Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമദ്യനയം: ഹിതപരിശോധന...

മദ്യനയം: ഹിതപരിശോധന നടക്കട്ടെ

text_fields
bookmark_border
മദ്യനയം: ഹിതപരിശോധന നടക്കട്ടെ
cancel

മദ്യത്തിന്‍െറ ഉപഭോഗവും അതുണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങളും ക്രമാതീതമായി സംസ്ഥാനത്ത് വര്‍ധിച്ചുവരുമ്പോള്‍ ഇക്കാര്യത്തില്‍ ശക്തമായൊരു നിലപാടെടുക്കാതെ ഒളിച്ചുകളിക്കുകയോ ഒഴിഞ്ഞുമാറുകയോ ആണ് മാറിവരുന്ന സര്‍ക്കാറുകള്‍. ഇതര സംസ്ഥാനങ്ങള്‍ ഈ വഴിയില്‍ സാമൂഹികപ്രതിബദ്ധതയിലൂന്നിയ നിലപാട് സ്വീകരിച്ച്  മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ മാറിവരുന്ന മുന്നണികള്‍ ജനസുരക്ഷയോര്‍ത്ത് നട്ടെല്ലുള്ള നിലപാടെടുക്കാന്‍ കൂട്ടാക്കുന്നില്ളെന്നാണ് അനുഭവം. മദ്യനിരോധത്തെക്കുറിച്ച് പറയുമ്പോള്‍ വര്‍ജനം എന്ന ധാര്‍മികവൃത്തിയെക്കുറിച്ച് വാചാലരായി സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന അധാര്‍മികപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഭരണക്കാരുടെ രീതി.

മദ്യനിരോധത്തിന് മുറവിളികൂട്ടുന്ന ജനത്തിന്‍െറ കണ്ണില്‍ പൊടിയിടാന്‍ ചില നിരോധവേലകള്‍ ഒപ്പിക്കുക, അതിന്‍െറ മറവില്‍ മദ്യം കൂടുതല്‍ ലഭ്യമാക്കാന്‍ വഴിവിട്ട കരുതലുകള്‍ കൈക്കൊള്ളുക, നിരോധമെന്ന നിയമവഴിക്ക് നീങ്ങുന്നതിനു പകരം വര്‍ജനബോധവത്കരണം എന്ന അവ്യക്തനയം സ്വീകരിക്കുക എന്നിങ്ങനെ അഴകൊഴമ്പന്‍ മിനിമം പരിപാടികളാണ് മുന്നണി ഏതു വന്നാലും കണ്ടുവരുന്നത്. എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഒടുവില്‍ മദ്യക്കച്ചവടത്തിന്  വിഘ്നമൊന്നും വരുത്താതിരിക്കാനുള്ള ദൃഢനിശ്ചയം ഈ നീക്കങ്ങളിലെല്ലാം വ്യക്തമാണ്. സര്‍ക്കാറും മദ്യക്കച്ചവടക്കാരും ഒത്തുചേരുമ്പോള്‍ ജനം മാത്രമാണ് എന്നും പുറത്ത്. ബാര്‍ കോഴയുടെ പേരിലുള്ള കുറ്റാരോപണങ്ങളുടെ വില കൂടിയാണ് തോല്‍വിയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒടുക്കേണ്ടിവന്നത്. എന്നാല്‍, അന്ന് സര്‍ക്കാറിനെ മൂക്കുകുത്തിച്ച മദ്യമുതലാളിയും ആരോപണത്തിന് ശരവ്യരായ മന്ത്രിമന്യന്മാരും തമ്മിലെ സൗഹൃദം ഏതറ്റം വരെയെന്ന് ഇപ്പോള്‍ കേരളം തിരിച്ചറിയുന്നു. ഇത്തരം മദ്യക്കച്ചവട-രാഷ്ട്രീയനേതൃ ബന്ധങ്ങളുടെ ഫലം കണ്ടത്തൊന്‍ ഏറെ തലപുകയ്ക്കുകയൊന്നും വേണ്ട.

