Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമന്ത്രിസഭാ...

മന്ത്രിസഭാ യോഗങ്ങളില്‍ എന്താണ് നടക്കുന്നത്?

text_fields
bookmark_border
മന്ത്രിസഭാ യോഗങ്ങളില്‍ എന്താണ് നടക്കുന്നത്?
cancel

നിയമസഭാതെരഞ്ഞെടുപ്പിന്‍െറ വിജ്ഞാപനം ഏത് നിമിഷവും പുറത്തുവരാമെന്നിരിക്കെ, മാരത്തണ്‍ മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എണ്ണമറ്റ തീരുമാനങ്ങള്‍ എടുക്കുകയും ജനങ്ങളില്‍നിന്ന് അവ മറച്ചുപിടിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം പ്രതിപക്ഷത്തിന്‍െറപോലും ശ്രദ്ധയില്‍പെടാതെപോകുന്നത് ജനായത്ത കീഴ്വഴക്കങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയില്ലായ്മയാണ് എടുത്തുകാട്ടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ മാന്‍ഡേറ്റ് മേയ് 18ന് തീരുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്‍െറ വിജ്ഞാപനം വരുന്നതോടെ നയപരമായ തീരുമാനങ്ങളെടുക്കാനോ പ്രചാരണപരമായ പരിപാടികള്‍ സംഘടിപ്പിക്കാനോ പഴുതില്ല എന്ന് മനസ്സിലാക്കി മന്ത്രിസഭാംഗങ്ങള്‍ ഉദ്ഘാടനങ്ങളും ശിലാഫലക അനാച്ഛാദനങ്ങളുമായി രാവെന്നോ പകലെന്നോ ഇല്ലാതെ ഒരുതരം കൂട്ടയോട്ടം നടത്തുന്ന കൗതുകകരമായ കാഴ്ചയാണെങ്ങും.

അത് അതിന്‍െറ വഴിക്ക് നടക്കട്ടെ; എല്ലാം മനസ്സിലാക്കുന്ന ജനമാണല്ളോ വിധി എഴുതേണ്ടത്. എന്നാല്‍, ആഴ്ചയില്‍ മൂന്നും നാലും  ‘സവിശേഷ’ മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആയിരക്കണക്കിനു ഫയലുകളാണത്രെ ഓരോ യോഗത്തിലും ക്ളിയര്‍ ചെയ്യുന്നത്. അജണ്ടയിലില്ലാത്ത നൂറുകണക്കിനു ഫയലുകള്‍ ഓരോ മന്ത്രിയും പരിഗണനക്കു വെക്കുമ്പോള്‍ അതിലടങ്ങിയ നിയമവിരുദ്ധത ചൂണ്ടിക്കാട്ടാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരക്ഷരം ഉരിയാടാന്‍ സാധ്യതയില്ല. മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ അത് മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുക എന്നതാണ് പൊതുവായ കീഴ്വഴക്കം. ഒന്നുമില്ളെങ്കില്‍ വാര്‍ത്താകുറിപ്പിലൂടെയെങ്കിലും വിവരം പുറത്തുവിടാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പക്ഷേ, അത്തരം ശീലങ്ങളെല്ലാം മാറ്റിവെച്ചാണ്, മോന്തായം കത്തുമ്പോള്‍ കിട്ടാവുന്ന കഴുക്കോല്‍ ഊരിയെടുക്കുക എന്ന് പറയുംപോലെ, കാലാവധി കഴിയാന്‍ പോകുന്ന ഭരണത്തില്‍നിന്ന് പരമാവധി കാര്യങ്ങള്‍ സാധിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അക്ഷന്തവ്യമായ രീതി സ്വീകരിക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന ഒരു സര്‍ക്കാറില്‍നിന്ന് ഉണ്ടാവേണ്ടതല്ല ഈ പെരുമാറ്റം.

