുമെന്ന് കൃഷിവകുപ്പ്, ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനത്തെ ബാധിക്കുമെന്ന് ഫിഷറീസ് വകുപ്പ്, നിലം നികത്തലും ഡ്രഡ്ജിങ്ങും ആവശ്യമായതിനാല്‍ പറ്റില്ളെന്ന് തദ്ദേശ വകുപ്പ്, കേന്ദ്ര നിയമമനുസരിച്ച് തണ്ണീര്‍ത്തടം നികത്താനാവില്ളെന്ന് പരിസ്ഥിതി വകുപ്പ് -ഈ അഞ്ച് വിയോജനങ്ങളെയും അവഗണിച്ച് റവന്യൂ വകുപ്പ് അനുമതി നല്‍കിയതില്‍ ദുരൂഹത കാണുന്നവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല.

വികസനത്തെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ സജീവമായി നില്‍ക്കുന്ന സംവാദത്തെ വീണ്ടും മുന്നിലേക്ക് കൊണ്ടുവരുന്നതാണ് മെത്രാന്‍ കായലുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍. കായല്‍നിലം വളച്ചുകെട്ടി 19ാം നൂറ്റാണ്ടില്‍ രൂപപ്പെടുത്തിയ പാടശേഖരമാണ് മെത്രാന്‍ കായല്‍. കായല്‍നിലം വളച്ചുകെട്ടി കൃഷിഭൂമിയാക്കാമെങ്കില്‍ പുതിയ സാഹചര്യത്തില്‍ പുതിയ ആവശ്യങ്ങള്‍ക്കു വേണ്ടി പരിസ്ഥിതിക്ക് കോട്ടംതട്ടാതെ പുതിയ പദ്ധതി കൊണ്ടുവരുന്നതില്‍ എന്താണ് തടസ്സം എന്നാണ് പദ്ധതി അനുകൂലികളുടെ ചോദ്യം. കായല്‍ എന്നും കായലായിത്തന്നെ നിലകൊണ്ടിരുന്നുവെങ്കില്‍ മെത്രാന്‍ പാടശേഖരംതന്നെ ഉണ്ടാകുമായിരുന്നില്ല എന്നവര്‍ വാദിക്കുന്നു. കൃഷി അത് നടത്തുന്നവര്‍തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, ഒരു പാടശേഖരം നാടിന്‍െറ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതിനെ എന്തിന് തടസ്സപ്പെടുത്തുന്നു എന്നതാണ് അവരുടെ ചോദ്യം.

അതേസമയം, പരിസ്ഥിതി, കൃഷി, ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ സുപ്രധാനമായ പല നിയമങ്ങളുമുണ്ട്. ഈ നിയമങ്ങളാകട്ടെ, സര്‍ക്കാറുകള്‍തന്നെ രൂപപ്പെടുത്തിയതാണ്. ജനാധിപത്യ ഭരണകൂടം രൂപപ്പെടുത്തിയ നിയമങ്ങളെ അതേ ഭരണകൂടംതന്നെ പിന്‍വാതില്‍ നീക്കങ്ങളിലൂടെ മറികടക്കുന്നത് ആശാസ്യമല്ല. നമ്മുടെ ആവാസ വ്യവസ്ഥക്കു മേല്‍ പതിഞ്ഞ വലിയ പരിക്കുകളെ തിരിച്ചറിഞ്ഞതുകൊണ്ടാണ് കര്‍ക്കശമായ പരിസ്ഥിതി നിയമങ്ങള്‍  ഭരണകൂടങ്ങള്‍ രൂപപ്പെടുത്തിയത്. അത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലാതെ അവയെ പരിഹസിക്കുംവിധം നിഗൂഢമായ വഴികളിലൂടെ ഉത്തരവുകള്‍ ഒളിച്ചുകടത്തുന്നത് ശരിയല്ല. മാധ്യമസാന്ദ്രമായ ഒരു സമൂഹത്തില്‍ അത്തരം ഒളിച്ചുകടത്തല്‍ സാധ്യമല്ല എന്നതാണ് വാസ്തവം.

പാരിസ്ഥിതികമായ വലിയ അവബോധം നിലനില്‍ക്കുന്ന ഒരു കാലമാണിത്; നമ്മുടേത് ഒരു പ്രബുദ്ധ സംസ്ഥാനവും. അത്തരമൊരു സാഹചര്യത്തില്‍ വലിയ പാടശേഖരം നികത്തിക്കൊണ്ടുള്ള ഒരു വന്‍പദ്ധതി എളുപ്പത്തില്‍ പാസാക്കിക്കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് വലിയ വിഡ്ഢിത്തമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്ത്, ഇടതുപക്ഷ നിയന്ത്രണത്തില്‍തന്നെയുള്ള സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് കണ്ടല്‍മേഖലയില്‍ ഇതേപോലൊരു ടൂറിസം പദ്ധതി നടപ്പാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് അത് പിന്‍വലിക്കേണ്ടിവന്നു. ഇത്തരം അനുഭവങ്ങള്‍ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് പാഠമാവേണ്ടതുണ്ട്. പരിസ്ഥിതിക്ക് മേല്‍ കൈവെക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം.

Loading...
COMMENTS