ആധാര്‍ ബില്‍, പിന്‍വാതിലിലൂടെ
text_fieldsസുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങളും സാധാരണക്കാരുടെ ആശങ്കകളും ബാക്കിനില്‍ക്കെ, ജനങ്ങളുടെമേല്‍ ആധാര്‍ അടിച്ചേല്‍പിക്കാന്‍തന്നെയാണ് നമ്മുടെ ഭരണകൂടത്തിന്‍െറ നീക്കം. കഴിഞ്ഞ ദിവസം, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍വെച്ച ആധാര്‍ ബില്ലിന്‍െറ-ആധാര്‍ (പ്രത്യേക വിഭാഗ ധനകാര്യ, സബ്സിഡി, ആനുകൂല്യ, സേവനവിതരണ) ബില്‍ 2016- ലക്ഷ്യം മറ്റൊന്നാണെന്ന് കരുതാന്‍ ന്യായമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനു പുറമെ, നിലവില്‍ സര്‍ക്കാര്‍ ഉത്തരവിന്‍െറ പിന്‍ബലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപിന്‍ബലം നല്‍കുന്നതുകൂടിയാണ് പുതിയ ബില്‍. ആധാര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ഇതിലൂടെ. കഴിഞ്ഞ ആഗസ്റ്റില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. ആധാര്‍ അടിച്ചേല്‍പിക്കാനുള്ള നീക്കം സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവിധ ഹരജികളില്‍ പരമോന്നത നീതിപീഠത്തിന്‍െറ ഭരണഘടനാ ബെഞ്ച് വിധി പറയാനിരിക്കുകയുമാണ്. എന്നിട്ടും തിരക്കുകൂട്ടി ബില്‍ അവതരിപ്പിക്കാന്‍ മാത്രം എന്തെങ്കിലും അധിക പ്രാധാന്യം ഇതിനുണ്ടോ?
ഇത്തരമൊരു ബില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ബജറ്റ് അവതരണവേളയില്‍തന്നെ ജെയ്റ്റ്ലി സൂചിപ്പിച്ചിരുന്നതാണ്.
ആധാര്‍ ഉപയോഗിച്ച് സാമൂഹിക സുരക്ഷാ പ്ളാറ്റ്ഫോം രൂപവത്കരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രഖ്യാപനം. ഈ ബില്ലിന്‍െറ ഉള്ളടക്കത്തെക്കാള്‍ അത് പാര്‍ലമെന്‍റില്‍വെച്ച രീതിയോടാണ് പ്രാഥമികമായി വിയോജിക്കേണ്ടത്. കാരണം, പാര്‍ലമെന്‍റിന്‍െറ സാധാരണ നടപടിക്രമങ്ങളെയും ചട്ടങ്ങളെയുമൊക്കെ മാറ്റിവെച്ചാണ് ബില്‍ അവതരിപ്പിച്ചതുതന്നെ. പതിവില്ലാത്തവിധം ധനബില്ലായാണ് മന്ത്രി ഇത് ലോക്സഭയില്‍ വെച്ചത്. ധനബില്ലാകുമ്പോള്‍ ലോക്സഭയില്‍ മാത്രം പാസാക്കിയാല്‍ മതി; രാജ്യസഭയില്‍ വേണ്ട. വേണമെങ്കില്‍ അവര്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം (അത് സ്വീകരിക്കപ്പെടണമെന്നില്ല). ലോക്സഭ പാസാക്കി ബില്‍ രാജ്യസഭയിലത്തെിയാല്‍ രണ്ടാഴ്ചക്കുള്ളില്‍ മടക്കുകയും വേണം. രാജ്യസഭയില്‍ മതിയായ ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ എളുപ്പവഴിയിലൂടെ ഒരു നിയമം ചുട്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറാണ് ആധാര്‍ പദ്ധതി രാജ്യത്ത് കൊണ്ടുവന്നതുതന്നെ. അവര്‍ക്ക് പദ്ധതിയോട് വിയോജിപ്പില്ളെന്നിരിക്കെ, പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ ഭേദഗതികള്‍ വരുത്തി ഈ ബില്‍ പാസാക്കാന്‍ എന്താണ് തടസ്സം? ജനാധിപത്യത്തിന്‍െറ വഴികളടച്ച് നീതിപീഠത്തിന്‍െറ ഉത്തരവുകളെ മറികടക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരമൊരു ബില്‍ നിയമമായിക്കഴിഞ്ഞാല്‍, പിന്നെ കോടതി ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
