അധോരാജ്യത്തെക്കുറിച്ച ഓര്‍മപ്പെടുത്തലുകള്‍
text_fieldsഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള ഫെബ്രുവരി 25ന് ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ദേശീയ വിവാദമായിരിക്കുകയാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ ഇശ്റത് ജഹാന്‍ കേസില്‍, കുറ്റമാരോപിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു എന്നും ബി.ജെ.പിയും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളും. ഇശ്റത്തിന് ലശ്കറെ ത്വയ്യിബ ബന്ധമുണ്ടായിരുന്നുവെന്ന, അന്നത്തെ ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഒന്നാം സത്യവാങ്മൂലത്തിലെ ഭാഗങ്ങള്‍ രണ്ടാം സത്യവാങ്മൂലത്തില്‍ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട് എന്ന ജി.കെ. പിള്ളയുടെ പ്രസ്താവന ബി.ജെ.പി കേന്ദ്രങ്ങളെ ആവേശഭരിതമാക്കിയിട്ടുണ്ട്. ലശ്കര്‍ ഭീകരയായ ഒരാള്‍ക്കുവേണ്ടി മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം തന്നെ ഇടപെട്ടുവെന്ന മട്ടില്‍ വലിയ പ്രചാരണമായി അത് അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ മതേതര പക്ഷം ഭീകരര്‍ക്കൊപ്പം നിലകൊള്ളുകയാണ് എന്ന അവരുടെ സ്ഥിരം ആരോപണം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്താന്‍ അവര്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു. നേരത്തേ, മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട വിചാരണയില്‍, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴിയെ മുന്‍നിര്‍ത്തിയും സംഘ്പരിവാര്‍ ഈ പ്രചാരണം നടത്തിയിരുന്നു.
ഇശ്റത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്നോ ഇല്ലയോ എന്നല്ല ആ കേസിനെ പ്രസക്തമാക്കുന്നത്. 2014 ജൂണ്‍ 15ന് ഇശ്റത് ജഹാന്‍ അടക്കമുള്ള നാല് ചെറുപ്പക്കാര്‍ അഹ്മദാബാദില്‍ കൊല്ലപ്പെട്ടത്, പൊലീസിന്‍െറ ഏകപക്ഷീയമായ നടപടിയാണ് എന്നതാണ് ആ കേസിന്‍െറ ഉള്ളടക്കം. വ്യാജമായ ഏറ്റുമുട്ടല്‍ നടത്തി, നിയമ ബാഹ്യമായി പൗരന്മാരെ കൊലചെയ്തുവെന്നതാണ് ആ കേസ്. ഡെപ്യൂട്ടി കമീഷണര്‍ ഡി.ജി. വന്‍സാരയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം അതാണ്. അങ്ങനെയിരിക്കെ, ഇശ്റത്തിന് ലശ്കര്‍ ബന്ധമുണ്ടോ എന്നത് നിയമപരമായി അപ്രസക്തമായ കാര്യമാണ്. ഏതായാലും പ്രസ്തുത കേസിന്‍െറ വിശദാംശങ്ങളിലേക്ക് സുപ്രീംകോടതി വീണ്ടും കടക്കുകയാണ്.
വ്യാജ ഏറ്റുമുട്ടല്‍ നടന്നില്ല എന്ന് ജി.കെ. പിള്ള അഭിമുഖത്തില്‍ ഒരിടത്തും പറയുന്നില്ല. പക്ഷേ, അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന മറ്റു ചില കാര്യങ്ങളുണ്ട്. ‘ലശ്കറെ ത്വയ്യിബയില്‍ പെട്ടയാളുകളെ ഇന്‍റലിജന്‍സ് ബ്യൂറോ വശീകരിച്ച് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. അത് വിജയകരമായ ഒരു ഓപറേഷനായിരുന്നു’ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതാകട്ടെ, ‘ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ലോകത്തെങ്ങും ചെയ്യുന്ന കാര്യം മാത്രമാണെ’ന്നും അദ്ദേഹം പറയുന്നുണ്ട്. അഭിമുഖത്തിന്‍െറ മറ്റൊരു ഭാഗത്ത്, ‘ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി രഹസ്യാന്വേഷണ ഏജന്‍സികള്‍ ചെയ്യുന്ന കാര്യങ്ങള്‍ കണിശമായും നിയമത്തിന്‍െറ പരിധിയില്‍ വരുന്നതായി കൊള്ളണമെന്നില്ല’ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ഇശ്റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ യഥാര്‍ഥത്തില്‍ സംവാദ വിധേയമാകേണ്ടത് ഈ പറഞ്ഞ കാര്യങ്ങളായിരുന്നു.
