വര്‍ഗീയ വിഷം വമിച്ച് നേട്ടംകൊയ്യാനുള്ള ശ്രമം
text_fieldsവ്യാഴാഴ്ച പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി അരുണ്‍ മഹോര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഗ്രയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ വിഷയം പരമാവധി ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും തദ്വാരാ 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുമുള്ള പുറപ്പാടിലാണ് സംഘ്പരിവാര്‍ എന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ നടന്ന കൊലപാതകത്തിലെ കുറ്റാരോപിതന്‍ ഒരു മുസ്ലിം നാമധാരിയാണെന്നത് കൊണ്ട് നിര്‍ഭാഗ്യകരമായ സംഭവത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും ന്യൂനപക്ഷ സമുദായത്തിന്‍െറമേല്‍ കെട്ടിയേല്‍പിച്ച് അവര്‍ക്കെതിരെ അന്തിമയുദ്ധത്തിനിറങ്ങാനാണ് വി.എച്ച്.പി നേതാവ് അലോക് ലവാനിയുടെ ആഹ്വാനം. നേരത്തത്തേന്നെ തീവ്രവര്‍ഗീയ തീപ്പൊരി പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ ലവാനി കൊല്ലപ്പെട്ട മഹോറിന്‍െറ അനുസ്മരണവേദിയില്‍ ഈ ആഹ്വാനം മുഴക്കുമ്പോള്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കത്തേരിയയും സന്നിഹിതനായിരുന്നു എന്നുള്ളതാണ് ഏറ്റവും ഗൗരവാവഹമായ കാര്യം.
മാത്രമല്ല മഹോറിന് പിറകെ മറ്റൊരാളെക്കൂടി നഷ്ടപ്പെടുന്നതിനുമുമ്പ് നാം ശക്തി തെളിയിക്കേണ്ടതുണ്ടെന്നും വരുംദിവസങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രക്ഷോഭം തെരുവിലത്തെുമെന്നും മന്ത്രി കത്തേരിയ പ്രസംഗിച്ചതായി പ്രമുഖ ദേശീയ പത്രത്തിന്‍െറ പ്രാദേശിക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവധത്തിനെതിരെ പ്രവര്‍ത്തിച്ചതിനാണ് മഹോര്‍ വധിക്കപ്പെട്ടതെന്ന പ്രചാരണവും സംഘ്പരിവാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ഹിന്ദുത്വവാദി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും വര്‍ഗീയമാനമില്ലാത്ത കൊലപാതകത്തിനിരയായ വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പിന്‍വലിക്കണമെന്നുമാണ് പ്രാദേശിക മുസ്ലിം നേതാക്കളുടെ പ്രതികരണം.
കഥ പഴയതുതന്നെ. വെള്ളം കലക്കി മീന്‍പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന വര്‍ഗീയ ശക്തികള്‍ അവിചാരിതമായോ ആസൂത്രിതമായോ നടക്കുന്ന ഏറ്റുമുട്ടലിന്‍െറയോ കൊലപാതകത്തിന്‍െറയോ പേരില്‍ കടുത്ത വര്‍ഗീയപ്രചാരണങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും നടത്തി കലാപം അഴിച്ചുവിടുന്നു. തുടര്‍ന്ന് ഏകപക്ഷീയമായ കൂട്ടക്കൊലകളും ബലാത്സംഗങ്ങളും കൊള്ളയും കൊള്ളിവെപ്പും അരങ്ങേറുന്നു. ആയിരക്കണക്കില്‍ നിരപരാധികള്‍ സര്‍വസ്വം കൈയൊഴിഞ്ഞ് അഭയാര്‍ഥികളായി പലായനം ചെയ്യുന്നു. അവരുടെ വീടുകളും സ്വത്തുക്കളും ആക്രമികള്‍ കൈയേറിപ്പിടിക്കുന്നു. പിന്നീടൊരിക്കലും അഭയാര്‍ഥികളായി പോയവര്‍ക്ക് തിരിച്ചുവരാനോ പൂര്‍വജീവിതം നയിക്കാനോ സാധ്യമാവാത്ത സാഹചര്യമാണവിടെ രൂപംകൊള്ളുക.
സര്‍ക്കാറുകളും പൊലീസും നിഷ്ക്രിയരായി നോക്കിനില്‍ക്കുകയല്ലാതെ പ്രകോപനങ്ങള്‍ തടയാനോ കലാപകാരികളെ കസ്റ്റഡിയിലെടുക്കാനോ നിരപരാധികളെ രക്ഷിക്കാനോ ഒന്നും ചെയ്യാറില്ല. രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരുമ്പോള്‍ അല്ളെങ്കില്‍ പാര്‍ലമെന്‍റില്‍ ഒച്ചപ്പാടാവുമ്പോള്‍ ഒരന്വേഷണം പ്രഖ്യാപിക്കപ്പെടുന്നു, നാമമാത്ര പുനരധിവാസ പ്രവര്‍ത്തനങ്ങളും വഴിപാടുപോലെ നടക്കുന്നു. 2002 ഫെബ്രുവരിയില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ സംഭവിച്ചത് അതാണ്. 2014ല്‍ യു.പിയിലെ മുസഫര്‍ നഗറില്‍ ആവര്‍ത്തിച്ചതും മറ്റൊന്നല്ല. രണ്ടുതവണ തുടര്‍ച്ചയായി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് വര്‍ഗീയ ധ്രുവീകരണത്തിന്‍െറ ഫലമാണെങ്കില്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി വന്‍നേട്ടം കൊയ്തതിന്‍െറ പിന്നില്‍ മുസഫര്‍ നഗര്‍ കലാപം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേവരെ തങ്ങളുടെ നേതാവായി ജാട്ടുകള്‍ കൊണ്ടു നടന്നിരുന്ന അജിത് സിങ്ങിനെ കൈവിട്ട് ഒന്നടങ്കം അമിത് ഷായുടെ പാര്‍ട്ടിയിലേക്ക് കുടിയേറുകയായിരുന്നു.
ഈയിടെ മുസഫര്‍ നഗര്‍ ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ച് കയറിയതും ദുരന്തത്തിന്‍െറ ബാക്കിപത്രം തന്നെ. ഇനിയിപ്പോള്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിലാണ് നോട്ടം. നട്ടാല്‍ മുളക്കാത്ത കള്ളങ്ങളുടെ പിന്‍ബലത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനുള്ള ശേഷിയോ നിശ്ചയദാര്‍ഢ്യമോ സമാജ്വാദി സര്‍ക്കാറിനില്ല. അഖിലേഷ് യാദവിന്‍െറ നിഷ്ക്രിയത്വത്തില്‍ നിരാശരും കുപിതരുമായ ന്യൂനപക്ഷ സമുദായത്തിന്‍െറ വോട്ടുകള്‍ സ്വാഭാവികമായും ചിതറുമ്പോള്‍ അതുമതി കാവിപ്പടക്ക് വിജയമുറപ്പിക്കാന്‍. ആഗ്രയില്‍ കൊല്ലപ്പെട്ടവന്‍ ഒരു ദലിതന്‍കൂടിയാണെന്നത് വി.എച്ച്.പി പ്രഭൃതികളുടെ ‘യുദ്ധ’പ്പുറപ്പാടിന് വീര്യംപകരുന്ന ഘടകമാണ്. മതനിരപേക്ഷ കൂട്ടായ്മകളും ന്യൂനപക്ഷ സമുദായവും വിവേകപൂര്‍വം സ്ഥിതിഗതികളെ നേരിട്ടില്ളെങ്കില്‍ തിരിച്ചടി മാരകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