തങ്ങള്‍ അധികാരത്തിലത്തെിയാല്‍ യു.പി.എ ഗവണ്‍മെന്‍റ് കൊണ്ടുവന്ന ആധാര്‍ ബില്‍ (യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ബില്‍ 2010) റദ്ദാക്കുമെന്ന് വ്യക്തമാക്കിയാണ് ബി.ജെ.പി അധികാരത്തിലത്തെിയത്. എന്നാല്‍, ആ ബില്ലിലെ വ്യവസ്ഥകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതും ആധാര്‍ പദ്ധതിക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശങ്ങളെ മുമ്പത്തെക്കാള്‍ സാധൂകരിക്കുന്നതുമായ ഒന്നാണ് അവര്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൗരന്മാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രേഖകളെ ഏകോപിപ്പിക്കുന്നതിനായുള്ള പദ്ധതിയെന്ന നിലക്ക് ആധാര്‍ സര്‍വത്ര അംഗീകരിക്കപ്പെട്ട ആശയമാണ്. എന്നാല്‍, പൗരന്‍െറ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തടയുന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥ മുന്നോട്ടുവെക്കാത്തതും സുതാര്യതയില്ലായ്മയുമായിരുന്നു ആധാറിലെ ആശങ്കകളുടെ മര്‍മം. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യമായ നിര്‍ദേശങ്ങളില്ളെന്നതുതന്നെയാണ് പുതിയ ബില്ലിന്‍െറയും പ്രധാന ന്യൂനത. പല വകുപ്പുകളും ഐ.ടി ആക്ടുമായി പൊരുത്തപ്പെടുന്നില്ളെന്നും ഇത് ഭാവിയില്‍ പല നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആധാര്‍ പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങള്‍ മറ്റു വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വേണ്ടത്ര വ്യക്തതയില്ല. ഇതിലെ വ്യവസ്ഥകള്‍ എളുപ്പത്തില്‍ മറികടക്കാവുന്നതുമാണ്. ഉദാഹരണമായി, ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് പര്യാപ്തമല്ളെന്നും വിമര്‍ശമുയര്‍ന്നുകഴിഞ്ഞു. ബയോമെട്രിക് വിവരങ്ങള്‍ മാത്രമേ അതോറിറ്റിക്ക് രഹസ്യമായി സൂക്ഷിക്കേണ്ടതുള്ളൂ. വ്യക്തികളുടെ വിലാസം, ഫോട്ടോ, വരുമാനം തുടങ്ങിയവയൊക്കെ ആരുമായും പങ്കുവെക്കുന്നതിന് തടസ്സമില്ല. ഇതൊക്കെ ദുരുപയോഗം ചെയ്യില്ളെന്ന് ആരു കണ്ടു? ആധാര്‍ കാര്‍ഡ് പൗരത്വ രേഖയാക്കില്ളെന്ന് ബില്ലില്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും ആധാര്‍പോലുള്ള വികലമായ പദ്ധതികള്‍ പൗരന്മാരെ രാജ്യത്തിനുപുറത്താണ് നിര്‍ത്തുക. കൂടുതല്‍ സൂക്ഷ്മതയോടെയും ചര്‍ച്ചകളിലൂടെയും ഉരുത്തിരിയേണ്ട ഒരു ബൃഹത് പദ്ധതി പിന്‍വാതിലിലൂടെ നടപ്പാക്കുന്നത് മര്യാദകേടല്ലാതെ മറ്റെന്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