ജനാധിപത്യ സംവിധാനത്തിനകത്ത്, അതിന്‍െറ തത്ത്വങ്ങളെയും സുതാര്യതയെയും കാറ്റില്‍ പറത്തി, രാഷ്ട്രീയ-സൈനിക-രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത കാര്‍മികത്വത്തില്‍ ചില മാധ്യമങ്ങളുടെ പിന്തുണയോടെ ഒരുതരം രഹസ്യഘടന പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ലോകത്ത് പല ജനാധിപത്യ രാജ്യങ്ങളിലും അധോരാജ്യം (ഡീപ് സ്റ്റേറ്റ്) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം സജീവമാണ്. നമ്മുടെ രാജ്യത്തും അത് സജീവമാണ് എന്നത്, പല ഭീകരാക്രമണ കേസുകളുടെയും പിന്നാമ്പുറം ചികയുമ്പോള്‍ നമുക്ക് മനസ്സിലാവും. ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന പാര്‍ലമെന്‍റ് ആക്രമണവും അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷയുമെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ അധോരാജ്യത്തിന്‍െറ പ്രവര്‍ത്തന രീതികള്‍ നമുക്കതില്‍ കണ്ടത്തൊന്‍ കഴിയും. രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരദാതാവ് ആയിരുന്ന അഫ്സല്‍ ഗുരു എങ്ങനെ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതിയായി എന്ന വിചിത്രമായ കാര്യം അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന പലതും വെളിപ്പെടും. ഇശ്റത് കേസിന്‍െറ വിശദാംശങ്ങളിലേക്ക് ഇറങ്ങുമ്പോഴും ഇടനാഴികളില്‍ പ്രവര്‍ത്തിക്കുന്ന ഈ അധോരാജ്യത്തിന്‍െറ പ്രവര്‍ത്തന വഴികളാണ് നമുക്ക് കണ്ടത്തൊന്‍ കഴിയുക. ജി.കെ. പിള്ളയുടെ അഭിമുഖം അത്തരം വിമര്‍ശങ്ങളെ അടിവരയിടുന്നുണ്ട് എന്നതാണ് വാസ്തവം.
പാര്‍ലമെന്‍റിനോടോ രാഷ്ട്രീയ നേതൃത്വത്തോടോ ഉത്തരവാദിത്തമില്ലാത്ത രഹസ്യാന്വേഷണ സംവിധാനങ്ങളെ വളര്‍ത്തിയെടുത്താല്‍ സ്വാഭാവികമായും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണിതൊക്കെ. രഹസ്യാന്വേഷണ ഏജന്‍സികളെ പാര്‍ലമെന്‍ററി മേല്‍നോട്ടത്തില്‍ കൊണ്ടുവരുകയും കൂടുതല്‍ സുതാര്യതയും പ്രഫഷനലിസവും അതിന്‍െറ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുകയും ചെയ്യുക എന്നതാണ് പ്രധാനം. അല്ളെങ്കില്‍, ദേശ സുരക്ഷ, ഒൗദ്യോഗിക രഹസ്യം തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി ഒരു കൂട്ടര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഇശ്റത് കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ അത്തരമൊരു സംവാദത്തിലേക്കായിരുന്നു യഥാര്‍ഥത്തില്‍ രാജ്യത്തെ നയിക്കേണ്ടിയിരുന്നത്. പക്ഷേ, ഭരണകൂടംതന്നെ ഉന്മാദ ദേശീയത കത്തിച്ചുയര്‍ത്തുന്ന കാലത്ത് അത്തരമൊരു അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