തെരഞ്ഞെടുപ്പ് ജയിച്ചുകയറിയശേഷം ഇടതുനേതാക്കള്‍ വ്യക്തമാക്കിയതും നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചതുമായ മദ്യനയം സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന രാഷ്ട്രീയവാദപ്രതിവാദങ്ങള്‍ ഈ പശ്ചാത്തലത്തില്‍വേണം കാണാന്‍. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ഹോട്ടലുകളും  ബാറുകളും പൂട്ടിച്ചും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചും യു.ഡി.എഫ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചും മദ്യം വര്‍ജിച്ചും ബോധവത്കരണം നടത്തിയും സമ്പൂര്‍ണ മദ്യനിരോധത്തിലേക്ക് കേരളത്തെ അടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഓരോ വര്‍ഷവും 10 ശതമാനം കുറച്ച് പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണനിരോധം എന്നാണ് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇക്കാലയളവില്‍ ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പനശാലകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും നല്‍കിയ അനുമതിയും ചൂണ്ടി സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയുകയല്ല കൂടുകയാണ് ചെയ്തതെന്നായിരുന്നു ഇടതു വിമര്‍ശം. ഇപ്പോള്‍ എല്‍.ഡി.എഫും വര്‍ജനവും ബോധവത്കരണവും പറയുമ്പോള്‍ അതിന്‍െറ പിറകില്‍ പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫും വാദിക്കുന്നു. അഥവാ, മുന്നണികള്‍ മാറിവരുമ്പോഴും മദ്യനയം പരസ്പരം പഴിചാരാവുന്നതും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാവുന്നതുമായതരത്തില്‍ അവ്യക്തതയില്‍തന്നെ അവശേഷിക്കുന്നു. ഈ പുകമറ നീക്കുന്നതിനുപകരം അതിന്‍െറ പിറകില്‍ സ്വന്തം താല്‍പര്യങ്ങള്‍ നേടിയെടുക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.

മദ്യനയത്തില്‍ കാലോചിതമായ മാറ്റമെന്നായിരുന്നു യു.ഡി.എഫിന്‍െറ വാഗ്ദാനം. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറും നയത്തില്‍ മാറ്റം വരുത്തുമെന്ന് പറയുന്നു. എന്നാല്‍, മാറ്റം മദ്യക്കച്ചവടത്തിനുള്ള ഒത്താശയോ, അല്ല ജനസുരക്ഷയോര്‍ത്തുള്ള നടപടിയോ എന്നു വ്യക്തമാകണമെങ്കില്‍ നയമെന്തെന്ന് സര്‍ക്കാര്‍ വെട്ടിത്തുറന്നു പറയണം. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരണമെന്നാണ് ഇടതുപക്ഷവും പരസ്യമായി പറയുന്നത്. നിരോധമല്ല, വര്‍ജനമാണ് നയമെന്നു പ്രഖ്യാപിച്ച പ്രകടനപത്രിക മദ്യ ഉപഭോഗത്തിനുള്ള കുറഞ്ഞ പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്നും  എട്ടു മുതല്‍ 12 വരെ ക്ളാസുകളിലെ പാഠ്യപദ്ധതിയില്‍ മദ്യവിരുദ്ധ ബോധവത്കരണം ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. പുതിയ ഗവണ്‍മെന്‍റിന്‍െറ നയപ്രഖ്യാപനത്തില്‍ പൊതുജനാഭിപ്രായം ആരാഞ്ഞശേഷം മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ചതല്ലാതെ വിശദാംശങ്ങളൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാവണം പ്രതിപക്ഷം, മദ്യ ഉപഭോഗം ചുരുക്കിക്കൊണ്ടുവരാനുള്ള മുന്‍ സര്‍ക്കാറിന്‍െറ തീരുമാനത്തെ അട്ടിമറിച്ച് മദ്യമൊഴുക്കാനുള്ള നീക്കമാണ് ഇടതുമുന്നണിക്കെന്ന് ആരോപിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മദ്യനയ രൂപവത്കരണത്തിന് ഹിതപരിശോധനയും ആവശ്യപ്പെട്ടു.

പൊതുജനാഭിപ്രായ രൂപവത്കരണവും ഹിതപരിശോധനയും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് ആര്‍ക്കിടയില്‍ എന്തിന് നടത്തുന്നു എന്നത് പ്രധാനമാണ്. നിലവിലെ നിയന്ത്രണം മൂലം താല്‍ക്കാലിക തൊഴില്‍, സാമ്പത്തികനഷ്ടം സംഭവിച്ചവരുടെ അഭിപ്രായം തേടി അവരുടെ ചുമലില്‍ കയറി വീണ്ടും ഉദാര മദ്യനയം നടപ്പാക്കാനുള്ള ചെപ്പടി വിദ്യയാണോ അതല്ല, ഘട്ടം ഘട്ടമായ മദ്യനിരോധത്തിലേക്ക് കേരളത്തെ കൊണ്ടുചെന്നത്തെിക്കാനുള്ള ക്രിയാത്മകമായ കാല്‍വെപ്പാണോ ഉദ്ദേശ്യം എന്നു വ്യക്തമാക്കേണ്ടത് സര്‍ക്കാറാണ്. രണ്ടാമത്തെ സദുദ്ദേശ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാനവ്യാപകമായ ഹിതപരിശോധനക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കട്ടെ. നവകേരളത്തിനു വേണ്ടിയുള്ള ചുവടുവെപ്പില്‍ സര്‍ക്കാറിന് ശക്തമായ ജനപിന്തുണ ലഭിക്കും. മറിച്ചാണെങ്കില്‍ ജനാശ്വാസനടപടിയെ പിറകോട്ടുവലിച്ചെന്ന പഴിയും അതിന്‍െറ പിഴയുമാകും എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story