ഭരണം അതിന്‍െറ അന്ത്യത്തോട് അടുത്തതോടെ കീഴ്വഴക്കങ്ങളും അംഗീകൃത മാനദണ്ഡങ്ങളും പാടേ അവഗണിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ അരങ്ങേറുകയാണെന്ന പരാതി വ്യാപകമാണ്. വിജിലന്‍സ് ഡി.ജി.പിയായി വിരമിച്ച വിന്‍സന്‍ എം. പോളിനെ മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കാനുള്ള ശിപാര്‍ശ ഹൈകോടതി സ്റ്റേ ചെയ്തത് കഴിഞ്ഞദിവസമാണ്. നെടുനാളത്തെ പോരാട്ടത്തിന്‍െറ ഫലമായി നിലവില്‍വന്ന വിവരാവകാശ കമീഷന്‍ സംവിധാനത്തെ തകര്‍ക്കാന്‍ കേന്ദ്രത്തിലും സംസ്ഥാനതലങ്ങളിലും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍ നിയമം അനുശാസിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കമീഷണര്‍മാരെ നിയമിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരായിരിക്കണം കമീഷനിലെ അംഗങ്ങള്‍ എന്ന സുപ്രധാന വ്യവസ്ഥ കാറ്റില്‍പറത്തി ഘടകകക്ഷികള്‍ ഓഹരിവെച്ചെടുത്ത്, രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയതിന്‍െറ മുന്തിയ ഉദാഹരണമാണ് ഇപ്പോള്‍ കണ്ടത്.

ലോകത്തിനുതന്നെ മാതൃകയാവേണ്ട ഒരു ജനാധിപത്യസ്ഥാപനത്തെ ഇവ്വിധം നശിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തിനുപോലും കാര്യമായ എതിര്‍പ്പില്ല എന്നുവരുന്നത് അങ്ങേയറ്റം ഖേദകരമാണ്. പ്രീണനത്തിന്‍െറയും സ്വജനപക്ഷപാതത്തിന്‍െറയും ലജ്ജാവഹമായ മാതൃകകളല്ളേ ഓരോ ദിവസവും സര്‍ക്കാര്‍ തീരുമാനങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്? കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയ 12 എയ്ഡഡ് കോളജുകളുടെ പട്ടികയിലൂടെ ഒന്നു കണ്ണോടിച്ചുനോക്കൂ. ഒന്നുരണ്ട് സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ വിസ്മരിച്ചുകളഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക പരിഗണനകളാണ്. ഈ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി നോക്കുകുത്തിയായിരുന്നുവെന്ന് ലിസ്റ്റ് വായിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും.

ഭരിക്കുന്ന സര്‍ക്കാര്‍ അവധാനതയില്ലാതെ മുന്നോട്ടുപോകുമ്പോള്‍ അത് തടയാനും തെറ്റുതിരുത്തിക്കാനുമുള്ള ബാധ്യത പ്രതിപക്ഷത്തിന്‍േറതാണ്. ജാഗ്രത്തായ ഒരു പ്രതിപക്ഷം ഇവിടെയുണ്ട് എന്ന ഭയമുണ്ടെങ്കില്‍  ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് സ്വന്തം അജണ്ടയുമായി ഇമ്മട്ടില്‍ അതിവേഗം, ബഹുദൂരം മുന്നോട്ടുപോവാന്‍ ധൈര്യമുണ്ടാവുമായിരുന്നില്ല. കിട്ടാവുന്ന മാധ്യമങ്ങളിലൂടെയൊക്കെ ‘സുവര്‍ണകാലഘട്ടത്തെ’ക്കുറിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീരസ്യം പറയുമ്പോഴും പ്രതിപക്ഷം നിസ്സംഗരായി നോക്കിനില്‍ക്കുന്നതില്‍നിന്നുതന്നെ രാഷ്ട്രീയ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സംസ്ഥാനത്തെ പിടികൂടിയ രോഗം എന്താണെന്ന് രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പോലും മനസ്സിലാക്കാവുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story